2011, മാർച്ച് 24, വ്യാഴാഴ്‌ച



                                    അക്ഷരങ്ങളുടെ ജാലവിദ്യക്കാരന്‍


സമര്‍ത്ഥരും ആത്മാര്ത്ഥയുള്ളവരുമായ ചില അദ്ധ്യാപകരുടെ ശിഷ്യയായിരിക്കാനുള്ള സൌഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സില്‍ ഏറ്റവും മിഴിവോടെ നില്‍ക്കുന്ന മുഖം എന്റെ സുകുമാരഗുപ്തന്‍ മാഷിന്റേതു തന്നെയാണ്.കുട്ടിക്കാലത്തെ എന്റെ അന്തര്‍മുഖത്വവും വാശികളുമൊക്കെ തീരാന്‍ വേണ്ടിയാവണം കുറച്ചു നേരത്തെ തന്നെ വീടിനടുത്തുള്ള എല്‍.പി.സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സ്കൂളിനോട് യാതൊരു മമതയും തോന്നിയിരുന്നില്ല.പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നറിയുന്നതു കൊണ്ട് ചേച്ചിയുടെ കൈയും പിടിച്ച് ബഹളമയമായ സ്കൂളിന്റെ ചരല്‍മുറ്റത്ത് മഴയും വര്‍ണ്ണക്കുടകളും കരച്ചിലും കണ്ട് ഞാന്‍ ,കരയില്ല, എന്ന അഹന്തയോടെ നിന്നു.ഉയരത്തിലുള്ള മുറിയാണ് ഒന്നാം ക്ലാസ്സ്.അതിനോടു ചേര്‍ന്ന് ഹെഡ് മാസ്റ്റരുടെ മുറിയും.അവിടവിടെ ഏങ്ങലടികള്‍ മുഴങ്ങുന്ന ,ചിതറിക്കിടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തെളിഞ്ഞ മുഖവും നരച്ച മുടിയും പിരിച്ചു വച്ച മീശയും പ്രസന്നമായ ചിരിയുമായി ഹെഡ് മാസ്റ്ററെത്തി.ഞാനാണു നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ എന്നുറക്കെപ്പറയുമ്പോള്‍ കൈയില്‍ വടിയില്ലല്ലോ എന്ന വലിയ ആശ്വാസം.എന്താണെന്നറിയാത്ത ഒരു സ്വാസ്ഥ്യം തോന്നി.
കുട്ടികള്‍ക്കാവട്ടെ ജീവനായിരുന്നു ഗുപ്തന്‍മാഷ്. മാഷിന് തിരിച്ചും അങ്ങിനെത്തന്നെ.അക്ഷ‌‌രങ്ങള്‍ പഠിപ്പിച്ചും കണക്കു പറഞ്ഞു തന്നും കഥകള്‍ ചൊല്ലിയും പാട്ടുപാടിയുമിരിക്കുമ്പോള്‍ കുട്ടികള്‍ മാഷിന്റെ ചുറ്റും ചേര്‍ന്നു നില്ക്കും ,മടിയില്‍ കയറി തോളില്‍ കൈയിട്ട് ഒരപ്പൂപ്പന്റെ ചാരത്തെന്ന പോലെ തിമര്‍ക്കും.(മാഷിന്റെ ഇരു കവിളുകളിലും ഉമ്മ വെയ്കുന്ന ഒരു കുസ്രുതിക്കാരിയും ഉണ്ടായിരുന്നു!)
മാഷ് ഒരിക്കലും ആരേയും അടിച്ചില്ല.ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.മാഷിന്റെ ക്ലാസ്സില്‍ ആരും കരഞ്ഞില്ല,ബഹളം വച്ചില്ല,പഠിക്കാതിരുന്നില്ല.
ഓഫീസ് മുറിയില്‍ നിന്നൊരു കഷ്ണം ചോക്കു കൊണ്ടു വരാന്‍ ,ഹാജര്‍ പട്ടികയെടുക്കാന്‍,ഇടയ്ക് ഒന്നു ബെല്ലടിക്കാന്‍ ഏതെങ്കിലുമൊരു കുട്ടിക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ അംഗീകരിക്കപ്പെട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവന്‍/അവള്‍ എഴുന്നേറ്റ് ഓടിപ്പോയി വരും. കുട്ടികള്‍ക്ക് ചാക്യാര്‍ കൂത്ത് കാണിച്ചു കൊടുക്കാന്‍,ഇന്ദ്രജാലക്കാരന്റെ സഹായിയാവാന്‍ ഒക്കെ മാഷ് മുമ്പില്‍ നിന്നു.കുട്ടികളെ രസിപ്പിക്കാന്‍ മാഷ് സ്വയമൊരു കോമാളിയായി ,ചെവിയിലൂടെ നിറമുള്ള തൂവാലകളും റിബ്ബണുകളും പുറത്തെടുക്കുമ്പോള്‍ വിസ്മയിച്ചിരിക്കുന്ന ഞങ്ങളോട് തമാശകള്‍ പറഞ്ഞു.പിന്നെ ,മായാജാലക്കാരന്‍ നിര്‍മ്മിച്ച തക്കാളിപ്പഴങ്ങളിലൊന്ന് വായിലേക്കിട്ട് പൊട്ടിച്ചിരിച്ചു.
ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി പഴയ സര്‍വ്വീസ് ബുക്കുകള്‍ക്കിടയില്‍ മാഷിന്റെ സേവനപുസ്തകം.അതിവിടെ സൂക്ഷിച്ചിട്ടുണ്ടാകം എന്ന് എന്തു കൊണ്ടോ ഓര്‍ത്തിരുന്നില്ല.ഒരു പക്ഷേ ,രേഖപ്പെടുത്തലുകള്‍ ഇല്ലാതെ രേഖപ്പെടുത്തപ്പെട്ട ഒരു ജീവിതമാണതെന്ന് ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാവും...
പൊടിഞ്ഞു തുടങ്ങിയ ,ഒരുപാടു കനമില്ലാത്ത ആ പുസ്തകം മറിച്ചു നോക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്കൂളിന്റെ ചരല്‍ മുറ്റത്ത് വീണ് കാല്‍മുട്ടു പൊട്ടിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ച് മുറിവില്‍ മരുന്നു വയ്കുന്ന ഗുപ്തന്‍മാഷ്,ഒന്നാം ക്ലാസ്സിന്റെ ഉയരത്തില്‍ നിന്നു വീണ് നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന രാജേശ്വരിയെ ബഞ്ചില്‍ കിടത്തി വീശിക്കൊടുക്കുന്ന ഗുപ്തന്‍ മാഷ്,ഓഫീസ് മുറിയിലിരുന്നു ചായ കുടിക്കുമ്പോള്‍ അതുവഴി വന്ന കുട്ടിക്ക് പരിപ്പു വടയുടെ പാതി മുറിച്ചു കൊടുക്കുന്ന മാഷ്...ഞാന്‍ കാണാതെ പോയ എന്തെല്ലാം....മഞ്ഞച്ച ഈ താളുകളില്‍ ഇന്‍ക്രിമെന്റും ലീവും ഗ്രേഡുമല്ലാതെ ജ്വലിച്ചു നിന്നിരുന്ന ഒരു പ്രകാശനാളത്തെ അടയാളപ്പെടുത്താന്‍ കഴിയുമോ?
ഒരുപാട് ആകുലതകളും കുറവുകളും ബാക്കി നിര്‍ത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ ഒരു കോപ്പി മാഷിന് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന ഇപ്പോഴും അവശേഷിക്കുന്നു.
അറിവിന്റെ ആദ്യക്ഷരം കുറിച്ചു തന്ന എന്റെ പ്രിയപ്പെട്ട സുകുമാരഗുപ്തന്‍ മാഷിന്റെ ഒരിക്കലും മരിക്കാത്ത സ്മൃതികള്‍ക്ക് ഈ എളിയ ശിഷ്യയുടെ പ്രണാമം....





1 അഭിപ്രായം:

  1. Orayiram nanmakalude pratheekam Gupthan Mash. Kamaveriyanmaraya adhyapakanmar udhayam kollunna ikkalath enthayalum ee ormichedukkal vilamadhikkunnu. All the best Sheeba.

    മറുപടിഇല്ലാതാക്കൂ