2011, മാർച്ച് 10, വ്യാഴാഴ്‌ച

ഗ്രീഷ്മത്തിന്റെ തീക്ഷ്ണ സുഗന്ധങ്ങള്‍


ഇസ്ലാനെഗ്രെയില്‍ വീണ്ടുമൊരു മാര്‍ച്ച് മാസം കൂടി കടന്നു പോയിരിക്കുന്നു.
തെക്കന്‍കാറ്റില്‍ വീശിയടിച്ചു വരുന്ന ചിലിയന്‍ മഴയുടെ താളങ്ങളെ, മഴയുടെ ഭാവഭേദങ്ങളെ ,വെളിച്ചത്തെ,വെയിലിനെ,എന്തിന് ഓരോ പരമാണുവിനെയും പ്രണയിച്ച് പാടിപ്പാടികൊതിതീരാതെ 'ഈ ഭൂമിയിലെ ആവാസം' വെടിഞ്ഞു പോകാനാവാതെ ഒരാള്‍ ഇവിടെ ജീവിതം സാര്‍ത്ഥകമാക്കിയിരുന്നു.
സെപ്റ്റംബര്‍ 23.
പാബ്ലോ നെരൂദാ, അങ്ങയുടെ ദൃശ്യസാന്നിധ്യം ഈ ഭുമിയിലെ അരങ്ങൊഴിഞ്ഞിട്ട് 37 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഈ ഭൂമിയില്‍ അങ്ങിപ്പോഴും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.കാണാതെ കണ്ട് ,അറിയാതെ അറിഞ്ഞ് അങ്ങയുടെ ജീവന്‍ തുടിക്കുന്ന സാന്നിധ്യം ഈ ഭൂമിയിലിന്നും നിലനില്‍ക്കുന്നു.
ഓര്‍ക്കുന്നില്ലേ,സ്വര്‍ഗ്ഗം പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പോലുള്ള ആ മഴകള്‍....പിന്നെ ഐസ് സൂചികള്‍ വീഴുന്ന സൂചിമഴകള്‍....ആകാശത്തു നിന്നാരോ നെയ്തു വീഴ്ത്തുന്ന നൂലു മഴകള്‍....ഓരോ മഴകളിലും മഴയുടെ ഭാവഭേദങ്ങളിലും ആ ഹൃദയം സ്പന്ദിക്കുന്നതറിയുന്നു.ഓരോ കാറ്റിനൊപ്പവും അങ്ങ് ഉല്ലാസവാനായ പക്ഷിയെ പ്പോലെ ചിറകു കുടഞ്ഞു വരുന്നു.കൊഴിഞ്ഞു വീഴുന്ന ഓരോ കരിയിലകളിലും തെക്കന്‍ കാറ്റിലും അങ്ങ് ജീവന്റെ ജ്വാലകള്‍ പടര്‍ത്തുന്നു.ഉപ്പിനും തക്കാളിപ്പഴത്തിനും ഉടുപ്പിനും കാലുറകള്‍ക്കും സ്തുതിഗീതമെഴുതി അങ്ങ് ദൈനംദിനജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഓര്‍മ്മ പുതുക്കുന്നു.അവസാനിക്കാത്ത പ്രണയത്തിന്റെ ഉന്മത്തമായ തീക്ഷ്ണജ്വാലകള്‍ക്കൊപ്പം അവസാനിക്കാത്ത വിപ്ലവവീര്യത്തെക്കുറിച്ചും അങ്ങ് എപ്പോഴും ഓര്‍മ്മപ്പെടുത്തുക്കൊണ്ടിരിക്കുന്നു.കടല്‍ നുരകളും കടലിരണ്ടകളും 'ഓറഞ്ച് പുഷ്പങ്ങളുടെ വിരലുകളുമായി'വരുന്ന തെക്കന്‍കാറ്റും ഉന്മത്തശരത്ക്കാലവും ഇലകള്‍ പൊഴിയുന്ന ഹേമന്തവും മഴയും ഗ്രീഷ്മവും കണ്ടു കൊതിതീരാതെ,അസ്തമിക്കാത്ത സ്നേഹവും പ്രണയിനിയുടെ മിഴികളും ഉള്ളിലടക്കി ഭൂമിയിലെ ആവാസം വെടിഞ്ഞ് അകലെയെങ്ങോട്ടോ പോവാന്‍ അങ്ങേക്കാവുമോ?ഇസ്ലാനെഗ്രെയിലെ ഓരോ പൂക്കളിലും ചെടിയിലും കടല്‍ നുരകളിലും അങ്ങ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.നീലാകാശത്ത് കടലിന്റെ മുകളില്‍ സൂര്യനേയും നക്ഷത്രങ്ങളേയും തൊടാവുന്ന ദൂരത്തില്‍ ഇസ്ലാനെഗ്രെയിലെ എല്ലാ മാര്‍ച്ച് മാസങ്ങളെയും ഹേമന്ത-ഗ്രീഷ്മങ്ങളേയും കാറ്റിനേയും മഴയേയും കടല്‍നുരകളെയും എന്നുമെന്നും കണ്ടുകൊണ്ട് മുമ്പൊരിക്കല്‍ അങ്ങു പറഞ്ഞതു പോലെ ഒരു പരുന്തായി അങ്ങ് പുനര്‍ജ്ജനിച്ചിരിക്കുമോ?
പാബ്ലോ നെരൂദാ...
അങ്ങേക്കു വേണ്ടി ഒരു ഓര്‍മ്മ ദിവസം ആചരിക്കുന്നില്ല.അങ്ങ് ഒരിക്കലും ഒരോര്‍മ്മയായി വിസ്മൃതിയില്‍ ലയിക്കുകയില്ല.വീണ്ടെടുക്കപ്പെടുകയുമില്ല.വായിച്ചറിഞ്ഞ ഓരോ ഹൃദയങ്ങളിലും തുടിക്കുന്ന ഒരു സ്പന്ദനമായി അങ്ങ് ജീവിച്ചു കൊണ്ടേയിരിക്കുന്നു.മറവിക്കും ഇരുട്ടിനും തൊടാന്‍ കഴിയാത്ത ഉജ്ജ്വലമായ ഒരു നക്ഷത്രം പോലെ സിരകളില്‍ തീ പടര്‍ത്തുന്ന ഒരു സൂര്യസാന്നിധ്യം.
"........നിന്റെ മുഖം ഞാന്‍ മറന്നു കഴിഞ്ഞു
നിന്റെ വിരലുകളെക്കുറിച്ച്
ഞാനിപ്പോള്‍ ഓര്‍ക്കാറില്ല
നിന്റെ പ്രണയം ഞാന്‍ മറന്നു കഴിഞ്ഞു
എങ്കിലും എല്ലാ ജാലകങ്ങളിലും
ഞാന്‍ നിന്റെ മുഖം മാത്രം തേടുന്നു
നീ കാരണം ഗ്രീഷ്മത്തിന്റെ സുഗന്ധങ്ങള്‍
എന്നെ ഉന്മത്തനാക്കുന്നു.
നീ കാരണം മോഹങ്ങളുടെ
മഴച്ചാര്‍ത്തുകളെ ഞാന്‍ വീണ്ടും തേടുന്നു......"
(love-pablo neruda)
അതേ-
അങ്ങയുടെ സാന്നിധ്യം ഇല കൊഴിഞ്ഞ മരങ്ങളെ തളിരണിയിക്കുന്നു.അടഞ്ഞു പോയ നീരുറവകളെ സജീവമാക്കുന്നു.ഇരുള്‍ മൂടിയ എല്ലാ മനസ്സുകളിലും പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ,മോഹങ്ങളുടെ നിറദീപങ്ങള്‍
നിരത്തി നിര്‍ത്തുന്നു.അങ്ങ് എല്ലായ്പോഴും ഈ ഭൂമിയില്‍ത്തന്നെ നിലനില്‍ക്കുന്നു.
എങ്കിലും ഓരോ സെപ്റ്റംബറിലും പെയ്തു തീരാത്ത ഒരു ശൂന്യത എവിടെയോ ബാക്കി നില്‍ക്കുന്നു........
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ