2017, ജൂലൈ 17, തിങ്കളാഴ്‌ച

ജൂലൈ ലക്കം അക്ഷരദീപം സാഹിത്യമാസികയില്‍ കവര്‍ സ്‌റ്റോറി By Unni Vishwanath


1.എഴുതിത്തുടങ്ങിയതെപ്പോള്‍?എന്തായിരുന്നു പ്രചോദനം?
അക്ഷരങ്ങളെ പരിചയപ്പെടുത്തിയ സീതാലക്ഷ്മി ടീച്ചര്‍,ഭാഷയെ ശുദ്ധീകരിച്ച പാര്‍വതി ടീച്ചര്‍,പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച ആപ്പ(ഉപ്പ),ഭാവനയ്ക്കു ചിറകു നല്‍കിയ വല്യുമ്മ, പിന്നെ പ്രകൃതിയുമായി എന്നെ അടുപ്പിച്ച സരോജിനി ..ഇവരില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും എഴുത്തുകാരിയാവുമായിരുന്നില്ല.വായനയ്ക്കു നിയന്ത്രണമില്ലാത്ത ബാല്യമായിരുന്നു എന്റേത്.എന്തും വായിക്കാം.ജനപ്രിയവാരികകള്‍,ബാലസാഹിത്യം തുടങ്ങി തകഴിയും പൊറ്റെക്കാടും ബഷീറും ഉറൂബുമൊക്കെയായിരുന്നു അന്നത്തെ വായന.ആപ്പ നന്നായി വായിക്കുകയും ചിലപ്പോഴൊക്കെ ലേഖനങ്ങളും പ്രസംഗങ്ങളും എഴുതുകയും ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ വീട്ടിലോ കുടുംബത്തിലോ പരിചയത്തിലോ ആരും എഴുത്തുകാരായിട്ടില്ലായിരുന്നു.ഏതോ വിദൂരദേശത്തിരുന്ന് സാഹിത്യരചന നടത്തുന്ന അപൂര്‍വ്വജീവികളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അന്ന് എഴുത്തുകാര്‍.സ്‌കൂളില്‍ മലയാളം അക്ഷരമാല പഠിപ്പിച്ചത് സീതാലക്ഷ്മിടീച്ചറാണ്(സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അമ്മ).രാമായണവും മഹാഭാരതവുമെല്ലാം ടീച്ചറിലൂടെയാണ് ഞാനറിയുന്നത്.ഹൈസ്‌കൂളില്‍ മലയാളം പഠിപ്പിച്ച പാര്‍വ്വതി ടീച്ചറാവട്ടെ ഭാഷാശുദ്ധിയുടെ കാര്യത്തില്‍ ആഗ്രഗണ്യയായിരുന്നു.ഭാഷയിലെസൂക്ഷ്മമായ പിഴവുകള്‍ പോലും കണ്ടുപിടിച്ച് സൗമ്യമായി തിരുത്തിത്തരും.ഒരു സ്വപ്‌നജീവിയായിരുന്നു വല്യുമ്മ. ബാലമാസികളില്‍ വരുന്ന കഥകളെല്ലാം ആദ്യം തന്നെ അവര്‍ എനിക്കു പറഞ്ഞു തന്നിട്ടുണ്ടാവും.മാസികകളില്‍ പിന്നെ ആ കഥ വരുമ്പോള്‍ വല്യുമ്മയെ അത് വായിച്ചു കേള്‍പ്പിക്കാന്‍ ഇഷ്ടമായിരുന്നു. വീട്ടില്‍ സഹായിയായിരുന്ന സരോജിനിയാണ് പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.ഓരോ കുഞ്ഞു പൂവിലും പുല്‍ക്കൊടിയിലും പ്രപഞ്ചം ഒളിഞ്ഞിരിക്കുന്നുവെന്ന് എന്നെ പഠിപ്പിച്ചത് അവരാണ്.അങ്ങനെ വായനയും ഭാവനയും പ്രകൃതിയും ചേര്‍ന്നാണ് എഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറയാം.എങ്കിലും എഴുതിത്തുടങ്ങാന്‍ കാരണമായത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാനിടയായ കയ്യെഴുത്തുമാസികയാണ്.അതുപോലൊരെണ്ണം ഉണ്ടാക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് എഴുത്ത് രൂപപ്പെട്ടത്.കയ്യെഴുത്തുമാസികയില്‍ പല പേരുകളില്‍ കഥയും ചിത്രകഥയും നോവലുമൊക്കെ എഴുതുമ്പോള്‍ അത് ഒട്ടും ഗൗരവമില്ലാത്ത പ്രവൃത്തിയായിരുന്നു.കളികളുടെ ഒരു ഭാഗം മാത്രമായിരുന്നു അത്.കോളജില്‍ എത്തിയതോടെ അവധിക്കാലങ്ങളില്ലാതായി .കയ്യെഴുത്തുമാസികയും നിന്നുപോയി..മുതിര്‍ന്ന എഴുത്തുകാരുടെ ഗംഭീരമായ രചനകള്‍ വായിച്ചിരുന്ന കാലമായിരുന്നു അത്.ചിലപ്പോഴൊക്കെ പലരുടെയും മോശം രചനകളും വായിക്കാനിടയായപ്പോഴാണ് എഴുതിനോക്കാം എന്നൊരു തോന്നലുണ്ടായത്.അങ്ങനെ 'ഇന്നലെയുടെ ബാക്കി' എന്ന ഒരു കഥയെഴുതി മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മോശമല്ലാത്ത പ്രതികരണം കിട്ടിയതോടെ അല്പം ആത്മവിശ്വാസമൊക്കെ തോന്നി.ഗൗരവമായി എഴുത്തിനെ സമീപിക്കുന്നത് 19 ാം വയസ്സിലാണ്.വ്യക്തിപരമായി ധാരാളം അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്ന കാലമായിരുന്നു അത്.യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്ത മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നൊരു രാത്രിയിലാണ് 'താമസി' എന്ന കഥയെഴുതുന്നത്.എന്നിലെ അപരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിത്തന്നത് ആ കഥയാണ്.കാരണം അതെഴുതി പിന്നീടു വായിച്ചപ്പോള്‍ ഞാനെപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ചത് എന്നൊരു വിസ്മയം മാത്രമായിരുന്നു.എഴുത്ത് പലപ്പോഴും ബോധപൂര്‍വ്വമല്ല സംഭവിക്കുന്നത് എന്ന് അന്നെനിക്കു മനസ്സിലാക്കാനായി.ആ കഥയ്ക്ക് വനിതയുടെ കഥാ അവാര്‍ഡ് ലഭിച്ചത് വലിയ പ്രോത്സാഹനമായിത്തീര്‍ന്നു.നിരവധി വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായി.
2.സ്വന്തം ജീവിതാനുഭവങ്ങള്‍ കഥയാക്കി മാറ്റിയിട്ടുണ്ടോ?
ജീവിതാനുഭവങ്ങള്‍ പലതും കഥകള്‍ക്കു പ്രേരണയായിട്ടുണ്ട്.പക്ഷേ സംഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി കഥയെഴുതാറില്ല.സ്വയം അനുഭവിക്കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ അനുഭവങ്ങളോട് തന്മയീഭാവം പ്രകടിപ്പിക്കാനാവുമ്പോള്‍ കൂടിയാണ് എഴുത്തു വരുന്നത്.എങ്കിലും ഓരോ കഥയിലും ഭാവനയും സങ്കല്പവും ചേര്‍ത്താണ് അനുഭവങ്ങളെ ആവിഷ്‌കരിക്കാറ്.അങ്ങനെ കഥയാക്കാന്‍ പറ്റില്ലെന്നു തോന്നുന്ന അനുഭവങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.'അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍' എന്ന പേരില്‍ പായല്‍ ബുക്ക്‌സ് ആണ് അത് പ്രസിദ്ധീകരിച്ചത്.
3ഭാവനയില്‍ നിന്നു പിറവി കൊള്ളുന്ന എഴുത്താണോ അതോ ജീവിതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണോ നല്ലത്.എന്താണഭിപ്രായം?
അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് കഥയോ നോവലോ ആണെന്നു പറയാനാവില്ല.അത് ആത്മകഥയോ ജീവചരിത്രമോ ഓര്‍മ്മക്കുറിപ്പോ ആണ്.അനുഭവങ്ങളും ഭാവനയും കൂടിച്ചേരുമ്പോഴാണ് എഴുത്തിന് സര്‍ഗ്ഗാത്മകത രചനയെന്ന നിലയില്‍ ഭാവുകത്വം കൈവരുന്നുള്ളൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.അനുഭവങ്ങള്‍ രചനയുടെ അസ്ഥികൂടമാണെങ്കില്‍ അതിന് മാംസവും സൗന്ദര്യവും നല്‍കി രൂപഭംഗി പകരുന്നത് ഭാവനയും ഭാഷയുമാണ്.
4.പഴമയുടെ എഴുത്തും എഴുത്തുകാരും എഴുത്തിന്റെ യാത്രയില്‍ പ്രേരകശക്തിയായി കടന്നു വന്നിട്ടുണ്ടോ?.വന്നിട്ടുണ്ടെങ്കില്‍ ആ എഴുത്തുകാരെയും സൃഷ്ടിയെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ?.
പൂര്‍വ്വസൂരികളെ വായിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതുമായിരുന്നില്ല.വായനയുടെ ഏതോ ഘട്ടത്തിലാണ് എഴുതിത്തുടങ്ങിയത്.വെല്ലുവിളിയും പ്രേരണയുമായത് പഴമക്കാരുടെ എഴുത്തുകള്‍ തന്നെയായിരുന്നു.ആദ്യമായി വായിച്ച പുസ്തകം എസ് കെ പൊറ്റെക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യായിരുന്നു.ഏഴാം വയസ്സില്‍ ആ കൃതി എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നു പറഞ്ഞറിയിക്കാനാവില്ല.ഭാഷയും പ്രകൃതിയും മനുഷ്യനും ചരിത്രവും ചേര്‍ന്ന ഒരു വിസ്മയലോകം തന്നെയായിരുന്നു ആ പുസ്തകം.ഏതുപ്രായക്കാര്‍ക്കും ആസ്വാദ്യമായ ഒന്നാണ് അത് എന്നത് ശരിക്കും അത്ഭുതപ്പെടുത്തും.എല്ലാ അവധിക്കാലങ്ങളിലും ആവര്‍ത്തിച്ചു വായിച്ചിരുന്നു അത്.അതിരാണിപ്പാടത്തെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പലതരം അവസ്ഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.കൗമാരത്തില്‍ എം ടിയുടെ 'മഞ്ഞ്' വല്ലാത്ത ഒരു വായനാനൂഭവമായിരുന്നു.അത് വായിക്കുമ്പോള്‍ ഓരോ തവണയും അപരിചിതമായ ഭൂമികകളിലേക്കു കടന്നുപോകുന്നതുപോലെ തോന്നുമായിരുന്നു. ടി പത്മനാഭന്റെ ആറ്റിക്കുറുക്കിയ ഭാഷയിലെഴുതിയ കഥകളും വളരെ ഇഷ്ടമായിരുന്നു..അതുപോലെത്തന്നെ സി രാധാകൃഷ്ണന്റെ 'മുന്‍പേ പറക്കുന്ന പക്ഷികള്‍' ,സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' ,'രാജലക്ഷ്മിയുടെ കഥകള്‍' ,'ഖസാക്കിന്റെ ഇതിഹാസം 'ഇങ്ങനെയുള്ള കൃതികളാണ് എന്നെ വായനയിലേക്കും എഴുത്തിലേക്കും കൈപിടിച്ചു കൊണ്ടുപോയത്.ഒരിക്കലും എഴുത്തുകാരിയാവുക എന്നൊരു സ്വപ്‌നം ഉള്ളിലുണ്ടായിരുന്നില്ല.അറിയാതെ എഴുതിപ്പോയി എന്നേ പറയാനാവൂ.വായനയുടെ മത്തു പിടിച്ച നേരത്ത് മനസ്സ് അറിയാതെ തുറന്നു പോയതാവാം എന്നേ തോന്നുന്നുള്ളൂ.
5.പുതിയ കാലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരി എന്ന നിലയില്‍ എഴുതിത്തുടങ്ങുന്നവരോട് എന്താണ് പറയാനുള്ളത്.?
എഴുത്ത് ഒരാളില്‍ തനിയെ വന്നുചേരുന്നതാണ്.വായനയിലൂടെയും സാധനയിലൂടെയും അതിനെ മിനുക്കിയെടുക്കാനാവുമെന്നുമാത്രം.എഴുത്തിലും വായനയിലും താല്‍പര്യമില്ലാതെ മാതാപിതാക്കളുടെയോ അദ്ധ്യാപകരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി സാഹിത്യക്യാമ്പുകളില്‍ വരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്്.എഴുത്ത് ഒരിക്കലും ക്യാമ്പുകളിലൂടെ സ്വായത്തമാക്കാനാവില്ല.ക്യാമ്പുകളില്‍ മിക്കപ്പോഴും കാണുന്ന കാഴ്ച ഒന്നും വായിക്കാതെ,സംശയങ്ങളൊന്നും തന്നെയില്ലാതെ ,ക്ലാസ് എടുക്കുന്നവരെ തുറിച്ചു നോക്കിയിരിക്കുന്ന കുട്ടികളെയാണ്.. സജീവമായ സംവാദങ്ങള്‍ക്ക് തിരി കൊളുത്താനും സ്വന്തം സൃഷ്ടിയുടെ ഗുണദോഷങ്ങള്‍ അറിയാനും അനുഭവങ്ങള്‍ പങ്കിടാനുമെല്ലാം സാഹിത്യക്യാമ്പുകള്‍ സഹായകമാണ്.പക്ഷേ അധികം പേരും അത് പ്രയോജനപ്പെടുത്തുന്നില്ല.എന്തെങ്കിലും എഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കിട്ടുന്ന കുറച്ചു ലൈക്കുകള്‍ക്കപ്പുറം ഗൗരവമായി എഴുത്തിനെ എടുക്കുന്നവര്‍ കുറവാണ്.എഴുതാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നല്ല വായനക്കാരാവുകയാണ് വേണ്ടത്.മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഭരിക്കുന്ന പുതുലോകത്തില്‍ വായനക്കായി സമയം കണ്ടെത്തുന്നത് വലിയ പാടാണ്.അതിനായി പല വിനോദങ്ങളും മാറ്റിവെക്കേണ്ടി വരും.പരന്ന വായനയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കേണ്ട കുറച്ചു പുസ്തകങ്ങളെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തുക.ഭാഷ വഴങ്ങിക്കിട്ടണമെങ്കിലും ഭാവന വികസിക്കണമെങ്കിലും വായന അത്യാവശ്യമാണ്.ദൃശ്യമാധ്യമങ്ങള്‍ ഭാവനയെ പരിമിതപ്പെടുത്തുകയാണ്.കുട്ടിക്കാലത്ത് ടീച്ചര്‍ രാമായണം കഥ പറഞ്ഞു തരുമ്പോള്‍ ഞങ്ങളോരോരുത്തരുടെയും മനസ്സിലെ സീതയ്ക്കും രാമനുമെല്ലാം വ്യത്യസ്തമുഖങ്ങളുണ്ടായിരുന്നു.രാമായണം സീരിയലായതോടെ എല്ലാവരുടേയും രാമന് അരുണ്‍ഗോവിലിന്റെയും സീതയ്ക്ക് ദീപികയുടെയും മുഖമായി മാറി.നീലക്കരിമ്പിന്റെ നിറമുണ്ടായിരുന്ന കുസൃതിക്കണ്ണനെയോര്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിന്റെ മുഖം മാത്രമേ ഇന്നെനിക്ക് ഓര്‍മ്മ വരുന്നുള്ളൂ.കാഴ്ച നമ്മുടെ ഭാവനയെ പരിമിതപ്പെടുത്തുന്നത് ഇങ്ങനെയാണ്.ഒരേ രീതിയിലുള്ള ബിംബങ്ങളെ ഓരോരുത്തര്‍ക്കും തരികയാണ്.ഒരു കഥ വായിക്കുമ്പോള്‍ ഞാന്‍ സങ്കല്പിക്കുന്ന ലോകമല്ല നിങ്ങള്‍ ഭാവനയില്‍ കാണുന്നത്.അതാണതിന്റെ വ്യത്യാസം.ഒരു പ്രയോജനവുമില്ലാത്ത വിനോദപരിപാടികള്‍ക്കായി കളയുന്ന സമയത്തിന്റെ ഒരു ഭാഗം വായനക്കായി മാറ്റി വച്ചു നോക്കുക.തീര്‍ച്ചയായും നിങ്ങള്‍ക്കത് ഏറെ ഗുണം ചെയ്യും.
എഴുതിയത് തിരുത്തിയെഴുതാനുള്ള മനസ്സാണ് ഒരു നല്ല എഴുത്തുകാരന് അത്യാവശ്യം.പ്രസിദ്ധീകരിക്കാന്‍ ധൃതി കൂട്ടാതെ സമയമെടുത്ത് പലതവണ വായിച്ച് തിരുത്തിയെഴുതിയാല്‍ മാത്രമേ രചനയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ.രചനകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ അഭികാമ്യം അവയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതാണ്.
എഴുത്ത് ഉള്ളിലുണ്ടെങ്കില്‍ വായനയുടെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ എഴുതുക തന്നെ ചെയ്യും.പുറംലോകം അറിഞ്ഞാലുമില്ലെങ്കിലും അത് സംഭവിക്കാതിരിക്കില്ല.