2011, മേയ് 30, തിങ്കളാഴ്‌ച

ജൂണ്‍ ഡയറി

                 ജൂണ്‍ ഡയറി
വീണ്ടും മഴത്താളം.
ഇടമുറിയാതെ പെയ്ത് താണ്ഡവനൃത്തമാടി എല്ലാവരുടെയും മനസ്സ് മടുപ്പിച്ച് കഴിഞ്ഞ തവണ പിണങ്ങിപ്പോയ കൂട്ടുകാരിയായി പിന്നെയും ജാള്യതയോടെ മഴ വീഴുന്നു.
എല്ലാവര്‍ക്കും മഴ,ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
പുറമേക്ക് അകല്‍ച്ച കാണിക്കുമ്പോഴും മഴയോടുള്ള തിരിച്ചറിയാനാവാത്ത ഒരിഷ്ടം എല്ലാവരും മനസ്സില്‍ സൂക്ഷിക്കുന്നു.
മഴ കഴുകിയുണക്കിയ റോഡരികിലൂടെ സബര്‍ജില്ലിയും ചോളവും വളര്‍ത്തു മത്സ്യങ്ങളും വില്‍ക്കുന്നവരുടെ ബഹളങ്ങളിലൂടെ വീടണയാന്‍ വൈകുന്നുവെന്നോര്‍മ്മിക്കാതെ നടക്കുന്ന സായാഹ്നങ്ങളില്‍ മഴ ഗൃഹാതുരത്വമുണര്‍ത്തുന്നു
.ഗസലുകള്‍ പെയ്യുന്ന മഴ രാത്രിയുടെ നനഞ്ഞ മുഖം നോക്കി പങ്കജ് ഉധാസ് ആര്‍ദ്രമായിപ്പാടുന്നതാര്‍ക്കു വേണ്ടി.....
"കതകുകള്‍ തുറന്നിടുക,
ഞാന്‍ തിരിച്ചു വരും
ഇനിയും ശബ്ദമുയര്‍ത്തും...."
വെള്ളിനൂലുകളായി ആകാശം നിര്‍ത്താതെ പെയ്യുന്ന ദിവസങ്ങളില്‍ എല്ലാ ജനാലകളും തുറന്നിട്ട് പുറത്തെ പച്ചപ്പു തിങ്ങിയ പ്രകൃതിയിലേക്ക് നിഗൂഢമായ ഒരു മന്ദസ്മിതത്തോടെ നോക്കി നിന്നിരുന്നു മുത്തശ്ശി.ഏഴാം കടലിനക്കരെ രാക്ഷസന്റെ കോട്ടയില്‍ തടവിലായ രാജകുമാരിയേയും കള്ളം പറഞ്ഞതു കേട്ടു ചിരിച്ച മത്സ്യത്തേയും എല്ലാ കാഴ്ചകളേയും മുമ്പിലെത്തിക്കുന്ന മാന്ത്രിക കണ്ണാടിയെയും മുത്തശ്ശിയുടെ അരികില്‍ കിടന്ന് , കഥകളിലൂടെ ആ മഴക്കാലങ്ങളില്‍ ഞാന്‍ അടുത്തറിഞ്ഞു. ഇരുട്ടു തീരെയില്ലാത്ത മഴകളായിരുന്നു അത്.മഴയൊഴിയുന്ന പ്രകാശപൂര്‍ണ്ണമായ ഇടനേരങ്ങളില്‍ നീര്‍ച്ചാലുകളിലൂടെ ഒഴുകി വരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പ്.തുലാവര്‍ഷരാത്രികളില്‍ വഴിതെറ്റിവന്ന മിന്നാമിന്നിയെ ചില്ലു കുപ്പിയിലാക്കി ഊണ്‍മേശയുടെ കീഴിലെ ഇരുട്ടില്‍ വിളക്കാക്കും.അന്ന് ആ നാലു മേശക്കാലുകള്‍ക്കിടയിലെ ഇത്തിരി ചതുരം വനമധ്യത്തിലെ ഒരു ഗുഹയാണെന്നായിരുന്നു സങ്കല്പം.
അങ്ങനെയൊരു മഴക്കാലത്ത് സന്തതസഹചാരിയായ പാവയെ ചെളിയില്‍ പുതഞ്ഞ് കാണാതായി.മഴക്കാലമൊക്കെ കഴിഞ്ഞ് എത്രയോ കാലം ചെളിയില്‍ നിന്നത് ഉയിര്‍ത്തു വരുമെന്ന് പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു.പിന്നെയൊരു പാവയോടും ആ മമത ഉണ്ടായതുമില്ല.
മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഉജ്വലവര്‍ണ്ണത്തോടെ നില്‍ക്കുന്നത് വാകപ്പൂക്കളുടെ നിറവസന്തമാണ്.മേയ് മാസം അവസാനിക്കുമ്പോള്‍ അടിമുടി പൂത്തുലയുന്ന വാകമരങ്ങള്‍.മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനല്‍ക്കാലത്തിന്റെ യാത്രാമൊഴി.നാലുവയസ്സുള്ളപ്പോള്‍ ഒരു മഴക്കാലത്തിന്റെ തുടക്കത്തില്‍ പനിക്കോളുമായി അച്ഛനും ഞാനും ഡോക്ടറെ കാണാന്‍പോയപ്പോള്‍ ദൂരെ ദൂരെ മരങ്ങളുടെ പച്ചത്തഴപ്പുകള്‍കിടയില്‍ അവിശ്വസനീയമാംവിധം പടര്‍ന്നു കിടക്കുന്ന ചുവപ്പുരാശി.കാറ്റത്തു പറന്നു വന്ന ഒരു ചുവപ്പു പാവാടയാണതെന്നാണ് ആദ്യം കരുതിയത്.കയ്യെത്താത്ത ദൂരത്തില്‍ പച്ചത്തഴപ്പുകള്‍ക്കു മുകളില്‍ പടര്‍ന്നു കിടക്കുന്ന ആ വര്‍ണ്ണരാജി പിന്നീട് ഏറെക്കാലം മോഹിപ്പിച്ചു കൊണ്ട് മനസ്സിലുടക്കിക്കിടന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കോളെജു വളപ്പിലെ വാകമരത്തില്‍ നിന്ന് ഒടിഞ്ഞു വീണ ഒരു ചില്ല കൈയ്യില്‍ കിട്ടുന്നതു വരെ ആ മോഹം മായാതെ നിന്നു.അന്ന് അടുത്തു കണ്ടപ്പോഴാണ് അറിയുന്നത്,ചുവപ്പു കൂടാതെ പിന്നെയും ഒരുപാട് വര്‍ണ്ണവിസ്മയങ്ങള്‍ അതിലുണ്ടെന്ന്.
നീലമലകളുടെ മാറിലൂടെ ശബ്ദമുണ്ടാക്കാതെ വെളുത്ത ഒരി സാരിയുലയുന്നതു പോലെയായിരുന്നു അവിടെ മഴക്കാലം.ശാലീനത നിറഞ്ഞ ഒരു ഗ്രാമസുന്ദരിയെപ്പോലെ പതിയെപ്പതിയെ അടുത്തു വരുന്ന മഴ..
അന്നൊരു മഴക്കാലത്ത് രാജലക്ഷിയെക്കുറിച്ച് ഒരു കുറിപ്പു വായിച്ചു മടങ്ങുന്ന സായാഹ്നത്തില്‍ ആത്മഹത്യ ചെയ്തവരുടെ മുഖമായിരുന്നു മഴയ്ക്ക്.ജീവിതത്തില്‍ നിന്ന് സ്വയം പിന്‍തിരിഞ്ഞു പോയ സുഹൃത്തുക്കളെയോര്‍മ്മിപ്പിച്ച് അപ്പോള്‍ ഒരു മഴ തുടങ്ങുകയായി..
മഴക്കാലം വരും മുമ്പേ ജീവിതത്തില്‍ നിന്നും തോര്‍ന്നു പോയ ഒരാള്‍.നിറം മുറ്റിയ പോസ്റ്റു കാര്‍ഡുകളായി എല്ലാ പുതു വര്‍ഷാരംഭത്തിലും ഓര്‍മ്മ പുതുക്കിയിരുന്ന അ ചങ്ങാതി ഹോസ്റ്റല്‍ മുറിയിലൊരു കഷ്ണം കയറില്‍ ജീവിതത്തിന്റെ എല്ലാ നിറങ്ങളും കവിതകളും നിലക്കാത്ത കുസൃതികളും കൊരുത്തിട്ടു--എന്തിനെന്ന് ആരോടും പറയാതെ ഒരു ദിവസം.പിന്നെയൊരു മകരത്തണുപ്പില്‍ തീയെടുത്തു പുതച്ചു എന്റെ കൂട്ടുകാരി.ക്ലാസ്സിലിരുന്ന് പാടുന്ന അവളുടെ പതിഞ്ഞ ശബ്ദം,വിഷാദച്ഛായയുള്ള കണ്ണുകള്‍,ഉടുപ്പിന്റെ ഇളം മഞ്ഞ നിറം..ഒരു മഴനാദം പോലെ അവള്‍ ഇന്നും നിറയുന്നു.മനസ്സില്‍ അത്രയ്ക്കിരുട്ടായിരുന്നെന്ന്,തോരാമഴയായിരുന്നെന്ന് കാണാന്‍ കഴിയാതെ പോയതിന് ഞങ്ങള്‍ക്കാര്‍ക്കും തന്നെ മാപ്പില്ല
ഇരുട്ടു കനം തൂങ്ങുന്ന ഓര്‍മ്മകളാണ് ഇന്നത്തെ മഴകള്‍.സൂര്യനെക്കാണാത്ത പകലുകളുടെ,മരവിപ്പിക്കുന്ന മഴത്തണുപ്പിന്റെ ,നിറഞ്ഞു കവിയുന്ന അഴുക്കു വെള്ളത്തിന്റെ,അവസാനിക്കാത്ത ട്രാഫിക് ജാമുകളുടെ ,കൊതുകുകളുടെ,പനികളുടെ പെരുമഴക്കാലം.ഗൃഹാതുരത്വത്തെപ്പോലും മടുപ്പിക്കുന്ന മഴകള്‍.
പങ്കജ് ഉധാസ് പാടി മുഴുവനാക്കുന്നു.
പഴയ ഒരു മഴക്കാലമുണ്ടായിരുന്നു
ഇപ്പോള്‍ വേറൊരു മഴക്കാലം
ഇനിയും ഒരു മഴക്കാലം വരും
അതെ-
"വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുക,
ഞാന്‍ തിരിച്ചു വരും,
ശബ്ദമുയര്‍ത്തി വിളിക്കും..."

2 അഭിപ്രായങ്ങൾ: