2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

എന്റെ സരോജിനിച്ചെടി /വര്‍ത്തമാനം സണ്‍‌ഡേ 4/9/2011


പ്രകൃതിയിലാണ് ഓണത്തിന്റെ വരവ് ആദ്യം തിരിച്ചറിയാന്‍ കഴിയുക.ഓരോ പുല്‍ക്കൊടിയിലും പൂവിരിയുന്ന പ്രകാശപൂര്‍ണ്ണമായ ഒരു കാലം.കര്‍ക്കിടക മഴയില്‍ കുതിര്‍ന്ന ഭൂമിയില്‍ എവിടെ നിന്നറിയാതെ വന്നെത്തി നോക്കുന്ന ചിങ്ങവെയിലില്‍ , ഓണക്കാലത്തു മാത്രം കാണുന്ന പൂക്കള്‍.പ്രകൃതിക്ക് ഒരു സവിശേഷഭംഗിയാണ് ഓണക്കാലത്ത്.മഴ മൂടിയ മനസ്സുകളില്‍പ്പോലും പ്രകാശത്തിന്റെ ഒരു പൊന്‍വെയില്‍ ചിന്ത് കടന്നു പോകുന്ന ഒരു കാലമാണത്.
പ്രകൃതിയെ നിരീക്ഷിക്കാന്‍ പഠിപ്പിച്ചതും അതിന്റെ ഭാവമാറ്റങ്ങള്‍ ആദ്യം കാണിച്ചു തന്നതും സരോജിനിയാണ്. ഓണമെന്നാല്‍ പ്രകൃതിയും പ്രകൃതി സരോജിനിയുമാകുമ്പോള്‍ എന്റെ ഓണസ്മൃതികള്‍ സരോജിനിക്കൊപ്പം തൊടികളിലും കുന്നിന്‍ ചെരുവുകളിലും പൂ തേടിയിറങ്ങുന്നു.
സരോജിനി ഞങ്ങളുടെ കൂടെ താമസിക്കാനെത്തുമ്പോള്‍ എനിക്ക് ആറുവയസ്സ്.
ഉമ്മ കഴിഞ്ഞാല്‍ അധികാരത്തോടെ ശാസിക്കാനും ചിലപ്പോള്‍ ഒരടി വച്ചു തരാനും സ്കൂളിലേക്കു കൈപിടിച്ചു കൊണ്ടു പോവാനും ജീവിതത്തിന്റെയും പ്രകൃതിയുടെയും അതുവരെയറിയാത്ത കഥകള്‍ പറഞ്ഞു തരാനും പിന്നെ കുറേ വര്‍ഷങ്ങള്‍ സരോജിനി കൂടെയുണ്ടായിരുന്നു.ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു വന്ന് പട്ടണജീവിതവുമായി പെട്ടെന്നു പൊരുത്തപ്പെട്ട്, വീട്ടില്‍ സന്ദര്‍ശകരായി വരുന്ന പലതലത്തിലുള്ള ആളുകളുടെയും ബന്ധുക്കളുടെയുമെല്ലാം പ്രശംസക്കു പാത്രമായി,അടുക്കളയില്‍ ഉമ്മയുടെ സഹായിയായി പത്തിരിയും നെയ്ച്ചോറും കലത്തപ്പവുമൊക്കെ ഉണ്ടാക്കാന്‍ പഠിച്ച്,വീട്ടുമുറ്റത്ത് ചെടികള്‍ നട്ടു നനച്ചു വളര്‍ത്തി,അവ കേടുവരുത്തിയാല്‍ അധികാരത്തോടെ ശാസിച്ച്,കോഴികളെ വളര്‍ത്തി,നിരവധി പരിചയങ്ങള്‍ ഉണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടു പോയി,അങ്ങനെ.....
ഒഴിവു സമയങ്ങളില്‍ സരോജിനി പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ കൂട്ടിനു ഞാനും പോകും.സരോജിനിക്കറിയാത്ത ചെടികളും മരങ്ങളുമില്ല.ഒരു ചെടിയേയും പാഴ്ചെടിയെന്ന് സരോജിനി പറയില്ല.ഒന്നുകില്‍ ഇല, അല്ലെങ്കില്‍ വേര്,കായ്,പൂവ് എന്തെങ്കിലും ഉപകാരമുണ്ടാകും ഓരോ ചെടിക്കും.(വര്‍ഷങ്ങള്‍ക്കു ശേഷം നാടാകെ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍,കഠിനവേദനക്കെതിരെ എല്ലാ ഔഷധങ്ങളും പരാജയപ്പെട്ടിടത്ത് കമ്മ്യൂണിസ്റ്റ് പച്ചയെന്ന പാഴ്ചെടി വിജയിച്ചപ്പോള്‍,ഞാന്‍ സരോജിനിയെ ഓര്‍ത്തു)..ചില ചെടികളുടെ വിത്തു വിരിഞ്ഞിറങ്ങുമ്പോഴേ സരോജിനി അതിലുണ്ടാവുന്ന പൂവിന്റെ ഒരു വിവരണം തരും.അങ്ങനെ എത്രയോ കാട്ടു ചെടികള്‍ പൂവിടുന്നതും കാത്തിരുന്നിട്ടുണ്ട്.വേലിയുടെ അതിരില്‍ മിനുത്ത പച്ചയിലകളുള്ള ഒരു ചെടിക്കൂട്ടമുണ്ടായിരുന്നു.അതില്‍ പലവര്‍ണ്ണപ്പൂക്കള്‍ വിരിയുമെന്ന് സരോജിനി പറഞ്ഞതു മുതല്‍ ഞാന്‍ കാത്തിരിപ്പായിരുന്നു.ഒടുവില്‍ ഒരുപാടു കാലം കഴിഞ്ഞ് ലേസു പോലെ വെളുത്ത പൂക്കള്‍ അതില്‍ വിരിഞ്ഞപ്പോഴേക്ക് സരോജിനി വീട്ടില്‍ നിന്നുംപോയിരുന്നു.ഇപ്പോഴും ഞാന്‍ കരുതുന്നത് സരോജിനിക്ക് ചെടി മാറിപ്പോയതാവില്ല,അവിടെ മറ്റേതോ ചെടി വളര്‍ന്നു വന്നതാവും.
അത്തം പിറന്നാല്‍ ഞങ്ങള്‍ പൂതേടിയിറങ്ങും. തൊടിയിലും കുളിര്‍മലയുടെ ചെരിവിലും കുളക്കരയിലുമൊക്കെ പൂതേടിയിറങ്ങുന്ന ഈറന്‍സന്ധ്യകള്‍.അതുവരെ കാണാത്ത കാട്ടു പൂക്കള്‍,കുന്നിമണി കായ്ക്കുന്ന വള്ളിച്ചെടി,അരളിക്കൂട്ടങ്ങള്‍,അനിര്‍വ്വചനീയമായ ഗന്ധങ്ങള്‍...
ഇപ്പോഴും ഓര്‍മ്മയിലുണ്ട് കൃഷ്ണവര്‍ണ്ണപ്പൂങ്കുലകളും തീഷ്ണഗന്ധവുമുള്ള ഒരു കാട്ടു ചെടി.പൂക്കള്‍ക്ക് അത്ര ഭംഗിയില്ലെങ്കില്‍ക്കൂടി,കുന്നിന്‍ചെരിവില്‍ ഒറ്റപ്പെട്ടു നിന്ന ആ ചെടിക്ക് ഒരു വല്ലാത്ത കാനനഭംഗിയുണ്ടായിരുന്നു.ആ ചെടിയേയും എന്തോ പേരു വിളിച്ചു സരോജിനി(ഞാനതിനെ സരോജിനിച്ചെടിയെന്നും)
പൂക്കളെല്ലാം ചേമ്പിലകളില്‍ പൊതിഞ്ഞ് ഉമ്മയുടെ ശകാരങ്ങളിലേക്ക് കൊതുകുകടിയേറ്റ തിണര്‍പ്പന്‍ കാലുകളുമായി ഞങ്ങള്‍ മടങ്ങി വരും.രാവിലെ മുറ്റത്തെ സിമന്റു തറയില്‍ മണ്ണും ചാണകവും മെഴുകി പൂക്കളമിടും.എന്നിട്ടതിന്റെ ഭംഗി കൂട്ടാന്‍ ഒരു പിടി മുക്കുറ്റി,ഒരു കുമ്പിള്‍ തുമ്പപ്പൂ എന്തെങ്കിലും തേടി നടക്കും.
ഓണത്തിനു മാത്രമാണ് സരോജിനി സ്വന്തം വീട്ടില്‍ പോവുക.ചെറുപ്പത്തിലേ അമ്മ മരിച്ചു.ചെറിയമ്മ വന്നതോടെ പഠിത്തവും നിലച്ചു.നന്നായി പഠിക്കുമായിരുന്നു.പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയതെന്തും വായിക്കും.മീന്‍ പൊതിഞ്ഞു വരുന്ന കടലാസുപോലും സ്വയം മറന്നു വായിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.രാത്രികളില്‍ റേഡിയോ തുറന്നു വച്ച് ഗാനതരംഗിണിയും നാടകവും വിടാതെ കേള്‍ക്കും.ആ രാത്രികളിലാണ് യേശുദാസും കൃഷ്ണചന്ദ്രനും,ശ്യാമും ജോണ്‍സണുമൊക്കെ ഞങ്ങള്‍ക്കു പ്രിയപ്പെട്ട ആരൊക്കെയോ ആയിത്തീര്‍ന്നത്.
ഓണത്തിനു സരോജിനിയെക്കൊണ്ടു പോവാന്‍ അച്ഛന്‍ വരുന്നതോടെ എന്റെ ഓണം പൊലിമയില്ലാതായിത്തീരും.സരോജിനിയുടെ ഗ്രാമത്തിലെ ഓണത്തെപ്പറ്റി ഞാന്‍ ദിവാസ്വപ്നങ്ങള്‍ കാണും.പാലട പ്രഥമന്‍, പഴം നുറുക്ക്,കുട്ടിയും കോലും,തുമ്പിതുള്ളല്‍,ഊഞ്ഞാലാട്ടം അതൊക്കെ ഭാവനയില്‍ കാണുകയല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു.
പെരുന്നാളിന് ഈ രസങ്ങളൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടും.
തിരിച്ചു വരുമ്പോള്‍ സരോജിനി എന്തെങ്കിലും കൊണ്ടു വരാതിരിക്കില്ല.ഒരിക്കല്‍ പുന്നെല്ലിന്റെ അവില്‍-അത്ര രുചിയുള്ള അവില്‍ പിന്നെ ഒരിക്കലും കഴിച്ചിട്ടില്ല-ചിലപ്പോള്‍ പലതരം ചെടികള്‍--തവിട്ടു നിറച്ചെമ്പരുത്തിയും വാടാമല്ലിയും ആദ്യം കാണുന്നത് സരോജിനികൊണ്ടു വന്നപ്പോഴാണ്.
സരോജിനിക്ക് ഒരു പെട്ടിയുണ്ടായിരുന്നു.വസ്ത്രങ്ങളും മാലയും വളയുമൊക്കെ സൂക്ഷിക്കാനുള്ള ഒരു ചെറിയ പെട്ടി.ഒരിക്കല്‍ അതിനകത്ത് സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതിവച്ചത് വായിക്കാനിടയായി.അസുഖബാധിതയായ അമ്മയുടെ മരണം കണ്ടത്,അച്ഛന്റെ നിസ്സഹായത,രണ്ടാനമ്മയുടെ വരവ്,സഹോദരന്മാരില്ലാത്ത വിഷമം, പഠിത്തം മുഴുമിപ്പിക്കാന്‍ കഴിയാത്തതിന്റെ വേദന....പത്തോ പന്ത്രണ്ടോ വയസ്സില്‍ സരോജിനി അനുഭവിച്ചതെന്തെല്ലാം...അന്നതു വായിച്ചപ്പോള്‍ കുട്ടിയായ എനിക്ക് വിഷമം തോന്നിയെങ്കിലും പിന്നീടാലോചിക്കുമ്പോഴാണ് ആ സങ്കടത്തിന്റെ ആഴം മനസ്സിനാക്കാനാവുന്നത്.
നാടും വീടും സഹോദരിമാരെയുമൊക്കെ വിട്ട് മറ്റൊരു കുടുംബത്തിന്റെ ഭാഗമാവുമ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കണം ഒരു കൌമാരക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സ്..ആ നഷ്ടബോധങ്ങളെ മറികടക്കാനായിരുന്നുവോ സരോജിനി, പ്രകൃതിയെന്ന അമ്മയുടെ മാറിലേക്കിറങ്ങിയത്...
സരോജിനിക്കൊപ്പം നടന്ന് ഞാനും പ്രകൃതിയുടെ ആരാധികയായി.ഒരു പുല്‍മേട്,കിളിയൊച്ച,വെയില്‍ നാളം-ഹൃദയത്തിന്റെ തമോഗര്‍ത്തങ്ങളില്‍ പ്രകാശരേണുവായി അവയെല്ലാം.
പുല്‍പ്പടര്‍പ്പില്‍ ഇളം മഞ്ഞപ്പൂക്കള്‍ പരവതാനി നെയ്തതു കണ്ടപ്പോള്‍,ദശപുഷ്പങ്ങളെ തൊട്ടറിഞ്ഞപ്പോള്‍,പുസ്തകത്താളില്‍ മാത്രം കണ്ട ഇലമുളച്ചിയെ തിരിച്ചറിഞ്ഞപ്പോള്‍ ,രണ്ടു തരം വെള്ളരിത്തണ്ടുകള്‍ മതിലില്‍ നിന്നു കിട്ടിയപ്പോള്‍ തോന്നിയ അത്ഭുതാനന്ദവിസ്മയചിത്രങ്ങള്‍..എല്ലാം ഒരുപാടു ദൂരത്തേക്കു പോയിരിക്കുന്നു.എങ്കിലും എല്ലാം പ്രകൃതിയും ഔഷധങ്ങളുമായിരുന്നു.
മുറ്റത്ത് ആര്‍ത്തു വളരുന്ന മുത്തങ്ങപ്പുല്ലിലും കറുകവേരിലും ജീവൌഷധങ്ങളുണ്ടെന്ന തിരിച്ചറിവ്-അത് പ്രകൃതിയെ തൊട്ടറിയല്‍ കൂടിയായിരുന്നു.
വര്‍ഷങ്ങള്‍ കുത്തിയൊലിച്ചു പോയിരിക്കുന്നു.സരോജിനി കുടുംബിനിയായി അമ്മയും അമ്മൂമ്മയുമായിക്കഴിയുന്നു.ഓണവും ഒരുപാടു മാറിപ്പോയി.ഓണം വരുമ്പോഴും പ്രകൃതിക്ക് കണ്ണീരുണങ്ങുന്നില്ല.വയലുകള്‍ നികത്തി ഫ്ലാറ്റുകള്‍ പണിത്,ഓണാഘോഷമെന്ന പേരില്‍ മദ്യവിപണി കൊഴുപ്പിച്ച്,ഇന്‍സ്റ്റന്റ് സദ്യകള്‍ മേശയില്‍ നിരത്തി വെയ്ക്കുമ്പോള്‍ പ്രകൃതിക്ക് എങ്ങനെ ചിരിക്കാന്‍ കഴിയും?
പെരുമഴയായിരുന്നു കഴിഞ്ഞ രണ്ട് ഓണക്കാലത്തും.പൂക്കളെല്ലാം നനഞ്ഞു കുതിര്‍ന്ന് വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍.ടി വി യിലെ മടുപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടിയില്‍ മഹാബലി വന്നത് ആരുമറിഞ്ഞതേയില്ല.
അന്ന്,ഉത്രാടസായാഹ്നത്തില്‍ എന്തിനെന്നറിയാതെ ധൃതി കൂട്ടുന്ന ആളുകള്‍ക്കിടയിലൂടെ നടന്നു വരുമ്പോള്‍ ഏതോ തെന്നിന്ത്യന്‍ നടിയുടെ സെറ്റുമുണ്ടുടുത്ത കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡിനു താഴെ വിഷണ്ണതയോടെയിരുന്ന് മഹാബലി പറഞ്ഞു,ഓണമല്ലേ,ഒന്നു വന്നു പോവണ്ടേ എനിക്കും....
ഈ തിരക്കുകളെല്ലാം തീര്‍ന്ന് സാധാരണജീവിതത്തിലേക്ക് ഒന്നു വേഗം തിരിച്ചുപോകാന്‍ കഴിയണേ എന്നാഗ്രഹിച്ച് മഴ നനഞ്ഞ വഴിയിലൂടെ തിരിച്ചു പോരുമ്പോള്‍ കാര്‍മുകില്‍ വര്‍ണ്ണപ്പൂക്കള്‍ ചൂടി മഴ നനയുകയായിരിക്കുമോ കുന്നിന്‍ചെരിവിലെ എന്റെ സരോജിനിച്ചെടി എന്ന് ഒരു വേള ഞാന്‍ ഓര്‍ത്തു.

3 അഭിപ്രായങ്ങൾ: