2010, ഡിസംബർ 24, വെള്ളിയാഴ്‌ച


വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍......സുഹൃത്തിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടു കുറെ നാളായി.എന്തു കൊടുക്കണമെന്ന് ആലോചിച്ച് ഒടുവില്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയ്ന്റിംഗിലെത്തി.
സൂര്യകാന്തിപ്പൂക്കള്‍ ......
വാന്‍ഗോഗിന്റെ ചിത്രങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് അതാണല്ലോ..
അതു തന്നെയാവട്ടെ .
എന്തായാലും കാണാവുന്നിടത്തോളം ചിത്രങ്ങള്‍ കണ്ടശേഷം തീരുമാനിക്കാം.
അങ്ങനെ ഇന്റര്‍നെറ്റിന്റെ എല്ലാം കാണുന്ന മൂന്നാം കണ്ണു തുറന്നു.
വിസ്മയിച്ചു പോയി എന്നുമാത്രം പറഞ്ഞാല്‍ മതിയാവില്ല.
സൂര്യകാന്തിയും ഉരുളക്കിഴങ്ങു തിന്നുന്നവരും പോര്‍ട്രയിറ്റുമൊന്നും ഒന്നുമല്ല....
വര്‍ണ്ണങ്ങളുടെ വിസ്മയിപ്പിക്കുന്ന അടരുകള്‍...
വാന്‍ഗോഗ് തിയോക്കെഴുതിയ കത്തുകളിലൂടെ കടന്നു പോയ നാളുകളില്‍ ആ മഹാനായ കലാ കാരന്റെ ദുരന്തങ്ങള്‍ മനസ്സിനെ ഒരുപാട് അസ്വസ്ഥമാക്കിയിരുന്നു.അംഗികരിക്കപ്പെടാതെ,ദാരിദ്രവും പ്രണയനിരാസങ്ങളും ഏകാന്തതയും ആ മഹാ പ്രതിഭയെ മരണത്തിലേക്കു നയിച്ചു.ഇപ്പോള്‍ വാന്‍ഗോഗ് ഉണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രങ്ങള്‍ക്ക് കോടികള്‍ വിലമതിക്കുന്ന കാഴ്ച കണ്ട് ഉന്മാദിയായി പൊട്ടിച്ചിരിക്കുമായിരിക്കും,മനസ്സില്‍ വിരിഞ്ഞ ദൃശ്യത്തിന് നിറം ചാര്‍ത്താന്‍ പണമില്ലാതെ തിയോവിന് എഴുതിയതോര്‍ത്ത്....
"പ്രിയ സഹോദരാ,എന്റെ മനസ്സു നിറയെ പൂക്കാന്‍ ഒരുങ്ങുന്ന വസന്തമാണ്...
അതു ചാലിക്കാന്‍ പക്ഷേ ,എന്റെ കൈയില്‍ നിറങ്ങള്‍ ഇല്ല.....നിറങ്ങള്‍ തരൂ....എനിക്കു വേറൊന്നും വേണ്ട..."
അതേ-
എന്റെ മുമ്പില്‍ നിറങ്ങളുടെ കനത്ത ബ്രഷ് സ്ട്രോക്കുകള്‍ തെളിഞ്ഞു.
പ്രകൃതി,പൂക്കള്‍,കൊയ്ത്തുകാലം,ഗോതമ്പുപാടങ്ങള്‍,വിളവെടുപ്പ്,പൂപ്പാടങ്ങള്‍,മഞ്ഞയുടെയും പച്ചയുടെയും സമൃദ്ധി....
മനസ്സു നിറഞ്ഞ് ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
"ഒന്നോര്‍ത്തു നോക്കൂ...120 കൊല്ലം മുമ്പ് സ്വയം ഭൂമിയില്‍ നിന്ന് മാഞ്ഞു പോയ വാന്‍ഗോഗ് എവിടെയിരുന്നോ നമ്മളെ നോക്കി വിസ്മയിക്കുന്നുണ്ടാവും...
ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ കുഴങ്ങുന്ന നമ്മളെ നോക്കി ...."
സത്യമായിരുന്നു.
പച്ചപുതച്ച കുന്നിന്‍ ചെരിവിലെ പോപ്പിച്ചെടിക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു പോകുന്ന നീലക്കുട ചൂടിയ സ്ത്രീയും കുട്ടിയും.
രാത്രിമാനത്തെ താരകങ്ങള്‍ മുഴുവന്‍ പൂത്തിറങ്ങിയ തടാകം.
മഞ്ഞയും ചുവപ്പും തവിട്ടും ചേര്‍ന്ന ശരത്കാല വൃക്ഷങ്ങള്‍.
വസന്തം പെയ്തിറങ്ങിയ ട്യൂലിപ്പ് പാടങ്ങള്‍...
ഏകാന്തതയും ഇരുട്ടും പ്രണയിക്കുന്ന ഇല പൊഴിഞ്ഞ വീഥികള്‍...
ഉദയസൂര്യന്റെ കൂടെ പാടത്തു വിത്തെറിയുന്ന കര്‍ഷകന്‍....
ശരത് കാല മരച്ചുവട്ടില്‍ ആരെയോ കാത്തു നില്ക്കുന്ന വെളുത്ത വസ്ത്രം ധരിച്ച പെണ്‍കുട്ടി...
ചെറിമരങ്ങളും പീച്ചും പ്ലം മരങ്ങളും....
കാഴ്ച അവസാനിക്കുന്നേയില്ല...
പ്രിയപ്പെട്ട വാന്‍ഗോഗ്....
ദരിദ്രനും ഏകാകിയും വേദനിക്കുന്നവനുമാവാതെ, എല്ലാ സുഖങ്ങളുമനുഭവിച്ചാണ് അങ്ങ് ജീവിച്ചിരുന്നതെങ്കിന്‍ ഈ വര്‍ണ്ണവിസ്മയം ഞങ്ങള്‍ക്കു മുമ്പില്‍ ഇതള്‍ വിരിയുമായിരുന്നോ..?
ഉണ്ടാവില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം...
ഇല്ലെങ്കില്‍ ചെവിയറുത്ത് ,കഴുത്ത് നീട്ടി വളച്ച് വികൃതമാക്കിയ അങ്ങയുടെ ആ സെല്‍ഫ് പോര്‍ട്രയിറ്റ് ഇനിയെന്റെ സ്വാസ്ഥ്യം കെടുത്തിക്കോണ്ടേയിരിക്കും....
നന്ദി,വിന്‍സെന്റ്....
ഈ ഭൂമി ഇത്രയേറെ സുന്ദരമാണെന്ന് ഒരിക്കല്‍ക്കൂടെ ഓര്‍മ്മിപ്പിച്ചതിന്......

1 അഭിപ്രായം: