2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച


സ്വപ്നസഞ്ചാരിയുടെ പുസ്തകം
രണ്ടാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ വേനലവധിക്കാണ് വായനയോട് കമ്പം കയറിയത്.ഒഴിവുകാലത്ത് എവിടേക്കും പോകാനില്ലായിരുന്നു.എല്ലാ കുട്ടികളും സ്കൂളടയ്കുന്ന അന്ന് അമ്മവീട്ടിലേക്കു പോയാല്‍പ്പിന്നെ മടങ്ങിവരുന്നത് സ്കൂള്‍ തുറക്കാറാവുമ്പോഴാണ്.പുഴയില്‍ നീന്താന്‍ പോയതിന്റേയും പൂരം കാണാന്‍ പോയതിന്റെയും വിശേ‍ഷങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലാതെ വെറുമൊരു കേള്‍വിക്കാരിയായിമാറും ഞാന്‍.വെറും ഒന്നര കിലോമീറ്റര്‍ ദുരത്തുള്ള ഉമ്മയുടെ വീട് പട്ടണത്തിരക്കുകള്‍ക്കു നടുവിലുള്ള വലിയങ്ങാടിയിലായിരുന്നു.മറ്റൊരു അന്തരീക്ഷമാണവിടെ. റോഡിലേക്കിറങ്ങിനില്‍ക്കുന്ന ചുറ്റുമതിലില്ലാത്ത നിരനിരയായ വീടുകള്‍,സദാസമയവും വാഹനങ്ങളുടെ അലര്‍ച്ച.മിക്കവാറും സ്ത്രീകളുടെ വഴക്കുകളും തെറിപ്രയോഗങ്ങളും കേള്‍ക്കാം.ഉമ്മയുടെ വീടിനും മുറ്റമില്ല.പിന്‍വശത്ത് ചെറിയ ഒരു ചതുരത്തില്‍ മൈലാഞ്ചിച്ചെടി വളര്‍ത്തിയിട്ടുണ്ട്.പിന്നെ തൊഴുത്താണ്.വീടിന് ഒത്തനടുവിലെ ഇരുട്ടുമുറിയിലിരുന്ന് സുലൈഖ അമ്മായി ഉണ്ടാക്കുന്ന സ്വാദുള്ള അച്ചാര്‍ രുചിക്കാം.വേണമെങ്കില്‍ അടച്ചുപൂട്ടിയ വരാന്തയിലിരുന്ന് കര്‍ട്ടനുള്ളിലൂടെ എതിര്‍വശത്തെ വീട്ടിലേക്കു നോക്കിയിരിക്കാം.അതാണ് ആകെയുള്ള വിനോദം.പകല്‍ പതിനൊന്നു വരെ അയല്‍വീട്ടില്‍ കന്നുകാലികളെ അറത്തു വില്‍ക്കുന്ന ബഹളമാണ് .ചോരയില്‍ മുങ്ങിയ ആ വീട് ഉച്ചയോടെ തൂത്തുതുടച്ചു വൃത്തിയാകും.എന്നാലും അറുത്തു വച്ച പോത്തിന്‍ തലകളിലെ തുറന്ന കണ്ണുകള്‍ അവിടെത്തന്നെ കാണും.അതുകൊണ്ടൊക്കെത്തന്നെ എനിക്ക് എന്റെ വീടും അതിന്റെ പിന്‍വശത്തെ തുറസ്സായ തൊടികളും കുളിര്‍മലയുമൊക്കെത്തന്നെയായിരുന്നു പ്രിയം.
എവിടേക്കും പോകാനില്ലാത്ത ആ ഒഴിവുകാലങ്ങളാണ് എന്റെയുള്ളിലെ വായനക്കാരിയെ സൃഷ്ടിച്ചത്. അന്ന്, പത്രത്തിനു പുറമെ മനോരമ വാരികയും കേരളശബ്ദവുംവീട്ടില്‍ വരുത്തുന്നുണ്ട്. നിലവാരമുള്ള നോവലുകളായിരുന്നു വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്നത് എന്നതിനാല്‍ ജനപ്രിയവാരികകള്‍ 'പൈങ്കിളി 'എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നില്ല. മുന്‍നിര താരങ്ങള്‍ അഭിനയിച്ച വീണ്ടും ചലിക്കുന്ന ചക്രം,എന്റെ ഉപാസന ഇതെല്ലാം അക്കാലത്ത് വീക്കിലിയില്‍ നിന്ന് നേരെ വെള്ളിത്തിരയിലേക്കു വന്നതാണ്.കേരളശബ്ദത്തില്‍ നിന്നാണ് ഞാന്‍ ശ്രീലങ്കയേയും വേലുപ്പിള്ളൈപ്രഭാകരനേയും തമിഴ് പുലികളേയും കുറിച്ച് ആദ്യമായിക്കേള്‍ക്കുന്നത്.
ഉമ്മയുടെ സഹായിയായിരുന്ന സരോജിനി രാവേറും വരെ വായിക്കുന്നതു കാണാം..ഉപ്പയുടെ ഏട്ടന്റെ മക്കളായ റംല,ഷക്കീല,സഫിയ , ചേച്ചി ഹസീന പിന്നെ സരോജിനി എല്ലാവരും ചേര്‍ന്ന് ചിലപ്പോള്‍ വായിച്ച നോവലുകളെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്..കോളജ് പ്രണയങ്ങള്‍,വിവാഹം,ഹോസ്റ്റല്‍ സുന്ദരികള്‍,സൗന്ദര്യപ്പിണക്കങ്ങള്‍ ...ഇതെല്ലാമാണ് വിഷയം.ചിലതെല്ലാം എനിക്ക് വിലക്കപ്പെട്ടതാണ്.എന്നെക്കണ്ടാല്‍ അവര്‍ സംസാരം നിര്‍ത്തി അമര്‍ത്തിച്ചിരിക്കും.മുതിര്‍ന്ന സ്ത്രീകളുടെ ലോകത്തെക്കുറിച്ച് ഒരു ധാരണയുണ്ടായത് അക്കാലത്താണ്. അവരുടെ സംസാരത്തില്‍ നിന്നു കിട്ടിയ നുള്ളു നുറുങ്ങുകളുമായി ഞാന്‍ ഉപ്പയുടെ അടുത്തേക്ക് സംശയം ചോദിക്കാനായി ഓടിച്ചെല്ലും.ഉപ്പ ഓഫീസ് മുറിയില്‍ ഗൗരവമായ എഴുത്തിലാണെന്നറിഞ്ഞാല്‍ ഒന്നും മിണ്ടാതെ മടങ്ങിപ്പോരും.ചേച്ചിമാര്‍ വായിക്കുന്നതെല്ലാം എനിക്കും വായിക്കണമെന്ന് വാശിയായി.അങ്ങനെ മുതിര്‍ന്നവരുടെ ലോകം തേടിയുള്ള ഒരു രഹസ്യാന്വേഷണത്തിന്റെ ഭാഗം കൂടിയാണ് വായനയുടെ തുടക്കം.വീട്ടില്‍ ആരും തന്നെ എന്റെ 'ജനപ്രിയനോവല്‍' വായനയെ എതിര്‍ത്തില്ല.ഉപ്പയോട് സംശയങ്ങള്‍ ചോദിക്കുന്ന ശീലം അതോടെ നിര്‍ത്തിയെന്നുംപറയാം.
പിന്നെപ്പിന്നെ വായന ഒരു ഹരമായി .വീക്കിലികള്‍ വന്ന ദിവസം തന്നെ വായിച്ചു തീര്‍ക്കും.ഒഴിവുസമയം പിന്നെയും ബാക്കിയാവും.മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയും മീനും പൊതിഞ്ഞു വരുന്ന കടലാസുകള്‍ നിലത്തു നിവര്‍ത്തി വച്ച് വായിക്കുന്നതു കണ്ട് ഒരു ദിവസം ഉപ്പ അത്ഭുതത്തോടെയും സന്തോഷത്തോടെയും നോക്കിനിന്നതോര്‍ക്കുന്നു.ഉപ്പയുടെ ഓഫീസ് മുറിയിലെ തൊടാന്‍ അനുമതിയില്ലാത്ത വസ്തുക്കളുടെ കൂട്ടത്തിലുള്ളതാണ് ചുമരലമാരയിലെ പുസ്തകങ്ങളും പാര്‍ക്കര്‍ പേനയും ഗ്ലാസ്സു കൊണ്ടുള്ള പേപ്പര്‍ വെയ്റ്റും ഫയലുകളും.ഭക്ത്യാദരങ്ങളോടെയാണ് അവിടേക്കു കടക്കുന്നതു തന്നെ. പിറ്റേന്ന് രാവിലെ ഓഫീസിലേക്കു പോകുംമുമ്പു ഉപ്പ എന്നെ വിളിച്ച് ചുമരലരമാരി തുറന്നപ്പോള്‍ വ്യത്യസ്തമായ ഒരു ലോകമാണു മുന്നില്‍ കണ്ടത്.
കാള്‍ മാര്‍ക്സ്-ദാസ് ക്യാപ്പിറ്റല്‍.ആദ്യം കണ്ണില്‍പ്പെട്ടത് അതാണ്.കട്ടിപ്പുറം ചട്ടയുള്ള പുസ്തകം കാലപ്പഴക്കത്താല്‍ മഞ്ഞളിച്ചിരുന്നു. വല്ലാത്തൊരു സുഗന്ധമായിരുന്നു പുസ്തകങ്ങള്‍ക്ക്.കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പഴയൊരു മരപ്പെട്ടിയില്‍ നിന്നു ഡ്രാക്കുളയുടെ ചിത്രകഥ കിട്ടിയപ്പോള്‍ ഇതേ മണമായിരുന്നു.പഴമയുടെ ഗന്ധം-ഡ്രാക്കുള മണം എന്നാണ് ഇപ്പോഴും ഞാനതിനെവിളിക്കുന്നത്-ആസ്വദിച്ചു കൊണ്ട് കാള്‍ മാര്‍ക്സിനെ കയ്യിലെടുത്ത് മറിച്ചു നോക്കി . "ഇതു വായിക്കാറായില്ല നിനക്ക്"എന്നു പറഞ്ഞ് മൂന്നു പുസ്തകങ്ങള്‍ കയ്യില്‍ത്തന്ന് ഉപ്പ ധൃതിയില്‍ അലമാരി പൂട്ടി ഓഫീസിലേക്കുപോയി. 'മുതിര്‍ന്നവര്‍ക്ക് വായിക്കാനുള്ള' വകുപ്പില്‍പ്പെട്ട പുസ്തകം!
തകഴിയുടെ ചെമ്മീന്‍,മോഹന ചന്ദ്രന്റെ കലിക,പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ.ആദ്യം വായിക്കണമെന്നു തോന്നിയത് പൊറ്റെക്കാടിനെയാണ്.അവിടവിടെ മറിച്ചു നോക്കിയപ്പോള്‍ കണ്ട പ്രകൃതി വര്‍ണ്ണനകള്‍,നാടന്‍ പലഹാരങ്ങളുടെ കൊതിയൂറുന്ന വിവരണം,പിന്നെ കാടുകളുടെ സ്പന്ദനം തേടിയുള്ള യാത്രകള്‍.. അതൊക്കെയാണ് ആ പുസ്തകത്തിലേക്ക് വലിച്ചടുപ്പിച്ച സംഗതികള്‍.
ആ ദിവസം മുഴുവന്‍ അതിരാണിപ്പാടത്തും ഇലഞ്ഞിപ്പൊയിലിലും കാട്ടിലും മേട്ടിലുമായി ഉല്ലസിച്ചു നടക്കുക തന്നെയായിരുന്നു.സമയം പോകുന്നതേ അറിഞ്ഞില്ല.ഇത്ര രസകരമായ വേറൊന്നും ഇതിനു മുമ്പു വായിച്ചിട്ടില്ല. കുട്ടിക്കാലം മുതലുള്ള ശ്രീധരന്റെ ജീവിതം മുന്നിലൂടെ കടന്നുപോവുകയാണ്.അതീവഹൃദ്യമായിരുന്നു അത്.ഒരു കൊച്ചുകുട്ടിക്കുപോലും ഉള്‍ക്കൊള്ളാനാവുന്ന നൈര്‍മ്മല്യമുള്ള ഭാഷ.വായനക്കാരന്റെ കയ്യും പിടിച്ച് ശ്രീധരന്‍ എന്ന കൊച്ചുകുട്ടി പതിയെ നടന്നു പോവുകയാണ്.പട്ടുകോണകത്തില്‍ നിന്ന് വള്ളിനിക്കറിലേക്കും പിന്നെ സ്യൂട്ടിലേക്കും വളര്‍ന്നു വലുതാവുകയാണ്.അവനുചുറ്റും വലിയ ഒരു ലോകമുണ്ട്.അച്ഛനുമമ്മയും ഏട്ടന്‍മാരും നാട്ടുകാരും പരിചയക്കാരുമായ വലിയ ഒരു ജനക്കൂട്ടത്തെത്തന്നെ ആ യാത്രയില്‍ കണ്ടുമുട്ടി.ചിലര്‍ വിട പറഞ്ഞുപിരിഞ്ഞു..മറ്റു ചിലര്‍ എന്നോടൊപ്പം നടന്നു .
കൃഷ്ണന്‍ മാസ്റ്റര്‍, അപ്പുവും പെങ്ങള്‍ നാരായണിയും,കുഞ്ഞപ്പു,,വേലു മൂപ്പന്‍,ചന്തുക്കുഞ്ഞന്‍, മീശക്കണാരന്‍,കുങ്കിയമ്മ.വാസു,കുഞ്ഞിക്കേളുമേലാന്‍,ഗോപാലേട്ടന്‍,ഉണ്ണൂലിയമ്മ,എമ്മ..അങ്ങനെയെത്രപേര്‍.. ഓരോ കഥാപാത്രത്തേയും രസകരമായി , പരിപൂര്‍ണ്ണതയോടെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് അസാമാന്യ പാടവമുണ്ട്. .പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളുടേയും ജീവചരിത്രം ഇതുപോലെ സരസമായി വര്‍ണ്ണിക്കുന്നത് മറ്റൊരു പുസ്തകത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല..അതുപോലെ പ്രകൃതി ഒരു പ്രധാന കഥാപാത്രമായി വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത . ചേന വിളഞ്ഞ പറമ്പിനെ വിശേഷിപ്പിക്കുന്നത് പച്ചപ്പട്ടുകുടകള്‍ വിരിച്ചതുപോലെ എന്നാണെങ്കില്‍ ശ്രീധരന്റെ പൂന്തോട്ടം വര്‍ണ്ണിക്കുമ്പോള്‍ പലവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നേരില്‍ കണ്ട് ആസ്വദിക്കുന്നപോലെയായിരുന്നു. വളരെ വിശേഷപ്പെട്ട ഒരു ചെടിയെ 'ജയമോഹനന്‍' എന്നു പേരിട്ട് മകനെപ്പോലെ പരിപാലിച്ചു വളര്‍ത്തുന്ന കോണ്‍ട്രാക്ടറുടെ കഥ വായിക്കുമ്പോള്‍ ഒരു കൂറ്റന്‍ ജലധാരപോലെ വെണ്‍കൊറ്റക്കുടകള്‍ ചൂടി നില്‍ക്കുന്ന ആ ചെടിയെക്കുറിച്ച് ഉള്ളിലൊരുപാട് സങ്കല്‍പ്പങ്ങള്‍ പൊട്ടിവിടരും.. പ്രകൃതിയോടെനിക്കുണ്ടായിരുന്ന കൗതുകത്തെ, നിരീക്ഷിക്കാനുള്ള ഔത്സുക്യത്തെ ഊട്ടിയുറപ്പിച്ചതും പൊറ്റെക്കാടിന്റെ പ്രകൃതി വര്‍ണ്ണനകളാണ്. ചന്തുക്കുഞ്ഞനെക്കുറിച്ച് വായിക്കുമ്പോള്‍ കുട്ടിക്കാലത്ത് ഇളനീരിട്ടു തന്നിരുന്ന, ഓലമടല്‍ കൊണ്ടും കുരുത്തോല കൊണ്ടും കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തന്നിരുന്ന കോതയേയും കറപ്പനേയുമൊക്കെ ഓര്‍മ്മ വരുമായിരുന്നു.
രാത്രി ഏറെ വൈകി ഉപ്പ വീട്ടിലെത്തിയപ്പോഴേക്ക് ദേശത്തിന്റെ കഥ വായിച്ചു തീര്‍ത്തതു പറയാന്‍ കാത്തിരിക്കുകയായിരുന്നു .ഉപ്പയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.ഇനിയും ഒരുപാടു പുസ്തകങ്ങള്‍ തരാനുണ്ടെന്ന് പറഞ്ഞ് പുറത്തു തട്ടിക്കൊണ്ട് അഭിനന്ദിച്ചു.അതില്‍പ്പിന്നെ കയ്യില്‍ക്കിട്ടിയതെന്തും പെട്ടെന്നു വായിക്കുക ,ഉപ്പയുടെ പ്രീതി പിടിച്ചു പറ്റുക എന്നതായിരുന്നു സ്ഥിരം പരിപാടി.ബഷീറും തകഴിയും എം ടിയുമെല്ലാം പിന്നെ വായനയുടെ ഭാഗമായി.എങ്കിലും എല്ലാ ഒഴിവുകാലത്തും പ്രകൃതിയുടേയും പച്ച മനുഷ്യരുടേയും കാഴ്ചകള്‍ തേടി അതിരാണിപ്പാടത്തും ഇലഞ്ഞിപ്പൊയിലിലും അലസസഞ്ചാരം നടത്തുക എന്നതൊരു ശീലമായിത്തീര്‍ന്നു.ഓരോ വായനയിലും ഓരോ കഥാപാത്രങ്ങളാണ് കൂടെപ്പോരുക.ചിലപ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമാവാം.ചിലപ്പോള്‍ അപ്രധാനമായവയുമാവാം.എല്ലാവര്‍ക്കും എന്തെങ്കിലും പ്രത്യേകതയുണ്ടാവാതിരിക്കില്ല.
കരിനീലത്തലമുടി മുഖത്തിനു ചുറ്റും പരത്തിയിട്ട് ചിരിക്കുന്ന, തളര്‍വാതം വന്നു കിടപ്പിലായ നാരായണിയും അവളുടെ രോഗം മാറാന്‍ അത്ഭുതസിദ്ധികളുള്ള നീലക്കൊടുവേലിച്ചെടി തിരഞ്ഞ് ചെമ്പോത്തിന്റെ കൂടു തേടി നടക്കുന്ന അപ്പുവും ബാല്യത്തിന്റെ വേദനാനിര്‍ഭരമായ കാഴ്ചയായിരുന്നു.നാരായണിയുടെ കുഴിമാടത്തില്‍ പഴുത്ത പൊട്ടിയ്ക വെച്ച് പ്രാര്‍ത്ഥിക്കുന്ന ശ്രീധരന്റെ ചിത്രം ഇപ്പോഴും കണ്ണുകളീറനാക്കാറുണ്ട്.
സമയക്കുറവുകാരണം വായിച്ച പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്ന പതിവില്ലാതെയായിരിക്കുന്നു ഇപ്പോള്‍.ദേശത്തിന്റെ കഥയും വായിച്ചിട്ട് കുറേക്കാലമായി.എങ്കിലും ഒരു ചലച്ചിത്രം പോലെ വ്യക്തതയോടെയാണ് ഓരോ സന്ദര്‍ഭവും ഉള്ളിലൂടെ കടന്നു പോകുന്നത്.ഓര്‍മ്മയില്‍ നിറം മങ്ങാതെ കിടക്കുന്ന ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇതെഴുതുന്നത് .
ഒരിക്കലും മറക്കാന്‍ കഴിയാത്ത ബിംബങ്ങളുടെ പുസ്തകം കൂടിയാണത്.നീര്‍ക്കോലിയെ കയ്യില്‍പ്പിടിച്ച് അറപ്പോടെ മുഖം തിരിച്ച് പട്ടിണികിടന്നു ജീവന്‍ പോയ കുരങ്ങനേയും ജഡ്ക്ക വണ്ടിയിലൂടെ നീലക്കണ്ണട വച്ചു പോകുന്ന കുഞ്ഞിക്കേളു മേലാനെയും ഓര്‍മ്മിക്കുമ്പോള്‍ മുങ്ങേലി ഗദ്ദയും നിധിവേട്ടയുമെല്ലാം മുന്നിലൂടെ മാറി മറയുന്നു.ഒരു കാലത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങള്‍ കൂടി രേഖപ്പെടുത്തപ്പെട്ട പുസ്തകമാണിതെന്ന് കുറേ മുതിര്‍ന്നതിനു ശേഷമാണ് മനസ്സിലാക്കാനായത്.വാഗണ്‍ ട്രാജഡിയും മാപ്പിള ലഹളയുമൊക്കെ മനസ്സില്‍ പതിഞ്ഞത് ചരിത്രപുസ്തകങ്ങളുടെ മടുപ്പിക്കുന്ന താളുകളില്‍ നിന്നല്ല,മറിച്ച് പൊറ്റെക്കാടിന്റെ സരസമായ ശൈലി കൊണ്ടു മാത്രമാണ്.തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിനു മുന്നിലൂടെ കടന്നു പോയപ്പോഴൊക്കെ ജീവവായുവിനായി പരാക്രമം കാണിക്കുന്ന മാപ്പിളമാരുടെ പരസ്പരം മാന്തിക്കീറിയ ശരീരങ്ങള്‍ ഞെട്ടലോടെ ഓര്‍മ്മിക്കാറുണ്ട്.സ്വാതന്ത്ര്യത്തിനായി ഒരു ജനത അനുഭവിച്ചു തീര്‍ത്ത വേദനകള്‍ ആത്മനിന്ദയോടെ അയവിറക്കാറുണ്ട്.
അതുപോലെത്തന്നെ രസകരമായ ചില പദപ്രയോഗങ്ങള്‍ കാലാതിവര്‍ത്തിയായി കൂടെപ്പോരുന്നു.അപ്പാണ്യം,പുരത്തറ,പെണ്‍പട എന്ന അദ്ധ്യായം ഇടക്കിടെ വായിച്ചിരുന്നത് അപ്പവാണിഭ നേര്‍ച്ചയുടെ വിശേഷങ്ങള്‍ അറിയാനും നാടന്‍ പെണ്ണുങ്ങളുടെ വഴക്കു കേള്‍ക്കാനുമായി മാത്രമായിരുന്നു!കുട്ടിക്കാലത്ത് ,വലിയങ്ങാടിയിലെ പെണ്‍വഴക്കുകള്‍ക്കിടയില്‍ ഈ കഥാപാത്രങ്ങളെയെല്ലാം ഞാന്‍ കണ്ടിട്ടുണ്ടല്ലോ എന്ന് ഉള്ളില്‍ ചിരിയൂറുന്നു. കൊതിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന,ചിരിപ്പിക്കുന്ന ഒരു അദ്ധ്യായമായി അത് ഇപ്പോഴും മനസ്സിലുണ്ട്.
അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ പുസ്തകം കൂടിയായിരുന്നു അത്.ശ്രീധരന്റെ കവിതയെഴുത്തിനെ ആദ്യം തമാശയോടെയാണ് കണ്ടിരുന്നതെങ്കിലും പിന്നീട് തിരസ്കരിക്കപ്പെടുന്ന എഴുത്തുകാരന്റെ വിഷമം തിരിച്ചറിയാനായി. നല്ലതെന്നുറപ്പിച്ച് പത്രാധിപര്‍ക്ക് അയക്കുന്ന കഥകള്‍ ‌ ഒരു കാരണവുമില്ലാതെ മടങ്ങി വന്നപ്പോളൊക്കെ ശ്രീധരന്റെ രണ്ടു ശത്രുക്കളേയും ഓര്‍മ്മ വരാറുണ്ടായിരുന്നു.(ഒന്ന്,കൈയ്യില്‍ നിന്ന് അപ്പം കവര്‍ന്നെടുത്ത പരുന്ത്,മറ്റൊന്ന് കവിതകള്‍ നിര്‍ദ്ദയം തിരസ്കരിക്കുന്ന പത്രാധിപര്‍ )
അതിരാണിപ്പാടത്തിന്റെ അതിരുകള്‍ കടന്ന് മനസ്സിന്റെ വേഗങ്ങള്‍ക്കൊപ്പം നടന്ന്ശ്രീധരന്‍ സ്വപ്നസഞ്ചാരിയാവുന്നു .ആത്മകഥാപരമായ ഈ കൃതി പ്രത്യാശാഭരിതമായ ഒരു എഴുത്തുകാരന്റെ വിജയഗാഥ കൂടിയാണ്.സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച,പഠിക്കാന്‍ അസാമാന്യസിദ്ധികളില്ലാത്ത ഒരു തനി നാട്ടിന്‍പുറത്തുകാരന് എന്തുമാവാന്‍ കഴിയും എന്ന പ്രത്യാശ ഈ പുസ്തകം തരുന്നുണ്ട്.അതുകൊണ്ടെല്ലാം തന്നെ ദേശത്തിന്റെ കഥ എന്റെ ഹൃദയത്തോടടുത്തു നില്‍ക്കുന്ന പുസ്തകമാകുന്നു.
ഇപ്പോഴും പുസ്തകഷെല്‍ഫിനു പുറത്ത് ഉപ്പയുടെ കയ്യൊപ്പോടു കൂടിയ 'ദേശത്തിന്റെ കഥ' കണ്ടാല്‍ വെറുതെയൊന്ന് മറിച്ചു നോക്കാതെ പോകാന്‍ കഴിയില്ല.പുസ്തകം അവിടവിടെ മറിച്ചു നോക്കുകയും,മിക്കവാറും ' മര്‍മ്മരങ്ങള്‍ 'എന്ന ഭാഗമെങ്കിലും ആവര്‍ത്തിച്ചു വായിക്കുകയും ചെയ്യുമ്പോള്‍ , സന്ധ്യാവെളിച്ചം നിഴല്‍പടര്‍ത്തിയ അടുക്കളമുറ്റത്ത്,മീന്‍മണമുള്ള ഒരു നനഞ്ഞ പത്രക്കടലാസ് നിലത്തിട്ട് സൂക്ഷതയോടെ വായിക്കുന്ന ഒരു ഏഴു വയസ്സുകാരിയെ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. കണ്ണിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകള്‍ ഒതുക്കി,അരണ്ട വെളിച്ചത്തില്‍ വായിക്കുന്ന അവളെ അഭിമാനം നിറഞ്ഞ പുഞ്ചിരിയോടെ നോക്കിക്കാണുന്ന ഒരച്ഛന്റെ മുഖം മരണത്തിനു കവര്‍ന്നെടുക്കാന്‍ കഴിയുമെങ്കിലും മറവിക്കു മായ്ക്കാനാവില്ല.

8 അഭിപ്രായങ്ങൾ:

  1. ചേച്ചി,,
    ഒരു കമന്റ്‌ എഴുതാതെ പോകാൻ കഴിഞ്ഞില്ല.അത്ര നല്ല ഓർമ്മകൾ.
    എന്റെ ചെറുപ്പം ഓർത്തു പോയി.വായിക്കാനായി അച്ചൻ എനിക്ക്‌ ആദ്യം തന്ന പുസ്തകം ചൂളൈമേടിലെ ശവങ്ങൾ.ഒന്നും മനസിലായില്ലെങ്കിലും വായന തുടങ്ങാനുള്ള പ്രേരണ കിട്ടി.

    ചേച്ചി ദുർഗ്ഗാപ്രസാദ് ഖത്രിയുടെ "വെളുത്ത ചെകുത്താൻ "വായിച്ചിട്ടുണ്ടോ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം സുധീഷ്..ആദ്യത്തെ പുസ്തകത്തെക്കുറിച്ച് ഇതുപോലെ കുറെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കുമുണ്ട് അല്ലേ?വെളുത്ത ചെകുത്താന്‍ ഞാന്‍ വായിച്ചിട്ടില്ല

      ഇല്ലാതാക്കൂ
    2. മോഹൻ ഡി കങ്ങഴ തർജ്ജമ ചെയ്ത ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ മൃത്യുകിരണം( 3ഭാഗം,),വെളുത്ത ചെകുത്താൻ 4(ഭാഗം) എന്നിവ വായനക്കാരെ വല്ലാത്ത ഒരു മാസ്മരലോകത്തേക്ക്‌ നയിക്കുവാൻ കഴിവുള്ള പുസ്തകങ്ങളാണു.

      പറ്റിയാൽ വാങ്ങി വായിക്കൂ.

      ഇല്ലാതാക്കൂ
  2. ഓര്‍മ്മകള്‍ ഒരുപാട് പിന്നിലേക്ക് നടത്തിയ ഓര്‍മ്മക്കുറിപ്പുകള്‍..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ആ ബുക്ക് എവിടെ കിട്ടും ചന്ദ്രകാന്ത ബുക്കും കുറെ ആയി തപ്പുന്നു

    മറുപടിഇല്ലാതാക്കൂ