2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അഭിമുഖം സി രാധാകൃഷ്ണന്‍/ഷീബ ഇ കെ വര്‍ത്തമാനം സണ്‍‌ഡേ 2011 october 9


                എഴുത്ത് പ്രാണവായുവാകുമ്പോള്‍...
'മുന്‍പേ പറക്കുന്ന പക്ഷികളും' 'തീക്കടല്‍ കടഞ്ഞ് തിരുമധുരവും' കനിഞ്ഞു നല്‍കിയ ചമ്രവട്ടത്തിന്റെ എഴുത്തുകാരന്‍ ,മഴക്കാലാകാശം പോലെ നിറയെ കണ്ണീരു പെയ്തു തീര്‍ന്നാല്‍ പിന്നെ ചിരിയുടെ പുതുവെളിച്ചമുദിക്കുമെന്ന പ്രസാദാത്മക ചിന്ത 'ഇനിയൊരു നിറകണ്‍ചിരി'യിലൂടെ നമുക്കു മുമ്പില്‍ തുറന്നിട്ട് ലോകത്തെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുന്നു.അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ നാമറിയാതെ നമ്മില്‍ നിറയുന്ന ഊര്‍ജ്ജം ആ വാക്കുകളിലുമുണ്ട്. ഇരുട്ടിന്റെ തുരങ്കങ്ങള്‍പ്പുറം തിളക്കമാര്‍ന്ന ഒരു പ്രകാശനാളം കാത്തിരിക്കുന്നു എന്നൊരോര്‍മ്മപ്പെടുത്തല്‍..
1.നിരവധി പുരസ്കാരങ്ങള്‍ക്കു ശേ‍ഷം ഇപ്പോള്‍ വള്ളത്തോള്‍ പുരസ്കാരം.എന്തു തോന്നുന്നു?
പെയ്ത മഴയൊക്കെ സുഖം.ഇടയിലെ വരള്‍ച്ച മഴയുടെ മാറ്റു കൂട്ടുന്നു.ഓര്‍ക്കാപ്പുറത്താവുമ്പോള്‍ കൂടുതല്‍ സുഖം.
2.പത്രപ്രവര്‍ത്തകന്‍.ശാസ്ത്രജ്ഞന്‍,പത്രാധിപര്‍,എഴുത്തുകാരന്‍...നിരവധി തലങ്ങളിലൂടെ കടന്നുപോയല്ലോ.ഇഷ്ടപ്പെട്ട തൊഴിലിടം,പ്രവൃത്തി ഏത്? കാരണം?
എല്ലാ ജോലികളും നല്ലത്.ഇഷ്ടപ്പെട്ട പണി -എഴുത്ത്.അത് ജന്മകര്‍മ്മമായതു തന്നെ കാരണം.അടുത്തത് പത്രപ്രവര്‍ത്തനം.എഴുത്താണ് അവിടെയും മുഖ്യം എന്നതുകൊണ്ടു തന്നെ.
3.നിളയുടെ തീരത്തെ കൌമാര-യൌവ്വനങ്ങള്‍ എഴുത്തിനെ എത്ര കണ്ടു സ്വാധീനിച്ചു?ഈയൊരു ബാക്ഗ്രൌണ്ട് ഇല്ലായിരുന്നെങ്കില്‍ എഴുത്ത് എങ്ങിനെയാകുമായിരുന്നു?
തനിക്കു മുന്പെ ഉരുവപ്പെട്ട ഉയരത്താഴ്ചകളുടെ ഭൂപ്രതലമാണ് പുഴയെ നിര്‍മ്മിച്ചത്.മനുഷ്യരുടെ കഥയും ഇതുതന്നെ.മറിച്ചായിരുന്നെങ്കില്‍ എന്ന പരിഗണന അപ്രസക്തം.
4കുറെയേറെ ഓര്‍മ്മകളും അനുഭവങ്ങളും ഉണ്ടാവുമല്ലോ.തീവ്രമായ ഓര്‍മ്മ?
എനിക്കു നാലഞ്ചു വയസ്സുള്ളപ്പോള്‍ നാട്ടിലുണ്ടായ വെള്ളപ്പൊക്കവും കോളറയുമാണ് തീവ്രമായ ഓര്‍മ്മ.എനിക്കു പ്രിയപ്പെട്ട പലരെയും കോളറ കൊണ്ടു പോയി.

5.ജീവിതം പ്രസാദാത്മകമല്ലാതെയായി വരുന്ന കാലത്തും എഴുത്തിലും ജീവിതത്തിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന്റെ രഹസ്യം?
പ്രകൃതി പ്രസാദാത്മകമാണ്.ജീവന്റെ തനതായ സ്വഭാവം അതിനാല്‍ ആനന്ദമാണ്.പ്രപഞ്ചത്തെ ആനന്ദമയമാക്കുകയാണ് മനുഷ്യജീവിത ലക്ഷ്യം.
6.എഴുത്തില്‍ തീവ്രമായി സ്വാധീനിച്ച വ്യക്തി/അനുഭവം?
എഴുത്തില്‍ ഗുരു ഉറൂബാണ്.അനുഭവം ആദ്യനോവല്‍ എഴുതിക്കഴിഞ്ഞപ്പോഴുണ്ടായ നിര്‍വൃതിയും.

7.ഇഷ്ടങ്ങള്‍-വായന,ഭക്ഷണം,ദിനചര്യ
സ്ഥിരമായ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്കു കൂടുതല്‍ തരിക സങ്കടങ്ങളാണ്.കണിശമായ ദിനചര്യയും ഇതുതന്നെ ഫലം തരും.'യഥാസുഖം' എന്നതാണ് എന്റെ നയം.വായന പോലും അങ്ങനെയാണ്.കിട്ടിയതെന്തും വായിക്കും,നേരമുണ്ടെങ്കില്‍.
8.എഴുത്തച്ഛന്റെ സ്വാധീനം?
എഴുത്തച്ഛനാണ് എന്റെ ജീവിതമാതൃക.വലിയ ഒരു അനുഗ്രഹവും ,ഒപ്പം,അത്രതന്നെ വലിയ ഒരു വെല്ലുവിളിയുമാണെനിക്ക് ആ ജീവിതം.
9.സമകാലിക എഴുത്തുകാരുമായുള്ള ബന്ധം?
എല്ലാവരേയും അറിയാം.കൂടുതലടുപ്പം വളരെക്കുറച്ചു പേരോടേ ഉള്ളൂ.ആളുകളെ വായിക്കുന്നതിന്റെ അടിസ്ഥാനം അവരുമായുള്ള അടുപ്പമല്ലതാനും.
10.രാഷ്ട്രീയം?മുന്‍പ് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ കാല്‍നടജാഥയില്‍ പങ്കെടുത്തതായി കേട്ടു.
ഒരു കക്ഷിയിലും അംഗമായിട്ടില്ല.എല്ലാ വിഭാഗീയതകളും ദുഃഖകാരണങ്ങളാണെന്നറിയുന്നു.പക്ഷേ,മാനുഷരെല്ലാരും ഒരുപോലെയായ ഒരു ലോകം കിനാവിലുണ്ട്.
11.സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമോ?സിനിമാനുഭവങ്ങള്‍?
എഴുത്ത് ഒറ്റയാള്‍ കൃഷിയാണ്,സിനിമ കൂട്ടുകൃഷിയും.കൂട്ടുകൃഷിയില്‍ വിളവിനെ നിയന്ത്രിക്കുക ഒരാളുടെ മാത്രം കഴിവല്ല.എങ്കിലും വിത്തും കാലവും ഒത്താല്‍ ഇനിയും കൂട്ടുകൃഷിക്കിറങ്ങിക്കൂടെന്നില്ല.
12.മനുഷ്യനില്‍ മൃഗീയത നിറയുകയാണ്.എന്താണ് ഇതേക്കുറിച്ചു പറയാനുള്ളത്?കാലം കൂടുതല്‍ ഇരുട്ടിലേക്കു പോവുകയാണോ?ഇതില്‍ നിന്ന് രക്ഷയില്ലേ?
കാല്‍ വഴുതുന്ന പോലെയാണ്.ഒരിക്കല്‍ വഴുതിയാല്‍ കുറെയങ്ങ് പോയേ നില്‍ക്കൂ.പക്ഷേ,എല്ലാ വീഴ്ചകള്‍ക്കും അവസാനമുണ്ട്.ഉണ്ടാവും.തിരുത്തലുകള്‍ വരും.
13.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
പ്രകൃതി തന്നെയാണ് മനുഷ്യന്‍,വേറെ അല്ല.വേറെ ആണെന്ന തോന്നലാണ് ഹിംസയുടെ വേര്.ആ തോന്നലിലൂന്നുമ്പോഴാണ് വഴുതുന്നത്.

14.ചമ്രവട്ടത്തെക്കുറിച്ച്...
മാറ്റമൊന്നും കൂടാതെ കിടപ്പായിരുന്നു ഇതുവരെ ചമ്രവട്ടം.(പാലം വന്നപ്പോള്‍ കോലം മാറി).ഈ ഗ്രാമം പുരാതനമായി ജൈന-ബൌദ്ധ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നിരിക്കണം.
15.ശാസ്ത്രകാരനായിരിക്കേ ഉറച്ച ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നു.ശാസ്ത്രത്തെ കൂടുതല്‍ അറിഞ്ഞ പലരും നിരീശ്വരവാദികളാണ്.
ശാസ്ത്രവും കലയും ദൈവവിശ്വാസത്തെ സ്ഥിരമായും തുടര്‍ച്ചയായും നവീകരിക്കുന്നു.കുറച്ചു കൂടിക്കഴിഞ്ഞാല്‍ ശാസ്ത്രബോദ്ധ്യം തന്നെ ആയിത്തീരും മതവിശ്വാസവും.കല ആരാധനയുമാകും.പ്രപഞ്ചത്തിന്റെ നിത്യമായ അടിസ്ഥാന ബലത്തെ ഈശ്വരനായിക്കാണാന്‍ ഇപ്പോഴേ ശാസ്ത്രസരണി ഉണ്ട്.
16.സാഹിത്യം പഠിക്കാതിരുന്നതെന്തു കൊണ്ട്?ശാസ്ത്രം പഠിച്ചത് കാല്‍പ്പനികതയില്‍ മുങ്ങിപ്പോവാതിരിക്കാന്‍ സഹായകമായോ?
ശാസ്ത്രപഠനം ചിന്തയില്‍ കണിശത വരുത്തുന്നു.ഇത് എല്ലാ തുറകളിലും പ്രയോജനപ്പെടും.ഗുരുവില്ലാതെ ചെയ്യാവുന്നതല്ല ശാസ്ത്രാഭ്യസനം.സാഹിത്യം സ്വയമേവ പഠിക്കാം.
17ഭാഷ (മലയാളം)വളരുമെന്ന് പ്രതീക്ഷയുണ്ടോ?പഠനമാധ്യമം എന്തായിരിക്കണം?മലയാളം മാധ്യമത്തില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും നല്ല ഭാഷാസ്വാധീനം ഉണ്ട്.പക്ഷേ കണക്ക് തുടങ്ങിയവ വളരെ പരിതാപകരമാണ്.
ഏതു ശബ്ദവും എഴുതാനും വായിക്കാനും കഴിയുന്ന ഏക ലോകഭാഷ മലയാളമാണ്.അതിനാല്‍ മലയാളം മരിക്കില്ല.പഠനഭാഷ മലയാളമാക്കണം,പക്ഷേ,സാങ്കേതികപദങ്ങള്‍ തര്‍ജ്ജമ ചെയ്യരുത്.നിലവാരം മോശമാകുന്നത് അദ്ധ്യാപകരുടെ അനാസ്ഥയും കഴിവുകേടും കാരണമാണ്.'മണ്ടൂസുകള്‍' എല്ലാ കാഴ്ചക്കാരിലും സുലഭം!
18.സ്നേഹത്തെക്കുറിച്ച്?
പ്രപഞ്ചനിര്‍മ്മിതിയുടെ സിമന്റാണ് സ്നേഹം.ആ തലത്തില്‍ അതിനെ അറിയാന്‍ പലപ്പോഴും കഴിയാറില്ല.ഏതാനും ലേബലുകള്‍ ഒട്ടിച്ച ഇനങ്ങളും തരങ്ങളുമേ നമുക്കു പരിചയമുള്ളൂ.അതുപോരാ.
19.ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്ന അനര്‍ത്ഥങ്ങള്‍ ഒക്കെയും എന്നു പലരും പറയുന്നു.യഥാര്‍ത്ഥത്തില്‍ ലോകം അവസാനിക്കാറായോ?ഭൂമിയെന്ന ഗ്രഹം നശിച്ചു പോകുമോ?അതോ മനുഷ്യന്‍ നിലനില്‍ക്കുമോ?
ഒരു കാര്യം തീര്‍ച്ചയാണ്.മനുഷ്യന്‍ എന്നല്ല,ഭൂമി എന്നല്ല,ഇക്കാണായ പ്രപഞ്ചം മുച്ചൂടും നശിക്കും.പക്ഷേ,അനന്തകോടി വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം.മാത്രമല്ല,അപ്പോഴും പ്രപഞ്ചത്തിനാസ്പദമായ മഹാശക്തി ശേഷിക്കുകയും സൃഷ്ടി വീണ്ടുമുണ്ടാവുകയും ചെയ്യും.ഇതു തന്നെ അത് എന്നറിഞ്ഞാല്‍ സുഖമായി!
20.ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍?സഫലമാകാത്ത സ്വപ്നങ്ങള്‍ ബാക്കി കിടപ്പുണ്ടോ?
ഏറ്റവും നന്നായി എഴുതാന്‍ ഏറ്റവും നന്നായി ശ്രമിക്കാന്‍ കഴിയണമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ.അതു നിറവേറിക്കൊണ്ടിരിക്കുന്നു.പിന്നെ,ഒരു മഹാസ്വപ്നം ബാക്കി:എല്ലാരും എല്ലാതും സന്തോഷമായി സഹവര്‍ത്തിക്കുന്ന ഒരു സുന്ദരലോകം.
21.ജീവിതം മൊത്തത്തില്‍ എങ്ങിനെ? സന്തോഷ-സന്താപങ്ങളുടെ ത്രാസില്‍ ഏതിനാണ് മുന്‍തൂക്കം?
സന്തോഷത്തിനു തന്നെ,സംശയമില്ല.'സങ്കടപ്പെടില്ല എന്നു നിശ്ചയിച്ചാല്‍ നമുക്കു സന്തോഷമായി!'എന്നു പഠിപ്പിച്ചത് മുത്തച്ഛനാണ്.അത്രയേ വേണ്ടൂ!
22.നാട്,പഴയ ബന്ധങ്ങള്‍,സൌഹൃദങ്ങള്‍..ചമ്രവട്ടം എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട്?
ഒന്നും ബാക്കിവെച്ചിട്ടില്ല.എന്റെ മനസ്സിലെ നാടും നാട്ടുകാരും ഇന്നില്ല.പക്ഷേ,അതിന്റെ രുചിയുള്ള ഒരു തുടര്‍ച്ച തീര്‍ച്ചയായുമുണ്ട്.ഉദാഹരണം:കടലിരമ്പത്തിന്റെ ശ്രുതിക്കു മാറ്റമില്ല.അരയാലിലകളുടെ നാമജപത്തിനും മാറ്റമില്ല.പാലയ്ക്കല്‍ പള്ളിയിലെ വാങ്കുവിളി പഴയപോലെ അലയടിക്കുന്നു.വയലിലെ ചേറിനും അതില്‍ വിളയുന്ന പുന്നെല്ലിനും പഴയ മണം തന്നെ!
23.എഴുതാനിഷ്ടപ്പെട്ട സ്ഥലം,സമയം
എവിടെയും ,എപ്പോഴും.അസ്വാരസ്യങ്ങള്‍ ഇല്ലെങ്കില്‍ സൌകര്യമായി.വിശപ്പും ദാഹവും വേദനയുമില്ലെങ്കില്‍ കൂടുതല്‍ നന്നായി.
24.യാത്രകള്‍
ദേഹം കൊണ്ട് ഒരുപാടു യാത്രകളൊന്നും ഒരു മനുഷ്യനും ചെയ്യാനാവില്ല.പക്ഷേ,മനസ്സു കൊണ്ട് എത്രയുമാവാം.എന്റെ യാത്ര കൂടുതലും മനസ്സു കൊണ്ടാണ്.വിസ വേണ്ട,പാസ്പോര്‍ട്ട് വേണ്ട,റിസര്‍വ്വേഷന്‍ വേണ്ട-വെറുതെ അങ്ങു പോയാല്‍ മതി!അല്ലെങ്കിലും,എവിടെപ്പോയാലും നമ്മുടെ മനസ്സു പോലെയേ നാം കാണൂ!
25.മുന്‍പേ പറക്കുന്ന പക്ഷികളിലെ അര്‍ജ്ജുന്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ?ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍ ആയിരിക്കെ കണ്ടുമുട്ടിയ ഒരു കുറ്റവാളി?
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചെഴുതാന്‍ ബംഗാളിലും യു.പി.യിലെ തെറായ് പ്രദേശത്തും പോയി.അന്നത്തെ അനുഭവങ്ങളാണ് ആ നോവലിനാസ്പദം.കഥാപാത്രങ്ങളും കുറെയേറെ 'റിയല്‍ 'തന്നെ.
26.എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകം?ഇഷ്ട കഥാപാത്രം?കഥാപാത്രം തേടി വന്ന അനുഭവങ്ങളുണ്ടോ?
ഏതച്ഛനമ്മമാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സന്തതി അവസാനത്തെ ആളാവുന്നത് സ്വാഭാവികം.എനിക്കത് 'തീക്കടല്‍'ആണ്.കഥാപാത്രം തന്നെ കഥ പറഞ്ഞു തന്ന അപൂര്‍വ്വാനുഭവം ഈ കൃതിയില്‍ ഉണ്ടായി.
27.പബ്ലിസിറ്റി മത്സരങ്ങളില്‍ നിന്നും വാക്പയറ്റുകളില്‍ നിന്നും അകന്നുമാറി ഒറ്റപ്പെട്ട ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു.സാഹിത്യജീവിതത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങള്‍?
'എന്നെ കാണരുത്,ഞാന്‍ പോയ വഴിയേ കാണാവൂ'എന്നാണ് വ്യാസവാല്മീകിമാര്‍ മുതല്‍ പൂര്‍വ്വസൂരികള്‍ കരുതിയത്.സ്വന്തം പേരുപോലും അവര്‍ രേഖപ്പെടുത്തിയില്ല.'ആത്മനിരാസം'എന്ന ഇന്ദ്രജാലം അത്രയൊന്നും ഈ കാലത്ത് സാധിക്കില്ല.പക്ഷേ,ശ്രമിച്ചു നോക്കാമല്ലോ.
28.പുതിയ തലമുറയുടെ എഴുത്ത്,അവരോടു പറയാനുള്ളത്.
മുന്‍പേ പോയവരെ വായിക്കുക,സ്വന്തമായി മാത്രം എഴുതുക.അകത്തു നിന്നുള്ള കല്പനകള്‍ മാത്രം അനുസരിക്കുക.കരുത്തുള്ള മുളകള്‍ കാണുന്നു.തഴച്ചു വളരുക.കളകളെ അതിജീവിക്കുക.
29.ആരാധകര്‍ ഒരുപാട്.എത്രപേരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു?
ഫോണും തപാലും ഇന്റര്‍നെറ്റും വഴി ഒരുപാടാളുകള്‍,പ്രത്യേകിച്ചും സയന്‍സ്-ടെക്നോളജി വേദികളിലെ ചെറുപ്പക്കാര്‍,ബന്ധപ്പെടാറുണ്ട്.മറുപടിയെഴുതാന്‍ ഞാന്‍ വിഷമിക്കരുതെന്നു കരുതി തങ്ങളുടെ മേല്‍വിലാസം മനഃപൂര്‍വ്വം തരാതെ എഴുതുന്നവര്‍ പോലും ധാരാളം.
30.പുതിയ രചനകള്‍?പദ്ധതികള്‍?
'ഗീതാദര്‍ശനം'ഇംഗ്ലീഷിലായിക്കിട്ടിയാല്‍ കൊള്ളാമെന്ന് പലരും പറയുന്നതിനാല്‍ അതിനായി ശ്രമം.
31.ലോകത്തോട് പറയാനുള്ളത്?
'നന്ദി'എന്നു മാത്രം ,അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് 'ക്ഷമ'യും.
32.എഴുത്ത് എന്നാല്‍ എന്താണ് സി.രാധാകൃഷ്ണന്‍ എന്ന മനുഷ്യന്?
പ്രാണവായു.

 
 

23 അഭിപ്രായങ്ങൾ:

 1. വര്‍ഷങ്ങള്‍ക്കു മുമ്പ് "മുമ്പേ പറക്കുന്ന പക്ഷികള്‍ " മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്നതിനു മുമ്പ് പരസ്യം വന്നിരുന്നു .
  "എനിക്ക് മുമ്പേ പോയവരുടെ തലയോട്ടികള്‍ എന്‍റെ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു " എന്ന് തുടങ്ങി മുമ്പേ പറക്കുന്ന പക്ഷികളുടെ പരസ്യം. അന്ന് കൂടെ കൂടിയതാണ് ഈ എഴുത്തുകാരനോടുള്ള ഇഷ്ടം.
  എഴുത്തുക്കാരനെ അടുത്തറിഞ്ഞ , അറിയിച്ച അഭിമുഖം നന്നായി ഷീബ.
  ആശംസകള്‍. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷം.സി.രാധാകൃഷ്ണന്‍ സര്‍ നെ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കര്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. എന്റെ പ്രിയപ്പെട്ട കഥാകാരൻ. ഏറ്റവും ഇഷ്ടം പുള്ളിപ്പുലികളും വെള്ളിനക്ഷ്ത്രങ്ങളും. അത്രയും തന്നെ മുൻപെ പറക്കുന്ന പക്ഷികളും.
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. സന്തോഷം.അഭിമുഖം നന്നായി ഷീബ.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. ഇതു വളരെ നന്നായിട്ടുണ്ട്.
  ഒരു നല്ല കഥാകാരനുമായി ഇത്തിരി വർത്തമാനം.

  മറുപടിഇല്ലാതാക്കൂ
 6. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍. വായന തുടങ്ങിയ കാലം മുതല്‍ പരിചിതം.ഏറ്റവും വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്‍റെ കഥകളിലൂടെ പരിചയപ്പെട്ട ചമ്രവട്ടം പുഴയും ക്ഷേത്രവും കാണുക എന്നതും.ഏതൊരു നാടും പോലെ ചമ്രവട്ടവും മാറി എന്നറിയുമ്പോള്‍ എവിടെയോ ഒരു നഷ്ട ബോധം...

  മറുപടിഇല്ലാതാക്കൂ
 7. അഭിമുഖം ശ്രദ്ധേയം.. ( പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു )

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. സി. രാധാകൃഷ്ണന്റെ കളിപ്പാട്ടങ്ങള്‍ എന്ന നോവല്‍ വളരെ ചെറുപ്പത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്.സാഹിത്യലോകത്തും ത്രിഗുണങ്ങള്‍ ഉണ്ടെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. അത് ശരിയാണെങ്കില്‍ സി. സാത്വികനാണ്. എങ്കിലും ഇദ്ദേഹം മാധ്യമത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇന്റെര്‍വ്യൂ നന്നായിരുന്നു. മഹാനായ എഴുത്ത് കാരന്റെ പാദപത്മങ്ങളില്‍ എന്റെ നമസ്ക്കാരം.

  മറുപടിഇല്ലാതാക്കൂ
 10. മിയ്ക്കവാറും എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. എവിടെ കണ്ടാലും വായിയ്ക്കാറുമുണ്ട്.
  ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 11. ....ഇന്നാണ് വന്നുകണ്ടത്. വളരെ സ്ഫുടവും സൂക്ഷ്മവുമായ അവതരണം. പ്രഗൽഭനായ അദ്ദേഹത്തിനെ കണ്ടിട്ടുള്ളതിനാൽ, ഇതുവായിച്ചപ്പോൾ സന്തോഷവും ഉണ്ടായി. അനുമോദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 12. ഇഷ്ടപ്പെട്ട എഴുത്തുകാരനെ അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം. Good work Miss. Sheeba

  മറുപടിഇല്ലാതാക്കൂ
 13. puzha muthal puzhavare " ente priyapetta oru ezhutthukaaranumaayulla nalloru sambaashanam..

  valare nannaayi sheeba.

  മറുപടിഇല്ലാതാക്കൂ
 14. സി രാധാകൃഷ്ണന്‍ എന്റെ പ്രിയ എഴുത്തുകാരില്‍ ഒരാള്‍
  ചെമ്പരുത്തി വാരികയിലൂടെ കൂടുതല്‍ പരിചയം
  ഷീബയുടെ ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടികളും
  തന്നെ കുറേക്കൂടി അടുത്തറിയാന്‍ ഇടയാക്കി
  ചോദ്യങ്ങള്‍ നമ്പര്‍ ഇട്ടു വേര്‍തിരിക്കുന്നതിനേക്കാള്‍
  കുറേക്കൂടി തല്ലത്‌ അത് BOLD കൊടുത്താല്‍ അത്
  കാണാനും വായിക്കാനും ഒരു സുഖമുണ്ടാകും
  ഏതാണ്ട് മുപ്പതില്‍ അധികം ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും
  പെട്ടന്ന് ചോദിച്ചു നിര്തിയതുപോലൊരു തോന്നല്‍
  കഥാകാരനും കഥാകാരിക്കും എന്റെ അഭിനന്ദനങ്ങള്‍
  ഫിലിപ്പ് ഏരിയല്‍, സിക്കന്ത്രാബാദ്

  മറുപടിഇല്ലാതാക്കൂ
 15. പ്രിയ വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒരുപാടു നന്ദി.തുടര്‍ന്നും എഴുതുമല്ലോ...

  മറുപടിഇല്ലാതാക്കൂ
 16. നല്ല അഭിമുഖം .കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചതില്‍ സന്തോഷം .

  മറുപടിഇല്ലാതാക്കൂ