2011, നവംബർ 8, ചൊവ്വാഴ്ച

ജീവനോടെ കത്തിയെരിയുന്നവര്‍ക്ക്/മാധ്യമം വീക്കിലി 2011 നവംബര്‍ 7പുരുഷനിയമങ്ങള്‍ക്ക് ഇരയായ ഒരു സ്ത്രീയുടെ അവിശ്വസനീയ ജീവിതാനുഭവങ്ങള്‍ ---ഉള്ളടക്കം പരിചയപ്പെടുത്തുന്നതാണ് സൌദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവള്‍ '(Burned alive)എന്ന പുസ്തകത്തിന്റെ പുറംചട്ട തന്നെ.സൌദ ഒരു തൂലികാനാമം മാത്രമാണ്,യൂറോപ്യന്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യം നുകര്‍ന്നു ജീവിക്കുമ്പോഴും ഭയപ്പാടുകളോടെ തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞിരിക്കുകയാണ് ആ പാലസ്തീനിയന്‍ യുവതി.വെസ്റ്റ് ബാങ്ക് പ്രദേശത്തെ കുഗ്രാമത്തില്‍ ജനിച്ച് പ്രണയിച്ച കുറ്റത്തിന് മതനേതൃത്വം മരണശിക്ഷ വിധിച്ച് ദേഹമാസകലം പൊള്ളലേറ്റ് ഒരു ഫ്രഞ്ച് മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സൌദയുടെ നഷ്ടമായ ഓര്‍മ്മകള്‍ 'റിപ്രസ്സ്ഡ് മെമ്മറി തെറാപ്പി 'യിലൂടെ പുനരുജ്ജീവിപ്പിച്ച് മേരി തെരെസ് ക്യൂറിയാണ് ആവിഷ്കരിച്ചെടുത്തത്.കെ.എസ്.വിശ്വംഭരദാസ് ഹൃദയസ്പര്‍ശിയായി സൌദയുടെ ജീവിതം പരിഭാഷപ്പെടുത്തിയിരിക്കുന്നു.

കുടുംബാഭിമാന സംരക്ഷണമെന്ന പേരില്‍ ലോകമെമ്പാടും പ്രതിവര്‍ഷം ആയിരക്കണക്കിനു സ്ത്രീകള്‍ കൊല്ലപ്പെടുന്നു.റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇരട്ടിയാണ്.വടക്കെ ഇന്ത്യയില്‍ ദിനംപ്രതി ഇത്തരം ഹത്യകള്‍ നടക്കുന്നതായി പത്രവാര്‍ത്തകള്‍ ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം ഏറുന്നു.
സൌദ തന്റെ ഗ്രാമം വിട്ടിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുണയില്ലാതെ,മുഖമുയര്‍ത്തി നടക്കാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ മാത്രമുള്ള ഗ്രാമത്തില്‍ 'ചാര്‍മൂട്ട '(വ്യഭിചാരിണി)യെന്ന പഴി പേടിച്ച് പുലരി മുതല്‍ പാതിരാത്രി വരെ പണിയെടുത്തും പീഡനങ്ങള്‍-ചിലപ്പോള്‍ മരണം തന്നെയും- വിധിക്കപ്പെട്ട് പെണ്മയുടെ ശാപം ഏറ്റുവാങ്ങലാണ് അവിടുത്തെ സ്ത്രീകളുടെ ജീവിതം.പിതാവിനാലോ സഹോദരനാലോ ഏതു നിമിഷവും തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഓരോ പെണ്‍കുട്ടിയും ദിവസങ്ങള്‍ പിന്നിടുന്നത്.വിറകു കീറുന്നതിനിടെ കോടാലിത്തല കൊണ്ടോ വെള്ളം കോരുമ്പാള്‍ കിണറ്റിലേക്കെറിയപ്പെട്ടോ വെറും തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ ഏതുവിധത്തിലും അതു സംഭവിച്ചേക്കാം.

അവള്‍ക്കു കാണാന്‍ വിധിക്കപ്പെട്ട ഒരെയൊരു സ്വപ്നം, കുടുംബത്തിലെ പെണ്‍കുട്ടികളുടെ മൂപ്പുമുറ പ്രകാരം മാത്രം അനുവദനീയമായ വിവാഹം മാത്രമാണ്,അതാവട്ടെ ചിലപ്പോള്‍ ഇതിലും ദുരിതം പിടിച്ചതാവാം.ഏഴു സഹോദരിമാരെ പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊന്ന് സമൂഹത്തില്‍ മാന്യത ലഭിച്ച മാതാവ്,കര്‍ക്കശക്കാരനും ഭീകരനുമായ പിതാവ്,സ്വപ്നജീവിയായിരുന്ന ഇളയ സഹോദരി ഹവേയയെ മാതാപിതാക്കളുടെ അനുമതിയോടെ കഴുത്തു ഞെരിച്ചു കൊന്ന സഹോദരന്‍ ,ഒരിക്കലും തീരാത്ത അദ്ധ്വാനഭാരം,അവഗണനകള്‍,അവയ്ക്കിടയില്‍ വിവാഹം എന്ന വിദൂരസ്വപ്നം .ശരീരദണ്ഡനങ്ങള്‍ ഏല്‍ക്കാത്ത ദിവസങ്ങള്‍ വിരളം.വിളവെടുപ്പു കാലത്ത് ഒരു പച്ചത്തക്കാളി അബദ്ധത്തില്‍ പറിച്ചെടുത്തതിന്,അടുപ്പില്‍ തീയണക്കാന്‍ മറന്നതിന് എണ്ണമറ്റ പീഡനങ്ങള്‍.അത്തിപ്പഴങ്ങള്‍ വിളവെടുക്കാന്‍ എന്ന പേരില്‍ കാമുകനുമായി സന്ധിക്കുന്ന സ്വന്തം മാതാവിനെ സൌദ ന്യായീകരിച്ച്, ഉഴവുമാടിനെപ്പോലെ അദ്ധ്വാനിച്ചാല്‍ മാത്രം പോരല്ലോ എന്ന് ആത്മഗതം ചെയ്യുന്നുണ്ട്.
യൌവ്വനം പൂത്തുലഞ്ഞ പ്രായത്തില്‍ സൌദ ഓരോ ദിവസവും തന്റെ വരന്‍ വന്നണയുന്നതും കാത്തിരുന്നു.ആ അനിശ്ചിതാവസ്ഥയില്‍ തന്നെയൊന്നു വേഗം കെട്ടിച്ചയക്കൂ എന്നു പിതാവിനോടു കെഞ്ചാനും പ്രഹരം ഏറ്റുവാങ്ങാനും വരെ അവള്‍ തയ്യാറായി.പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍ സൌദ ഒരു പ്രണയത്തിലേക്ക് വഴുതിപ്പോകുകയായിരുന്നു, പ്രണയത്തിന് ജീവന്റെ വില കൊടുക്കേണ്ടി വരുന്ന ഒരു സമൂഹത്തെപ്പോലും മറന്ന്.
അയല്‍വാസിയും സുന്ദരനും പരിഷ്കാരിയുമായ ഫയസ്സിനാവട്ടെ അവളുടെ കന്യകാത്വം കവര്‍ന്നെടുക്കാനുള്ള പ്രണയമേ ഉണ്ടായിരുന്നുള്ളു.അയാള്‍ക്കു വഴങ്ങിയില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചു പോയേക്കാം എന്ന ഭീതിയില്‍ സൌദ എല്ലാറ്റിനും തയ്യാറായി.വിവാഹരാത്രിക്കു പിറ്റേ പ്രഭാതത്തില്‍,കിടക്ക വിരിയിലെ രക്തപ്പാടുകള്‍ മട്ടുപ്പാവില്‍ നിന്ന് ഗ്രാമവാസികള്‍ക്കു മുഴുവന്‍ കാണിച്ചു കൊടുക്കുന്ന ആചാരമുള്ള നാട്ടില്‍,കന്യകാത്വത്തിന് ജീവനേക്കാള്‍ വിലയുണ്ടായിട്ടും .
ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ചു ഫയസ്സ് നാടുവിട്ടു.കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അവളെ വകവരുത്താനായി മാതാപിതാക്കള്‍ സഹോദരീഭര്‍ത്താവ് ഹുസൈനെ ചുമതലപ്പെടുത്തുന്നത് സൌദ കേള്‍ക്കുകയുണ്ടായി.ഒരു അഭയകേന്ദ്രവും അവള്‍ക്കു ലഭിച്ചില്ല.അനിവാര്യമായ വിധി നടപ്പാക്കപ്പെടുന്നതും കാത്ത് അവള്‍ ഭയപ്പോടോടെ ദിവസങ്ങള്‍ താണ്ടി.ഒടുവില്‍ ,വസ്ത്രമലക്കുമ്പോള്‍ അവളുടെ തലയിലൂടെ പെട്രോള്‍ കോരിയൊഴിച്ച് അയാള്‍ തീ കൊളുത്തി.ദേഹമാസകലം ഉരുകിയൊലിച്ച അവളെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാതൊരു വിധ പരിചരണങ്ങളും ലഭിച്ചിരുന്നില്ല.70% ല്‍ അധികം പൊള്ളലേറ്റ് ശരീരം ഭാഗികമായി തളര്‍ന്നു പോയ അവളുടെ അവസാനത്തെ മിടിപ്പും ഇല്ലാതാക്കാന്‍ വിഷം കുടിപ്പിക്കാന്‍ മാതാവ് ശ്രമിച്ചെങ്കിലും ഡോക്ടറുടെ സമയോചിതമായ ഇടപെടലുകള്‍ മൂലം നടന്നില്ല.ആ തീവ്ര വേദനക്കിടയില്‍ സൌദ അവളുടെ മകന്‍ മറൂവന് ജന്മം നല്‍കി.
ടെറെ ദസ് ഹോംസ് എന്ന ജീവകാരുണ്യസംഘടനയിലെ പ്രവര്‍ത്തക ജാക്വിലിന്‍ ആശുപത്രിയില്‍ അവളനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞ്,സര്‍ഗീര്‍(arise) എന്ന പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന്, ഒട്ടേറെ സാമൂഹ്യ-നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സൌദയേയും മകനേയും യൂറോപ്പിലെത്തിച്ചു.തൊലി മുഴുവന്‍ നഷ്ടമായ,കീഴ്ത്താടിയും നെഞ്ചും ഒട്ടിച്ചേര്‍ന്ന,കാതുകള്‍ കത്തിക്കരിഞ്ഞ സൌദയെ നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.ഒപ്പം യുറോപ്യന്‍ ജീവിതത്തിന്റെ എണ്ണമറ്റ സ്വാതന്ത്ര്യം അവള്‍ രുചിച്ചറിഞ്ഞു.ആദ്യം ഒരു വളര്‍ത്തു കുടുംബത്തിന്റെ തണലില്‍ സ്വന്തം ജീവിതം കെട്ടിപ്പടുത്ത് ,പിന്നീട് അന്റോണിയോ എന്ന യൂറോപ്യനെ വിവാഹം കഴിച്ച് രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി.
മകന്‍ മറൂവനും അവരുടെ കൂടെയുണ്ട്.
യൂറോപ്യന്‍ സമൂഹത്തില്‍ സൌദ തന്റെ ജീവിതം പരസ്യപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് അവര്‍ ആ കഥ ഏറ്റുവാങ്ങിയത്.അവര്‍ക്കു വിഭാവനം ചെയ്യാന്‍ പോലുമാവാത്ത ഒരു നാടിനെക്കുറിച്ചും,ജീവിതത്തെക്കുറിച്ചും അവര്‍ അവിശ്വസനീയതയോടെയാണ് അറിഞ്ഞത്.

ഈ ഓര്‍മ്മപ്പുസ്തകം തന്റെ നാടായ വെസ്റ്റ് ബാങ്കിലും എത്തിച്ചേരുമെന്ന് സൌദ പ്രത്യാശിക്കുന്നു.വിദ്യാഭാസവും ജോലിയും നേടി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിച്ചു ജീവിക്കുമ്പോഴും സുരക്ഷയെക്കരുതി അവര്‍ ഒരു അജ്ഞാതകേന്ദ്രത്തില്‍ മറഞ്ഞിരിക്കുകയാണ് എന്ന വസ്തുത വേദനാജനകമാണ്.
സൌദമാര്‍ ഇനിയും ഒട്ടനവധിപേരുണ്ട്.സാമൂഹ്യ വ്യവസ്ഥിതിയുടെ ചട്ടക്കൂടുകള്‍ക്കിടയില്‍, പുരുഷന്റെ ഏകപക്ഷീയമായ നിയമങ്ങള്‍ക്കു മുമ്പില്‍ ഉരുകിത്തീരുന്ന അറിയപ്പെടാത്ത സ്ത്രീജന്മങ്ങള്‍.മുഖമുയര്‍ത്താതെ അവള്‍ നമുക്കിടയിലൂടെ നടന്നു പോകാറുണ്ട്.പൊള്ളിയടര്‍ന്ന് ചരമക്കോളത്തില്‍ ഒരു വരി വാര്‍ത്തയായി ചിലപ്പോള്‍ നമ്മളവളെ വായിക്കാറുണ്ട്.
മുക്താര്‍മയിയോടും അയാന്‍ ഹിര്‍സി അലിയോടും ചേര്‍ത്തു വായിക്കാവുന്നതാണ് 'ജീവനോടെ കത്തിയെരിഞ്ഞവള്‍ '.പക്ഷേ അവരിരുവരും ലോക ശ്രദ്ധയ്ക്കു പാത്രീഭവിച്ച് സ്വതന്ത്രമായി ജീവിക്കുമ്പോള്‍ സൌദ ഇപ്പോഴും അജ്ഞാതജീവിതം നയിക്കുന്നത് ലോകത്തോടുള്ള ഭയപ്പാടുകള്‍ക്ക് അറുതിയില്ല എന്നതിന്റെ സൂചനയല്ലേ?


2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ശൂന്യം
ഓര്‍മ്മകളുടെ ശൈത്യം
എന്റെ പാഴിലകളെ
മരവിപ്പിക്കുന്നു.
ഒരു ശൂന്യതയുടെ
വിടവു നികത്താന്‍
മറ്റൊരു ശൂന്യതമാത്രം.
നിശ്ശബ്ദതയില്‍
വെറുതെ ഒരാരവമുയര്‍ത്തി
ഒരു പടുകൂറ്റന്‍ തിരമാല
കടലിലേക്ക്
തിരികെപ്പോകുന്നു.
എവിടെയും ഉപ്പുരസം
ബാക്കി നിര്‍ത്തുന്നു ജീവിതം
ഞാന്‍ തിരിച്ചു പൊയ്ക്കൊണ്ടേയിരിക്കുന്നു
തുടക്കത്തിലേക്ക്
ഇനിയെത്തില്ല
എങ്കിലും
മടങ്ങാന്‍
ഇടം നഷ്ടപ്പെടും വരേയ്ക്ക്...

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അഭിമുഖം സി രാധാകൃഷ്ണന്‍/ഷീബ ഇ കെ വര്‍ത്തമാനം സണ്‍‌ഡേ 2011 october 9


                എഴുത്ത് പ്രാണവായുവാകുമ്പോള്‍...
'മുന്‍പേ പറക്കുന്ന പക്ഷികളും' 'തീക്കടല്‍ കടഞ്ഞ് തിരുമധുരവും' കനിഞ്ഞു നല്‍കിയ ചമ്രവട്ടത്തിന്റെ എഴുത്തുകാരന്‍ ,മഴക്കാലാകാശം പോലെ നിറയെ കണ്ണീരു പെയ്തു തീര്‍ന്നാല്‍ പിന്നെ ചിരിയുടെ പുതുവെളിച്ചമുദിക്കുമെന്ന പ്രസാദാത്മക ചിന്ത 'ഇനിയൊരു നിറകണ്‍ചിരി'യിലൂടെ നമുക്കു മുമ്പില്‍ തുറന്നിട്ട് ലോകത്തെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുന്നു.അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ നാമറിയാതെ നമ്മില്‍ നിറയുന്ന ഊര്‍ജ്ജം ആ വാക്കുകളിലുമുണ്ട്. ഇരുട്ടിന്റെ തുരങ്കങ്ങള്‍പ്പുറം തിളക്കമാര്‍ന്ന ഒരു പ്രകാശനാളം കാത്തിരിക്കുന്നു എന്നൊരോര്‍മ്മപ്പെടുത്തല്‍..
1.നിരവധി പുരസ്കാരങ്ങള്‍ക്കു ശേ‍ഷം ഇപ്പോള്‍ വള്ളത്തോള്‍ പുരസ്കാരം.എന്തു തോന്നുന്നു?
പെയ്ത മഴയൊക്കെ സുഖം.ഇടയിലെ വരള്‍ച്ച മഴയുടെ മാറ്റു കൂട്ടുന്നു.ഓര്‍ക്കാപ്പുറത്താവുമ്പോള്‍ കൂടുതല്‍ സുഖം.
2.പത്രപ്രവര്‍ത്തകന്‍.ശാസ്ത്രജ്ഞന്‍,പത്രാധിപര്‍,എഴുത്തുകാരന്‍...നിരവധി തലങ്ങളിലൂടെ കടന്നുപോയല്ലോ.ഇഷ്ടപ്പെട്ട തൊഴിലിടം,പ്രവൃത്തി ഏത്? കാരണം?
എല്ലാ ജോലികളും നല്ലത്.ഇഷ്ടപ്പെട്ട പണി -എഴുത്ത്.അത് ജന്മകര്‍മ്മമായതു തന്നെ കാരണം.അടുത്തത് പത്രപ്രവര്‍ത്തനം.എഴുത്താണ് അവിടെയും മുഖ്യം എന്നതുകൊണ്ടു തന്നെ.
3.നിളയുടെ തീരത്തെ കൌമാര-യൌവ്വനങ്ങള്‍ എഴുത്തിനെ എത്ര കണ്ടു സ്വാധീനിച്ചു?ഈയൊരു ബാക്ഗ്രൌണ്ട് ഇല്ലായിരുന്നെങ്കില്‍ എഴുത്ത് എങ്ങിനെയാകുമായിരുന്നു?
തനിക്കു മുന്പെ ഉരുവപ്പെട്ട ഉയരത്താഴ്ചകളുടെ ഭൂപ്രതലമാണ് പുഴയെ നിര്‍മ്മിച്ചത്.മനുഷ്യരുടെ കഥയും ഇതുതന്നെ.മറിച്ചായിരുന്നെങ്കില്‍ എന്ന പരിഗണന അപ്രസക്തം.
4കുറെയേറെ ഓര്‍മ്മകളും അനുഭവങ്ങളും ഉണ്ടാവുമല്ലോ.തീവ്രമായ ഓര്‍മ്മ?
എനിക്കു നാലഞ്ചു വയസ്സുള്ളപ്പോള്‍ നാട്ടിലുണ്ടായ വെള്ളപ്പൊക്കവും കോളറയുമാണ് തീവ്രമായ ഓര്‍മ്മ.എനിക്കു പ്രിയപ്പെട്ട പലരെയും കോളറ കൊണ്ടു പോയി.

5.ജീവിതം പ്രസാദാത്മകമല്ലാതെയായി വരുന്ന കാലത്തും എഴുത്തിലും ജീവിതത്തിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന്റെ രഹസ്യം?
പ്രകൃതി പ്രസാദാത്മകമാണ്.ജീവന്റെ തനതായ സ്വഭാവം അതിനാല്‍ ആനന്ദമാണ്.പ്രപഞ്ചത്തെ ആനന്ദമയമാക്കുകയാണ് മനുഷ്യജീവിത ലക്ഷ്യം.
6.എഴുത്തില്‍ തീവ്രമായി സ്വാധീനിച്ച വ്യക്തി/അനുഭവം?
എഴുത്തില്‍ ഗുരു ഉറൂബാണ്.അനുഭവം ആദ്യനോവല്‍ എഴുതിക്കഴിഞ്ഞപ്പോഴുണ്ടായ നിര്‍വൃതിയും.

7.ഇഷ്ടങ്ങള്‍-വായന,ഭക്ഷണം,ദിനചര്യ
സ്ഥിരമായ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്കു കൂടുതല്‍ തരിക സങ്കടങ്ങളാണ്.കണിശമായ ദിനചര്യയും ഇതുതന്നെ ഫലം തരും.'യഥാസുഖം' എന്നതാണ് എന്റെ നയം.വായന പോലും അങ്ങനെയാണ്.കിട്ടിയതെന്തും വായിക്കും,നേരമുണ്ടെങ്കില്‍.
8.എഴുത്തച്ഛന്റെ സ്വാധീനം?
എഴുത്തച്ഛനാണ് എന്റെ ജീവിതമാതൃക.വലിയ ഒരു അനുഗ്രഹവും ,ഒപ്പം,അത്രതന്നെ വലിയ ഒരു വെല്ലുവിളിയുമാണെനിക്ക് ആ ജീവിതം.
9.സമകാലിക എഴുത്തുകാരുമായുള്ള ബന്ധം?
എല്ലാവരേയും അറിയാം.കൂടുതലടുപ്പം വളരെക്കുറച്ചു പേരോടേ ഉള്ളൂ.ആളുകളെ വായിക്കുന്നതിന്റെ അടിസ്ഥാനം അവരുമായുള്ള അടുപ്പമല്ലതാനും.
10.രാഷ്ട്രീയം?മുന്‍പ് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ കാല്‍നടജാഥയില്‍ പങ്കെടുത്തതായി കേട്ടു.
ഒരു കക്ഷിയിലും അംഗമായിട്ടില്ല.എല്ലാ വിഭാഗീയതകളും ദുഃഖകാരണങ്ങളാണെന്നറിയുന്നു.പക്ഷേ,മാനുഷരെല്ലാരും ഒരുപോലെയായ ഒരു ലോകം കിനാവിലുണ്ട്.
11.സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമോ?സിനിമാനുഭവങ്ങള്‍?
എഴുത്ത് ഒറ്റയാള്‍ കൃഷിയാണ്,സിനിമ കൂട്ടുകൃഷിയും.കൂട്ടുകൃഷിയില്‍ വിളവിനെ നിയന്ത്രിക്കുക ഒരാളുടെ മാത്രം കഴിവല്ല.എങ്കിലും വിത്തും കാലവും ഒത്താല്‍ ഇനിയും കൂട്ടുകൃഷിക്കിറങ്ങിക്കൂടെന്നില്ല.
12.മനുഷ്യനില്‍ മൃഗീയത നിറയുകയാണ്.എന്താണ് ഇതേക്കുറിച്ചു പറയാനുള്ളത്?കാലം കൂടുതല്‍ ഇരുട്ടിലേക്കു പോവുകയാണോ?ഇതില്‍ നിന്ന് രക്ഷയില്ലേ?
കാല്‍ വഴുതുന്ന പോലെയാണ്.ഒരിക്കല്‍ വഴുതിയാല്‍ കുറെയങ്ങ് പോയേ നില്‍ക്കൂ.പക്ഷേ,എല്ലാ വീഴ്ചകള്‍ക്കും അവസാനമുണ്ട്.ഉണ്ടാവും.തിരുത്തലുകള്‍ വരും.
13.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
പ്രകൃതി തന്നെയാണ് മനുഷ്യന്‍,വേറെ അല്ല.വേറെ ആണെന്ന തോന്നലാണ് ഹിംസയുടെ വേര്.ആ തോന്നലിലൂന്നുമ്പോഴാണ് വഴുതുന്നത്.

14.ചമ്രവട്ടത്തെക്കുറിച്ച്...
മാറ്റമൊന്നും കൂടാതെ കിടപ്പായിരുന്നു ഇതുവരെ ചമ്രവട്ടം.(പാലം വന്നപ്പോള്‍ കോലം മാറി).ഈ ഗ്രാമം പുരാതനമായി ജൈന-ബൌദ്ധ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നിരിക്കണം.
15.ശാസ്ത്രകാരനായിരിക്കേ ഉറച്ച ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നു.ശാസ്ത്രത്തെ കൂടുതല്‍ അറിഞ്ഞ പലരും നിരീശ്വരവാദികളാണ്.
ശാസ്ത്രവും കലയും ദൈവവിശ്വാസത്തെ സ്ഥിരമായും തുടര്‍ച്ചയായും നവീകരിക്കുന്നു.കുറച്ചു കൂടിക്കഴിഞ്ഞാല്‍ ശാസ്ത്രബോദ്ധ്യം തന്നെ ആയിത്തീരും മതവിശ്വാസവും.കല ആരാധനയുമാകും.പ്രപഞ്ചത്തിന്റെ നിത്യമായ അടിസ്ഥാന ബലത്തെ ഈശ്വരനായിക്കാണാന്‍ ഇപ്പോഴേ ശാസ്ത്രസരണി ഉണ്ട്.
16.സാഹിത്യം പഠിക്കാതിരുന്നതെന്തു കൊണ്ട്?ശാസ്ത്രം പഠിച്ചത് കാല്‍പ്പനികതയില്‍ മുങ്ങിപ്പോവാതിരിക്കാന്‍ സഹായകമായോ?
ശാസ്ത്രപഠനം ചിന്തയില്‍ കണിശത വരുത്തുന്നു.ഇത് എല്ലാ തുറകളിലും പ്രയോജനപ്പെടും.ഗുരുവില്ലാതെ ചെയ്യാവുന്നതല്ല ശാസ്ത്രാഭ്യസനം.സാഹിത്യം സ്വയമേവ പഠിക്കാം.
17ഭാഷ (മലയാളം)വളരുമെന്ന് പ്രതീക്ഷയുണ്ടോ?പഠനമാധ്യമം എന്തായിരിക്കണം?മലയാളം മാധ്യമത്തില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും നല്ല ഭാഷാസ്വാധീനം ഉണ്ട്.പക്ഷേ കണക്ക് തുടങ്ങിയവ വളരെ പരിതാപകരമാണ്.
ഏതു ശബ്ദവും എഴുതാനും വായിക്കാനും കഴിയുന്ന ഏക ലോകഭാഷ മലയാളമാണ്.അതിനാല്‍ മലയാളം മരിക്കില്ല.പഠനഭാഷ മലയാളമാക്കണം,പക്ഷേ,സാങ്കേതികപദങ്ങള്‍ തര്‍ജ്ജമ ചെയ്യരുത്.നിലവാരം മോശമാകുന്നത് അദ്ധ്യാപകരുടെ അനാസ്ഥയും കഴിവുകേടും കാരണമാണ്.'മണ്ടൂസുകള്‍' എല്ലാ കാഴ്ചക്കാരിലും സുലഭം!
18.സ്നേഹത്തെക്കുറിച്ച്?
പ്രപഞ്ചനിര്‍മ്മിതിയുടെ സിമന്റാണ് സ്നേഹം.ആ തലത്തില്‍ അതിനെ അറിയാന്‍ പലപ്പോഴും കഴിയാറില്ല.ഏതാനും ലേബലുകള്‍ ഒട്ടിച്ച ഇനങ്ങളും തരങ്ങളുമേ നമുക്കു പരിചയമുള്ളൂ.അതുപോരാ.
19.ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്ന അനര്‍ത്ഥങ്ങള്‍ ഒക്കെയും എന്നു പലരും പറയുന്നു.യഥാര്‍ത്ഥത്തില്‍ ലോകം അവസാനിക്കാറായോ?ഭൂമിയെന്ന ഗ്രഹം നശിച്ചു പോകുമോ?അതോ മനുഷ്യന്‍ നിലനില്‍ക്കുമോ?
ഒരു കാര്യം തീര്‍ച്ചയാണ്.മനുഷ്യന്‍ എന്നല്ല,ഭൂമി എന്നല്ല,ഇക്കാണായ പ്രപഞ്ചം മുച്ചൂടും നശിക്കും.പക്ഷേ,അനന്തകോടി വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം.മാത്രമല്ല,അപ്പോഴും പ്രപഞ്ചത്തിനാസ്പദമായ മഹാശക്തി ശേഷിക്കുകയും സൃഷ്ടി വീണ്ടുമുണ്ടാവുകയും ചെയ്യും.ഇതു തന്നെ അത് എന്നറിഞ്ഞാല്‍ സുഖമായി!
20.ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍?സഫലമാകാത്ത സ്വപ്നങ്ങള്‍ ബാക്കി കിടപ്പുണ്ടോ?
ഏറ്റവും നന്നായി എഴുതാന്‍ ഏറ്റവും നന്നായി ശ്രമിക്കാന്‍ കഴിയണമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ.അതു നിറവേറിക്കൊണ്ടിരിക്കുന്നു.പിന്നെ,ഒരു മഹാസ്വപ്നം ബാക്കി:എല്ലാരും എല്ലാതും സന്തോഷമായി സഹവര്‍ത്തിക്കുന്ന ഒരു സുന്ദരലോകം.
21.ജീവിതം മൊത്തത്തില്‍ എങ്ങിനെ? സന്തോഷ-സന്താപങ്ങളുടെ ത്രാസില്‍ ഏതിനാണ് മുന്‍തൂക്കം?
സന്തോഷത്തിനു തന്നെ,സംശയമില്ല.'സങ്കടപ്പെടില്ല എന്നു നിശ്ചയിച്ചാല്‍ നമുക്കു സന്തോഷമായി!'എന്നു പഠിപ്പിച്ചത് മുത്തച്ഛനാണ്.അത്രയേ വേണ്ടൂ!
22.നാട്,പഴയ ബന്ധങ്ങള്‍,സൌഹൃദങ്ങള്‍..ചമ്രവട്ടം എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട്?
ഒന്നും ബാക്കിവെച്ചിട്ടില്ല.എന്റെ മനസ്സിലെ നാടും നാട്ടുകാരും ഇന്നില്ല.പക്ഷേ,അതിന്റെ രുചിയുള്ള ഒരു തുടര്‍ച്ച തീര്‍ച്ചയായുമുണ്ട്.ഉദാഹരണം:കടലിരമ്പത്തിന്റെ ശ്രുതിക്കു മാറ്റമില്ല.അരയാലിലകളുടെ നാമജപത്തിനും മാറ്റമില്ല.പാലയ്ക്കല്‍ പള്ളിയിലെ വാങ്കുവിളി പഴയപോലെ അലയടിക്കുന്നു.വയലിലെ ചേറിനും അതില്‍ വിളയുന്ന പുന്നെല്ലിനും പഴയ മണം തന്നെ!
23.എഴുതാനിഷ്ടപ്പെട്ട സ്ഥലം,സമയം
എവിടെയും ,എപ്പോഴും.അസ്വാരസ്യങ്ങള്‍ ഇല്ലെങ്കില്‍ സൌകര്യമായി.വിശപ്പും ദാഹവും വേദനയുമില്ലെങ്കില്‍ കൂടുതല്‍ നന്നായി.
24.യാത്രകള്‍
ദേഹം കൊണ്ട് ഒരുപാടു യാത്രകളൊന്നും ഒരു മനുഷ്യനും ചെയ്യാനാവില്ല.പക്ഷേ,മനസ്സു കൊണ്ട് എത്രയുമാവാം.എന്റെ യാത്ര കൂടുതലും മനസ്സു കൊണ്ടാണ്.വിസ വേണ്ട,പാസ്പോര്‍ട്ട് വേണ്ട,റിസര്‍വ്വേഷന്‍ വേണ്ട-വെറുതെ അങ്ങു പോയാല്‍ മതി!അല്ലെങ്കിലും,എവിടെപ്പോയാലും നമ്മുടെ മനസ്സു പോലെയേ നാം കാണൂ!
25.മുന്‍പേ പറക്കുന്ന പക്ഷികളിലെ അര്‍ജ്ജുന്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ?ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍ ആയിരിക്കെ കണ്ടുമുട്ടിയ ഒരു കുറ്റവാളി?
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചെഴുതാന്‍ ബംഗാളിലും യു.പി.യിലെ തെറായ് പ്രദേശത്തും പോയി.അന്നത്തെ അനുഭവങ്ങളാണ് ആ നോവലിനാസ്പദം.കഥാപാത്രങ്ങളും കുറെയേറെ 'റിയല്‍ 'തന്നെ.
26.എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകം?ഇഷ്ട കഥാപാത്രം?കഥാപാത്രം തേടി വന്ന അനുഭവങ്ങളുണ്ടോ?
ഏതച്ഛനമ്മമാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സന്തതി അവസാനത്തെ ആളാവുന്നത് സ്വാഭാവികം.എനിക്കത് 'തീക്കടല്‍'ആണ്.കഥാപാത്രം തന്നെ കഥ പറഞ്ഞു തന്ന അപൂര്‍വ്വാനുഭവം ഈ കൃതിയില്‍ ഉണ്ടായി.
27.പബ്ലിസിറ്റി മത്സരങ്ങളില്‍ നിന്നും വാക്പയറ്റുകളില്‍ നിന്നും അകന്നുമാറി ഒറ്റപ്പെട്ട ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു.സാഹിത്യജീവിതത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങള്‍?
'എന്നെ കാണരുത്,ഞാന്‍ പോയ വഴിയേ കാണാവൂ'എന്നാണ് വ്യാസവാല്മീകിമാര്‍ മുതല്‍ പൂര്‍വ്വസൂരികള്‍ കരുതിയത്.സ്വന്തം പേരുപോലും അവര്‍ രേഖപ്പെടുത്തിയില്ല.'ആത്മനിരാസം'എന്ന ഇന്ദ്രജാലം അത്രയൊന്നും ഈ കാലത്ത് സാധിക്കില്ല.പക്ഷേ,ശ്രമിച്ചു നോക്കാമല്ലോ.
28.പുതിയ തലമുറയുടെ എഴുത്ത്,അവരോടു പറയാനുള്ളത്.
മുന്‍പേ പോയവരെ വായിക്കുക,സ്വന്തമായി മാത്രം എഴുതുക.അകത്തു നിന്നുള്ള കല്പനകള്‍ മാത്രം അനുസരിക്കുക.കരുത്തുള്ള മുളകള്‍ കാണുന്നു.തഴച്ചു വളരുക.കളകളെ അതിജീവിക്കുക.
29.ആരാധകര്‍ ഒരുപാട്.എത്രപേരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു?
ഫോണും തപാലും ഇന്റര്‍നെറ്റും വഴി ഒരുപാടാളുകള്‍,പ്രത്യേകിച്ചും സയന്‍സ്-ടെക്നോളജി വേദികളിലെ ചെറുപ്പക്കാര്‍,ബന്ധപ്പെടാറുണ്ട്.മറുപടിയെഴുതാന്‍ ഞാന്‍ വിഷമിക്കരുതെന്നു കരുതി തങ്ങളുടെ മേല്‍വിലാസം മനഃപൂര്‍വ്വം തരാതെ എഴുതുന്നവര്‍ പോലും ധാരാളം.
30.പുതിയ രചനകള്‍?പദ്ധതികള്‍?
'ഗീതാദര്‍ശനം'ഇംഗ്ലീഷിലായിക്കിട്ടിയാല്‍ കൊള്ളാമെന്ന് പലരും പറയുന്നതിനാല്‍ അതിനായി ശ്രമം.
31.ലോകത്തോട് പറയാനുള്ളത്?
'നന്ദി'എന്നു മാത്രം ,അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് 'ക്ഷമ'യും.
32.എഴുത്ത് എന്നാല്‍ എന്താണ് സി.രാധാകൃഷ്ണന്‍ എന്ന മനുഷ്യന്?
പ്രാണവായു.

 
 

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

നിദ്ര


പകര്‍ന്നു കഴിയുമ്പോള്‍
എല്ലാം തീര്‍ന്നുപോകുന്നു.
പ്രകാശത്തിന്റെ ഇരിപ്പിടം,
ജീവന്റെ വാല്‍നക്ഷത്രം,
എന്നു കരുതിയത്                    
തണുത്തിരുണ്ട
കരിക്കട്ടയാവുന്നു.
ചിരിക്കുന്ന നിന്റെ
സൂര്യമുഖം
കോമ്പല്ലുകള്‍ തുറന്ന്
എന്റെ മുഖത്തിനു
നേര്‍ക്കു പിടിച്ച
വിപരീതമാകുന്നു.
വിഹ്വലതകളുടെ
കയ്പുതീര്‍ക്കാന്‍
ഞാന്‍ തിരഞ്ഞെടുക്കുന്നതൊക്കെയും
വേദനയുടെ കയ്പന്‍
കടലുകളെ മാത്രം...
ഈ രാത്രി കൂടെ
കാത്തുനില്‍ക്കുക,
നിശാഗന്ധി വിരിയാന്‍
ഇനിയുമുണ്ട് നേരം.
പുലരും മുമ്പേ
യാമക്കോഴി കൂവുമ്പോള്‍
ഉണരാത്ത എന്നെ
വിളിച്ചുണര്‍ത്താന്‍
ഇനി നീ പോലും
വരാതിരിക്കുക.
നീ പോലും വരാതിരിക്കുക...

 

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പറയാന്‍ മറന്നത്....പറയാന്‍ ഒരുപാടു
ബാക്കി വെയ്ക്കുമ്പോള്‍
പറഞ്ഞതെല്ലാം
അര്‍ത്ഥശൂന്യമാകുന്നതു പോലെ
വരികള്‍ക്കിടയില്‍
എഴുതാന്‍ മറന്നത്,
വാക്കുകള്‍ക്കിടയില്‍
പറയാന്‍ മറന്നത്
മുള്ളുകളായി
ഹൃദയത്തില്‍ വന്നു
തറയ്ക്കന്നു.
ഈ വേദനയ്കു
പരിഹാരമില്ലേ
ചിന്തകളിലെ തീ
ഒരിയ്ക്കലും അണയുകയില്ലേ
വ്യര്‍ത്ഥജന്‍മത്തിന്റെ
വ്രണങ്ങള്‍ക്കിടയിലും
പുഞ്ചിരി വിടര്‍ത്താന്‍
കഴിയുമെന്ന് നീ പറയുന്നു.
ഒരു പുഞ്ചിരി
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
ഒരുപാടു തുള്ളി കണ്ണീരില്‍
നിന്നാവാം.
വേദനയോടെ
നീ മടങ്ങുമ്പോള്‍
എന്റെ ജന്മം
കണ്ണാടിച്ചില്ലുകളായി
നുറുങ്ങിപ്പോവുന്നു,
ഓരോ ചില്ലിലും
നിന്റെ ദൈന്യതയുടെ
നിഴലുകള്‍ ബാക്കി വെയ്ക്കുന്നു
സൌഹൃദംചിലപ്പോള്‍
പൂരിപ്പിക്കാന്‍
കഴിയാത്ത ഒരു
സമസ്യയാവുന്നതെന്താണ്........

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അഭിമുഖം-ചന്ദ്രിക വാരിക ഓഗസ്റ്റ്‌ 27/ഷീബ ഇ കെ


         
എഴുതാനിരിക്കുമ്പോള്‍     സംഭവിക്കുന്നത്.

മികച്ച കഥയെക്കുറിച്ചുള്ള സങ്കല്പമെന്താണ്?
വായന കഴിയുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്നതാവണം കഥ.വേദനയോ ചിരിയോ കുറ്റബോധമോ സന്തോഷമോ നഷ്ടബോധമോ എന്തെങ്കിലും ഒന്ന് കഥ വായിച്ചു തീര്‍ന്നും പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കണം,കുറച്ചു നാളത്തേക്കെങ്കിലും.ഉണങ്ങിക്കഴിഞ്ഞാലും അമര്‍ത്തിത്തൊടുമ്പോള്‍ ചോര പൊടിയുന്ന ഒരു മുറിവു പോലെ.

സ്ത്രീജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍ മലയാളത്തില്‍ എത്ര കണ്ട് പ്രബലമായിട്ട് വന്നു എന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ആകാശം പോലെ വിസ്തൃതമാണ് പെണ്‍ജീവിതം.പക്ഷേ, ജാലകപ്പഴുതിലൂടെ കാണുന്ന ആകാശക്കീറു പോലെയേ അതിന്റെ വ്യാപ്തി നമ്മള്‍ അറിയുന്നുള്ളൂ.പകലിരവുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് എന്തെല്ലാം വര്‍ണ്ണപ്പകര്‍ച്ചകളാണ് ആകാശത്ത് വിരിയുന്നത്.അതുപോലെ സങ്കീര്‍ണ്ണമാണ് പെണ്‍മനസ്സും.പ്രവചനാതീതമാണത്.മാധവിക്കുട്ടിയുടെയും രാജലക്ഷ്മിയുടെയും കഥകളില്‍ ആ സങ്കീര്‍ണ്ണത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.തീരെ സാധാരണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള സ്ത്രീകള്‍..പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ മനസ്സാണ്. മലയാളത്തിന്റെ കഥകളില്‍ ആ സങ്കീര്‍ണ്ണത മുഴുവന്‍ പ്രബലമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.അസാധാരണമായ വിധത്തില്‍ സങ്കീര്‍ണ്ണതയുടെ നിറം ചേര്‍ത്ത സ്ത്രീകഥാപാത്രങ്ങളെ ചില കഥകളില്‍ വായിക്കുമ്പോള്‍ പക്ഷേ,മടുപ്പാണ് തോന്നുക.യഥാര്‍ത്ഥജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ ആവിഷ്കാരങ്ങള്‍ കുറവാണ്.

സ്ത്രീ എഴുതുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
(a)സ്ത്രീയുടെ എഴുത്തും സമൂഹവും.

സ്ത്രീയും പുരുഷനും രണ്ടു വിധത്തില്‍ പെരുമാറണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന പുരുഷന്‍ ധീരനാണെന്ന് പുകഴ്ത്തപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്ന സ്ത്രീ അഹങ്കാരിയാണ്.എഴുത്തിന്റെ കാര്യത്തിലും സ്വാഭാവികമായും സമൂഹം ഈ വേര്‍തിരിവു പ്രതീക്ഷിക്കുന്നുണ്ട്.സ്ത്രീ(എഴുതുകയാണെങ്കില്‍) അച്ചടക്കത്തോടെ,അടക്കമൊതുക്കത്തോടെ(തല താഴ്ത്തി മുഖം കുനിച്ച് ഗ്രാമപാതയിലൂടെ പാഠശാലയിലേക്ക് പോകുന്ന പെണ്‍കുട്ടിയെപ്പോലെ) എഴുതിയാല്‍ മതി.അതില്‍ പച്ചയായ വികാരാവിഷ്കാരങ്ങളോ പൊട്ടിത്തെറികളോ തുറന്നു പറച്ചിലുകളോ പാടില്ല.തീര്‍ച്ചയായും അത് സഭ്യമായിരിക്കണം.തുറന്നെഴുതാന്‍ ധൈര്യം കാണിച്ച എഴുത്തുകാരികളെ അഭിസാരികയെന്നു മുദ്ര കുത്തിയ സമൂഹം എഴുത്തുകാരിയുടെ പിന്നാലെ ഒരു അളവുകോലുമായി നടക്കുന്നുണ്ട്.തുറന്നെഴുതുന്ന എഴുത്തുകാരന്‍ ഒരിക്കലും വിടന്‍ ആവുന്നില്ല.അവനെത്തേടി അശ്ലീലസന്ദേശങ്ങള്‍ വരികയില്ല.അവന്‍ എഴുതുന്നതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണ്.എന്നാല്‍ എഴുത്തുകാരി തുറന്നെഴുതുമ്പോള്‍ അത് അവളുടെ അനുഭവങ്ങളായി എണ്ണപ്പെടുകയും അവള്‍ ശരിയല്ലാത്തവള്‍ ആയിത്തീരുകയും ചെയ്യുന്നു.ചില രചനകളില്‍ ഈ അടക്കിവെയ്കല്‍ പ്രകടമായിക്കാണാം.അതേസമയം,തുറന്നെഴുത്ത് എന്ന പേരില്‍ ഒരുപാട് അസഭ്യങ്ങള്‍ എഴുതിക്കാണുന്നത് അരോചകമാണ്.

(b) സ്ത്രീയും എഴുത്തും

സാമൂഹികമായും ജൈവികമായും സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം.എഴുത്തിന് ഇവയെല്ലാം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാന്‍ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്.ഭാര്യയും അമ്മയും മകളും മരുമകളും സഹോദരിയും കാമുകിയും ഉദ്യോഗസ്ഥയുമൊക്കെയായി പലവിധ റോളുകള്‍ ആടിത്തീര്‍ത്തതിനു ശേഷം വീണു കിട്ടുന്ന ഇടവേളകളിലാണ് അവള്‍ എഴുത്തുകാരിയുടെ കുപ്പായം എടുത്തണിയുന്നത്.ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ക്കതിനു കഴിയാതെയും വരുന്നു.കൂടിക്കിടക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്കിറങ്ങുന്നതിന് പരിമിതികള്‍ ഉണ്ട്.കടമകളാല്‍ തീപിടിച്ച മനസ്സില്‍ എന്തെങ്കിലും ആശയങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ത്തന്നെ അത് ഇറക്കിവെയ്ക്കാന്‍ കാലതാമസം വരാം.ചിലത് പാടെ വിസ്മൃതമായേക്കാം.ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ല.അതേസമയം മിക്ക പുരുഷന്‍മാരും ജോലിസമയം കഴിയുന്നതോടെ സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്.ക്ലബ്ബിലോ ബാറിലോ ടി വി ക്കു മുമ്പിലോ വായനാ മുറിയിലോ അവര്‍ സമയം ചെലവിടുമ്പോള്‍
ഉദ്യോഗസ്ഥ വനിത രാത്രി ഭക്ഷണത്തിന്റെയും മറ്റും തിരക്കുകളിലായിരിക്കും.വീട്ടുജോലികളില്‍ സഹായിക്കുന്ന പുരുഷന്‍മാര്‍ ഉണ്ട് എങ്കിലും 'എനിക്കിന്ന് എഴുതാനുണ്ട് 'എന്നു പ്രഖ്യാപിച്ച് എഴുത്തു മുറിയില്‍ കയറി വാതിലടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.കാരണം,അവള്‍ ഭക്ഷണം വിളമ്പുന്നതും കാത്ത് തീന്‍മേശയില്‍ വൃദ്ധരും കുട്ടികളും യുവാക്കളും കാത്തു നില്കുന്നുണ്ട്.ശാരീരീകാദ്ധ്വാനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല.ഈ രീതിയില്‍ തന്നെ ജീവിതം കറങ്ങുമ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നു,ചിലര്‍ ഒതുങ്ങിക്കൂടുന്നു.

(c)എന്റെ എഴുത്ത്
കൂട്ടുകാരും ബഹളങ്ങളും കുറഞ്ഞ,അന്തര്‍മുഖത്വം നിറഞ്ഞ ബാല്യ-കൌമാരങ്ങള്‍.പുസ്തകങ്ങളും ചായക്കൂട്ടുകളും പ്രകൃതിയും സ്വയം സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പ്രചോദനമായി.പരിമിതികള്‍ ഉണ്ടെങ്കിലും എഴുത്ത് എന്റെ സ്വകാര്യ സന്തോഷമാണ്.കൊടുങ്കാറ്റും പേമാരിയുമുള്ള ഇരുണ്ട രാത്രിയില്‍ വനത്തിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അതെന്നെ നിസ്സഹായയും ബന്ധിതയുമാക്കിയിട്ടുണ്ട് ചിലസമയത്ത്.എങ്കിലും തടാകത്തില്‍ വീണ് വീര്‍പ്പുമുട്ടി പൊങ്ങി ശ്വാസമെടുക്കുമ്പോള്‍ തോന്നുന്ന ആശ്വാസവും അതെനിക്കു തന്നിട്ടുണ്ട്.വേദനാനിര്‍ഭരമായ എഴുത്തുപേക്ഷിച്ച് സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ തന്നെ വിവരണാതീതമായ സമാശ്വാസം അതു പകര്‍ന്നു തന്നിട്ടുണ്ട്.എഴുത്തില്‍ നിന്ന് ഉണ്ടാവുന്ന വേദന മറ്റാരുമായും പങ്കുവെച്ച് തീര്‍ക്കാന്‍ വയ്യ.അതുപോലെ അതിന്റെ ആനന്ദവും പങ്കിട്ട് ഇരട്ടിപ്പിക്കാനാവില്ല.
മുറിവു പോലെയാണത്.ആത്മാവിന്റെ മുറിവുകള്‍.


ദുഃഖങ്ങളുടെ സമാന്തരത്വമാണു ജീവിതം എന്ന ആശയമല്ലേ 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.'എന്ന കഥയില്‍ ഉയര്‍ത്തുന്നത്?
ദുഃഖങ്ങള്‍ എപ്പോഴും ജീവിതത്തിനു സമാന്തരമായി ഉണ്ട്.ഒരുപക്ഷേ,സുഖങ്ങളേക്കാള്‍ സുനിശ്ചിതമായ ദുഃഖങ്ങള്‍ നമുക്കുണ്ട്.ആരിലും അസൂയ ജനിപ്പിക്കുമാറ് ഊര്‍ജ്ജസ്വലരായ ചിലരെ കണ്ടിട്ടുണ്ട്.പഠിക്കുന്ന കാലത്തൊക്കെ എല്ലാവരുടെയും ആരാധനാ പാത്രമായ കുട്ടികള്‍.വളരെ ഉയര്‍ന്ന നിലകളില്‍ അവരെത്തുമെന്ന് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുന്നവര്‍.പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അവസ്ഥയിലേ അല്ല.പഴയ ഊര്‍ജ്ജസ്വലന്റെ പ്രേതം കണക്കേ അവര്‍.
അതേ സമയം നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നിരുന്ന ചിലര്‍ ഒരുപാടുയരത്തില്‍ എത്തിയിട്ടുമുണ്ടാവും.
നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി, തൂപ്പുജോലിക്കുള്ള ഇന്റര്‍വ്യൂവിനു ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍,സുന്ദരിയായിരുന്നവള്‍ അംഗവൈകല്യമുള്ള ദരിദ്രനായ ഭര്‍ത്താവിന്റെ കൈ പിടിച്ചു വന്നപ്പോള്‍ ,ഉല്ലാസവതിയായ പെണ്‍കുട്ടി വിധവയായി കുഞ്ഞുങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു പുഞ്ചിരിച്ചപ്പോള്‍,ചുമട്ടുകാരന്റെ മകന്‍ ആഢംബരക്കാറില്‍ വന്നു പരിചയം പുതുക്കിയപ്പോള്‍ തോന്നിയ വിസ്മയങ്ങള്‍.അതില്‍ നിന്നുണ്ടായതാണ് 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.' ചിലപ്പോള്‍ സന്തോഷമാവാം,ചിലപ്പോള്‍ ദുഃഖങ്ങളാവാം.ജീവിതം ഓരോരുത്തര്‍ക്കും കരുതിവെയ്ക്കുന്നതെന്താവാം...ആ അനിശ്ചിതത്വം തന്നെയാണ് ജീവിതം.പ്രതീക്ഷ കൈവിടാത്തവര്‍ ആനന്ദത്തെ കണ്ടെത്തുന്നു.അല്ലാത്തവര്‍ മരീചിക തേടി മരണം വരെ അലയുന്നു.