2015, ഏപ്രിൽ 30, വ്യാഴാഴ്‌ച


                      നിറം മങ്ങാത്ത ആ മഞ്ഞപ്പട്ടു ചേല


വേനലവധിയുടെ ആലസ്യത്തില്‍ വന്നു ചേരുന്ന വിഷുവിന്  ഓണത്തിന്റെ ആരവങ്ങളില്ലായിരുന്നു.ആടയാഭരണങ്ങളില്ലാതെ ലളിതമായി ഒരുങ്ങി വരുന്ന ഗ്രാമകന്യകയായിരുന്നു വിഷുക്കാലങ്ങള്‍.മൂന്നുനാലു കാര്യങ്ങള്‍ കൊണ്ടാണ് വിഷു ഓര്‍മ്മയില്‍ തിളങ്ങി നിന്നിരുന്നത്.ആദ്യത്തേത് കത്തിയെരിയുന്ന വേനലിനെ തോല്‍പ്പിച്ച് മഞ്ഞപ്പട്ടുചേലയുടുത്ത് പൂത്തുലയുന്ന കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും മാമ്പഴത്തിന്റെയും സമൃദ്ധി.ചുറ്റുവട്ടത്തും നിന്നും കേള്‍ക്കുന്ന പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം.വിഷുദിവസം മുണ്ടനും ഉമ്മയും ഞാനുമെല്ലാം ചേര്‍ന്ന്് പച്ചക്കറികളുടെ വിത്തുപാകുന്നതിന്റെ ആഹ്ലാദം.പിന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന വിഷുപ്പക്ഷിയുടെ പാട്ട്.വീടിനടുത്തൊന്നും കൊന്നമരങ്ങളില്ലെങ്കിലും കുളിര്‍മലയുടെ ഉച്ചിയില്‍ നിറയെ പൂത്തുനില്‍ക്കുന്നത് കാണാം.പൂ പറിക്കാനൊന്നും കിട്ടില്ല.അത്രയ്കും ദൂരെയാണത്. മാര്‍ച്ച് മാസത്തിന്റെ അവസാനത്തെ ആഴ്ച അത്യാഹ്ലാദത്തോടെ സ്‌കൂളിലേക്കു പോകുമ്പോള്‍ വീട്ടുമുറ്റങ്ങളില്‍ ചാണകം മെഴുകുന്നതും പനമ്പായയില്‍ നെല്ലു പുഴുങ്ങിയുണക്കുന്നതും കാണാം.ഒഴിവുകാലം ആസ്വദിക്കാനെത്തുന്ന കുട്ടികള്‍ക്കായി അച്ഛന്‍മാര്‍ തെങ്ങിന്‍പട്ട വെട്ടി നാട്ടുമാങ്ങകള്‍ വീണ മുറ്റത്തെ മാവില്‍ കൊമ്പില്‍ ഊഞ്ഞാലുണ്ടാക്കും.ഒഴിവുകാലത്തെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ദൃശ്യങ്ങളുണര്‍ത്തുന്ന ഉത്സവാന്തരീക്ഷമായിരുന്നു അന്നത്തെ വിഷുക്കാലങ്ങള്‍.വീട്ടില്‍ വിഷു ആഘോഷങ്ങളൊന്നുമില്ല.വിഷുത്തലേന്ന് വൈകുന്നേരം അമ്മുവേട്ടത്തി  നല്ല തേങ്ങാക്കൊത്തിട്ട രസികന്‍ നെയ്യപ്പമുണ്ടാക്കി  കൊടുത്തയക്കും.എന്തുരുചിയായിരുന്നു ആ നെയ്യപ്പത്തിന്!വിഷുദിവസം രാവിലെ മുണ്ടന്‍ വന്ന് കൈക്കോട്ടുമായി തൊടിയിലേക്കിറങ്ങും.കൂടെ വെണ്ണിറില്‍ പൊതിഞ്ഞു സൂക്ഷിച്ച പച്ചക്കറി വിത്തുമായി ഞാനും ഉമ്മയും .വേനല്‍മഴ വീണ മണ്ണില്‍ മുണ്ടന്‍ വലിയ തടങ്ങളുണ്ടാക്കും.ഓരോന്നിലും നാലോ അഞ്ചോ മത്തന്‍,കുമ്പളം അല്ലെങ്കില്‍ വെണ്ടയ്ക്ക വിത്തുകള്‍ പൂഴ്ത്തിവയ്ക്കാന്‍ എന്തൊരുത്സാഹമായിരുന്നു.ഞാന്‍ നടുന്നത് വേഗം മുളയ്കുമെന്ന് ഉമ്മയും വല്യുമ്മയും പറയുന്വോള്‍ വലിയ അഭിമാനമായിരുന്നു.ഞാന്‍ നട്ടതു കൊണ്ടൊന്നുമല്ലെങ്കിലും രാസവളം തൊടാത്ത ആ പച്ചക്കറി വിത്തുകള്‍ അന്നെല്ലാം പടര്‍ന്നു പന്തലിച്ച് നിറയെ ഫലം തന്നിരുന്നു.സ്‌റ്റോര്‍റൂമില്‍ എല്ലാക്കാലത്തും വിളഞ്ഞ മത്തനും കുമ്പളങ്ങയും ഉറികളില്‍ തൂങ്ങിക്കിടന്നു.ചിലദിവസങ്ങളില്‍ പഴുത്തമത്തന്‍ വേവിച്ചുടച്ച് ശര്‍ക്കരയും നാളികേരവുമിട്ട് നെയ്യില്‍ വറുത്തിട്ടതോ മൂത്തുവിളഞ്ഞ കുമ്പളം വേവിച്ചുടച്ച് കുമ്പളങ്ങമിഠായിയോ ഉമ്മ ഉണ്ടാക്കിത്തന്നു.വര്‍ഷം മുഴുവന്‍ വിളവു നല്‍കാന്‍ വിഷുവിനു വിതയ്കുന്ന വിത്തുകള്‍ക്കു കഴിയുമെന്നുറച്ചു വിശ്വസിച്ചിരുന്നു അക്കാലത്ത്.അടുത്തവീടുകളില്‍ നിന്നെല്ലാം പടക്കം പൊട്ടുന്നത് കേള്‍ക്കാം.കാതടപ്പിക്കുന്ന ശബ്ദങ്ങളോട് അന്നുമിന്നും താല്‍പര്യമില്ലായിരുന്നതിനാല്‍ പടക്കത്തോടൊട്ടും കമ്പം തോന്നിയിരുന്നില്ല.ഒരു വിഷുക്കാലത്ത് ഉപ്പ ഒരു വലിയ പെട്ടി നിറയെ പടക്കങ്ങള്‍ കൊണ്ടു വന്നപ്പോഴാണ് ശബ്ദം മാത്രമല്ല,നിറങ്ങളുടെ ഒരു ലോകവും അതിലുണ്ടെന്നറിഞ്ഞത്.കമ്പിത്തിരി,മത്താപ്പൂ,പൂക്കുറ്റി,പാമ്പു ഗുളിക അങ്ങനെ ഒരുപാടു വിസ്മയങ്ങള്‍.പിന്നാടെപ്പോഴോ മാര്‍ക്കറ്റില്‍ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയും വില്‍ക്കുന്ന കാലമായി.അതോടെ സമൃദ്ധിയായി പൂത്തു നിന്നിരുന്ന കൊന്നമരങ്ങള്‍ നഗ്നരായി ജാള്യതയോടെ നില്‍ക്കുന്ന കാഴ്ച സാധാരണയായി.എല്ലാ പൂവും പൊട്ടിച്ച് കെട്ടുകെട്ടാക്കി വിപണിയിലേക്കു വരുന്ന വിഷുക്കാലത്താണ് പക്ഷേ കണിക്കൊന്ന ആദ്യമായി അടുത്തു നിന്നു കണ്ടതും.റോഡരുകിലും കുളിര്‍മലയുടെ ഉച്ചിയിലും തൊടാന്‍ കിട്ടാത്തത്ര ദൂരെ മോഹിപ്പിച്ചു കൊണ്ടു നിന്നിരുന്ന ആ പൂക്കള്‍ക്ക് ശരിക്കും മഞ്ഞപ്പട്ടുചേലയുടെ ശോഭയും തിളക്കവുമാണല്ലോ എന്ന് അത്ഭുതം തോന്നി.വിഷുപ്പക്ഷിയുടെ പാട്ട് കേട്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു.ഓരോ വേനലിലൂം മുടങ്ങാതെയെത്തി എവിടെയോ ഒളിച്ചിരുന്ന് വിത്തും കൈക്കോട്ടും ,ചക്കയ്കുപ്പുണ്ടോ എന്നു പാടുന്ന പക്ഷിയെ കാണാന്‍ ഒരുപാടു നടന്നിട്ടുണ്ട്.ഇന്നും അവള്‍ എന്റെ കണ്‍മുമ്പില്‍ വന്നിട്ടില്ല.ഇപ്പോഴും കനത്ത വേനലിനെ തോല്‍പ്പിച്ച് പവന്‍മാറ്റ് പകിട്ടോടെ കണിക്കൊന്ന പൂത്തു നില്‍ക്കുന്നതു കാണുമ്പോള്‍ എന്തെന്നറിയാത്ത ഒരു നിറവ് ഉള്ളിലുണ്ടാവുന്നു. ഒരുപിടി കണിക്കൊന്നയും വെള്ളരിയും മാമ്പഴവും മാത്രം വച്ച് ഒരു കൊച്ചു വിഷുക്കണിയൊരുക്കാറുണ്ട് ചിലപ്പോഴൊക്കെ ഞാനും.എല്ലാ വര്‍ഷവും വിഷുക്കൈനീട്ടം തരാറുണ്ട് ഉമ്മ.മാര്‍ക്കറ്റിലൂടെ നടന്നു പോകുമ്പോള്‍ അപൂര്‍വ്വം സന്ധ്യകളില്‍ നാട്ടുമാമ്പഴത്തിന്റെ ഗന്ധം പുറകിലേക്കു വലിക്കാറുണ്ട്.പുളിമാറാത്ത നാട്ടുമാങ്ങയില്‍ ശര്‍ക്കര ചേര്‍ത്ത് മധുരം വരുത്തി് പുളിശ്ശേരിയുണ്ടാക്കി പഴമയുടെ ചില ഗന്ധങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കാറുണ്ട്.കത്തുന്ന വേനലില്‍  എല്ലാജീവജാലങ്ങളും വാടി നില്‍ക്കേ ഇലകൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞപ്പട്ടു ചേല കാണുമ്പോള്‍ ഉള്ളിലുണരുന്ന നിറവാണെനിക്ക് വിഷു.

12 അഭിപ്രായങ്ങൾ:

 1. ഓര്‍മ്മപ്പെയ്ത്താണല്ലോ

  മറുപടിഇല്ലാതാക്കൂ
 2. അത്ര സമ്പന്നമായ വിഷു ഓർമ്മകളൊന്നും എനിക്കില്ല . മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരു കണിക്കൊന്ന കാഴ്ചയുണ്ട് . ഒരിക്കൽ മസനഗുഡിയിൽ നിന്നും മോയാറിലേക്ക് പോവുമ്പോൾ കാട് നിറയെ കണിക്കൊന്നകൾ പൂത്തുനിൽക്കുന്നു . വിഷു ആഘോഷിക്കാൻ കാടും ഒരുങ്ങി നിൽക്കണ പോലെ . അത്രക്കും മനോഹരമായ ഒരു കാഴ്ച .
  വിഷു ഓർമ്മകൾ നന്നായി . ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. വൈകിയാണെങ്കിലും ഇവിടെയെത്തിയതില്‍ സന്തോഷം തോന്നുന്നു... :)

  മറുപടിഇല്ലാതാക്കൂ
 4. വീട്ടിേലക്കുള്ള സായാഹ്ന യാത്റയില് തലമറച്ചി െയ തട്ടി മാറ്റു ന്ന കാറ്റി െന്റ വിക്റ്തിയില്‍ പ രിഭവിക്കാത്തഷീബ ഇത്റ വലിയ എഴത്തുകാരിയായത് അറിഞ്ഞില്ലാു

  മറുപടിഇല്ലാതാക്കൂ
 5. മുന്േപ നടക്കുനന നിഴലിന്‍ മുന്നില്‍ നടക്കാന്‍ കഴിയാത്ത ദുഖം നിങ്ങ െള സദാ നമ്റ മുഖി യാക്കി യിരുനനു. പക്േഷ അത് ഈ ഷീ ബ യാെണന്ന് ഇേപ്പാഴാണറിയുന്നത്

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ