2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

(മഞ്ഞനദികളുടെ സൂര്യന്‍-ആമുഖത്തിലെഴുതിയത് )

രണ്ടുവര്‍ഷത്തോളമായി ഇങ്ങനെയൊരു സ്വപ്‌നത്തിന്റെ വല നെയ്യാന്‍ തുടങ്ങിയിട്ട് . പൊട്ടിച്ചിതറിയും തുളകള്‍ വീണും അഴിച്ചു പണിതും ഓരോ കണ്ണിയും അലോസരമുണ്ടാക്കിക്കൊണ്ട് കടന്നുപോയ കുറേ മാസങ്ങള്‍.. പകലിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കുന്ന ഓഫീസ് ജോലിയുടെ നൈരന്തര്യത്തിനിടയില്‍ ഒരിക്കലും എഴുതിത്തീര്‍ക്കാനാവില്ലെന്നു വെല്ലുവിളിച്ച കഥകള്‍. എഴുതിയും മായ്ചും അക്ഷരങ്ങള്‍ കൂട്ടിരുന്ന രാത്രികള്‍.അസ്വസ്ഥതകളോട് ഇണങ്ങിച്ചേരാനാവാതെ പരിഭവിച്ചു പിരിഞ്ഞു പോയ സൗഹൃദങ്ങള്‍, കലഹിച്ചു പോയ വാക്കുകള്‍,ഒരു കാഴ്ച പോലും തരാതെ ഒരുപാടിരുണ്ടുപോയ മഴക്കാലാകാശം.എല്ലാത്തിനുമൊടുവില്‍ വീണു കിട്ടിയത് ഇത്തിരി നക്ഷത്രവെളിച്ചം.
കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്ന് അറിയാതെ വീണു തായിരുന്നു വിപ്ലവത്തെക്കുറിച്ചുള്ള അറിവുകള്‍ .വലിയങ്ങാടിയിലെ ഉമ്മവീട്ടില്‍ എല്ലാവരുമൊത്തു കൂടിയ രാത്രിയിലാണ് നക്‌സലൈറ്റുകളെന്ന വാക്ക് ആദ്യമായിക്കേട്ടത്് . കൂട്ടികള്‍ക്കു കേള്‍ക്കാനരുതാത്ത എന്തോ ഒന്നിനെക്കുറിച്ച് ഭയമോ ആവേശമോ നിറഞ്ഞു നിന്ന സ്വരത്തിലായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ഒഴിവുകാലങ്ങളില്‍ നാട്ടില്‍ തമ്പടിക്കുന്ന സര്‍ക്കസ്സുകാരുടെ കൂടാരങ്ങളില്‍ നിന്ന് രാത്രി തിരക്കുകളെല്ലാമൊഴിയുമ്പോള്‍ സൂര്യനോളം പ്രകാശം ചൊരിയുന്നൊരു ഒറ്റവെളിച്ചം ആകാശത്തേക്കു കണ്‍തുറക്കാറുണ്ടായിരുന്നു...കറങ്ങിക്കറങ്ങി അതങ്ങിനെ സര്‍ക്കസ്സുകാരുടെ വരവറിയിക്കും.നക്‌സലൈറ്റ് എന്നു കേട്ടപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല, അതുപോലെ ശക്തിയേറിയ സെര്‍ച്ച്്‌ലൈറ്റുമായി കാട്ടിലൂടെ മാരകായുധങ്ങളുമായി നടക്കുന്ന ആളുകളാണ് മനസ്സിലേക്കോടിയെത്തിയത് .പണക്കാരായ ആളുകളുടെ തലയറുത്ത് പടിക്കല്‍ കുത്തിനിര്‍ത്തി ,പൂഴ്ത്തിവച്ച ധാന്യങ്ങള്‍ പാവങ്ങള്‍ക്കു വിതരണം ചെയ്തു എന്നൊക്കെയാണ് ചര്‍ച്ച. അടക്കിപ്പിടിച്ച ആ സംസാരങ്ങളില്‍ എന്തിനോടൊക്കെയോ ഉള്ള അമര്‍ഷത്തിന്റേയോ ആരാധനയുടേയോ ഒരു തുണ്ട് പിടിച്ചെടുക്കാനായി. ചര്‍ച്ചയെല്ലാം കഴിഞ്ഞ് 'നീയേതു പാര്‍ട്ടിക്കാരിയാണ'് എന്നൊരു വിഢ്ഢിച്ചോദ്യം എന്നോടാരോ ചോദിച്ചപ്പോള്‍ പാര്‍ട്ടികളെക്കുറിച്ചൊന്നുമറിയാത്തതു കൊണ്ട് അപ്പോള്‍ കേട്ട പേര് അഭിമാനത്തോടെ ഉറക്കെപ്പറഞ്ഞു. “ഞാന്‍ നക്‌സലൈറ്റാണ്...”
എല്ലാവരും സ്തംഭിച്ചു നിന്നതോര്‍മ്മയുണ്ട്. ഒന്നുമറിയാത്തപോലെ അതിലൂടെ കളിച്ചു നടക്കുമ്പോഴും ഞാനതെല്ലാം ശ്രദ്ധിച്ചിരുന്നു എന്ന അറിവാണ് അവരെ നിശ്ശബ്ദരാക്കിയതെന്നു തോന്നുന്നു..പിന്നെ “ഇവള്‍ അജിതയുടെ പാര്‍ട്ടിയാ“ണെന്നു പറഞ്ഞ് അമ്മാവന്‍ ചിരിച്ചതോര്‍ക്കുന്നു.
വസന്തത്തിന്റെ ഇടിമുഴക്കത്തെ ഓര്‍മ്മിപ്പിച്ചിരുന്നു കൂട്ടിക്കാലത്തെ പല സംഭവങ്ങളും.അടിയന്തരാവസ്ഥയേയും വിപ്ലവത്തേയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും എല്ലാക്കാലത്തുമുണ്ടായിരുന്നു .ഈച്ചരവാര്യരുടെയും വര്‍ഗ്ഗീസിന്റെയും ജീവിതം തീരാവ്രണമായി എന്നും മനസ്സിനെ ഉരുക്കിയിരുന്നു.
ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം വിപ്ലവവും വിപ്ലവകാരികളും പുതുകാലത്തിന്റെ പരിഹാസമായി മാറുന്നത് കണ്ടറിഞ്ഞു.വിപ്ലവം പരാജയമാണെന്നും അതല്ല ,അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുമുള്ള തര്‍ക്കങ്ങള്‍.ഉള്‍പ്പോരുകളും പിരിഞ്ഞുപോകലുകളും.ചിലര്‍ പാതയില്‍ നിന്ന് ബഹുദൂരം ദൂരത്തേക്കോടി മറഞ്ഞു.ചിലര്‍ എതിര്‍ദിശയിലേക്കോടി.എങ്കിലും പലപ്പോഴും പലയിടത്തായി കണ്ടുമുട്ടേണ്ടി വന്നു മുള്ളു കൊണ്ടു പോറി,വ്രണങ്ങള്‍ പഴുത്തുവിങ്ങിക്കൊണ്ട് ജീവിതകാലം മുഴുവന്‍ അസ്വസ്ഥതയോടെ ജീവിക്കുന്ന ഒരു കൂട്ടമാളുകള്‍.ദാരിദ്ര്യമാണ് വിപ്ലവകാരികളെ സൃഷ്ടിച്ചത് അല്ലാതെ സാമൂഹ്യപ്രതിബദ്ധതയല്ല എന്ന ആരോപണങ്ങള്‍ക്കിടയില്‍ത്തന്നെ ജീവിക്കാന്‍ വേണ്ടതെല്ലാമുള്ളവരും വിപ്ലവത്തീയിലേക്കെടുത്തു ചാടിയ കാഴ്ചകളും കാണുകയുണ്ടായി.'ആരണ്യകം' എന്ന സിനിമയിലെ ദേവന്റെ കഥാപാത്രത്തിനെ ഒരിക്കലും മറക്കാനാവാത്തതും അതുകൊണ്ടു തന്നെ.”എനിക്കെല്ലാമുണ്ടായിരുന്നു,ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം”.എന്നു പറയുമ്പോള്‍ “പിന്നെന്തിന് ഈ വഴി ?“എന്നു ചോദിക്കുന്ന നായികയോട്് “എനിക്കു മാത്രം മതിയോ ഇതൊക്കെ” എന്ന ചോദ്യം അന്നുമിന്നും ഒരു ചാട്ടുളിപോലെ ഉള്ളില്‍ കോറിവരയാറുണ്ട്.
ഭീകരമായ ഒരു ഭാവിയുടെ നാന്ദി കുറിക്കാനെന്നോണം അനുദിനമുണ്ടാകുന്ന അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും ഭരണകൂടത്തിന്റെയും മുതലാളിത്തത്തിന്റെയും തേര്‍വാഴ്ചകള്‍ക്കും മുമ്പില്‍ ചെറുവിരലനക്കാന്‍ പോലും താല്‍പര്യം കാണിക്കാതെ പ്രതികരണശേഷി മുരടിച്ചു വരുന്ന ഒരു പുതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അറിയാതെ ചോദിച്ചു പോകുന്നു.
ഈ പുസ്തകത്തിന്റെ രചനയില്‍ ഏറെ സഹായം ചെയ്ത കെ വി തെല്‍ഹത്തിനോടും പ്രഭാകരന്‍ മാസ്റ്ററോടുമുള്ള കടപ്പാടും സ്‌നേഹവും എഴുതിത്തീര്‍ക്കാവുന്നതല്ല.പ്രസാധനം ഏറ്റെടുത്ത ഡി സി ബുക്ക്‌സിനേയും നന്ദിയോടെ സ്മരിക്കുന്നു.
ആരുടെയൊക്കെയോ വിയര്‍പ്പും രക്തവും വീണ മണ്ണില്‍ വിരിഞ്ഞു നില്‍ക്കുന്ന റോസാപ്പൂക്കള്‍ക്ക് എല്ലാവരേയും ആഹ്ലാദിപ്പിക്കാനാവുന്നില്ലെന്നറിയുന്നു.
ഒരു കാലത്തിന്റെ കഥ പറഞ്ഞ് എന്റെ കൂടെ നടന്നവരുടെ വേവുകളും മോഹങ്ങളും തിരിച്ചറിയാനായെങ്കില്‍ ഈ അക്ഷരങ്ങള്‍ സാര്‍ത്ഥകമായി.
(മഞ്ഞനദികളുടെ സൂര്യന്‍-ആമുഖത്തിലെഴുതിയത് )
NOVEL
PUBLISHERS D C BOOKS,PRICE Rs.120/-
പ്രകാശനം ആഗസ്റ്റ് 10,കൊച്ചി

അവര്‍ക്കു ഭയമായിരുന്നു
വാക്കുകളെ..
അതില്‍ നിന്നുയർത്തെഴുന്നേല്‍ക്കുന്ന
വസന്തജ്വാലകളെ..
അവര്‍ക്കു ഭയമായിരുന്നു
മഷിയുടെ തീവ്രസുഗന്ധത്തെ.
അത് ശ്വാസകോശങ്ങളെ
തകര്‍ക്കുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
അച്ചുകൂടങ്ങളെ.
അതിന്റെ പ്രകമ്പനങ്ങളില്‍
വിശ്വാസങ്ങള്‍ ഉടഞ്ഞുതീരുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
ഉണ്‍മയുടെ പ്രകാശത്തെ.
അന്ധത മൂടിയ കണ്ണുകളെ
അത് വേദനിപ്പിക്കുമെന്നവര്‍ ഭയന്നു
ഭയം അവരെ കൊലയാളികളാക്കി
മഷിയെ തൂത്തെറിഞ്ഞ്,
അച്ചുകൂടം തകര്‍ത്ത്
വാക്കുകളെ വെടിയുണ്ടകളാല്‍ നിശ്ശബ്ദമാക്കി
ഉണ്മയെ തീവ്രവിശ്വാസങ്ങളുടെ
ഇരുട്ടു കൊണ്ട് പൊതിഞ്ഞ്
"നീ നിശ്ശബ്ദത പാലിക്കുക " എന്നുറക്കെപ്പറഞ്ഞ്
"എന്റേതല്ലാത്തൊരു ശബ്ദം ഇവിടെയുയരില്ലെ"ന്നു ശഠിച്ച്
അവര്‍ തലച്ചോറും ഹൃദയവും പിഴുതെറിയാന്‍ നോക്കി..
എന്നിട്ടും,
എഴുതപ്പെട്ട അക്ഷരങ്ങളെ അവര്‍ക്കു തൊടാനായില്ല
പുറപ്പെട്ട വാക്കിനെ തടയാനും,
വെളിച്ചത്തെ അടച്ചുവെയ്ക്കാനും
അവര്‍ക്കായില്ല.
മുറിച്ചുമാറ്റപ്പെട്ട ഓരോ നാവിനും പകരം
പുതുമുളകള്‍ വരുമെന്ന് ആരാണവരോടു പറയുക.
എല്ലാ നാവുകളും
എല്ലാക്കാലവും നിശ്ശബ്ദമായിരിക്കില്ലെന്ന്
ആരാണവര്‍ക്കു പറഞ്ഞു കൊടുക്കുക...?

2017, ജൂലൈ 17, തിങ്കളാഴ്‌ച

ജൂലൈ ലക്കം അക്ഷരദീപം സാഹിത്യമാസികയില്‍ കവര്‍ സ്‌റ്റോറി By Unni Vishwanath


1.എഴുതിത്തുടങ്ങിയതെപ്പോള്‍?എന്തായിരുന്നു പ്രചോദനം?
അക്ഷരങ്ങളെ പരിചയപ്പെടുത്തിയ സീതാലക്ഷ്മി ടീച്ചര്‍,ഭാഷയെ ശുദ്ധീകരിച്ച പാര്‍വതി ടീച്ചര്‍,പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച ആപ്പ(ഉപ്പ),ഭാവനയ്ക്കു ചിറകു നല്‍കിയ വല്യുമ്മ, പിന്നെ പ്രകൃതിയുമായി എന്നെ അടുപ്പിച്ച സരോജിനി ..ഇവരില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും എഴുത്തുകാരിയാവുമായിരുന്നില്ല.വായനയ്ക്കു നിയന്ത്രണമില്ലാത്ത ബാല്യമായിരുന്നു എന്റേത്.എന്തും വായിക്കാം.ജനപ്രിയവാരികകള്‍,ബാലസാഹിത്യം തുടങ്ങി തകഴിയും പൊറ്റെക്കാടും ബഷീറും ഉറൂബുമൊക്കെയായിരുന്നു അന്നത്തെ വായന.ആപ്പ നന്നായി വായിക്കുകയും ചിലപ്പോഴൊക്കെ ലേഖനങ്ങളും പ്രസംഗങ്ങളും എഴുതുകയും ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ വീട്ടിലോ കുടുംബത്തിലോ പരിചയത്തിലോ ആരും എഴുത്തുകാരായിട്ടില്ലായിരുന്നു.ഏതോ വിദൂരദേശത്തിരുന്ന് സാഹിത്യരചന നടത്തുന്ന അപൂര്‍വ്വജീവികളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അന്ന് എഴുത്തുകാര്‍.സ്‌കൂളില്‍ മലയാളം അക്ഷരമാല പഠിപ്പിച്ചത് സീതാലക്ഷ്മിടീച്ചറാണ്(സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അമ്മ).രാമായണവും മഹാഭാരതവുമെല്ലാം ടീച്ചറിലൂടെയാണ് ഞാനറിയുന്നത്.ഹൈസ്‌കൂളില്‍ മലയാളം പഠിപ്പിച്ച പാര്‍വ്വതി ടീച്ചറാവട്ടെ ഭാഷാശുദ്ധിയുടെ കാര്യത്തില്‍ ആഗ്രഗണ്യയായിരുന്നു.ഭാഷയിലെസൂക്ഷ്മമായ പിഴവുകള്‍ പോലും കണ്ടുപിടിച്ച് സൗമ്യമായി തിരുത്തിത്തരും.ഒരു സ്വപ്‌നജീവിയായിരുന്നു വല്യുമ്മ. ബാലമാസികളില്‍ വരുന്ന കഥകളെല്ലാം ആദ്യം തന്നെ അവര്‍ എനിക്കു പറഞ്ഞു തന്നിട്ടുണ്ടാവും.മാസികകളില്‍ പിന്നെ ആ കഥ വരുമ്പോള്‍ വല്യുമ്മയെ അത് വായിച്ചു കേള്‍പ്പിക്കാന്‍ ഇഷ്ടമായിരുന്നു. വീട്ടില്‍ സഹായിയായിരുന്ന സരോജിനിയാണ് പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓരോ കുഞ്ഞു പൂവിലും പുല്‍ക്കൊടിയിലും പ്രപഞ്ചം ഒളിഞ്ഞിരിക്കുന്നുവെന്ന് എന്നെ പഠിപ്പിച്ചത് അവരാണ്.അങ്ങനെ വായനയും ഭാവനയും പ്രകൃതിയും ചേര്‍ന്നാണ് എഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറയാം.എങ്കിലും എഴുതിത്തുടങ്ങാന്‍ കാരണമായത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാനിടയായ കയ്യെഴുത്തുമാസികയാണ്.അതുപോലൊരെണ്ണം ഉണ്ടാക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് എഴുത്ത് രൂപപ്പെട്ടത്.കയ്യെഴുത്തുമാസികയില്‍ പല പേരുകളില്‍ കഥയും ചിത്രകഥയും നോവലുമൊക്കെ എഴുതുമ്പോള്‍ അത് ഒട്ടും ഗൗരവമില്ലാത്ത പ്രവൃത്തിയായിരുന്നു.കളികളുടെ ഒരു ഭാഗം മാത്രമായിരുന്നു അത്.കോളജില്‍ എത്തിയതോടെ അവധിക്കാലങ്ങളില്ലാതായി .കയ്യെഴുത്തുമാസികയും നിന്നുപോയി..മുതിര്‍ന്ന എഴുത്തുകാരുടെ ഗംഭീരമായ രചനകള്‍ വായിച്ചിരുന്ന കാലമായിരുന്നു അത്.ചിലപ്പോഴൊക്കെ പലരുടെയും മോശം രചനകളും വായിക്കാനിടയായപ്പോഴാണ് എഴുതിനോക്കാം എന്നൊരു തോന്നലുണ്ടായത്.അങ്ങനെ 'ഇന്നലെയുടെ ബാക്കി' എന്ന ഒരു കഥയെഴുതി മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മോശമല്ലാത്ത പ്രതികരണം കിട്ടിയതോടെ അല്പം ആത്മവിശ്വാസമൊക്കെ തോന്നി.ഗൗരവമായി എഴുത്തിനെ സമീപിക്കുന്നത് 19 ാം വയസ്സിലാണ്.വ്യക്തിപരമായി ധാരാളം അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്ന കാലമായിരുന്നു അത്.യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്ത മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നൊരു രാത്രിയിലാണ് 'താമസി' എന്ന കഥയെഴുതുന്നത്.എന്നിലെ അപരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിത്തന്നത് ആ കഥയാണ്.കാരണം അതെഴുതി പിന്നീടു വായിച്ചപ്പോള്‍ ഞാനെപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ചത് എന്നൊരു വിസ്മയം മാത്രമായിരുന്നു.എഴുത്ത് പലപ്പോഴും ബോധപൂര്‍വ്വമല്ല സംഭവിക്കുന്നത് എന്ന് അന്നെനിക്കു മനസ്സിലാക്കാനായി.ആ കഥയ്ക്ക് വനിതയുടെ കഥാ അവാര്‍ഡ് ലഭിച്ചത് വലിയ പ്രോത്സാഹനമായിത്തീര്‍ന്നു.നിരവധി വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായി.
2.സ്വന്തം ജീവിതാനുഭവങ്ങള്‍ കഥയാക്കി മാറ്റിയിട്ടുണ്ടോ?
ജീവിതാനുഭവങ്ങള്‍ പലതും കഥകള്‍ക്കു പ്രേരണയായിട്ടുണ്ട്.പക്ഷേ സംഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി കഥയെഴുതാറില്ല.സ്വയം അനുഭവിക്കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ അനുഭവങ്ങളോട് തന്മയീഭാവം പ്രകടിപ്പിക്കാനാവുമ്പോള്‍ കൂടിയാണ് എഴുത്തു വരുന്നത്.എങ്കിലും ഓരോ കഥയിലും ഭാവനയും സങ്കല്പവും ചേര്‍ത്താണ് അനുഭവങ്ങളെ ആവിഷ്‌കരിക്കാറ്.അങ്ങനെ കഥയാക്കാന്‍ പറ്റില്ലെന്നു തോന്നുന്ന അനുഭവങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.'അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍' എന്ന പേരില്‍ പായല്‍ ബുക്ക്‌സ് ആണ് അത് പ്രസിദ്ധീകരിച്ചത്.
3ഭാവനയില്‍ നിന്നു പിറവി കൊള്ളുന്ന എഴുത്താണോ അതോ ജീവിതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണോ നല്ലത്.എന്താണഭിപ്രായം?
അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് കഥയോ നോവലോ ആണെന്നു പറയാനാവില്ല.അത് ആത്മകഥയോ ജീവചരിത്രമോ ഓര്‍മ്മക്കുറിപ്പോ ആണ്.അനുഭവങ്ങളും ഭാവനയും കൂടിച്ചേരുമ്പോഴാണ് എഴുത്തിന് സര്‍ഗ്ഗാത്മകത രചനയെന്ന നിലയില്‍ ഭാവുകത്വം കൈവരുന്നുള്ളൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.അനുഭവങ്ങള്‍ രചനയുടെ അസ്ഥികൂടമാണെങ്കില്‍ അതിന് മാംസവും സൗന്ദര്യവും നല്‍കി രൂപഭംഗി പകരുന്നത് ഭാവനയും ഭാഷയുമാണ്.
4.പഴമയുടെ എഴുത്തും എഴുത്തുകാരും എഴുത്തിന്റെ യാത്രയില്‍ പ്രേരകശക്തിയായി കടന്നു വന്നിട്ടുണ്ടോ?.വന്നിട്ടുണ്ടെങ്കില്‍ ആ എഴുത്തുകാരെയും സൃഷ്ടിയെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ?.
പൂര്‍വ്വസൂരികളെ വായിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതുമായിരുന്നില്ല.വായനയുടെ ഏതോ ഘട്ടത്തിലാണ് എഴുതിത്തുടങ്ങിയത്.വെല്ലുവിളിയും പ്രേരണയുമായത് പഴമക്കാരുടെ എഴുത്തുകള്‍ തന്നെയായിരുന്നു.ആദ്യമായി വായിച്ച പുസ്തകം എസ് കെ പൊറ്റെക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യായിരുന്നു.ഏഴാം വയസ്സില്‍ ആ കൃതി എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നു പറഞ്ഞറിയിക്കാനാവില്ല.ഭാഷയും പ്രകൃതിയും മനുഷ്യനും ചരിത്രവും ചേര്‍ന്ന ഒരു വിസ്മയലോകം തന്നെയായിരുന്നു ആ പുസ്തകം.ഏതുപ്രായക്കാര്‍ക്കും ആസ്വാദ്യമായ ഒന്നാണ് അത് എന്നത് ശരിക്കും അത്ഭുതപ്പെടുത്തും.എല്ലാ അവധിക്കാലങ്ങളിലും ആവര്‍ത്തിച്ചു വായിച്ചിരുന്നു അത്.അതിരാണിപ്പാടത്തെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പലതരം അവസ്ഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.കൗമാരത്തില്‍ എം ടിയുടെ 'മഞ്ഞ്' വല്ലാത്ത ഒരു വായനാനൂഭവമായിരുന്നു.അത് വായിക്കുമ്പോള്‍ ഓരോ തവണയും അപരിചിതമായ ഭൂമികകളിലേക്കു കടന്നുപോകുന്നതുപോലെ തോന്നുമായിരുന്നു. ടി പത്മനാഭന്റെ ആറ്റിക്കുറുക്കിയ ഭാഷയിലെഴുതിയ കഥകളും വളരെ ഇഷ്ടമായിരുന്നു..അതുപോലെത്തന്നെ സി രാധാകൃഷ്ണന്റെ 'മുന്‍പേ പറക്കുന്ന പക്ഷികള്‍' ,സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' ,'രാജലക്ഷ്മിയുടെ കഥകള്‍' ,'ഖസാക്കിന്റെ ഇതിഹാസം 'ഇങ്ങനെയുള്ള കൃതികളാണ് എന്നെ വായനയിലേക്കും എഴുത്തിലേക്കും കൈപിടിച്ചു കൊണ്ടുപോയത്.ഒരിക്കലും എഴുത്തുകാരിയാവുക എന്നൊരു സ്വപ്‌നം ഉള്ളിലുണ്ടായിരുന്നില്ല.അറിയാതെ എഴുതിപ്പോയി എന്നേ പറയാനാവൂ.വായനയുടെ മത്തു പിടിച്ച നേരത്ത് മനസ്സ് അറിയാതെ തുറന്നു പോയതാവാം എന്നേ തോന്നുന്നുള്ളൂ.
5.പുതിയ കാലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരി എന്ന നിലയില്‍ എഴുതിത്തുടങ്ങുന്നവരോട് എന്താണ് പറയാനുള്ളത്.?
എഴുത്ത് ഒരാളില്‍ തനിയെ വന്നുചേരുന്നതാണ്.വായനയിലൂടെയും സാധനയിലൂടെയും അതിനെ മിനുക്കിയെടുക്കാനാവുമെന്നുമാത്രം.എഴുത്തിലും വായനയിലും താല്‍പര്യമില്ലാതെ മാതാപിതാക്കളുടെയോ അദ്ധ്യാപകരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി സാഹിത്യക്യാമ്പുകളില്‍ വരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്്.എഴുത്ത് ഒരിക്കലും ക്യാമ്പുകളിലൂടെ സ്വായത്തമാക്കാനാവില്ല.ക്യാമ്പുകളില്‍ മിക്കപ്പോഴും കാണുന്ന കാഴ്ച ഒന്നും വായിക്കാതെ,സംശയങ്ങളൊന്നും തന്നെയില്ലാതെ ,ക്ലാസ് എടുക്കുന്നവരെ തുറിച്ചു നോക്കിയിരിക്കുന്ന കുട്ടികളെയാണ്.. സജീവമായ സംവാദങ്ങള്‍ക്ക് തിരി കൊളുത്താനും സ്വന്തം സൃഷ്ടിയുടെ ഗുണദോഷങ്ങള്‍ അറിയാനും അനുഭവങ്ങള്‍ പങ്കിടാനുമെല്ലാം സാഹിത്യക്യാമ്പുകള്‍ സഹായകമാണ്.പക്ഷേ അധികം പേരും അത് പ്രയോജനപ്പെടുത്തുന്നില്ല.എന്തെങ്കിലും എഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കിട്ടുന്ന കുറച്ചു ലൈക്കുകള്‍ക്കപ്പുറം ഗൗരവമായി എഴുത്തിനെ എടുക്കുന്നവര്‍ കുറവാണ്.എഴുതാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നല്ല വായനക്കാരാവുകയാണ് വേണ്ടത്.മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഭരിക്കുന്ന പുതുലോകത്തില്‍ വായനക്കായി സമയം കണ്ടെത്തുന്നത് വലിയ പാടാണ്.അതിനായി പല വിനോദങ്ങളും മാറ്റിവെക്കേണ്ടി വരും.പരന്ന വായനയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കേണ്ട കുറച്ചു പുസ്തകങ്ങളെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തുക.ഭാഷ വഴങ്ങിക്കിട്ടണമെങ്കിലും ഭാവന വികസിക്കണമെങ്കിലും വായന അത്യാവശ്യമാണ്.ദൃശ്യമാധ്യമങ്ങള്‍ ഭാവനയെ പരിമിതപ്പെടുത്തുകയാണ്.കുട്ടിക്കാലത്ത് ടീച്ചര്‍ രാമായണം കഥ പറഞ്ഞു തരുമ്പോള്‍ ഞങ്ങളോരോരുത്തരുടെയും മനസ്സിലെ സീതയ്ക്കും രാമനുമെല്ലാം വ്യത്യസ്തമുഖങ്ങളുണ്ടായിരുന്നു.രാമായണം സീരിയലായതോടെ എല്ലാവരുടേയും രാമന് അരുണ്‍ഗോവിലിന്റെയും സീതയ്ക്ക് ദീപികയുടെയും മുഖമായി മാറി.നീലക്കരിമ്പിന്റെ നിറമുണ്ടായിരുന്ന കുസൃതിക്കണ്ണനെയോര്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിന്റെ മുഖം മാത്രമേ ഇന്നെനിക്ക് ഓര്‍മ്മ വരുന്നുള്ളൂ.കാഴ്ച നമ്മുടെ ഭാവനയെ പരിമിതപ്പെടുത്തുന്നത് ഇങ്ങനെയാണ്.ഒരേ രീതിയിലുള്ള ബിംബങ്ങളെ ഓരോരുത്തര്‍ക്കും തരികയാണ്.ഒരു കഥ വായിക്കുമ്പോള്‍ ഞാന്‍ സങ്കല്പിക്കുന്ന ലോകമല്ല നിങ്ങള്‍ ഭാവനയില്‍ കാണുന്നത്.അതാണതിന്റെ വ്യത്യാസം.ഒരു പ്രയോജനവുമില്ലാത്ത വിനോദപരിപാടികള്‍ക്കായി കളയുന്ന സമയത്തിന്റെ ഒരു ഭാഗം വായനക്കായി മാറ്റി വച്ചു നോക്കുക.തീര്‍ച്ചയായും നിങ്ങള്‍ക്കത് ഏറെ ഗുണം ചെയ്യും.
എഴുതിയത് തിരുത്തിയെഴുതാനുള്ള മനസ്സാണ് ഒരു നല്ല എഴുത്തുകാരന് അത്യാവശ്യം.പ്രസിദ്ധീകരിക്കാന്‍ ധൃതി കൂട്ടാതെ സമയമെടുത്ത് പലതവണ വായിച്ച് തിരുത്തിയെഴുതിയാല്‍ മാത്രമേ രചനയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ.രചനകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ അഭികാമ്യം അവയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതാണ്.
എഴുത്ത് ഉള്ളിലുണ്ടെങ്കില്‍ വായനയുടെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ എഴുതുക തന്നെ ചെയ്യും.പുറംലോകം അറിഞ്ഞാലുമില്ലെങ്കിലും അത് സംഭവിക്കാതിരിക്കില്ല.


2016, ഡിസംബർ 11, ഞായറാഴ്‌ച"NO isn't just a word.Its a complete sentence.It doesn't need any further explanation.'No' simply means 'No'.Men must realize that 'No' means 'No'.Whether the girl is an acquaintance,a friend, girl friend,a sex worker or even your own wife.No means No..And when someone says No, you stop...."
പിങ്ക് (PINK)-------അനിരുദ്ധ റോയ് ചൗധരിയുടെ ഹിന്ദി ചിത്രം.ഇന്ത്യന്‍ സ്ത്രീയോടുള്ള കാഴ്ചപ്പാടുകള്‍ ഇത്ര ഗാഢമായി ആരും പറഞ്ഞിട്ടില്ലെന്നു തോന്നുന്നു.ഒരുവള്‍ മോഡേണ്‍ വേഷങ്ങള്‍ ധരിക്കുന്നതു കൊണ്ട്,നിശാകാല പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതു കൊണ്ട്,മദ്യപിക്കുന്നതു കൊണ്ട്,പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതു കൊണ്ട് ,ജോലി ചെയ്ത് സ്വന്തം നിലയില്‍ തനിച്ചു താമസിക്കുന്നതു കൊണ്ട് അവള്‍ പിഴയാണെന്നും ആര്‍ക്കും അവളോടെന്തുമാകാമെന്നുള്ള കാഴ്ചപ്പാട് തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രം.അതേ സമയം പുരുഷന്‍മാര്‍ക്ക് ഈ പറഞ്ഞതെല്ലാം ആവാം.അത് അവരുടെ പൊതു ജീവിതത്തിന്റെ ഭാഗം മാത്രം.സമൂഹവും സമുദായവും നീതിയും ഈ തുലാസ്സില്‍ത്തന്നെയാണ് പെണ്ണിനെ അളന്നു തൂക്കുന്നത്.അതുകൊണ്ടു തന്നെ പെണ്ണിന്റെ നീതി കടലാസ്സില്‍ മാത്രമായി അവശേഷിക്കുന്നതും.ബച്ചന്റെ പുതിയ പടങ്ങള്‍ കാണുമ്പോള്‍ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു.രോഷാകുലനായ പഴയ ചെറുപ്പക്കാരന്‍
പക്വതയേറിയ റോളുകളില്‍
ഇന്നും യുവതലമുറയെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു.

2016, ഡിസംബർ 8, വ്യാഴാഴ്‌ച


                          സ്വയമെരിഞ്ഞ് ് പ്രകാശം തന്ന ഉമ്മ           

                             പ്രകടനപരതയില്ലാത്ത സ്‌നേഹമാണ് അയിഷ എന്ന എന്റെ ഉമ്മ..കുട്ടിക്കാലത്ത് സഹപാഠികളുടെ അമ്മമാര്‍ അവരെ സ്‌കൂളില്‍ കൊണ്ടു വരുന്നതും ഉമ്മ വച്ചോമനിക്കുന്നതുമൊക്കെ കാണുമ്പോള്‍ നിരാശ തോന്നിയിരുന്നു ,എന്റെ ഉമ്മ മാത്രം എന്തേ ഇങ്ങനെയൊന്നും ചെയ്യുന്നില്ല എന്ന്.സ്‌നേഹമസൃണമായ ചുംബനമോ തലോടലോ ആലിംഗനമോ ഒന്നും ഉമ്മയില്‍ നിന്ന് അക്കാലത്തൊന്നും തന്നെയുണ്ടായിട്ടില്ല.മിക്കപ്പോഴും ശാസനകളോ പരുക്കന്‍ വാക്കുകളോ ആയാണ് ഉമ്മ സ്‌നേഹവും ദയയും ആധിയും വാത്സല്യവുമെല്ലാം പ്രകടിപ്പിച്ചത്.ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു നൂറായിരം തിരക്കുകള്‍ക്കു നടുവിലായിരുന്നു ഉമ്മയുടെ ജിവിതമെന്ന്.പത്തു മുപ്പത്തേഴു കൊല്ലം മുമ്പ് ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത അടുക്കളയില്‍ നിരന്തരം വന്നു പോകുന്ന സന്ദര്‍ശകരും സ്‌കൂളില്‍ പോകുന്ന മക്കളും തിരക്കേറിയ ഭര്‍ത്താവും വൃദ്ധയായ ഭര്‍തൃമാതാവുമുള്ള വീട്ടില്‍ സഹായത്തിന് ആളുണ്ടെങ്കില്‍ക്കൂടി ഉമ്മ എന്തു മാത്രം ബുദ്ധിമുട്ടിക്കാണും.. ആഗ്രഹങ്ങളും താല്‍പര്യങ്ങളും സമയവും യൗവ്വനവും മറന്ന് ആപ്പാക്കും ഞങ്ങള്‍ക്കുമായി സമര്‍പ്പിച്ച ജീവിതമാണ് ഉമ്മയുടേത്.സ്വന്തം പിതാവിനെയും കുടുംബത്തേയും അഗാധമായി സ്‌നേഹിക്കുമ്പോഴും ഞങ്ങളെപ്പിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാത്രം ദുരമുള്ള കുടുംബവീട്ടില്‍ ഒരൊറ്റ രാത്രി താമസിക്കാന്‍ പോലും ഉമ്മ പോകുന്നതു കണ്ടിട്ടില്ല.ഞങ്ങളുടെ സ്‌കൂള്‍,ആപ്പയുടെ ഓഫീസ്,വീട്ടില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ടേയിരുന്നു ഉമ്മ.ഒരു നിമിഷം പോലെ വെറുതെയിരിക്കുന്നതു കണ്ടിട്ടില്ല.വിശ്രമമെന്നാല്‍ എന്തോ തെറ്റു ചെയ്യുന്നതു പോലെയാണ് ഉമ്മ കാണുന്നതെന്നു തോന്നിയിട്ടുണ്ട്. മാതാവിന്റെ അകാലമരണം ഉമ്മയെ എല്ലാക്കാലത്തും വേദനിപ്പിച്ചു കൊണ്ടേയിരുന്നു.ആ ശൂന്യത ഉമ്മ നികത്തിയത് ഞങ്ങള്‍ക്കു വേണ്ടി നിരന്തര സേവനം ചെയ്തു കൊണ്ടാണെന്നു തോന്നുന്നു.അധികം വിദ്യാഭ്യാസമില്ലെങ്കിലും ജീവിതം ഒരുപാടു കണ്ടറിഞ്ഞു ഉമ്മ.പലപ്പോഴായി അതു ഞങ്ങള്‍ക്കു പകര്‍ന്നു തരികയും ചെയ്തു.കൂട്ടുകുടുംബത്തില്‍ ജീവിച്ചതു കൊണ്ടു തന്നെ അപാരമായ ക്ഷമയും സഹനവും ഉമ്മയ്കുണ്ട്.അതുപോലെത്തന്നെ ആഢംബരങ്ങളോട് ഒട്ടും ഭ്രമമില്ലാത്ത, ഒന്നിനോടും ആര്‍ത്തിയില്ലാത്ത ലളിതമായ ജീവിതരീതിയും.ഞങ്ങളെല്ലാം നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍പ്പോലും രുചിയേറിയതൊന്നും ഉമ്മ കഴിക്കില്ല.അതിന്റെ വലിയൊരു പങ്ക് ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്കുകയാണ് ഇപ്പോഴത്തേയും ശീലം.എത്രയോ തവണ അക്കാര്യം പറഞ്ഞ് ഉമ്മയോട് മുഖം വീര്‍പ്പിച്ചിട്ടുണ്ട്.നിലത്തു വീണ ഒരു വറ്റു പോലും കളയാന്‍ ഉമ്മ സമ്മതിക്കില്ല.ഭക്ഷണം പാഴാക്കുന്നതില്‍പ്പരം പാപം മറ്റൊന്നുമില്ലെന്ന ബോധം ഉമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്.നന്നായി ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടപ്പെട്ടിരുന്നു ആപ്പ . അതുപോലെ തന്നെ സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാത്തയാളുമായിരുന്നു. ഉമ്മയുടെ മിതവ്യയശീലം ഞങ്ങളുടെ കുടുംബബജറ്റിന്റെ താളം തെറ്റാതെ എപ്പോഴും കാവല്‍ നിന്നു.എന്നാല്‍ ഒന്നിനും കുറവു വന്നിരുന്നതുമില്ല.ആപ്പയുടെ ആകസ്മികമായ മരണത്തിനു ശേഷമാണ് ആ മിതവ്യയശീലം എത്രമാത്രം ഉപകാരപ്രദമായിരുന്നുവെന്നു ബോധ്യപ്പെട്ടത്.അതുവരെ കാര്യങ്ങള്‍ നടത്തിയിരുന്ന കുടുംബനാഥന്റെ ചുമതല പെട്ടെന്നൊരു നാള്‍ തോളില്‍ വന്നുകയറിയപ്പോള്‍ ആദ്യമൊന്നുലഞ്ഞുപൊയെങ്കിലും ഉമ്മ പിടിച്ചു നില്‍ക്കുകതന്നെ ചെയ്തു.വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കെല്ലാം ജോലികിട്ടിയിട്ടും ഇപ്പോഴും  എന്തെങ്കിലും അനാവശ്യ സാധനം വാങ്ങിക്കൊണ്ടു ചെന്നാല്‍ ഉമ്മ ഒന്നു തറപ്പിച്ചു നോക്കും,വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന്.അനിയന്‍ ഷാഹുലിന്റെ മുന്നു വയസ്സുകാര്ന്‍ മകന്‍ അമനു പോലും പേടിയാണ് ആ നോട്ടം.കളിപ്പാട്ടം വേണോ,ഉടുപ്പു വേണോ എന്നു ചോദിച്ചാല്‍ “വേണ്ട,ഉമ്മമ്മ കണ്ണു കാട്ടും “എന്ന് ഞങ്ങളോടു പറയുന്ന അവന്‍ ഉമ്മയോട് പലതും ചോദിച്ചു വാങ്ങാറുണ്ടെന്നത് എപ്പോഴും ചിരിപ്പിക്കുന്ന കാര്യം.സമൃദ്ധമായി കിട്ടുമെന്നറിഞ്ഞാല്‍ കുട്ടികള്‍ക്ക് ഒന്നിനെയും വിലയുണ്ടാവില്ല,വസ്തുക്കളുടെ മൂല്യമറിയാതെ അവര്‍ വളരുമെന്നാണ് ഉമ്മ എപ്പോഴും പറയുന്നത്.ഒരു സൗകര്യത്തിനു വേണ്ടിയും ആഢംബരത്തിനു വേണ്ടിയും ഉമ്മ ആവശ്യപ്പെടാറില്ല.ലോകത്തെ ഏതു നല്ല കാഴ്ചയ്കും ആഹാരത്തിനും വസ്ത്രത്തിനും ആഭരണത്തിനും ഉമ്മയെ പ്രലോഭിപ്പിക്കാനാവില്ല.വിവാഹാവസരങ്ങളില്‍ നിറയെ ആഭരണമണിഞ്ഞ സ്ത്രീകള്‍ക്കിടയില്‍ കോട്ടണ്‍ സാരികള്‍ വൃത്തിയായി ഉടുത്ത് ഒരു മാലയും കമ്മലും രണ്ടു വളകളുമായി നില്‍ക്കുന്ന ഉമ്മയെക്കണ്ട് അഭിമാനം തോന്നിയിട്ടുണ്ട്.ഉപ്പയുടെ മരണശേഷം ഉമ്മ സ്വര്‍ണ്ണം പാടെ ഉപേക്ഷിക്കുകയും ചെയ്തു.മക്കള്‍ സന്തോഷത്തോടെ, സമാധാനത്തോടെ, ആരോഗ്യത്തോടെ, സ്‌നേഹത്തോടെ ജിവിക്കുക എന്നതു മാത്രമാണ് ഉമ്മയുടെ ജിവിതത്തിലെ ഏകസന്തോഷം.
                              കുട്ടിക്കാലത്തെ ഓരോ കളികളുടെ കൂട്ടത്തിലാണ് ഉമ്മ എന്റെ എഴുത്തിനെയും ചിത്രം വരയെയുമൊക്കെ കണ്ടത്.കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പൊതുസ്ഥലങ്ങളിലൊക്കെ പലരും ഉമ്മയോട് അഭിനന്ദനമറിയിക്കാന്‍ വരാന്‍ തുടങ്ങിയപ്പോഴാവണം ഉമ്മ അതിനെ ഗൗരവമായി കണ്ടത്.വലിയ വായനക്കാരിയൊന്നുമല്ലെങ്കിലും കഥകള്‍ വായിക്കാനും രസിക്കാനും ഉമ്മ സമയം കണ്ടെത്തി.എഴുത്തിനെയും വായനയെയും പരിപോഷിപ്പിക്കാന്‍ എന്തു ചെയ്യണമെന്നറിയാത്തതിനാലാവാം അതിനെ തടസ്സപ്പെടുത്താതിരിക്കാന്‍ ഉമ്മ എപ്പോഴും ശ്രമിക്കാറുണ്ട്.വീട്ടുജോലികള്‍ കഴിയുന്നത്ര സ്വയം ഏറ്റെടുത്ത്,കഴിയുന്നത്ര ഒഴിവുസമയം എഴുതാനും വായിക്കാനുമായി ഉമ്മ എനിക്കു നീക്കി വച്ചു.എനിക്കും എന്തൊക്കെയോ എഴുതാനുണ്ടെന്നു പറഞ്ഞ് ഒരു പഴയ നോട്ടു പുസ്തകത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ച് ഉമ്മ എഴുതിത്തുടങ്ങിയെങ്കിലും വീണ് കാലിനു പരുക്കു പറ്റിയതോടെ അത് ഉപേക്ഷിച്ചു.കാല്‍ അനക്കാനാവാതെ മുന്നു മാസം വിശ്രമിച്ചപ്പോഴും സ്വന്തം കാര്യങ്ങള്‍ മുടങ്ങുമെന്നതിലല്ല ഞങ്ങള്‍ക്ക് ജോലിഭാരം കൂടിയെന്നതായിരുന്നു ഉമ്മയുടെ വിഷമം.
                                 ഉമ്മയുടെ പരുക്കന്‍ പ്രകൃതത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.മോളേ,പൊന്നേ എന്ന വിളികളൊന്നും വിളിക്കാറുമില്ല.അതുകൊണ്ടൊക്കെയാവും ആരെങ്കിലുമെന്നോട് അമിതമായി സ്‌നേഹപ്രകടനങ്ങള്‍ നടത്തിയാല്‍ വല്ലാത്തൊരു ജാള്യതയാണ് തോന്നാറ്.എങ്കിലും ഇടക്കിടെ ശല്യപ്പെടുത്തുന്ന ജലദോഷത്തിന്റെ അസ്വസ്ഥതയേറുന്ന നേരങ്ങളില്‍ ഞാനറിയാതെ പനിയുണ്ടോ എന്നു തൊട്ടുനോക്കുന്ന,പനിത്തളര്‍ച്ചയില്‍ വിളിച്ചുണര്‍ത്തി മരുന്നും കഞ്ഞിയും നിര്‍ബന്ധിച്ചു കഴിപ്പിക്കുന്ന,രാത്രി ഉറക്കം ഞെട്ടിയെഴുന്നേറ്റ് നെറ്റിയില്‍ തുണിനനച്ചിടുന്ന,നേരം വൈകിയെഴുന്നേല്‍ക്കുന്ന ദിവസങ്ങളില്‍ ഓഫിസിലേക്ക് ഉച്ചഭക്ഷണമൊരുക്കാന്‍ വെപ്രാളപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയും ദിനചര്യകളുമൊഴിവാക്കി അടുക്കളയില്‍ ഒറ്റയ്കു ചെയ്‌തോളാമെന്ന് പറഞ്ഞ് കുളിമുറിയിലേക്കെന്നെയോടിക്കുന്ന,ഓഫീസിലെ പ്രയാസങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിപ്പിടയുമ്പോള്‍ 'സര്‍ക്കാര്‍ ഓഫീസ് നിന്റെ തോളിലല്ല' എന്നു ശാസിക്കുന്ന,പ്രിയപ്പെട്ടവരുടെ വേദനകള്‍ സ്വയമേറ്റെടുത്തു ദുഃഖിക്കുമ്പോള്‍ സ്‌നേഹപൂര്‍വ്വം കുറ്റപ്പെടുത്തുന്ന,ഞങ്ങളുടെ എല്ലാ നന്മകള്‍ക്കുമായി നിശ്ശബ്ദം പ്രാര്‍ത്ഥിക്കുന്ന,അംഗീകാരങ്ങളിലും നേട്ടങ്ങളിലും അമിതമായി ആഹ്ലാദം കാണിക്കാത്ത,കണ്ണേറു തട്ടരുതെന്നു പറഞ്ഞ് ഉപ്പും മുളകും അടുപ്പിലെരിക്കുന്ന ഉമ്മയില്ലായിരുന്നെങ്കില്‍ ഞാനെന്ന വ്യക്തിയുണ്ടാകുമായിരുന്നില്ല.സ്വയമെരിഞ്ഞ് ഞങ്ങള്‍ക്ക് പ്രകാശം തന്നവളാണ് എന്റെ ഉമ്മ.ആ വയറ്റില്‍ ജനിക്കാനായതില്‍ ഒരുപാടൊരുപാട് സന്തോഷിക്കുന്നു.ജന്മജന്മാന്തരങ്ങളിലും അതിനായി പ്രാര്‍ത്ഥിക്കുന്നു.
(പ്രവാസി വായന നവംബര്‍ 2016)

2016, മേയ് 15, ഞായറാഴ്‌ച

                       ഇലയുടെ നീതി ,മുള്ളിന്റെയും.(sheeba ek)

                      ഇന്നലെ അവളുടെ പേര് ജ്യോതിസിംഗ് എന്നായിരുന്നു. അതിനു മുമ്പേ അവള്‍ സൗമ്യയായിരുന്നു. ഇന്നിപ്പോള്‍ നാമവളെ ജിഷമോള്‍ എന്നു വിളിക്കുന്നു. അവര്‍ക്കെല്ലാം പൊതുവായി ചിലതുണ്ടായിരുന്നു. ദാരിദ്ര്യം, ജീവിതത്തോട് പൊരുതി മുന്നേറാനുള്ള ആത്മവിശ്വാസം, അടങ്ങാത്ത സ്വപ്‌നങ്ങള്‍, സ്വസ്ഥമായ ജീവിതം കരുപ്പിടിപ്പിക്കാനുള്ള അഭിവാഞ്ച. സമൂഹം അവളെ ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടു. ബസ്സിനുള്ളില്‍ ക്രൂരമാംവിധം അടിച്ചമര്‍ത്തി. ഒടുവില്‍ സ്വന്തം ഒറ്റമുറിപ്പുരയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സ്വപ്‌നങ്ങള്‍ക്ക് നിര്‍ദ്ദയമായി അറുതി വരുത്തി. സൗമ്യയുടെയും ജ്യോതിയുടേയും മരണങ്ങള്‍ക്കു പിന്നാലെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പത്രവാര്‍ത്തയായി നമ്മള്‍ വായിച്ചു . പിഞ്ചുകുട്ടികള്‍ മുതല്‍ മരണം കാത്തുകിടക്കുന്ന വൃദ്ധകള്‍ വരെ ലൈംഗികപീഢനങ്ങള്‍ക്കിരയായി. മരണം സംഭവിച്ച കേസ്സുകള്‍ കുറച്ചുകാലം കോലാഹലമുണ്ടാക്കി മാഞ്ഞുപോയി..ഇതിലുമെത്രയോ ഭീകരമാണ് അറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍. മംഗലാപുരത്തും മുംബൈയിലും ക്രൂര പീഢനത്തിരയായ പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചുവെങ്കിലും സംഭവിച്ച ആഘാതത്തില്‍ നിന്ന് അവര്‍ എന്നെങ്കിലും രക്ഷപ്പെടുമോ, ഉണ്ടെങ്കില്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ സദാചാരക്കണ്ണുകള്‍  എന്തുമാത്രം മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും അവരെ. ഉത്തരമില്ലാത്ത ചോദ്യങ്ങളാണെല്ലാം.സൗമ്യയേയും ജ്യോതി സിംഗിനേയും പോലെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ജിഷാമോളുടെ മരണവും പൊതുജനശ്രദ്ധയില്‍ നിന്ന് മാഞ്ഞുപോകും.സോഷ്യല് മീഡിയയിലും തെരുവുകളിലുമായി നാം കുറച്ചു ദിവസങ്ങള്‍ കൂടി യുദ്ധം തുടരും.എങ്കിലും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന്് യാതൊരുറപ്പുമില്ല.
                       സ്ത്രീയും പുരുഷനും ആവിര്‍ഭവിച്ച കാലംമുതല്‍ ലൈംഗികതയുമുണ്ടായിരുന്നു. പുരാണങ്ങളില്‍ തന്നെ സ്ത്രീ ശരീരങ്ങളോടുള്ള കടന്നുകയറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളേറെയുണ്ട്. സമൂഹം, കുടുംബം,  വീട് എന്നിവയുടെ ആവിര്‍ഭാവത്തോടെ സംസ്‌കാരവും സ്‌നേഹവും  പക്വതയുമാര്‍ജ്ജിച്ച മനുഷ്യര്‍  വികാരങ്ങളെ വരുതിയിലാക്കുകയും സമൂഹത്തിന്റെ അളവുകോലുകള്‍ക്കനുസരിച്ച് ജീവിച്ചുപോരുകയും ചെയ്തുവന്നു.  കുടുംബത്തിന്റെ, സമൂഹത്തിന്റെ സുരക്ഷാപരിരക്ഷകള്‍ക്കാണ് ഇപ്പോള്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുന്നത്.
                          ജീവിതത്തില്‍ ഒരു തവണയെങ്കിലും പുരുഷന്‍മാരില്‍ നിന്നുള്ള അതിക്രമം അനുഭവിക്കാത്ത സ്ത്രീകള്‍ വിരളമായിരിക്കും.പുറത്തു നിന്നല്ലെങ്കില്‍ ഗാര്‍ഹികപീഢനമെങ്കിലും അനുഭവിക്കുന്നവരാണ് ഓരോരുത്തരും.അതില്‍ എല്ലാ പ്രായക്കാരുമുണ്ട്.അശ്ലീലവാക്കുകള്‍,നോട്ടം,അപ്രതീക്ഷിതമായ ശാരീരികാക്രമണം ഇതെല്ലാം പ്രതീക്ഷിച്ചാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്.തിരക്കുള്ള  തെരുവിലൂടെ നടക്കുമ്പോള്‍ ഒരു തഴുകലോ തട്ടോ മുട്ടോ കിട്ടാതെ രക്ഷപ്പെട്ടാല്‍ അത് ഭാഗ്യമെന്നേ പറയാന്‍ പറ്റൂ.
                           സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് റോഡരുകിലെ കുറ്റിക്കാട്ടില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ സ്വന്തം ലൈംഗികാവയവം പെണ്‍കുട്ടികള്‍ക്കു നേരെ പ്രദര്‍ശിപ്പിക്കുന്ന മദ്ധ്യവയസ്‌കനാണ് ആണധികാരത്തിന്റെ അവഹേളിപ്പിക്കുന്ന മാതൃകയായി ആദ്യം മനസ്സില്‍ തെളിയുന്നത്.പ്രതികരിക്കാതെ,കണ്ടഭാവം നടക്കാതെ മുഖമുയര്‍ത്തി അയാളുടെ പുരുഷചിഹ്നത്തിനു മുന്നിലൂടെ കടന്നു പോകുകയാണെങ്കില്‍ അയാള്‍ ജാള്യതയോടെ എഴുന്നേറ്റു പോകുമായിരുന്നു.പക്ഷേ പലപ്പോഴും പെണ്‍കുട്ടികള്‍ ചിരിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നത് അയാള്‍ക്ക് വലിയ പ്രോത്സാഹനമായിരുന്നു.അതുപോലെ തന്നെ പെണ്‍കുട്ടികള്‍ കൂടുന്നിടത്തെല്ലാം തഴുകാന്‍ നടന്നിരുന്ന ഒരു വൃദ്ധനുമുണ്ടായിരുന്നു ഞങ്ങളുടെ സ്‌കൂള്‍ കാലങ്ങളെ സമ്പന്നമാക്കാന്‍.ധൈര്യമുള്ള പെണ്‍കുട്ടികളില്‍ നിന്ന് പലപ്പോഴും അടിവാങ്ങുമായിരുന്നു അയാള്‍.വായിച്ചും കേട്ടും ലഭിച്ച അറിവുകളുമായി വലിയ ജാഗ്രതയോടെയാണ് ചെറുപ്രായത്തിലും  നടന്നിരുന്നത്.അതുകൊണ്ടു തന്നെ ശ്ലീലമല്ലാത്ത ഒരു സ്പര്‍ശമോ,നോട്ടമോ ,വാക്കോ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ രതിവൈകൃതങ്ങള്‍ നടത്തുന്ന നിരവധി പുരുഷന്‍മാരെ കാണാനിടയായിട്ടുണ്ട്.  പീഢനമേല്‍ക്കുന്ന പെണ്‍കുട്ടികളില്‍ ചുരുക്കം ചിലര്‍ മാത്രമെ പ്രതികരിച്ചു കണ്ടിട്ടുള്ളു. പ്രതികരിച്ചാല്‍  അത്തരക്കാര്‍ പിന്‍വലിയുകയാണ് പതിവ്. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഉദ്ധരിച്ച ലിംഗം ശരീരത്തില്‍ തട്ടി കണ്ണീരൊഴുക്കിക്കൊണ്ട്  യാത്ര തുടര്‍ന്ന ഒരു സഹപാഠിയുടെ നിശ്ശബ്ദത ഇതെഴുതുമ്പോളും എന്നെ പിന്‍തുടരുന്നുണ്ട്. പ്രതികരണമൊന്നുമില്ല എന്നുകണ്ട് നിര്‍വൃതിയോടെ പ്രവൃത്തി തുടര്‍ന്ന യുവാവിന്റെ പാതിയടഞ്ഞ കണ്ണുകളും ഇത്രകാലമായിട്ടും മറക്കാനായിട്ടില്ല. സഹപാഠി ബസ്സില്‍ നിന്നിറങ്ങിയപ്പോഴാണ് സംഭവം ഇത്രത്തോളമെത്തിയിരുന്നുവെന്ന് ഞങ്ങളറിയുന്നത്.കയ്യില്‍ സേഫ്റ്റി പിന്നുമായിട്ടായിരുന്നു പഠനകാലത്തെ മുഴുവന്‍ ബസ്സ്‌യാത്രകളും. പലതവണ അത് ഉപയോഗിക്കേണ്ടതായും വന്നിട്ടുണ്ട്. ആ റൂട്ടില്‍ യാത്ര ചെയ്തിരുന്ന  മറ്റൊരു സ്ഥാപനത്തിലെ അദ്ധ്യാപകന്റെ കൈക്രിയകള്‍ പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്.അയാളുമായി വഴക്കുണ്ടായതിനു ശേഷം കുറച്ചുനാള്‍ കഴിഞ്ഞ് കോളജിലെ പൊതു പരീക്ഷയ്ക് അയാള്‍ ഇന്‍വിജിലേറ്ററായി വരികയും പരീക്ഷപ്പേപ്പറെങ്ങാനും  നശിപ്പിച്ചു കളയുമോ എന്ന ഭയത്തോടെ കോളജ് അധികൃതരോട് അന്വേഷിക്കേണ്ടി വരികയും ചെയ്യുകയുണ്ടായി.
                             സ്ത്രീയായി ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്ന അനേകം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. പലപ്പോഴും അസമയത്തെ യാത്രകളും അപരിചിത സ്ഥലങ്ങളിലെ താമസവും   ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്.. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീയായതുകൊണ്ട്ു മാത്രം നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ഇപ്പോഴും ഞെട്ടലോടെ മാത്രമേ ഓര്‍മ്മിക്കാനാവുകയുള്ളു. സ്വന്തം നാട്ടിലെ കൗണ്ടിംഗ് സ്‌റ്റേഷനില്‍ നിന്നും രാത്രി ഏഴരയോടെ പുറത്തിറങ്ങിയപ്പോള്‍ ആഹ്ലാദപ്രകടനത്തിനെത്തിയ ജനക്കൂട്ടത്തില്‍ നിന്നുണ്ടായ കയ്യേറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. അന്ന് കഴിയുന്ന രീതിയിലൊക്കെ പ്രതിരോധിച്ച് ഒരുവിധം ജനക്കൂട്ടത്തില്‍ നിന്നും പുറത്തു കടന്നത് മെയിന്‍ റോഡിലേക്കല്ലായിരുന്നുവെങ്കില്‍ എന്തുതന്നെ സംഭവിക്കുമായിരുന്നില്ല എന്നാലോചിക്കാന്‍ പോലും വയ്യ. അതിനുശേഷം അതീവ ജാഗ്രതയോടെയണ് ആള്‍ക്കൂട്ടങ്ങളെ നേരിടുന്നത്. സ്ത്രീ എത്ര വലിയ ഉദ്യോഗസ്ഥയോ സെലിബ്രിറ്റിയോ സാധാരണക്കാരിയോ ആവട്ടെ ജനക്കൂട്ടത്തിനുള്ളില്‍ അവള്‍ ഒരു വെറും ഉപഭോഗവസ്തു മാത്രമാണ്. പുരുഷന് അമര്‍ത്തിത്തോണ്ടാനും രഹസ്യഭാഗങ്ങളില്‍ പിടിക്കാനും വസ്ത്രാക്ഷേപം ചെയ്യാനുമുള്ള ഒരു ചരക്ക്. കേന്ദ്രമന്ത്രിയുടെ ഭാര്യയോടുവരെ മലയാളിപുരുഷന്‍ ഇതുതന്നെ ചെയ്തു എന്നാലോചിക്കുമ്പോള്‍ ബാക്കിയുള്ളതെത്ര നിസ്സാരം. ബസ്സിലായാലും പൊതുസ്ഥലത്തായാലും ആണ്‍കൂട്ടത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത പെരുകി വരാറുണ്ട്. ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന ഭയം. യാത്രകളില്‍ ആള്‍ക്കൂട്ടം കടന്നുപോവുമ്പോള്‍ ബാക്ക്പായ്ക്ക് മുന്‍വശത്തേക്കിട്ട് അല്പം സംരക്ഷണം ഉറപ്പാക്കുന്ന രീതി പലപ്പോഴും പെണ്‍കുട്ടികള്‍ ചെയ്തുവരുന്നുണ്ട്.
                                  അസമയത്തു മാത്രമല്ല ആണധികാരത്തിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.സ്ത്രീകള്‍ക്ക് തനിച്ചിരിക്കാന്‍ ഒരു ഇടം പോലുമില്ല..വെറുതെ കടല്‍ത്തീരത്തോ പാര്‍ക്കിലോ റസ്‌റ്റോറന്റിലോ പാതയോരത്തോ സിനിമ തിയറ്ററിലോ അല്പസമയം ഒറ്റയ്ക്കു നിന്നാല്‍ കോര്‍ത്തു വലിക്കുന്ന ആണ്‍നോട്ടങ്ങള്‍ അസഹ്യതയുളവാക്കുന്നതാണ്.കൂട്ടു വേണോ,എവിടെപ്പോകുന്നു,ഒറ്റയ്ക്കാണോ തുടങ്ങിയ അന്വേഷണങ്ങള്‍ പാവം പെണ്ണിന്റെ സുരക്ഷയെക്കരുതിയല്ല.അഭ്യുദയകാംക്ഷികളുടെ സഹായം സഹിക്കവയ്യാതെ ഏകാന്തതയെ സ്‌നേഹിക്കാന്‍ വന്നവള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിപ്പോവുകയാണ് പതിവ്.തനിയെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയും ഇതു തന്നെ.എല്ലായ്‌പ്പോഴും ജാഗ്രതയോടെ ഇരുന്നേപറ്റൂ.ഒന്നു കണ്ണടക്കാന്‍ പോലും കഴിയില്ല.കയ്യിലുള്ള വിലപ്പെട്ട ഭൗതികവസ്തുക്കളേക്കാള്‍ അവള്‍ക്കു ഭയം സ്വന്തം ശരീരത്തെയാണ്. ്..പ്രാഥമികാവശ്യത്തിനായി ഒരു ടോയ്‌ലറ്റില്‍ കയറാന്‍ പോലും കഴിയുന്നില്ല.നോട്ടങ്ങളും ഒളിക്യാമറകളും മാത്രം നിറഞ്ഞ ഒരു ലോകത്തു ജീവിക്കുന്നവള്‍ക്ക് എന്തു സ്വകാര്യതയാണുള്ളത്.
                                   സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മുഴുവനുണ്ടാവുന്നത് പുറം ലോകത്തുനിന്നുമല്ല. സ്വന്തം വീടിനുള്ളില്‍ അടുത്ത ബന്ധുക്കളാല്‍ ഇരകളാക്കപ്പെടുന്നവരാണ് ഭൂരിഭാഗവും. ICRW ( International Centre for Resarch on Women) എന്ന സംഘടന നടത്തിയ സര്‍വ്വെ പ്രകാരം 52% ഇന്ത്യന്‍ സ്ത്രീകള്‍ വീടിനുള്ളില്‍ പീഢനം അനുഭവിക്കുന്നവരാണ്. 60% പുരുഷന്‍മാര്‍ സ്വന്തം വീടിനുള്ളില്‍ സ്ത്രീകളെ പീഢിപ്പിക്കുന്നവരാണ്.എന്നുമാത്രമല്ല,അത് അവരുടെ അവകാശമാണെന്നുറച്ചു വിശ്വസിക്കുന്നവരുമാണ്. നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കു പ്രകാരം ഓരോ ദിവസവും ശരാശരി 92 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന നാടാണ് ഇന്ത്യ. ഓരോ വര്‍ഷവും ഈ സംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്സുകള്‍ മാത്രമാാണ്്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ഇതിലുമെത്രയോ ഇരട്ടി വരുമെന്നതാണ് വാസ്തവം. കുറ്റവാളിയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍ക്കനുസരിച്ചോ കുടുംബത്തിന്റെ അഭിമാനമോര്‍ത്തോ സംഭവങ്ങള്‍ മൂടിവെക്കപ്പെടുമ്പോള്‍ കുറ്റം ചെയ്യാനുള്ള പ്രവണത സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഇരകളാക്കപ്പെടുന്നവള്‍ക്ക് സമൂഹവും നിയമവും നല്‍കുന്ന അവഹേളനവും കാര്യങ്ങളെ പൊതുജനശ്രദ്ധയിലെത്തിക്കുന്നതില്‍നിന്നും സ്ത്രീകളെ പിന്‍തിരിപ്പിക്കുന്നു.  അടുത്തിടെയുണ്ടായ പെണ്‍വാണിഭ കേസ്സുകളില്‍ ഇരകളാക്കപ്പെട്ട നിസ്സഹായരായ പെണ്‍കുട്ടികളോട് സമൂഹവും മാധ്യമങ്ങളും നിയമങ്ങളും എങ്ങിനെയാണ് പെരുമാറിയതെന്ന് നമുക്ക് കൃത്യമായി അറിയാവുന്നതാണല്ലൊ. അനുഭവിച്ച മുറിവുകളെക്കാള്‍ ഭയാനകമാവും ഇനി വരാനുള്ളത് എന്ന ഭയത്തോടെ ഇരകള്‍ നിശ്ശബ്ദരാവുന്നുവെങ്കില്‍ നമുക്കവരെ കുറ്റം പറയാനാവില്ല.
                                വിദ്യാഭ്യാസവും തൊഴിലും വര്‍ദ്ധിക്കുന്നതോടൊപ്പം സത്രീകളോടുള്ള മനോഭാവം മോശമായി വരുന്നു എന്നതാണ് ഈയടുത്തു നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീധനവും അതുമായി ബന്ധപ്പെട്ട പീഢനമരണങ്ങളും ഇന്ത്യയുടെ പലഭാഗത്തും നിത്യസംഭവമാണ്. അതോടൊപ്പം പഞ്ചാബ്, യു.പി, ബീഹാര്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായിരുന്ന ദുരഭിമാനക്കൊലകള്‍ ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണ്ണാടക വരെ എത്തിയിരിക്കുന്നു. സ്വന്തം സമുദായത്തിന് ചേരാത്തവരെ പ്രണയിച്ചതിന്  അടുത്ത ബന്ധുക്കളാല്‍ ജീവന്‍ നഷ്ടപ്പെടുന്ന യുവതികളുടെ എണ്ണം ഭീകരമാംവിധം വര്‍ദ്ധിച്ചുവരികയാണ്. പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലുന്ന നാട്ടില്‍, ആണ്‍കുഞ്ഞു പിറക്കാനായി പ്രത്യേകം വഴിപാടു നടത്തുന്ന നാട്ടില്‍ ഇത് പുതുമയുള്ളതല്ലെങ്കിലും  വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന്റെ അപക്വമായ സമീപനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ലോകം മുന്നോട്ടുപോവുമ്പോള്‍ നമ്മള്‍ പിന്നിലേക്കു വലിയുകയാണ്. രഹസ്യമായിട്ടാണെങ്കിലും സതി ആചാരം വരെ പലയിടത്തും നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു.മന്ത്രവാദത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വേറെയും.
                        ശാരീരികശേഷി വച്ചു നോക്കിയാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഭീമമായ വ്യത്യാസങ്ങള്‍ ഇല്ല എന്നാണ് മനസ്സിലാക്കാനാവുന്നത്. ആന്തരികാവയവങ്ങളിലും പുരുഷന് സ്ത്രീയെക്കാള്‍ മികവുകളൊന്നും തന്നെയില്ല. ്. പാശ്ചാത്യ രാജ്യങ്ങളില്‍ പുരുഷന്‍മാരെപ്പോലെത്തന്നെ എല്ലാ രംഗത്തും ജോലി ചെയ്യുന്ന സ്ത്രീകള്‍ നിരവധിയാണ്. ശാരീരികമായും മാനസികമായും കരുത്തും ക്ഷമതയുമുള്ളവരാണവര്‍. പിന്നെ എന്തുകൊണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകള്‍  അബലയായും ചപലയായും  തരം താഴ്ത്തപ്പെട്ടുപോവുന്നു.
                               കൗമാരപ്രായമാവുമ്പോഴേക്ക്  പുരുഷന്‍മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഭൂമിക തുറന്നു കിട്ടുകയായി. തനിയെ സിനിമക്കു പോവാനും കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാനുമൊക്കെ അവന് അനുവാദം നല്‍കുന്ന മാതാപിതാക്കള്‍ പക്ഷേ അതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. അവള്‍ക്ക് പുറം ലോകത്തിനുമേല്‍ പരിധികള്‍ വീഴുന്നു.ആണ്‍കുട്ടിയല്ലേ ലോകം കണ്ടു വരട്ടെ എന്നു മകനോട് പറയുന്നവരാണ് മകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.  ഒപ്പം, സൂക്ഷിക്കാനേല്‍പ്പിച്ച മുതല്‍ കൈകാര്യം ചെയ്യുന്നവരാണ് മാതാപിതാക്കള്‍ എന്ന രീതിയിലുള്ള സമീപനവും. പെണ്‍കുട്ടി അന്യവീട്ടില്‍ പോകാനുള്ളവളായതിനാല്‍   നല്ലപാതയിലൂടെ ചരിപ്പിക്കുകയെന്നത് കുടുംബത്തിന്റെ ആവശ്യമായി മാറുന്നു. വീട്ടില്‍ എല്ലാവരാലും സംരക്ഷിക്കപ്പെടേണ്ടവളാണ് പെണ്‍കുട്ടി. വളര്‍ന്നു വരുന്ന ആണ്‍കുട്ടിയുടെ മനസ്സില്‍ ഈ കാഴ്ചകളെല്ലാം അതേപടിയുണ്ട്. പെണ്ണിന് സ്വയം സംരക്ഷിക്കാന്‍ കഴിവില്ല. അവള്‍ മറ്റാരുടേയോ ആണ്, അവള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനാവില്ല... സ്വന്തം വീട്ടില്‍ അമ്മയ്ക്കും സഹോദരിക്കും സ്‌നേഹത്തോടെ സംരക്ഷണമൊരുക്കുന്ന മകന്റെയും സഹോദരന്റെയുമുള്ളില്‍ വളരുന്ന ഇതേ കാഴ്ചകള്‍ തന്നെയാണ് സ്ത്രീ ഒരുപടി താഴെ നില്‍ക്കുന്നവളും  കഴിവു കുറഞ്ഞവളുമാണ് എന്ന വിശ്വാസം അവനില്‍ ജനിപ്പിക്കുന്നതും. പുറംലോകവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് പുരുഷനെ ആത്മവിശ്വാസമുള്ളവനും പ്രാപ്തനുമാക്കുമ്പോള്‍ സ്ത്രീയെ വീട്ടുപണികളും പാചകവും ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ്.
                              ലിംഗസമത്വം എന്നത് സാക്ഷരകേരളത്തില്‍പ്പോലും അചിന്തനീയമായ ഒന്നാണ്. സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികള്‍ ചെയ്യുന്ന പുരുഷന്‍മാരുണ്ടെങ്കില്‍ അവരെ നീയെന്താ പെണ്ണാണോ, വെറും പെണ്ണിനെപ്പോലെയാണ് നീ തുടങ്ങിയ ആരോപണങ്ങളാല്‍ തടസ്സപ്പെടുത്താനാണ് നമ്മുടെ സമൂഹം ശ്രമിക്കുന്നത്. ലിംഗസമത്വം സാധ്യമായാല്‍ പുരുഷനും സ്ത്രീക്കും എല്ലാ ജോലികളും പരസ്പര ധാരണയോടെ ചെയ്ത് മുന്നോട്ടു പോവാനാവും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. കായികാദ്ധ്വാനം കുറഞ്ഞ, അതേസമയം സമയമെടുക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന വീട്ടുപണികള്‍ സ്ത്രീയുടെ ആരോഗ്യത്തെയും കായിക ക്ഷമതയേയും കുറച്ച് അവളെ സമൂഹത്തിന് സ്വീകാര്യമായ രീതിയില്‍ അബലയാക്കി മാറ്റിയെടുക്കുന്നു.
                                   അതുപോലെ വിവാഹത്തിലൂന്നിയ അടിമത്ത പ്രഖ്യാപനമാണ് മറ്റൊന്ന്. വിവാഹം കുടുംബത്തിന്റെ, സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ സംഗതിയാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കിലും വിവാഹമാണ് ഒരു സ്ത്രീയുടെ അന്തിമ ലക്ഷ്യം എന്ന രീതിയിലാണ് പെണ്‍കുട്ടികളെ കുടുംബവും സമൂഹവും വളര്‍ത്തിക്കൊണ്ടുവരുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി പാകപ്പെടാനായി സ്വന്തം സ്വപ്‌നങ്ങളും ജീവിതവും ബലികഴിക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്കുചുറ്റും അസംതൃപ്തമായ ദാമ്പത്യം ചുമന്നുകൊണ്ടു നടക്കുന്നുമുണ്ട്. സമൂഹത്തെ ഭയന്നാണ് പലരും ഈ ദുരവസ്ഥ സഹിച്ച് ഒതുങ്ങിക്കൂടുന്നത് എന്നതാണ് വാസ്തവം.
                                    സഹപ്രവര്‍ത്തകന്‍ പറഞ്ഞ ഒരു സംഭവം ഓര്‍മ്മവരുന്നു.ദീര്‍ഘകാലം പ്രണയിച്ച് ഒരാഴ്ചമുമ്പ് വിവാഹിതരായ സുഹൃത്തിനെയും വധുവിനെയും സന്ദര്‍ശിച്ച അവസരത്തില്‍ വധു എന്തോ തമാശ കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.ഉടന്‍ തന്നെ അബദ്ധം പറ്റിയപോലെ  അവള്‍ ആ ചിരി കൈ കൊണ്ട് മറച്ചു പിടിക്കുകയും ചെയ്തു.്് കല്യാണം കഴിഞ്ഞ് ഇവിടെ എത്തിയ ശേഷം ഞാനാദ്യമായിട്ടാണിങ്ങനെ ചിരിക്കുന്നതെന്ന് അവള്‍ പറഞ്ഞു.തമാശ കേട്ടാല്‍ ഉറക്കെ ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടി ഒരാഴ്ചയായി സ്വന്തം വികാരങ്ങള്‍ ഉള്ളിലടക്കി അഭിനയിക്കുകയായിരുന്നുവെന്ന്.വരന്റെ വീട്ടില്‍ ഉത്തമകുടുംബിനിയും ശാലീനയായ മരുമകളുമാകാന്‍ പൊട്ടിച്ചിരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അവളെ പറഞ്ഞു പഠിപ്പിച്ചതാരാണ്..
                                      കാലങ്ങളായി പെണ്ണിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്.ഇലയും മുള്ളും നമ്മള്‍ ചെറുപ്പം മുതലെ കേള്‍ക്കുന്ന താരതമ്യമാണ്.ഇലയില്‍ മുള്ളു വീണാലും മുള്ളില്‍ ഇല വീണാലും മാനഭംഗപ്പെടുന്നത് ഇലയാണ്..മാനഭംഗമെന്ന വാക്ക് നമുക്കിനി പുരുഷന്‍മാര്‍ക്കു വേണ്ടി ഉപയോഗിക്കാം.ഒരു പെണ്ണിനെ അതിക്രമിച്ചു കീഴ്‌പ്പെടുത്തുമ്പോള്‍ എങ്ങനെയാണ് അവളുടെ മാനം നഷ്ടമാവുന്നത്.ജാള്യതയുള്ള പ്രവൃത്തി ചെയ്തവന് മാനം നഷ്ടപ്പെടുന്നില്ലേ..
                                       ഇപ്പോഴും പലയിടത്തും മരണവീടുകളിലും വിവാഹവീടുകളിലും സ്ത്രീകള്‍ക്ക് പിന്‍വാതിലിലൂടെ പ്രവേശനം നല്‍കുന്നതായി കണ്ടു വരുന്നുണ്ട്.പുരുഷന്‍മാര്‍ തിങ്ങിയ മുന്‍വശത്തു കൂടി വരുന്നത് പലര്‍ക്കും ലജ്ജയായതിനാല്‍ സ്ത്രീകള്‍ക്കായി പ്രത്യേകം വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നു പറയുന്നെങ്കിലും പലപ്പോഴും ഇരുട്ടത്ത്,കല്ലും മുള്ളും ചെളിയും നിറഞ്ഞ പിന്‍വശത്തെ തൊടിയിലൂടെ,അല്ലെങ്കില്‍ അടുക്കള ഭാഗത്തു കൂടിയൊക്കെയാണ് സ്ത്രീകള്‍ മരണവീട്ടില്‍ പ്രവേശിക്കുന്നത്.മുസ്ലിം വീടുകളില്‍ ഇത് ഒരു സാധാരണ കാഴ്ചയാണ്.അതുപോലെ വീടുകളില്‍ വിരുന്നുകള്‍ നടക്കുമ്പോള്‍ പുരുഷന്‍മാരുടെ ഭക്ഷണമെല്ലാം കഴിഞ്ഞാണ് സ്ത്രീകള്‍ കഴിക്കുന്നത്.പ്രധാന വിഭവങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് കിട്ടാറുമില്ല.ആണിടങ്ങളില്‍ പലതിലും ഇപ്പോഴും സ്ത്രീകള്‍ക്കു പ്രവേശനമില്ല.നാട്ടിന്‍പുറത്തൊരു ചായക്കടിയില്‍,ഒരു കലുങ്കില്‍,സെവന്‍സ് ഫുട്‌ബോള്‍ നടക്കുന്ന പാടത്ത് ഒന്നും സ്ത്രീകളെ നമ്മള്‍ കാണുന്നില്ല.ഇതിനെയെല്ലാം നിരാകരിക്കുന്നവര്‍  ഉണ്ടെങ്കില്‍ അവര്‍ സ്ത്രീകളടക്കമുള്ള സമൂഹത്തിന്റെ മുന്നില്‍ അഹങ്കാരികളായി മുദ്ര കുത്തപ്പെട്ട് ഒറ്റപ്പെട്ടു പോവുന്നു.
                                         പാരമ്പര്യവാദികള്‍ക്കാവശ്യം വീടു വിട്ട് സ്ത്രീ പുറത്തുപോകാതിരിക്കുക എന്നതാണ്.എങ്കില്‍ മാത്രമേ സുരക്ഷിതത്വത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും പേരു പറഞ്ഞ് അവളുടെ സ്വത്വത്തെ ഇല്ലാതാക്കാന്‍ കഴിയു.അങ്ങനെ മാത്രമേ അവളെ അടിച്ചമര്‍ത്താനും മെരുക്കിയെടുക്കാനും കഴിയുകയുള്ളൂ.പ്രസവം പോലെ സങ്കീര്‍ണ്ണമായ ശാരീരികാവസ്ഥകളിലൂടെ സ്വാഭാവികതയോടെ കടന്നുപോകുന്ന സ്ത്രീ ഒരിക്കലും അബലയല്ല.സ്ത്രീ അനുഭവിക്കുന്ന അരക്ഷിതത്വവും അടിമത്തവും മാനസികമായി അവളെ ദുര്‍ബലയാക്കിയിരിക്കുന്നു എന്നതാണ് സത്യം.ഈ പ്രവണത തുടര്‍ന്നു പോവുകയാണെങ്കില്‍ അവളുടെ നില കൂടുതല്‍ താഴ്ന്നു പോവുകയും ചവിട്ടിമെതിക്കുന്ന കാലടികള്‍ക്ക് കനം കൂടുകയും ചെയ്യും.അതുകൊണ്ട് പ്രതിരോധം സ്വന്തം വീട്ടകങ്ങളില്‍ നിന്ന് തുടങ്ങുക.തുല്യപ്രാധാന്യമുള്ള രണ്ടു ജീവികളായി മകനെയും മകളെയും കണക്കാക്കുക.ഉത്തരവാദിത്തങ്ങളും സ്‌നേഹവും പരിഗണനയും ഒരുപോലെ നല്‍കി സ്വയം പര്യാപ്തരാക്കുക.സ്ത്രീ ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല,അവള്‍ക്ക് സ്വന്തമായി ഒരു ജീവിതമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക.
                                സ്ത്രീകളുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങളോ പ്രതികരണങ്ങളൊ ഉണ്ടാവുന്നില്ല എന്നത് അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് സമൂഹം കല്‍പ്പിച്ചു നല്‍കിയ  ശാലീനതയുടെ പ്രതിച്ഛായയില്‍ നിന്ന് പുറത്തിറങ്ങുവാന്‍ താല്‍പ്പര്യമില്ല.  ഈ നിസ്സംഗത തന്നെയാണ് പുറമെ നിന്നുള്ള ആക്രമങ്ങള്‍ക്ക് മറ്റുള്ളവരെ ഒരു പരിധിവരെ പ്രേരിപ്പിക്കുന്നതും. അക്രമണത്തെ പ്രതിരോധിക്കുന്നതു പോയിട്ട് സ്വന്തം അവകാശങ്ങള്‍ പോലും ചോദിച്ചു വാങ്ങാനാവാതെ ശാലീനതയാല്‍ മൂടപ്പെട്ടിരിക്കുകയാണ് ഭൂരിപക്ഷം സ്ത്രീകളും. സര്‍ക്കാര്‍ ബസ്സുകളില്‍  സംവരണ സീറ്റുകള്‍ പുരുഷന്‍മാര്‍ പലപ്പോഴും കയ്യടക്കി വെച്ചിരിക്കും . ആവശ്യപ്പെട്ടാല്‍ മിക്കവാറും എല്ലാവരും സീറ്റ് ഒഴിഞ്ഞുതരാറുമുണ്ട്. പക്ഷേ ബസ്സില്‍ തൂങ്ങിനിന്ന് യാത്ര ചെയ്താലും തനിക്ക് അവകാശപ്പെട്ട സീറ്റ് ചോദിച്ചു വാങ്ങാന്‍പോലും  തുനിയാറില്ല മിക്ക സത്രീകളും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥകളും വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും എല്ലാം ഒരുപോലെത്തന്നെ. ഇത്തരം നിസ്സാര സംഭവങ്ങളിലൂടെയെല്ലാം ആണധികാരത്തിന്റെ തീവ്രത അറിയാതെത്തന്നെ സമൂഹത്തില്‍ അടിച്ചുറപ്പിക്കുകയാണ്.
                                       കഴിഞ്ഞ ഒക്ടോബറില്‍ മുംബൈക്കടുത്ത മന്‍ഗാവില്‍ മറാത്തി- മലയാളം ശില്‍പ്പശാലയില്‍ പങ്കെടുത്ത അവസരത്തില്‍ കേരളത്തിലെ സദാചാര പോലീസിംഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. നൂറുശതമാനം സാക്ഷരത നേടിയിട്ടും സ്ത്രീപുരുഷ ബന്ധങ്ങളില്‍ നിങ്ങള്‍ ഇത്രമാത്രം ഇടുങ്ങിപ്പോകുന്നത് എന്തുകൊണ്ട് എന്ന അവരുടെ ചോദ്യത്തിനുള്ള മറുപടി കയ്യിലില്ലായിരുന്നു. എന്തിനാണ് നമുക്കീ കപടമായ സദാചാരം. പുറമെ മാന്യമായി സംസാരിക്കുമ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാലും വിലകുറഞ്ഞ തമാശകളാലും സ്ത്രീയെ അധിക്ഷേപിക്കാന്‍ നമ്മള്‍ തയ്യാറാവുന്നത് എന്തുകൊണ്ടാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ എന്താണ് നമുക്കിത്രമാത്രം കുതൂഹലം. ആരോഗ്യകരമായ ഒരു സ്ത്രീപുരുഷബന്ധം നമുക്കിടയിലില്ല എന്നതാണ് വാസ്തവം. സ്‌കൂള്‍പഠന കാലം മുതലേ മതത്തിന്റെയും സദാചാരത്തിന്റെയും പേരുപറഞ്ഞ്  രണ്ടു വിഭാഗമായിട്ടാണ് നമ്മള്‍ ജീവിച്ചുപോരുന്നത്. സ്ത്രീയുടെ ലോകവും പുരുഷന്റെ ലോകവും വേറെവേറെയായിരിക്കുമ്പോള്‍ സ്വാഭാവികമായും ഒളിഞ്ഞുനോട്ടത്തിനുള്ള  വ്യഗ്രത കൂടാതിരിക്കില്ല. കൂടെ പഠിക്കുന്ന പെണ്‍കുട്ടി തന്നെപ്പോലെ അച്ഛനുമമ്മയും സഹോദരങ്ങളും വികാരവിചാരങ്ങളുള്ള ഒരു ജീവി തന്നെയാണെന്ന ബോധം ഉണ്ടാവണമെങ്കില്‍ അവര്‍ തമ്മില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. കേരളത്തില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുമ്പോള്‍പോലും നമ്മള്‍ കാണുന്ന കാഴ്ച സ്ത്രീകള്‍ ഒരു വശത്തും പുരുഷന്‍മാര്‍ മറുവശത്തുമായി വിഭജിക്കപ്പെട്ടിരിക്കുന്നതാണ്.  ഇതെല്ലാംതന്നെ അനാരോഗ്യകരമായ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. രണ്ടാംതരം പൗരകളായി സ്ത്രീകളെ കാണാന്‍ ആരംഭിക്കുന്നതും ഇങ്ങിനെയൊക്കെ തന്നെയാണ്.
                                   അതുപോലെത്തന്നെ ചെറുപ്രായത്തിലേ കുട്ടികള്‍ക്ക്  ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസം നല്‍കണമെന്നു പറയുമ്പോള്‍ സാംസ്‌കാരികമുന്നേറ്റമുള്ള കേരളീയര്‍ നെറ്റി ചുളിക്കുന്നതെന്താണെന്നു മനസ്സിലാക്കാനാവുന്നില്ല.ശരീരങ്ങളെക്കുറിച്ചുള്ള അനാവശ്യമായ ജിജ്ഞാസകള്‍ ചെറുപ്പത്തില്‍ തന്നെ അവരില്‍ നിന്നകന്നു പോവട്ടെ.ആരോഗ്യകരമായ ബന്ധങ്ങള്‍ ചെറുപ്പം മുതല്‍ക്കെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ വളര്‍ന്നു വരട്ടെ.നല്ല ബന്ധങ്ങള്‍ കണ്ടു വളര്‍ന്ന ഒരു ആണ്‍കുട്ടിയും ഒരു പെണ്ണിന്റെ നേര്‍ക്കും കൈവിരല്‍ ഉയര്‍ത്തുകയില്ല.പക്ഷേ അതിന് സാംസ്‌കാരിക ബൗദ്ധിക കേരളം ഉണരണം.കപടസദാചാരബോധം ദൂരെ കളയണം.
                                    നമ്മുടെ സിനിമകളും ദൃശ്യമാധ്യമങ്ങളും പലപ്പോഴും സ്ത്രീ വിരുദ്ധസന്ദേശങ്ങളാണ് സമൂഹത്തിനു നല്‍കുന്നത്. മിക്ക സിനിമകളിലും  കാണുന്ന പുരുഷാധിപത്യ ചേഷ്ടകളും  സ്ത്രീകള്‍ക്കു നേരെയുള്ള കയ്യേറ്റവും  പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിക്കുമ്പോള്‍ സ്ത്രീ തരംതാഴ്ന്നവളെന്ന ബോധം സമൂഹത്തിലേക്ക് അടിച്ചുറപ്പിക്കുകയാണ് ചെയ്യപ്പെടുന്നത്.  നാടുവിട്ടുപോയ നായകനെ കാത്ത് ചാരിത്യശുദ്ധിയോടെ കഴിയുന്ന നായിക നമ്മുടെ സിനിമകളിലെ എക്കാലത്തെയും പ്രിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.  ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന നായകന് പല സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും തുളസിക്കതിര്‍പോലെ ഒരു പെണ്ണ് നാട്ടില്‍ അയാളെ കാത്തിരിപ്പുണ്ടാവും. ഇനി വിധിവൈപരീത്യംകൊണ്ട് അവള്‍ വിവാഹിതയായിട്ടുണ്ടെങ്കില്‍തന്നെ ആദ്യ രാത്രിയില്‍ ഭര്‍ത്താവ് മരിക്കുകയോ അരയ്ക്കു താഴെ തളരുകയോ അല്ലെങ്കില്‍ മാനസിക രോഗിയാവുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. എന്തായാലും ശരി, പെണ്ണ്  അനാഘ്രാത കുസുമം ആവണമെന്ന വാശിയാണ് അതിനു പിന്നില്‍. തന്റേടം കാണിക്കുന്ന നായികയാണെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് മുഖത്തടിക്കുക, ചുംബിക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍ ചെയ്താലേ നായകന്  കയ്യടി കിട്ടുകയുള്ളൂ.. ഞാനൊന്നറിഞ്ഞു വിളയാടിയാല്‍ നീയൊക്കെ പത്തുമാസം കഴിഞ്ഞേ ഫ്രീയാവു എന്നു സഹപാഠിയോടും എന്തൊക്കെയായാലും നീ ഒരു പെണ്ണാണ്, വെറും പെണ്ണ് എന്ന് വനിതാകളക്ടറോടും പറയുന്ന നായകനെ കണ്ട്  ആഹ്ലാദാരവങ്ങള്‍ മുഴക്കിയവരാണ് മലയാളി പ്രേക്ഷകര്‍. സ്ത്രീകളും ഇത്തരം സ്ത്രീവിരുദ്ധതകളെ പലപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു പൊതുസ്ഥലത്ത് അനീതിക്കിരയാക്കപ്പെട്ട സ്ത്രീയെ സഹായിക്കാന്‍് സ്ത്രീകള്‍പോലും മുന്‍കയ്യെടുക്കാറില്ല എന്നു മാത്രമല്ല, ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട് .
                                   എനിക്കിതൊന്നും വരില്ല,എന്നെ സംരക്ഷിക്കാന്‍ അച്ഛനും സഹോദരനും മകനുമുണ്ട് എന്ന് ആശ്വസിച്ച് ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ശാലീനയായ ഉത്തമസ്ത്രീകളുണ്ട്.സമൂഹം പുരുഷന്‍മാര്‍ക്കുള്ളതാണെന്നും അവന്റെ അടിമയാണ് സ്ത്രീകളെന്നുറച്ചു വിശ്വസിക്കുന്ന, സ്ത്രീകളെ ഒരു തരത്തിലും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്ത ഇത്തരക്കാര്‍ അക്രമകാരികളായ പുരുഷന്‍മാരേക്കാള്‍ ഭീഷണിയാണ് സമൂഹത്തിന്.വരും തലമുറകളെ അവര്‍ വളര്‍ത്തിക്കൊണ്ടു വരുന്നതും ഇതേ കാഴ്ചപ്പാടിനനുസൃതമായിട്ടാണ്.സ്വന്തമായി ഒന്നും ചെയ്യാനാവാത്ത സ്ത്രീകളെ സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് മറക്കാനാവില്ല. സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളും അശ്ലീലമായ തമാശകളും ആസ്വദിക്കുന്ന അഭ്യസ്ഥവിദ്യരായ  ചില സ്ത്രീകളുണ്ട്്.ആണധികാരത്തെ വല്ലാതെ ആരാധിക്കുന്ന ഇത്തരക്കാര്‍ സദസ്സില്‍ നിന്നെഴുന്നേറ്റുപോകുമ്പോള്‍ അതേ അശ്ലീലത്തിന് അവരും ഇരയാക്കപ്പെടുന്നുവെന്നത് ദയനീയമായ ഒരു സത്യം മാത്രമാണ്.
                                     അതുപോലെ കുറെ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ മദ്യവും മയക്കുമരുന്നും സുലഭമാണ്.മുമ്പെല്ലാം  ഒളിച്ചും മറച്ചും ചെയ്തിരുന്ന മദ്യപാനം ഇപ്പോള്‍ സമൂഹം അംഗീകരിച്ച ഒരു വിനോദമായി മാറിക്കഴിഞ്ഞതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.കൂടാതെ സിനിമകളും മദ്യപാനത്തെ മഹദ്വല്‍ക്കരിക്കുന്നുണ്ട്.മദ്യപാനം ആരോഗ്യത്തിന് (ശരീരത്തിന്റെ )ഹാനികരമാണെന്ന് എഴുതിക്കാണിക്കുന്നവെന്നല്ലാതെ അത് ഒരു തെറ്റാണെന്നോ പൊതു സമൂഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണെന്നോ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നതേയില്ല. പലപ്പോഴും അന്തസ്സിന്റെയും പരിഷ്‌കാരത്തിന്‌റെയും അളവുകോലുകള്‍ നിര്‍ണ്ണയിക്കുന്ന വിധത്തിലെത്തിയിരിക്കുന്നു മദ്യപാനം. സൗഹൃദസദസ്സുകളിലും പാര്‍ട്ടികളിലും മദ്യപിക്കാത്തവര്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്.മദ്യപാനമില്ലാത്തതിനാല്‍ ചങ്ങാതിമാരുടെ എണ്ണം ഇല്ലാതാവുന്ന മനോവിഷമം പലരും പങ്കുവെയ്കാറുണ്ട്..കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പിന്നില്‍ ഒരു കാരണം മനുഷ്യന് സ്വബോധത്തോടെ ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ തന്നെയാണ്.മുന്നിലുള്ള ജീവി മനുഷ്യനാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും മദ്യപിച്ചു ് പുറംലോകത്തിലേക്കിറങ്ങുന്നത്.ഈയടുത്തകാലത്തുണ്ടായ ഭീകരമായ എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ മദ്യപിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മദ്യശാലകള്‍ക്കു മുമ്പില്‍ അഭിമാനത്തോടെ വരി നില്‍ക്കുന്നവര്‍ പലരും അത് ആണത്തത്തിന്റെ അടയാളമാണെന്നു പറയുന്നതു കേട്ടിട്ടുണ്ട്.് നമ്മുടെ സമൂഹത്തെ ഇന്നു കാണുന്ന അവസ്ഥയിലേക്കെത്തിച്ചതില്‍ മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും വലിയൊരു പ്രതിനിധ്യമുണ്ട്.വീടുകളിലും മദ്യം സമാധാനം നഷ്ടപ്പെടുത്തുമ്പോള്‍ അതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെ.
                              അനീതിക്കിരയാക്കപ്പെട്ടവളെ ഇകഴ്ത്താന്‍ ധാരാളം ആരോപണങ്ങള്‍ സമൂഹം ഉപയോഗിക്കാറുണ്ട്. അതിലൊന്ന് അസമയമാണ്. തുല്യാവകാശമുള്ള രണ്ടു ജീവികളാണ് സ്ത്രീയും പുരുഷനും എന്നിരിക്കെ പുരുഷന് അസമയമല്ലാത്തത് സ്ത്രീക്ക് അസമയമാകുന്നതെങ്ങിനെ. മറ്റൊന്ന് വസ്ത്രധാരണം - പുരുഷന്‍  പ്രലോഭനങ്ങള്‍ക്കടിമപ്പെടാമെന്നതിനാല്‍ അവനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ അവള്‍ വസ്ത്രം ധരിക്കരുതെന്നാണ്.. എല്ലാവരും ശരീരം മുഴുവന്‍ മൂടി നടക്കുക എന്നത് ഇതിനുള്ള പരിഹാരമാണോ.തുറന്നിട്ട ശരീരങ്ങള്‍ ആര്‍ക്കും അതിക്രമിച്ചു കയറേണ്ടവയാണെന്ന് ആരാണ് പറഞ്ഞു പഠിപ്പിച്ചത്..പുരുഷന്റെ വസ്ത്രധാരത്തെ പ്രതി സ്ത്രീ ഒരിക്കലും വേവലാതിപ്പെടുന്നില്ല.അതുകൊണ്ടു തന്നെ അവള്‍ എന്തു ധരിക്കുന്നു എന്നതിനെപ്പറ്റി മറ്റുള്ളവര്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല.ഇന്നപോലെ മാത്രമേ സ്ത്രീ നടക്കാവൂ എന്നുള്ള പാരമ്പര്യബോധത്തെയാണ് ഇല്ലാതാക്കേണ്ടത്.മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും പ്രായാധിക്യം കൊണ്ട് വരണ്ടുണങ്ങിയ എണ്‍പതുകാരിയും ചെറുപ്പക്കാരുടെ കാമാസക്തിക്കു പാത്രമാകുന്നത് അവരെ പ്രലോഭിപ്പിച്ചതു കൊണ്ടൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം എന്നിരിക്കെ ഇത്തരം മുടന്തന്‍ ന്യായങ്ങളൊക്കെ പിന്നാമ്പുറത്തേക്കു തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പ്രലോഭനീയമായ വസ്ത്രം ധരിച്ചതു കൊണ്ടല്ല തിരഞ്ഞെടുപ്പു ഡ്യൂട്ടി സമയത്ത് ജനം എന്നോട് അപമര്യാദയായി പെരുമാറിയത്.സ്ത്രീകള്‍ക്ക് മാത്രമായ അസമയത്ത് ആണുങ്ങള്‍ക്കിടയിലേക്കിറങ്ങിയെന്നതു കൊണ്ടു മാത്രമാണ്.ആ ഇരുട്ടത്ത് ഞാന്‍ ദേഹം മൂടിയ വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും പ്രയോജനമുണ്ടാകുമായിരുന്നില്ല എന്നെനിക്കുറപ്പിച്ചു പറയാനാവും. അതുപോലെ സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന പുരുഷന്‍ അഭിമാനിയാവുമ്പോള്‍ സന്തം കാര്യങ്ങള്‍ക്കായി സംസാരിക്കുന്ന സ്ത്രീ അഹങ്കാരിയായിട്ടാണ് മുദ്രകുത്തപ്പെടുന്നത്.                              . വര്‍ദ്ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍, നിയമത്തിന്റെ പരിരക്ഷയില്ലായ്മ, സമൂഹത്തിന്റെ കാഴ്ചപ്പാട് എല്ലാം തന്നെ സ്ത്രീകള്‍ക്ക് പ്രതികൂലമാണ്. അതുകൊണ്ടുതന്നെ മൗനമാണ് സുരക്ഷിതമെന്ന് സ്ത്രീകള്‍ കരുതുന്നുവെങ്കില്‍ അതില്‍ തെറ്റുപറയാനുമാവില്ല.
                           ഏതെങ്കിലും ഒരു സ്ത്രീ പീഢനത്തിനിരയാവുകയൊ പീഢിപ്പിച്ച് കൊല ചെയ്യപ്പെടുകയൊ ചെയ്യുമ്പോള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളും പരിവാരങ്ങളും അവിടെ ഓടിയെത്തുകയും ഇത്തരം നിഷ്ഠൂരമായ പ്രവൃത്തനങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് ആണയിടുകയും ചെയ്യുന്നത് കാണാറുണ്ട്. ഇരയാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിക്കാറുണ്ട്. ചിന്തിക്കുന്ന, ആത്മാഭിമാനുള്ള ഒരു സ്ത്രീയുടെ ജീവനും മാനത്തിനും ഏതു കമ്മട്ടത്തിലാണിവര്‍ വിലയിടുന്നത്? സ്വന്തം മക്കള്‍ക്ക്, പ്രതീക്ഷകള്‍ക്ക് നേരിട്ട ദുര്യോഗമോര്‍ത്ത് അലമുറയിടുന്ന അമ്മമാരുടെ കണ്ണീരിന് ആര്‍ക്കാണ് വിലയിടാനാവുക!.
  സമൂഹവും സമൂഹ മനസ്സാക്ഷിയും ഒന്നിച്ച് ഒറ്റക്കെട്ടായി ഇത്തരം നിഷ്ഠൂരമായ പ്രവര്‍ത്തികളോട് പ്രതികരിക്കുന്നതിനായി കൂട്ടത്തോടെ മുന്നോട്ടു വരേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സാക്ഷരരെന്നും സംസ്‌കാരസമ്പന്നരെന്നും ഘോഷിക്കുന്നു മലയാളിയുടെ പൊയ്മുഖമായിരിക്കും തകര്‍ന്നു വീൂഴുന്നത്.
                              ജിഷയുടെ മരണത്തിനു പിന്നിലുള്ള സാമൂഹ്യ അവസ്ഥകളെയും മറന്നുകൂടാ..സ്വന്തമായി കിട്ടിയ ഒരു തുണ്ടു ഭൂമിയില്‍ വീടുണ്ടാക്കാനായി ആ പെണ്‍കുട്ടി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതായി പറയുന്നു.നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലെ പാളിച്ചകള്‍,രാഷ്ട്രീയം,അഴിമതി,ചുവപ്പുനാടകള്‍ ,അലസത എന്നിവ കൂടി ഈ മരണത്തിന് ഉത്തരവാദികളാണെന്ന് പറയാതെ വയ്യ.പൊതു ശൗചാലയത്തേക്കാള്‍ ശോചനീയമായ അടച്ചുറപ്പില്ലാത്ത വീട്ടില്‍ വേവലാതികളാല്‍ മനോരോഗം ബാധിച്ച അമ്മയും ഉല്‍ക്കര്‍ഷേച്ഛുവായ മകളും കഴിഞ്ഞു കൂടിയത് അധികാരികള്‍ വേണ്ട വിധം ഗൗനിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ അവസ്ഥ വരുമായിരുന്നില്ല..
                              മനുഷ്യരില്‍ സ്‌നേഹവും അലിവും കുറയുകയും സ്വാര്‍ത്ഥത കൂടുകയും ചെയ്തു എന്നതു കൂടിയാണ് ഈ ക്രൂരതകള്‍ കാണിക്കുന്നത്
   സൗമ്യയുടെയും, ഡല്‍ഹി കേസ്സിലേയും പ്രത്ികളെ മണിക്കൂറുകള്‍ക്കുള്ളില്‍  കഠിനാദ്ധ്വാനം ചെയ്ത്  പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസ്സിന്റെ തുടര്‍ന്നുള്ള പോക്ക് ഒട്ടും സംതൃപ്തി പകര്‍ന്നിട്ടുണ്ടാവില്ലെന്നുറപ്പാണ്. വര്‍ഷങ്ങളോളം നീളുന്ന നിയമ നടപടികള്‍, ശിക്ഷ നടപ്പാകാനുള്ള കാലതാമസം ഇതെല്ലാം തന്നെ ചെയ്ത കുറ്റത്തെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണ്.  സൗമ്യയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി  കൂടുതല്‍ എരിവും പുളിയും ഊര്‍ജ്ജവുമുള്ള ഭക്ഷണത്തിനായി ജയിലില്‍ ബഹളമുണ്ടാക്കു്ന്നത് നമ്മുടെ കണ്‍മുമ്പിലാണ് .ദില്ലി കേസില്‍ അതിനീചമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചവന് പ്രായപൂര്‍ത്തിയായിരുന്നില്ല പോലും. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതി പ്രാകൃതമാണെന്നു തള്ളിക്കളയാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കു തോന്നാത്തതും ഇതുകൊണ്ടാണ്.  ഏക മകളെ കൊന്ന കുറ്റവാളി സുഖമായി പുറത്തിറങ്ങി നടക്കുന്ന കാഴ്ച കണ്ട് തോക്കേന്തിയ അച്ഛന്റെ നീതിക്കൊപ്പം നമ്മള്‍ നില്‍ക്കുന്നതും സ്വാഭാവികം. ശക്തമാവേണ്ടത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയാണ്. മനുഷ്യാവകാശം എന്തെന്ന് ഇനിയും പ്രത്യേകം നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്. അതിക്രൂരമായി നിസ്സഹായയായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയവര്‍ക്കുപോലും ആനുകൂല്യം കിട്ടുന്ന രീതിയിലാവരുത് മനുഷ്യാവകാശം. കഠിനമായ ശിക്ഷകള്‍ കുറ്റവാളികള്‍ക്കു ലഭിക്കുന്നത് മൊത്തം സമൂഹത്തിനുതന്നെയുള്ള മുന്നറിയിപ്പാണ്. അത് സ്വാഭാവികമായും കുറ്റം ചെയ്യാനുള്ള പ്രവണതയെ നിരുത്സാഹപ്പെടുത്തും.അതേ സമയം വടി കാണിച്ച് കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തുന്ന അവസ്ഥയല്ല സമൂഹത്തിലുണ്ടാവേണ്ടത്.സ്ത്രീകളെ അംഗീകരിക്കാനും ബഹുമാനിക്കാനുമാവുന്ന തലത്തിലേക്ക് സമൂഹത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിക്കൊണ്ടു വരികയാണു വേണ്ടത്.
                  സ്ത്രീകള്‍ക്ക് കഴിയുന്നത്ര വിദ്യാഭ്യാസവും പുറംലോകവും നല്‍കി സ്വയം പര്യപ്തരാക്കുക എന്നതാണ് സമൂഹത്തിന് ചെയ്യാനുള്ളത്.അതോടൊപ്പം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ കൈത്തൊഴിലുകള്‍ അടക്കമുള്ള പരിശീലനം ലഭ്യമാക്കുക.ചെറുപ്രായത്തിലുള്ള വിവാഹവും പ്രസവവും നിരുല്‍സാഹപ്പെടുത്തുക.സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കഴിയുന്നത്ര അത് പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരിക.പുറത്തുപറയാന്‍ മടിക്കുന്നത് അക്രമം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നു മറക്കാതിരിക്കുക.നിയമങ്ങളെക്കുറിച്ച് ബോധവതികളാവുക.സ്ത്രീകളെ ഇകഴ്ത്തുന്ന രീതിയിലുള്ള സിനിമകളും കലാപരിപാടികളും വിനോദങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കുക, ,സമൂഹമാധ്യമങ്ങളില്‍ക്കൂടിയും മറ്റും പങ്കിട്ടു പോകുന്ന രതി വിഷയമായ തമാശകള്‍ ,അശ്ലീല വീഡിയോ തുടങ്ങിയവയെ അകറ്റിനിര്‍ത്തുക, സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക,നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാ സംഘടനകളെ പ്രോത്സാഹിപ്പിക്കുക ,മറ്റുള്ളവര്‍ ചെയ്‌തോളും എന്ന അലസമനോഭാവം വെടിഞ്ഞ് സ്ത്രീകള്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ തയ്യാറാവുക ,അതൊടൊപ്പം വ്യക്തിപരമായവിഷമങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ വിശ്വാസമുള്ളവരോടോ  സംഘടനകളോടോ പറയുക.(സ്വയം പരിഹരിക്കാനാവാത്ത വിഷമങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് നിസ്സാരമായി പരിഹരിക്കാനായേക്കും,)സര്‍വ്വോപരി പെണ്‍കുട്ടിയോട് ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുക ഇങ്ങനെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്ുണ്ട്.പെട്ടെന്ന് ഒരു സൂര്യോദയം ഉണ്ടാവില്ലെങ്കിലും   ഇപ്പോള്‍ ബാധിച്ച ഈ ഇരുട്ട് നീക്കിക്കളയേണ്ട ചുമലത നമ്മള്‍ക്കോരോരുത്തര്‍ക്കുമുണ്ട്.
കുടുംബവും സമൂഹവും സംഘടനകളും സര്‍ക്കാരും ഒത്തൊരുമിച്ചാല്‍ നമുക്ക് സുരക്ഷിതത്വമുള്ള ഒരു ഭാവി ഉണ്ടാവുക തന്നെ ചെയ്യും.
ജിഷാ മോളുടെ ശരീരത്തിലേറ്റ മുറിവുകള്‍ നമ്മുടെ പൊതുസമൂഹത്തിലേക്കാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത് എന്ന് തിരിച്ചറിയപ്പെടാതെ പോകരുത്.ഇനിയൊരു ക്രൂരത ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കു കഴിയുന്നതെല്ലാം ചെയ്യാമെന്ന് സ്വന്തം മനസ്സാക്ഷിയോട് ആവര്‍ത്തിക്കുക.
                                     ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

 

.
.


2015, ഏപ്രിൽ 30, വ്യാഴാഴ്‌ച


                      നിറം മങ്ങാത്ത ആ മഞ്ഞപ്പട്ടു ചേല


വേനലവധിയുടെ ആലസ്യത്തില്‍ വന്നു ചേരുന്ന വിഷുവിന്  ഓണത്തിന്റെ ആരവങ്ങളില്ലായിരുന്നു.ആടയാഭരണങ്ങളില്ലാതെ ലളിതമായി ഒരുങ്ങി വരുന്ന ഗ്രാമകന്യകയായിരുന്നു വിഷുക്കാലങ്ങള്‍.മൂന്നുനാലു കാര്യങ്ങള്‍ കൊണ്ടാണ് വിഷു ഓര്‍മ്മയില്‍ തിളങ്ങി നിന്നിരുന്നത്.ആദ്യത്തേത് കത്തിയെരിയുന്ന വേനലിനെ തോല്‍പ്പിച്ച് മഞ്ഞപ്പട്ടുചേലയുടുത്ത് പൂത്തുലയുന്ന കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും മാമ്പഴത്തിന്റെയും സമൃദ്ധി.ചുറ്റുവട്ടത്തും നിന്നും കേള്‍ക്കുന്ന പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം.വിഷുദിവസം മുണ്ടനും ഉമ്മയും ഞാനുമെല്ലാം ചേര്‍ന്ന്് പച്ചക്കറികളുടെ വിത്തുപാകുന്നതിന്റെ ആഹ്ലാദം.പിന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന വിഷുപ്പക്ഷിയുടെ പാട്ട്.വീടിനടുത്തൊന്നും കൊന്നമരങ്ങളില്ലെങ്കിലും കുളിര്‍മലയുടെ ഉച്ചിയില്‍ നിറയെ പൂത്തുനില്‍ക്കുന്നത് കാണാം.പൂ പറിക്കാനൊന്നും കിട്ടില്ല.അത്രയ്കും ദൂരെയാണത്. മാര്‍ച്ച് മാസത്തിന്റെ അവസാനത്തെ ആഴ്ച അത്യാഹ്ലാദത്തോടെ സ്‌കൂളിലേക്കു പോകുമ്പോള്‍ വീട്ടുമുറ്റങ്ങളില്‍ ചാണകം മെഴുകുന്നതും പനമ്പായയില്‍ നെല്ലു പുഴുങ്ങിയുണക്കുന്നതും കാണാം.ഒഴിവുകാലം ആസ്വദിക്കാനെത്തുന്ന കുട്ടികള്‍ക്കായി അച്ഛന്‍മാര്‍ തെങ്ങിന്‍പട്ട വെട്ടി നാട്ടുമാങ്ങകള്‍ വീണ മുറ്റത്തെ മാവില്‍ കൊമ്പില്‍ ഊഞ്ഞാലുണ്ടാക്കും.ഒഴിവുകാലത്തെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ദൃശ്യങ്ങളുണര്‍ത്തുന്ന ഉത്സവാന്തരീക്ഷമായിരുന്നു അന്നത്തെ വിഷുക്കാലങ്ങള്‍.വീട്ടില്‍ വിഷു ആഘോഷങ്ങളൊന്നുമില്ല.വിഷുത്തലേന്ന് വൈകുന്നേരം അമ്മുവേട്ടത്തി  നല്ല തേങ്ങാക്കൊത്തിട്ട രസികന്‍ നെയ്യപ്പമുണ്ടാക്കി  കൊടുത്തയക്കും.എന്തുരുചിയായിരുന്നു ആ നെയ്യപ്പത്തിന്!വിഷുദിവസം രാവിലെ മുണ്ടന്‍ വന്ന് കൈക്കോട്ടുമായി തൊടിയിലേക്കിറങ്ങും.കൂടെ വെണ്ണിറില്‍ പൊതിഞ്ഞു സൂക്ഷിച്ച പച്ചക്കറി വിത്തുമായി ഞാനും ഉമ്മയും .വേനല്‍മഴ വീണ മണ്ണില്‍ മുണ്ടന്‍ വലിയ തടങ്ങളുണ്ടാക്കും.ഓരോന്നിലും നാലോ അഞ്ചോ മത്തന്‍,കുമ്പളം അല്ലെങ്കില്‍ വെണ്ടയ്ക്ക വിത്തുകള്‍ പൂഴ്ത്തിവയ്ക്കാന്‍ എന്തൊരുത്സാഹമായിരുന്നു.ഞാന്‍ നടുന്നത് വേഗം മുളയ്കുമെന്ന് ഉമ്മയും വല്യുമ്മയും പറയുന്വോള്‍ വലിയ അഭിമാനമായിരുന്നു.ഞാന്‍ നട്ടതു കൊണ്ടൊന്നുമല്ലെങ്കിലും രാസവളം തൊടാത്ത ആ പച്ചക്കറി വിത്തുകള്‍ അന്നെല്ലാം പടര്‍ന്നു പന്തലിച്ച് നിറയെ ഫലം തന്നിരുന്നു.സ്‌റ്റോര്‍റൂമില്‍ എല്ലാക്കാലത്തും വിളഞ്ഞ മത്തനും കുമ്പളങ്ങയും ഉറികളില്‍ തൂങ്ങിക്കിടന്നു.ചിലദിവസങ്ങളില്‍ പഴുത്തമത്തന്‍ വേവിച്ചുടച്ച് ശര്‍ക്കരയും നാളികേരവുമിട്ട് നെയ്യില്‍ വറുത്തിട്ടതോ മൂത്തുവിളഞ്ഞ കുമ്പളം വേവിച്ചുടച്ച് കുമ്പളങ്ങമിഠായിയോ ഉമ്മ ഉണ്ടാക്കിത്തന്നു.വര്‍ഷം മുഴുവന്‍ വിളവു നല്‍കാന്‍ വിഷുവിനു വിതയ്കുന്ന വിത്തുകള്‍ക്കു കഴിയുമെന്നുറച്ചു വിശ്വസിച്ചിരുന്നു അക്കാലത്ത്.അടുത്തവീടുകളില്‍ നിന്നെല്ലാം പടക്കം പൊട്ടുന്നത് കേള്‍ക്കാം.കാതടപ്പിക്കുന്ന ശബ്ദങ്ങളോട് അന്നുമിന്നും താല്‍പര്യമില്ലായിരുന്നതിനാല്‍ പടക്കത്തോടൊട്ടും കമ്പം തോന്നിയിരുന്നില്ല.ഒരു വിഷുക്കാലത്ത് ഉപ്പ ഒരു വലിയ പെട്ടി നിറയെ പടക്കങ്ങള്‍ കൊണ്ടു വന്നപ്പോഴാണ് ശബ്ദം മാത്രമല്ല,നിറങ്ങളുടെ ഒരു ലോകവും അതിലുണ്ടെന്നറിഞ്ഞത്.കമ്പിത്തിരി,മത്താപ്പൂ,പൂക്കുറ്റി,പാമ്പു ഗുളിക അങ്ങനെ ഒരുപാടു വിസ്മയങ്ങള്‍.പിന്നാടെപ്പോഴോ മാര്‍ക്കറ്റില്‍ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയും വില്‍ക്കുന്ന കാലമായി.അതോടെ സമൃദ്ധിയായി പൂത്തു നിന്നിരുന്ന കൊന്നമരങ്ങള്‍ നഗ്നരായി ജാള്യതയോടെ നില്‍ക്കുന്ന കാഴ്ച സാധാരണയായി.എല്ലാ പൂവും പൊട്ടിച്ച് കെട്ടുകെട്ടാക്കി വിപണിയിലേക്കു വരുന്ന വിഷുക്കാലത്താണ് പക്ഷേ കണിക്കൊന്ന ആദ്യമായി അടുത്തു നിന്നു കണ്ടതും.റോഡരുകിലും കുളിര്‍മലയുടെ ഉച്ചിയിലും തൊടാന്‍ കിട്ടാത്തത്ര ദൂരെ മോഹിപ്പിച്ചു കൊണ്ടു നിന്നിരുന്ന ആ പൂക്കള്‍ക്ക് ശരിക്കും മഞ്ഞപ്പട്ടുചേലയുടെ ശോഭയും തിളക്കവുമാണല്ലോ എന്ന് അത്ഭുതം തോന്നി.വിഷുപ്പക്ഷിയുടെ പാട്ട് കേട്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു.ഓരോ വേനലിലൂം മുടങ്ങാതെയെത്തി എവിടെയോ ഒളിച്ചിരുന്ന് വിത്തും കൈക്കോട്ടും ,ചക്കയ്കുപ്പുണ്ടോ എന്നു പാടുന്ന പക്ഷിയെ കാണാന്‍ ഒരുപാടു നടന്നിട്ടുണ്ട്.ഇന്നും അവള്‍ എന്റെ കണ്‍മുമ്പില്‍ വന്നിട്ടില്ല.ഇപ്പോഴും കനത്ത വേനലിനെ തോല്‍പ്പിച്ച് പവന്‍മാറ്റ് പകിട്ടോടെ കണിക്കൊന്ന പൂത്തു നില്‍ക്കുന്നതു കാണുമ്പോള്‍ എന്തെന്നറിയാത്ത ഒരു നിറവ് ഉള്ളിലുണ്ടാവുന്നു. ഒരുപിടി കണിക്കൊന്നയും വെള്ളരിയും മാമ്പഴവും മാത്രം വച്ച് ഒരു കൊച്ചു വിഷുക്കണിയൊരുക്കാറുണ്ട് ചിലപ്പോഴൊക്കെ ഞാനും.എല്ലാ വര്‍ഷവും വിഷുക്കൈനീട്ടം തരാറുണ്ട് ഉമ്മ.മാര്‍ക്കറ്റിലൂടെ നടന്നു പോകുമ്പോള്‍ അപൂര്‍വ്വം സന്ധ്യകളില്‍ നാട്ടുമാമ്പഴത്തിന്റെ ഗന്ധം പുറകിലേക്കു വലിക്കാറുണ്ട്.പുളിമാറാത്ത നാട്ടുമാങ്ങയില്‍ ശര്‍ക്കര ചേര്‍ത്ത് മധുരം വരുത്തി് പുളിശ്ശേരിയുണ്ടാക്കി പഴമയുടെ ചില ഗന്ധങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കാറുണ്ട്.കത്തുന്ന വേനലില്‍  എല്ലാജീവജാലങ്ങളും വാടി നില്‍ക്കേ ഇലകൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞപ്പട്ടു ചേല കാണുമ്പോള്‍ ഉള്ളിലുണരുന്ന നിറവാണെനിക്ക് വിഷു.