2010 ഡിസംബർ 19, ഞായറാഴ്‌ച

ഏതൊ ജന്മ കല്പന പോലെ....

ഏതൊ ജന്മ കല്പന പോലെ
".......നിന്റെയത്രതന്നെ ഞാനും
ശാശ്വത വിരഹം പേറുന്നു.
നീയെന്തിനു കരയുന്നു
നിന്റെ കൈകളെനിക്കു തരൂ
ഒരു സ്വപ്നത്തില്‍ വീണ്ടുമെന്നെ
വന്നു കാണാമെന്നു വാക്കു തരൂ
വിഷാദത്തിന്റെ ഒരു പര്‍വ്വമാണു നാം
ഇനിയൊരിക്കലും ഈ ഭൂമിയില്‍
നാം കണ്ടുമുട്ടില്ല
എങ്കിലും,പാതിരായ്ക്ക് നക്ഷത്രങ്ങളിലൂടെ
ഒരു സന്ദേശം...അതെങ്കിലും ..."
(അന്ന അഖ്മത്തോവ)
               1987 ലെ വേനല്‍ക്കാലം.മാര്‍ച്ച് -ഏപ്രിലിലെ കൊടും ചൂട്.അവധിക്കാലം.സ്കൂളില്‍ ചെറിയ ക്ളാസില്‍ പഠിക്കുകയാണു ഞാന്‍.അന്നൊക്കെ അവധിക്കാലം വല്ലാത്തൊരാഘോഷമാണ്.കളികള്‍,മലകയറ്റം,സാഹിത്യ സമാജം,കൈയെഴുത്തു മാസിക,സിനിമാ പ്രദര്‍ശനം...ഒന്നും വിട്ടു പോവാതിരിക്കാന്‍ നേരത്തെ തയ്യാറെടുക്കും.ആഘോഷങ്ങളുടെ ആ കൊടും ചൂടിലേക്കാണ് അപ്രതീക്ഷിതമായി അവര്‍ എത്തിയത്-ഔദ്യോഗികാവശ്യത്തിനായി ഇന്ത്യയിലെത്തിയ ആറു ജപ്പാന്‍കാര്‍.തൊട്ടടുത്തവീട്ടില്‍ അവര്‍ താമസമാക്കിയതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറങ്ങള്‍ക്കു തിളക്കമേറി.ഇരുവീടുകള്‍ക്കുമിടയില്‍ കുടപിടിച്ചു നില്‍ക്കുന്ന,നിറയെ കായ്ചു കിടക്കുന്ന ഒരു പ്ലാവുണ്ട്.മുറ്റത്തെ ചാമ്പമരത്തില്‍ നിന്നു പ്രത്യേകം തിരഞ്ഞെടുത്ത ഒരുപിടി ചാമ്പയ്കയുമായി ഞാന്‍ ആ പ്ലാവിന്‍ ചുവട്ടില്‍ കാത്തുനില്പു തുടങ്ങി.കുറേകഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് സൌമ്യമായ മുഖവും പാവക്കുഞ്ഞുങ്ങളുടേതു പോലെ തിളങ്ങുന്ന മുടിയുമുളള ഒരാള്‍ പുറത്തേക്കിറങ്ങി വന്നു.എന്നെക്കണ്ട് ചിരിച്ചു കൊണ്ട് അദ്ദേഹം വന്നു കൈ നീട്ടി,പേരു ചോദിച്ചു.പിന്നെ പ്ലാവില്‍ നില്‍ക്കുന്ന വലിയ പഴങ്ങളെക്കണ്ട് അത്ഭുതം കൂറി.അദ്ദേഹത്തിന് ഇംഗ്ലീഷ് ഏതാനും വാക്കുകളേ അറിയൂ.ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു പ്രശ്നമായില്ല.പേര് മിസോയ് എന്നാണെന്നും എന്റെ പ്രായമുളള ഒരു മകളുണ്ട് എന്നും പറഞ്ഞ് കൈനിറയെ ഒരുപാടു മിഠായികള്‍ തന്നു.അങ്ങനെ ഞങ്ങളുടെ അവധിക്കാല സംഘത്തിലേക്ക് അദ്ദേഹവും എത്തിച്ചേര്‍ന്നു.
എന്നോടായിരുന്നു കൂടുതല്‍ ഇഷ്ടം.ഒരു പക്ഷേ സ്വന്തം മകളെ ഓര്‍മ്മ വരുന്നതു കൊണ്ടാവാം.എന്തു കൊണ്ടുവന്നാലും എനിക്കാണു തരിക.ജപ്പാനെക്കുറിച്ച് അന്നു വലിയ വിവരമൊന്നും ഇല്ല.ഹിരോഷിമ,നാഗസാക്കി ചിത്രങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ വളരെ ഭീകരമാണ് അവിടുത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍ ആ മുഖം ചുവക്കുന്നതും പുഞ്ചിരി മായുന്നതും ഞാനാദ്യമായി കണ്ടു.
ഏപ്രിലിലെ ചൂട് അസഹ്യമായിരുന്നു.കാലാവസ്ഥ തീരെ പിടിക്കുന്നില്ല എന്നു പറയുമായിരുന്നെങ്കിലും കഠിനാദ്ധ്വാനിയും ഊര്‍ജ്ജ്വസ്വലനും പ്രസന്നഭാവമുളളവനുമായിരുന്നു അദ്ദേഹം.ഉച്ചഭക്ഷണത്തിനു വേണ്ടി വീട്ടില്‍ വന്നാല്‍ ആ കൊടും ചൂടിലെ വിശ്രമമൊഴിവാക്കി ജോലിസ്ഥലത്തേക്ക് തിരിച്ചു പോകുന്നതുവരെ പ്ലാവിന്റെ ചുവട്ടില്‍ ഞങ്ങള്‍ക്കൊപ്പമിരുന്നു സംസാരിക്കും.വെയിലു തട്ടി ആ മുഖവും ശരീരവും പിന്നെ ഇളം തവിട്ടു നിറമായി.വൈകുന്നേരം വീടെത്തിയാല്‍ ഇരുളും വരെ ഞങ്ങള്‍ക്കൊപ്പം ഷട്ടില്‍ കളിക്കും.ഞാനും അദ്ദേഹവുമായും എല്ലായ്പ്പോഴും മത്സരിക്കും.ആ സമയത്ത് ഒരു കുട്ടിയായ എന്നെ അദ്ദേഹം ഒരു സുഹൃത്തായി,വ്യക്തിയായി പരിഗണിക്കുമായിരുന്നു.ജോലിസ്ഥലത്തെ വിശ്രമവേളകളിലും വെറുതെയിരിക്കില്ല.ഓരോരോ പാഴ് വസ്തുക്കളും കടലാസുമൊക്കെ ഉപയോഗിച്ച് അതിമനോഹരമായ കളിപ്പാട്ടങ്ങളും കൌതുകവസ്തുക്കളുമുണ്ടാക്കും.വൈകുന്നേരം ഞങ്ങള്‍ക്ക് അതെല്ലാം തരും..ഇപ്പോഴുമോര്‍ക്കുന്നു,എല്ലാ കൂട്ടുകാര്‍ക്കും കൊടുത്തു കഴിഞ്ഞ് വെറും കൈയോടെ നില്കുന്ന എനിക്കായി മനോഹരമായ ഒന്ന് ഒളിപ്പിച്ചു പിടിച്ച് ചിരിയ്ക്കുന്ന ആ മുഖം....
വിഷു വന്നെത്തി.ചുറ്റുപാടും പൂത്തിരികളും പടക്കങ്ങളും.അതെല്ലാം എന്താണെന്ന് ആരോടോ ചോദിച്ചറിഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്കൊരുപാട് പൂത്തിരിയും മത്താപ്പുമൊക്കെ സമ്മാനിച്ചു.ഞങ്ങളതെല്ലാം കത്തിക്കുന്നതും ആഹ്ലാദിക്കുന്നതും ക്യാമറക്കണ്ണിലാക്കി അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങള്‍ക്കിടയില്‍ നടന്നു..ആ ദിവസങ്ങള്‍ക്കെന്തു വേഗതയായിരുന്നു.ഒരുച്ചയ്ക്കു വീട്ടിലെത്തിയ മിസോയ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതു കണ്ട് ഞാന്‍ ഓടിച്ചെന്നു. ഉടനെ പോവുകയാണ്,വീണ്ടും വരുമെന്നു പറഞ്ഞ അദ്ദേഹം എന്റെ നേര്‍ക്ക് കാലിയായ ഒരു മിഠായി ടിന്‍ കാണിച്ചു തന്നു.അതിനകത്തു നിറയെ ഞാന്‍ മുന്‍പെന്നോ കൊടുത്ത കുന്നിമണികള്‍ വാരിനിറച്ചു.വസ്ത്രങ്ങളുടെയും മറ്രു വസ്തുക്കളുടെയും കൂട്ടത്തില്‍ ആ ടിന്‍ ഭദ്രമായി വച്ച് പെട്ടിയടച്ചപ്പോള്‍ എനിക്കു തോന്നി,എന്റെ ഒരു ഭാഗം അദ്ദേഹത്തോടോപ്പം പോവുകയാണെന്ന്.ഭാഷയുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയും നിയമങ്ങളുടെയും അതിരുകള്‍ തിരിച്ച് ജനങ്ങളെ വേര്‍തിരിച്ച ലോകത്തോട് അന്ന് മുതലാണ് വെറുപ്പു തോന്നിത്തുടങ്ങിയത്.ജപ്പാനിലെ ഒരു എയര്‍പോര്‍ട്ടില്‍ വച്ച് എടുത്ത അദ്ദേഹത്തിന്റെ ഫോട്ടോ കൈയില്‍ തന്ന് ,വികാരാധിക്യം കൊണ്ടാവണം,ജാപ്പനീസ് ഭാഷയില്‍ ആശ്വസിപ്പിക്കും പോലെ എന്തൊക്കൊയോ പറഞ്ഞു.ആ വാക്കുകളിലെ സ്നേഹത്തിന്റെ ഊഷ്മളത എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു.യാത്ര പറയുമ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പിരിയാന്‍ അദ്ദേഹത്തിനൊരുപാടു വിഷമമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി ഒരാള്‍ എന്നോടു യാത്ര പറഞ്ഞു പോയിരിക്കുന്നു.ആരായിരുന്നു അദ്ദേഹം എനിക്ക്....അച്ഛന്‍?സഹോദരന്‍..അതോ എന്നെ മനസ്സിലാക്കാന്‍ ദൂരെ നിന്ന് എത്തിച്ചേര്‍ന്ന എന്റെ ചങ്ങാതിയോ?
വല്ലാത്തൊരുതരം വിഷാദവും വേദനയും എന്റെ ദിവസങ്ങളെ വിരസമാക്കി.ഒറ്റയ്ക്കായതു പോലെ തോന്നി.മനസ്സിലാക്കാന്‍ ആരുമില്ലെന്ന തോന്നല്‍.ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞ ദിവസങ്ങള്‍.ഉറങ്ങാത്ത ഒരുപാടു രാത്രികള്‍....മെയ് 31 ാം തിയ്യതി.സ്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം.മഴക്കാറു മൂടിയ ആകാശം.മഴക്കാലം വന്നെത്തുന്നതും പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്നതും അന്നുമിന്നും ഇഷ്ടപ്പെടാന്‍ കഴിയില്ലെനിക്ക്.അങ്ങേയറ്റത്തെ വിഷാദത്തോടെ,ശൂന്യമായ മനസ്സോടെ ഞാനിരിക്കുമ്പോള്‍,വിശ്വസിക്കാനായില്ല,മിസോയ് വന്നിരിക്കുന്നു.എന്നെ പൊക്കിയെടുത്തു വട്ടം കറക്കി ചിരിപ്പിച്ച് അദ്ദേഹമൊരു കൊച്ചുകുട്ടിയായി.കഥകളില്‍ കണ്ട ക്രിസ്മസ് അപ്പൂപ്പനെപ്പോലെ വലിയ ഒരു ബാഗു നിറയെ ഞങ്ങള്‍ക്കുള്ള സമ്മാനങ്ങളും മിഠായികളും ഫോട്ടോകളുമായാണ് അദ്ദേഹം വന്നത്.ഓരോരുത്തര്‍ക്കും പ്രത്യേകമായി വാങ്ങിയ സമ്മാനങ്ങള്‍ തന്ന് ഒരുപാടു സംസാരിച്ച് ജോലിത്തിരക്കു മൂലം തിരിച്ചു പോയ അദ്ദേഹം ജപ്പാനിലേക്കു പോകുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി വന്നു.
വെളുത്ത കോട്ടണ്‍ ഷര്‍ട്ടും വെളുത്ത ജീന്‍സും ധരിച്ച് ,"സീയൂ...സീയൂ ",എന്ന് കൈവീശി തിരിഞ്ഞു നോക്കുന്ന അദ്ദേഹം മറയുന്നത് കണ്ണീരടക്കി നോക്കി നിന്ന ആ ദിവസം...ഭാഷയുടെ പരിമിതികള്‍ പിന്നെയാണ് തുടങ്ങിയത്.ഞങ്ങളയക്കുന്ന കത്തുകളൊന്നും അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിയുന്നില്ല.പതിയെപ്പതിയെ കത്തുകള്‍ ഇല്ലാതായി.അവസാനം ഞാനയച്ച കത്ത് വിലാസം മാറി തിരിച്ചു വന്നു.പത്തൊമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ജപ്പാനെ കുറിച്ച്,ചെറിമരങ്ങളുടെ ഉത്സവത്തെക്കുറിച്ച്,യാസുനാരി കവാബാത്ത എന്ന എഴുത്തുകാരനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ മിസോയ് യെ തിരിച്ചു കിട്ടാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു.ആയിടയ്ക് അപ്രതീക്ഷിതമായി കൈയില്‍ കിട്ടിയ പുസ്തകം-ടോട്ടോ ചാന്‍-എന്റെ ബാല്യത്തിന്റെ മുഴുവന്‍ ഗൃഹാതുരത്വങ്ങളേയും ഉണര്‍ത്തി.ഒരുപാടു തിരഞ്ഞ് എനിക്കദ്ദേഹത്തിന്റെ ജാപനീസ് സുഹൃത്തിന്റെ അഡ്രസ്സു കിട്ടി.രണ്ടും കല്പിച്ച് ഞാനദ്ദേഹത്തിന് പരിമിതമായ വാക്കുകളുള്ള ഒരു കത്തയച്ചു.ഭാഷാപരിമിതി കാരണം വളരെ കുറഞ്ഞ വാക്കുകളുള്ള ഒരു മറുപടി അദ്ദേഹത്തില്‍ നിന്നു ലഭിച്ചപ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിച്ചു.ഇംഗ്ലീഷ് അറിയാത്ത ആ സുഹൃത്ത് വ്യാകരണപിശകോടെയെങ്കിലും എഴുതി....ഇന്ത്യയിലെ ആ നല്ല ദിവസങ്ങളെയും ഞങ്ങളേയും അദ്ദേഹം ഓര്‍ക്കുന്നുവെന്ന്..


ആ നല്ല സുഹൃത്ത് മിസോയ് യുടെ അഡ്രസ് എനിക്കയച്ചു തരികയും എന്റെ കത്ത് മിസോയ് ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.മിസോയ് യുടെ മറുപടി കാത്തിരിക്കുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഒരു മലയാളി സ്നേഹിതന്‍ ഞങ്ങളെത്തെടിയെത്തി.ആയിടെ ജപ്പാന്‍ സന്ദര്‍ശിച്ച അദ്ദേഹമാണത്രേ എന്റെ കത്ത് മിസോയ് ക്കു വായിച്ചു മനസ്സിലാക്കിക്കൊടുത്തത്.മറുപടി അയക്കുന്നതിനു പകരം ഞങ്ങളെ കാണാന്‍ വേണ്ടി,വിവരങ്ങള്‍ അറിഞ്ഞു വരാന്‍ വേണ്ടി ഈ മലയാളി സ്നേഹിതനെ പറഞ്ഞയച്ചിരിക്കുകയാണ്.കൂടാതെ ഒരു സന്തോഷവാര്‍ത്തയുമുണ്ട്.2006 ഒക്ടോബരില്‍ മിസോയ് ഇന്ത്യയിലേക്കു വരുന്നു.ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം..!
വിശ്വസിക്കാനായില്ല.കൈവിട്ടതൊക്കെയും തിരിച്ചു കിട്ടുന്ന നിമിഷം.2006 ജൂണിലെ ആ വൈകുന്നേരം മുതല്‍ എന്റെ ഹൃദയം ഒരു കടലായി മാറി.എല്ലാ വേദനകളെയും നിരാശകളെയും തകര്‍ത്തെറിഞ്ഞ് ആഹ്ലാദത്തിന്റേയും ചൈതന്യത്തിന്റേയും തിരകള്‍ ആര്‍ത്തിരമ്പുന്ന മഹാസമുദ്രം.
ഒക്ടോബര്‍ വന്നു.ദീപാവലിയുടെ തലേദിവസം ഉണരുമ്പോള്‍ ഈ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ഒരു കാരണവുമില്ലാതെ മനസ്സു പറഞ്ഞു.വീട്ടിലും ജോലിസ്ഥലത്തുമൊക്കെ മനസ്സ് വെറുതെ,വെറുതെ ചാഞ്ചാടിക്കൊണ്ടിരുന്നു.ചുറ്റുപാടും പടക്കങ്ങള്‍ നിര്‍ത്താതെ ശബ്ദിക്കുന്ന ആ രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും മിസോയ് യുടെ മലയാളി സുഹൃത്തിന്റെ ഫോണ്‍കോള്‍.ഒരു ദുഃഖവാര്‍ത്തയാണെന്നു പറഞ്ഞ് ഒരു തുടക്കമിടാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ മിസോയ് യാത്ര മാറ്റി വച്ചിട്ടിട്ടുണ്ടാകും എന്നേ കരുതിയുള്ളൂ.പക്ഷേ അദ്ദേഹം മണിക്കൂറുകള്‍ക്കു മുമ്പ് ഈ ഭൂമി വിട്ട് യാത്രയായി എന്ന വാക്കുകള്‍ വളരെ,വളരെ ദൂരെ നിന്ന് എന്റെ കാതുകളില്‍ വന്നു പൊള്ളി.ഈ ഭൂമിയില്‍ നിന്നു യാത്രയാകുന്ന സമയത്ത്,മകളെപ്പോലെ സ്നേഹിച്ച എന്റെ ഓര്‍മ്മ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരിക്കണമെന്നത് ദൈവഹിതമായിരിക്കും.നല്ലവനായ ആ സുഹൃത്ത് സമാധാനിപ്പിക്കുന്നു.
എനിക്കെങ്ങിനെ ആശ്വസിക്കാന്‍ കഴിയും...എന്നെങ്കിലുമൊരിക്കല്‍ മിസോയ് വരുമെന്നു കരുതി ഞാന്‍ താലോലിച്ചു വളര്‍ത്തുന്ന ഒരു ചെറിമരമുണ്ട്.നിറയെ പൂക്കളും പഴങ്ങളുമുള്ള ഒരു ചെറിമരം.
 എന്റെ അലമാരിക്കുള്ളില്‍ നിറം മങ്ങാതെ, ഒരു പോറലുമേല്ക്കാതെ അദ്ദേഹം എനിക്കു തന്ന പാവക്കുട്ടികള്‍ 19 വര്‍ഷമായി കാത്തിരിക്കുകയാണ്.എന്നിട്ട് അതൊന്നും കാണാന്‍ വരാതെ,എന്നെക്കാണാന്‍ അത്രയ്ക്കു കൊതിയോടെ ഏത് അജ്ഞാതലോകത്തേക്കാണ് അദ്ദേഹം പോയത്...
വെറുതെയെങ്കിലും ആ ഫോണ്‍സന്ദേശം വന്നില്ല എന്നു ഞാന്‍ കരുതുന്നു.ഒരു ദിവസം പുഞ്ചിരിയോടെ അദ്ദേഹം വരും.എന്റെ ചെറിപ്പൂക്കളെക്കണ്ട് സന്തോഷിക്കും.പാവക്കുഞ്ഞുങ്ങളെക്കണ്ട് അതിശയപ്പെടും.അതുവരെ സന്തോഷത്തിരകള്‍ പിന്‍വാങ്ങിയ ഈ മണല്‍ത്തിട്ടയുടെ ശൂന്യതയില്‍ വന്‍കരകളുടെയും ഭാഷകളുടെയും അതിര്‍ത്തികളുടെയും വ്യര്‍ത്ഥതയോര്‍ത്ത് എന്റെ ബാല്യത്തിന്റെ കൌതുകങ്ങള്‍ കാത്തിരിക്കുന്നു

8 അഭിപ്രായങ്ങൾ:

  1. A very touching episode, a bleeding layer from your memoir. I liked it even when it was first published in Varthamanam(?) or Madhyamam. How is the publication of your second book progressing? Hope it will be released soon.
    E. Harikumar

    മറുപടിഇല്ലാതാക്കൂ
  2. Mine may not be a valuable opinion for I am not so famous.but it seems to be so heart touching and i can feel my eyes to be wet.So nice..so heart touching.

    മറുപടിഇല്ലാതാക്കൂ
  3. ഇതുപോലെ പ്രിയപ്പെട്ടത് ഇതു മാത്രമായിരുന്നല്ലോ...
    നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഒരു ദീർഘ നിശ്വാസത്തോടെ വായിച്ച് നിർത്തി. അറിയുന്നു ആ വേദന വരികൾക്കിടയിൽ ഒളിപ്പിച്ച് വെക്കാനാവാത്ത വിധം വളർന്ന വേദന... നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും സങ്കലനമല്ലേ ജീവിതം.. ഹൃദയഹാരിയായി ഈ വിവരണം...

    മറുപടിഇല്ലാതാക്കൂ