2012, ജൂലൈ 8, ഞായറാഴ്‌ച

ഋതുമര്‍മ്മരങ്ങള്‍-പുസ്തക പ്രകാശനം

                                 ഋതുമര്‍മ്മരങ്ങള്‍- നോവല്‍ (ഹരിതം ബുക്ക്സ്,കോഴിക്കോട്)

ആരവങ്ങളില്ലാതെ എന്റെ ആദ്യ നോവല്‍ 'ഋതുമര്‍മ്മരങ്ങള്‍ 'നിങ്ങള്‍ക്കു മുമ്പില്‍ സദയം സമര്‍പ്പിക്കുകയാണ്.ചെറുകഥകള്‍ മാത്രം എഴുതുന്ന,കഥകള്‍ക്കിടയില്‍ മൗനത്തിന്റെ ദീര്‍ഘമായ ഇടവേളകള്‍ ബാക്കിവെയ്കുന്നൊരാള്‍ക്ക് നോവലെഴുതാനുള്ള പ്രേരണ തന്നത് പിതൃതുല്യനായ സി രാധാകൃഷ്ണന്‍ സാറായിരുന്നു.അദ്ദേഹം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ,'ഋതുമര്‍മ്മരങ്ങള്‍' പിറവിയെടുക്കുമായിരുന്നില്ല .എഴുതിക്കഴിഞ്ഞ് പ്രസിദ്ധീകരിച്ചു വന്നപ്പോഴേക്കും ജീവിതവും ചിന്തകളും ഒരുപാടു മാറിപ്പോയിരുന്നു.ഇപ്പോള്‍ വീണ്ടും വായിച്ചു നോക്കുമ്പോള്‍ ഒരുപാടു മാറ്റങ്ങള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ ഒക്കെ വേണമെന്ന് മനസ്സിലാവുന്നു.എങ്കിലും ആദ്യത്തെ നോവലിന്റെ എല്ലാ പരിമിതികളോടെയും 'ഋതുമര്‍മ്മരങ്ങള്‍' എനിക്കു പ്രിയപ്പെട്ടതാണ്.പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തുളുനാട് നോവല്‍ പ്രശംസാപത്രം നേടാനും  ഒ വി വിജയന്‍ നോവല്‍ മത്സരത്തിന്റെ അവസാന റൗണ്ട് വരെ എത്താനും കഴിഞ്ഞുവെന്നതിലും എനിക്ക് ആഹ്ലാദമുണ്ട്.എങ്കിലും എന്റെ സഹൃദയരായ സുഹൃത്തുകളാണ് ഋതുമര്‍മ്മരങ്ങളെ വിലയിരുത്തേണ്ടവര്‍.എന്റെ എഴുത്തിനെ സ്നേഹിക്കുന്ന ,അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്നേഹത്തോടെ ഞാനെന്റെ ആരതിയെ സമര്‍പ്പിക്കുന്നു.പൂക്കളും മുള്ളുകളും സ്വാഗതം ചെയ്യുന്നു.