അഭിമുഖം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അഭിമുഖം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 5, ചൊവ്വാഴ്ച

ഖൈസ്വറാ ഷഹറാസ്-കൊടുങ്കാറ്റിന്റെ കഥാകാരി.ഇന്റര്‍വ്യൂ/ദേശാഭിമാനി വാരിക

                   ഖൈസ്വറാ ഷഹറാസ്-കൊടുങ്കാറ്റിന്റെ കഥാകാരി.
              പാക്കിസ്ഥാനില്‍ ജനിച്ച് ബ്രിട്ടണിലെ മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഖൈസ്വറ ഷഹറാസിന്റെ(Qaisra shahraz)
 നോവലുകള്‍  വിവിധ ഭാഷകളിലേക്ക്  മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.മാഞ്ചസ്റ്റര്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന്
 ഇംഗ്ലീഷിലും ക്ലാസിക്കല്‍ സിവിലൈസേഷനിലും ബിരുദം നേടിയ ശേഷം യൂറോപ്യന്‍ സാഹിത്യത്തിലും സ്ക്രിപ്റ്റ്
 എഴുത്തിലും സാല്‍ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയ ഖൈസ്വറ കോളജ്
 ഇന്‍സ്പെക്ടര്‍,ഇന്റര്‍ നാഷണല്‍ ടീച്ചര്‍ ട്രെയ്നര്‍,എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പുരസ്കാരങ്ങള്‍ നേടിയ നോവലിസ്റ്റ്,സ്ക്രിപ്റ്റ് റൈറ്റര്‍,ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പേരെടുത്ത ഖൈസ്വറയുടെ ഒരു ചെറുകഥ-ജീന്‍സ്-മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ പ്രശസ്തമായ ഡ്രാമാ സീരിയല്‍
'ദ് ഹാര്‍ട്ട് ഈസിറ്റ്  ' ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആദ്യനോവല്‍ ഹോളിവുമണില്‍ പുണ്യവതിയാവാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സംഘര്‍ഷാവസ്ഥകളാണ് ഖൈസ്വറ പറയുന്നത്.
പാക്കിസ്ഥാന്‍ ഗ്രാമജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍  തന്റെ രചനകളില്‍ സമര്‍ത്ഥമായി ആവിഷ്കരിക്കാന്‍ ഖൈസ്വറക്കു കഴിഞ്ഞിട്ടുണ്ട്.ഹോളിവുമണു ശേഷം ഖൈസ്വറ രചിച്ച നോവല്‍  'ടൈഫൂണ്‍  ' പാക്കിസ്ഥാന്‍ സ്ത്രീകളുടെ  ഗ്രാമജീവിതത്തിന്റെ ആവിഷ്കാരമാണ്.ഭൂതകാലം വേട്ടയാടുന്ന മുന്നു യുവതികളുടെ തീവ്രവേദനകളുടെ കഥയാണ് ടൈഫൂണ്‍.
സൗഹൃദം,പ്രണയം,ദാമ്പത്യം,വിരഹം,വൈധവ്യം,വിവാഹമോചനം,മാതൃത്വം ,അസൂയ .ത്യാഗം തുടങ്ങി സ്ത്രീ ജീവിതത്തിന്റെ സകലഭാവങ്ങളേയും സ്പര്‍ശിച്ചു കൊണ്ടാണ് ടൈഫൂണ്‍ അവസാനിക്കുന്നത്.പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും തീവ്രമായ സംഘര്‍ഷാവസ്ഥകള്‍ ഉള്ളുലയ്ക്കും വിധമാണ് ഖൈസ്വറ ആവിഷ്കരിച്ചിരിക്കുന്നത്..
2012 ജനുവരിയില്‍ ‍ടൈഫൂണിന്റെ മലയാള പരിഭാഷയുടെ വിവര്‍ത്തന(ഷീബ ഇ കെ)ത്തിന്റെ പ്രകാശനത്തിനായി ഇന്ത്യയിലെത്തിയ ഖ്വൈസ്റയുമായുള്ള അഭിമുഖത്തില്‍ നിന്ന്.
*എഴുത്തുകാരിയാകുമെന്നു കരുതിയിരുന്നോ?എഴുത്തിലേക്കെത്തപ്പെട്ടതെങ്ങിനെ?

           പതിനാലാം വയസ്സു മുതല്‍ എഴുതുമായിരുന്നു.ഭാവനാസമ്പന്നമായ ഒരു ലോകം എനിക്കുണ്ടെന്നു സ്കൂളില്‍ വച്ചേ കൂട്ടുകാര്‍ പറയുമായിരുന്നു.കഥകളുണ്ടാക്കി കൂട്ടുകാരോടു പങ്കിടുക എന്നത് അക്കാലങ്ങളില്‍ എന്റെ സ്ഥിരം പരിപാടിയായിരുന്നു.എന്നിരുന്നാലും യൂണിവേര്‍സിറ്റി പഠനകാലത്താണ്  ഗൗരവമായി എഴുത്തിനെക്കുറിച്ചു ചിന്തിക്കുന്നതും പ്രസിദ്ധികരിക്കുന്നതും.ആദ്യമായി ഞാനെഴുതിയ ഒരു ലേഖനം 'ഷി  'എന്ന മാസികയില്‍ അച്ചടിച്ചു വന്നത് അക്കാലത്താണ്.ഗ്രീക്ക് പൂപ്പാത്രങ്ങളെക്കുറിച്ചായിരുന്നു അത്.
*.ബാല്യം പാക്കിസ്ഥാനിലായിരുന്നല്ലോ.എന്തെല്ലാം ഓര്‍മ്മകളുണ്ട് അക്കാലത്തെക്കുറിച്ച്?

എട്ടുവയസ്സുവരെ മാത്രമാണ് ഞാന്‍ പാക്കിസ്ഥാനില്‍-ലാഹോറില്‍-ജീവിച്ചത്.ഒരുപാടു നല്ല ഓര്‍മ്മകളുണ്ട് അക്കാലത്തെക്കുറിച്ച്.സമപ്രായക്കാര്‍ക്കൊപ്പം കളിച്ചു നടന്നതും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നതും കോവര്‍ക്കഴുതകളെ മേച്ചു ന‍ടന്നിരുന്നതും മാമ്പഴങ്ങള്‍ നിറയെ കഴിച്ചതും മട്ടുപ്പാവില്‍ ഉറങ്ങിയിരുന്നതും ഒക്കെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.വകയിലൊരു അമ്മായിയുടെ അതിമനോഹരമായ വസതിയില്‍ ചെലവിട്ട വേനലവധിയാണ് അവയിലേറ്റവും ദീപ്തമായ ഓര്‍മ്മ.വീടു നിറയെ അതിഥികളും ജോലിക്കാരും വിരുന്നുകളും നിറഞ്ഞു നിന്നിരുന്നു.പകല്‍ സമയങ്ങളില്‍  നിറയെ ആപ്പിള്‍ നീരും രാത്രികളില്‍ ബദാം ചേര്‍ത്ത പാലും കുടിക്കാന്‍ തന്നിരുന്നത് ഓര്‍മ്മയിലുണ്ട്.
ലാഹോറിലെ അനാര്‍ക്കലി ബസാറിലൂടെയുള്ള ഷോപ്പിംഗ് അന്നുമിന്നും എനിക്കു പ്രിയങ്കരമാണ്.

*ആദ്യനോവല്‍-ഹോളി വുമണ്‍-  എഴുതാനുണ്ടായ പ്രേരണ?
ബി ബി സി യില്‍ കണ്ട ഒരു ഡോക്യുമെന്ററി.പാക്കിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലെ ചിലയിടങ്ങളില്‍ അതിസമ്പന്നരായ വന്‍ ഭൂവുടമകള്‍ തങ്ങളുടെ ഭൂമി വിഭജിച്ചു പോകാതിരിക്കാനായി കുടുംബത്തിലെ യുവതികളെ വിശുദ്ധ ഖുര്‍ ആനു വിവാഹം കഴിച്ചു കൊടുക്കുന്ന ഒരു ആചാരത്തെക്കുറിച്ചായിരുന്നു അത്.ഭൂമി കൈവിട്ടു പോകാതിരിക്കാനായി പെണ്‍കുട്ടികളെ കന്യാസ്ത്രീകളെപ്പോലെ മതത്തിന്റെ ചങ്ങലകളില്‍ കുരുക്കിയിടുന്ന ആ കാഴ്ച എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു.ഇസ്ലാമില്‍ കന്യാസ്ത്രീ എന്നോരേര്‍പ്പാടേ ഇല്ല.ഭൂരിപക്ഷം പേരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവരാണ്.എന്നിട്ടും എങ്ങനെയാണീ ക്രൂരമായ ഏര്‍പ്പാട് അനുഭവിക്കേണ്ടി വന്നത്..ഞാനതിനെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചു.ഇപ്പോള്‍ ഈ ആചാരം ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിട്ടുണ്ട്.മുസ്ലിം  രാജ്യങ്ങളിലെവിടെയും ഈ ദുരാചാരം ഇപ്പോള്‍ സംഭവിക്കുന്നില്ല.

*.രണ്ടാമത്തെ നോവല്‍, ടൈഫൂണ്‍ ,പാക്കിസ്ഥാന്‍ സ്ത്രീകളുടെ ജീവിതാവിഷ്കാരമാണല്ലോ.ഒന്‍പതാം വയസ്സില്‍ ലണ്ടനിലേക്കു കുടിയോറിയ താങ്കള്‍ ഗ്രാമജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ ഭംഗിയായി ആവിഷ്കരിച്ചതെങ്ങിനെ?
           പിതാവിന്റെ നാടായ ലാഹോറിനു പുറമേ,മാതൃ വീടായ പാക്കിസ്ഥാനിലെ ഗുജറാത്തിലും ഞാന്‍ ജീവിച്ചിട്ടുണ്ട്.സഞ്ചാരപ്രിയയായിരുന്നു മുത്തശ്ശി.ബന്ധു വീടുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അവര്‍ സന്ദര്‍ശിച്ചിരുന്നു.പലപ്പോഴും അവര്‍ എന്നേയും കൂടെക്കൊണ്ടുപോയി.ആ യാത്രാനുഭവങ്ങളാണ് പാക്കിസ്ഥാന്‍ ഗ്രാമജീവിതത്തെ എന്റെ കഥകളില്‍ വരച്ചിട്ടത്.കുഞ്ഞുന്നാളിലെ ആ ഓര്‍മ്മകളെ ഞാനിപ്പോഴും താലോലിക്കുന്നു.അതില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാനെക്കുറിച്ച് എനിക്കെഴുതാനാവില്ലായിരുന്നു.

*.പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സ്ത്രീജീവിതം എങ്ങനെ?സുരക്ഷിതരാണോ അവര്‍?
          ദീര്‍ഘകാലമായി ഇംഗ്ലണ്ടിലായതിനാല്‍ പാക്കിസ്ഥാന്‍ സ്ത്രീകളുടെ സമകാലിക ജീവിതാവസ്ഥകളെക്കുറിച്ച് എനിക്ക് ഒരുപാടു പറയാനാവില്ല.പട്ടാള ഭരണകൂടം,പുരുഷാധിപത്യം എന്നിവയുള്ള വികസിച്ചു വരുന്ന ഒരു രാജ്യത്ത് ഭൂരിഭാഗം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതം വെല്ലുവിളികള്‍ നിറ‍ഞ്ഞതും പ്രയാസങ്ങളുള്ളതുമാവും എന്നു ഞാന്‍ കരുതുന്നു.മോശമായ സാമ്പത്തികാവസ്ഥയും ദാരിദ്ര്യവും സ്ത്രീകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.കുടുംബം നടത്തിക്കൊണ്ടുപോകാന്‍,മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ എങ്ങനെ പണം കണ്ടെത്താമെന്ന ആശങ്ക സ്ത്രീകള്‍ക്കുണ്ട്.നിരക്ഷരത,തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍,സാംസ്കാരികമായ അതിര്‍വരമ്പുകള്‍ തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്ക് സ്വയം ജോലിചെയ്തു സമ്പാദിക്കാന്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു.എന്നാല്‍ മധ്യ വര്‍ഗ്ഗക്കാരോ ഉയര്‍ന്ന വര്‍ഗ്ഗക്കാരോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഈ പറഞ്ഞതൊന്നും ബാധകമല്ല.അവരെല്ലാം ഉന്നതവിദ്യാഭ്യാസം നേടി സ്വതന്ത്യമായ തീരുമാനങ്ങളെടുത്ത് ജോലിചെയ്തു ജീവിക്കുന്നവരാണ്.വിദ്യാഭ്യാസം,മീഡിയ,രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ സജീവമായിത്തന്നെയുണ്ട്.സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളോടെ ജീവിതം നിറഞ്ഞു ജീവിക്കുന്നവരാണവര്‍.

*എഴുത്തുകാര്‍ക്കു നേരെ പാക് ഭരണകൂടത്തിന്റേയും മതനേതാക്കളുടെയും മനോഭാവം എങ്ങിനെ?പാക് സാഹിത്യത്തിലെ പ്രധാന എഴുത്തുകാര്‍,രചനകള്‍ എന്തെല്ലാം?
         എന്നെ സംബന്ധിച്ചിടത്തോളം നല്ല അനുഭവങ്ങള്‍ മാത്രമാണ്.എന്റെ രണ്ടു നോവലുകളുടെയും പ്രചരണാര്‍ത്ഥം ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആതിഥ്യം സ്വീകരിച്ച അവസരങ്ങളിലും വിവിധ യൂണിവേര്‍സിറ്റികളില്‍ ഏര്‍പ്പെടുത്തിയ സ്വീകരണങ്ങളിലും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.ടൈഫൂണും ഹോളിവുമണും വളരെയധികം ആഘോഷിക്കപ്പെടുകയുമുണ്ടായി.ഇംഗ്ലീഷില്‍ എഴുതുന്ന ധാരാളം പാക്ക് എഴുത്തുകാരുണ്ട്.അവരുടെ രചനകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.പ്രാദേശികഭാഷയില്‍ എഴുതുന്ന പാക്ക് എഴുത്തുകാര്‍ക്കും ആ പ്രശസ്തിയും അംഗീകാരവും ലഭിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

*ഫെമിനിസം,ആക്ടിവിസം എന്നിവ പാക്കിസ്ഥാനില്‍ എത്രകണ്ട് വളര്‍ച്ച് പ്രാപിച്ചിരിക്കുന്നു?
           മറ്റെവിടത്തെയും പോലെ സജീവവും പുരോഗമനത്തിന്റെ പാതയിലുമാണ്.സ്ത്രീകള്‍ക്കുവേണ്ടിയുള്ള കൂട്ടായ്മകളും ആക്ടിവിസ്റ്റുകളുമുണ്ട്.എങ്കിലും അവര്‍ എത്ര കണ്ട് വിജയം കൈവരിച്ചിട്ടുണ്ട് എന്നെനിക്കു പറയാനാവില്ല.

*.ഇംഗ്ലിഷിലാണല്ലോ എഴുതുന്നത്.സ്വന്തം രാജ്യത്ത് എത്രമാത്രം വായിക്കപ്പെടുന്നുണ്ട്?
         ഭാഷയുടെയും വിലക്കൂടുതലിന്റേയും പ്രശ്നങ്ങള്‍ കാരണം സാധാരണ വായനക്കാര്‍ക്ക് എന്നേപോലെ ഇംഗ്ലിഷിലെഴുതുന്നവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ്.എങ്കിലും ഹോളിവുമണ്‍ ഉര്‍ദുപതിപ്പ് ഉടനെയിറങ്ങും.കൂടുതല്‍ പാക്കിസ്ഥാന്‍ വായനക്കാരുണ്ടാവുമെന്നത് എന്നെ സന്തോഷിപ്പിക്കുന്നു.

*.ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് എന്തു പറയുന്നു?ഏഷ്യന്‍ സാഹിത്യത്തെക്കുറിച്ച് യൂറോപ്പിന്റെ കാഴ്ചപ്പാട് എന്താണ്?
        സമ്പന്നവും മുല്യാധിഷ്ഠിതവുമായ ഇന്ത്യന്‍ സാഹിത്യത്തെ ആദരവോടെയാണ് യൂറോപ്യന്‍ സമൂഹം വീക്ഷിക്കുന്നത്.ഇംഗ്ലിഷ്-ഇന്ത്യന്‍ എഴുത്തുകാര്‍ നിരവധി പുരസ്കാരങ്ങളോടെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.മിര്‍സാ ഗാലിബിനെപ്പോലെ പഴയതും പുതിയതുമായ ഇന്ത്യന്‍എഴുത്തുകാരുടെ  സാഹിത്യ കൃതികള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

*.കേരളത്തില്‍ മുമ്പു വന്നിട്ടുണ്ടോ?എന്താണ് കേരളത്തെക്കുറിച്ചുള്ള അഭിപ്രായം?
            ആദ്യമായാണ് ഞാന്‍ കേരളത്തിലേക്കു വരുന്നത്.എന്റെ രണ്ടാമത്തെ നോവല്‍ ടൈഫൂണിന്റെ മലയാളവിവര്‍ത്തനം ഡി സി ബുക്ക്സ്  കൊച്ചി ഇന്റര്‍ നാഷണല്‍ ബുക്ക്  ഫെസ്റ്റില്‍ വച്ച് പ്രകാശനം ചെയ്യുന്നതുമായിട്ടാണ് ഈ സന്ദര്‍ശനം.
കേരളത്തെക്കുറിച്ച്  ഞാനൊരുപാടു നല്ല കാര്യങ്ങള്‍ കേട്ടു.അതിമനോഹരം,സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നിങ്ങനെ...രണ്ടും എന്നെ അതിരറ്റു സന്തോഷിപ്പിക്കുന്നു.എന്റെ കണ്ണുകള്‍ക്ക് മതിയാവോളം പ്രകൃതി സൗന്ദര്യം നുകരാമെന്നതിനു പുറമെ എന്റെ പുസ്തകത്തിന് ഒരുപാടു വായനക്കാരെ കിട്ടുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.
കൊച്ചിക്കു പുറമെ ഇന്ത്യയില്‍ ജയ്പ്പൂര്‍ സാഹിത്യോത്സവം,ഡല്‍ഹി,അലിഗര്‍,ലക്നൗ,കാലിക്കറ്റ് യൂണിവേര്‍സിറ്റികളിലെ പ്രഭാഷണങ്ങളിലും പങ്കെടുത്തു.

*മലയാള സാഹിത്യത്തെക്കുറിച്ച് എത്രമാത്രം അറിയാം?
മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍ ഒന്നും വായിക്കനാവാത്തത്  എന്നെ ഖേദിപ്പിക്കുന്നു.മലയാളത്തിലെഴുതപ്പെട്ട നല്ല പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരുമല്ലോ.ഗംഭീരമാവും അത് എന്നെനിക്കുറപ്പാണ്.എങ്കിലും ഷീബയുടെ കഥ 'വൈ ടു കെ 'യുടെ ഇംഗ്ലീഷ് വിവര്‍ത്തനം  ഞാന്‍ വായിക്കുകയുണ്ടായി.വളരെ ഇഷ്ടമാവുകയും ചെയ്തു എനിക്കത്.ഞാനാദ്യം വായിക്കുന്ന മലയാളം എഴുത്തുകാരി!

*ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി.കാരണം?
          ജോലി,വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചിടത്തോളം എന്റെ പിതാവായിരുന്നു എന്റെ വഴികാട്ടി.എന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വളരെയധികം സഹായിച്ചു.മറ്റെല്ലാ കാര്യങ്ങളിലും മാതാവാണ് എന്നെ സ്വാധീനിച്ചത്.രണ്ടുവര്‍ഷം മുമ്പ് അവര്‍ ഞങ്ങളെ വിട്ടു പോയി. ആ സ്നേഹം,വിവേകം,സൗഹൃദം അതെല്ലാം എന്റെ നഷ്ടങ്ങളാണ്.അമ്മ,സ്ത്രീ,മനുഷ്യന്‍ എന്നീ നിലകളിലെല്ലാം പ്രദീപ്തമായ ഒരു മാതൃകയായിരുന്നു എനിക്കവര്‍.അവരുടെ മകളായി ജനിച്ചതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു.ആ കാലടികള്‍ പിന്‍തുടരാന്‍ ഞാനെപ്പോഴും ശ്രമിക്കുന്നു.

*..നോവലുകളില്‍ എപ്പോഴും ദീര്‍ഘമായ സംഭാഷണങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കാണുന്നു.ഖൈസ്വറയുടെ കഥാപാത്രങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ?
           ഞാനിക്കാര്യം ശ്രദ്ധിച്ചിരുന്നില്ല!ശരിയാണ്.നീണ്ട സംഭാഷണങ്ങളാണ് പലയിടത്തും.സംഭാഷണപ്രിയയാണു ഞാന്‍.എനിക്കു തോന്നുന്നു എന്റെ കഥാപാത്രങ്ങളും എന്റെ പാത പിന്‍ തുടരുകയാണെന്ന്!

*സ്വന്തം രചനകളില്‍ പ്രിയപ്പെട്ടതേത്?..പുതിയ പദ്ധതികള്‍?
എല്ലാം ഇഷ്ടമാണ്.ഹോളിവുമണ്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വായിച്ചു.പ്രത്യേകിച്ച് ഇന്തോനോഷ്യ,ടര്‍ക്കി എന്നിവിടങ്ങളില്‍.സരിബാനുവിന്റെയും സിക്കന്തറിന്റെയും ശക്തമായ പ്രണയകഥയെപ്പോലെത്തന്നെ വളരെ ആസ്വദിച്ചാണ് ടൈഫൂണിലെ കനീസിന്റെയും റയീസിന്റെയും തരളമായ പ്രണയം ഞാനെഴുതിയത്.ഒരുപാടു പ്രധാനസംഗതികളെ ഉള്‍പ്പെടുത്തിയാണ് ടൈഫൂണ്‍ എഴുതിയത്.പുതിയ നോവലിന്റെ രചനയിലാണ്.ഒപ്പം കുട്ടികള്‍ക്കായി ഒരു നോവലും എഴുതുന്നു.കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ആദ്യത്തെ പുസ്തകം.

*ഖൈസ്വറ എന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നാല്‍ എന്താണ്?
വളരെ ആനന്ദകരമായ,ഗൗരവമായ ഒന്നാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്.കഥകളും കഥാപാത്രങ്ങളുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്കോര്‍ക്കാനാവില്ല.കഠിനാദ്ധ്വാനം ചെയ്തിട്ടാണെങ്കിലും ആശയങ്ങളും കഥാപാത്രങ്ങളും ഒരു കടലാസിലേക്കോ കംപ്യൂട്ടര്‍ സ്ക്രീനിലേക്കോ വാര്‍ന്നു വീഴുമ്പോള്‍ മഹത്തായ ഒരനുഭവമായി എനിക്കനുഭവപ്പെടുന്നു.യഥാര്‍ത്ഥമെന്നു തോന്നുന്ന ഒരു ഭാവനാലോകം സൃഷ്ടിച്ച് ഹൃദയത്തില്‍ നിറയെ കഥാപാത്രങ്ങളുമായി ജീവിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം സാധാരണമാണ്.പലകഥാപാത്രങ്ങളുമായും പ്രണയത്തിലാണു ഞാന്‍!അതു കൊണ്ടാണ് ഹോളിവുമണ്‍ന്റെ തുടര്‍ച്ചയായി ടൈഫൂണ്‍ എഴുതിയത്.പലകഥാപാത്രങ്ങളെയും രണ്ടു നോവലുകളിലും കാണാം.ചിരാഗ്പൂര്‍ ഗ്രാമമാണ് രണ്ടിന്റേയും പശ്ചാത്തലം.ഡ്രാമാസീരിയലുകളില്‍ ,പക്ഷേ ,സാമൂഹികവും ആരോഗ്യ സംബന്ധിയുമായ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്.കാന്‍സര്‍,ആഭ്യന്തര കലഹങ്ങള്‍ തു‍ടങ്ങിയവയെക്കുറിച്ചെല്ലാം ലക്ഷക്കണക്കിനു പ്രേക്ഷകര്‍ക്ക് അവബോധം നല്‍കുന്ന വിധത്തിലുള്ളവ.

*കുടുംബം എത്രകണ്ട് സ്വാധീനിച്ചു?
ഭര്‍ത്താവ് എനിക്കൊരുപാട് ഊര്‍ജ്ജം തരുന്നു.ആദ്യനോവലിന്റെ രചനാവേളയില്‍ ഞായറാഴ്ച്ചപ്പുലരികളില്‍ പ്രഭാതഭക്ഷണം കിടക്കയിലേക്കെത്തിച്ചു തന്നിരുന്ന ദിവസങ്ങള്‍ പോലുമുണ്ടായിരുന്നു.കുഞ്ഞുങ്ങള്‍ കിടക്കയ്ക്കരുകിലിരുന്നു കളിക്കുന്നുണ്ടാവും.ഒരുപാടു സ്നേഹത്തോടെ ഞാനാ ദിവസങ്ങളെ ഓര്‍ക്കുന്നു.പിന്നെ എന്റെ പേര്‍സണല്‍ അസിസ്റ്റന്റ് ജോണ്‍ ഷോ.അതീവതാല്‍പര്യത്തോടെ എന്റെ കരിയര്‍ ശ്രദ്ധിക്കുന്ന അദ്ദേഹമാണ് എന്റെ രചനകള്‍ എഡിറ്റ് ചെയ്യുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഞാനൊരുപാടു വിലമതിക്കുന്നു.എന്റെ സഹോദര ഭാര്യ ഡോ.അഫ്ഷാന്‍ ഖ്വാജാ എന്റെ വലിയ ആരാധികയാണ്.എന്റെ ആദ്യനായികയുടെ പേരാണ് അവരുടെ മുത്തമകള്‍ക്ക് ഇട്ടിരിക്കുന്നത്.അങ്ങനെ ഞങ്ങളുടെ കുടുംബത്തിലിപ്പോള്‍ ശരിക്കും ഒരു സരിബാനുവുണ്ട്!

*ജിവിതത്തില്‍ സന്തോഷവതിയാണോ?
അതേ.ജീവിതത്തില്‍ ഒരാള്‍ ആഗ്രഹീക്കുന്ന ഒരുപാടുകാര്യങ്ങള്‍ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു.അതില്‍ ഞാനെപ്പോളും നന്ദിയുള്ളവളാണ്.എല്ലാത്തിനുമുപരിയായി എന്റെ മുന്ന് ആണ്‍മക്കള്‍ക്കൊപ്പം സമയം ചെലവിടുന്നത് എനിക്ക് സന്തോഷകരമാണ്.സഹോദരന്‍മാര്‍,അവരുടെ ഭാര്യമാര്‍,സഹോദരി എല്ലാവരുടെയും സ്നേഹവും പിന്തുണയും ഞാന്‍ ആസ്വദിക്കുന്നു.സൗഹൃദങ്ങളെ ഒരുപാടു വിലമതിക്കുന്നവളാണു ഞാന്‍.എഴുത്തുകാരിയെന്ന നിലയിലും വിദ്യാഭ്യാസ രംഗത്തും അന്താരാഷ്ട്ര തലത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നതും ആഹ്ലാദകരമാണ്.ലോകമെമ്പാടുമുള്ള യാത്രകളില്‍ ഒരുപാടു പേരെ കാണാനും സുഹൃത്തുക്കളാക്കാനും കഴിയുന്നു.

*മലയാളികളോട് പറയാനുള്ളത്?
നിങ്ങള്‍ എന്റെ നോവല്‍ ആസ്വദിക്കുമെന്ന് പ്രത്യാശിക്കുന്നു.കോയമ്പത്തൂരിലുള്ള എന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ സംസാരിക്കുന്ന മലയാളഭാഷയില്‍ എന്റെ ടൈഫൂണ്‍ ഡി സി ബുക്സ് പുറത്തിറക്കുന്നതില്‍ ഞാന്‍ അതിരറ്റ്  ആഹ്ലാദിക്കുന്നു.പുതിയ വായനക്കാരെ ലഭിക്കുമെന്നും  കഴിയുമെങ്കില്‍ കണ്ടുമുട്ടാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. .എന്റെ ആദ്യ നോവല്‍ ഹോളി വുമണും നിങ്ങളെല്ലാവരും വായിക്കണം.അതും ഉടനെ മലയാളത്തില്‍ പുറത്തിറങ്ങുമെന്നു കരുതുന്നുണ്ട്.ഷീബ ഇ കെ യോട് എനിക്കതിയായ നന്ദിയുണ്ട്.അതീവ താത്പര്യത്തോടെ, അതിവേഗത്തിലാണ് ടൈഫൂണ്‍ അവര്‍ വിവര്‍ത്തനം ചെയ്തത്.കൃത്യമായിപ്പറഞ്ഞാല്‍ രണ്ടുമാസങ്ങള്‍ക്കുള്ളില്‍.
അതുപോലെത്തന്നെ കലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ പ്രേം കുമാറിനോടും വലിയ കടപ്പാടുണ്ട് .'ജീന്‍സ്-പാക്കിസ്ഥാന്‍ പുതുപെണ്‍കഥകള്‍' എന്ന പുസ്തകത്തിലുടെ എന്നെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.പ്രേകുമാറിന്റെ ആശയവും താത്പര്യവുമാണ് ടൈഫൂണിന്റെ മലയാള വിവര്‍ത്തനത്തിനു കാരണമായിത്തീര്‍ന്നത്.

2011 ഒക്‌ടോബർ 9, ഞായറാഴ്‌ച

അഭിമുഖം സി രാധാകൃഷ്ണന്‍/ഷീബ ഇ കെ വര്‍ത്തമാനം സണ്‍‌ഡേ 2011 october 9


                എഴുത്ത് പ്രാണവായുവാകുമ്പോള്‍...
'മുന്‍പേ പറക്കുന്ന പക്ഷികളും' 'തീക്കടല്‍ കടഞ്ഞ് തിരുമധുരവും' കനിഞ്ഞു നല്‍കിയ ചമ്രവട്ടത്തിന്റെ എഴുത്തുകാരന്‍ ,മഴക്കാലാകാശം പോലെ നിറയെ കണ്ണീരു പെയ്തു തീര്‍ന്നാല്‍ പിന്നെ ചിരിയുടെ പുതുവെളിച്ചമുദിക്കുമെന്ന പ്രസാദാത്മക ചിന്ത 'ഇനിയൊരു നിറകണ്‍ചിരി'യിലൂടെ നമുക്കു മുമ്പില്‍ തുറന്നിട്ട് ലോകത്തെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുന്നു.അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ നാമറിയാതെ നമ്മില്‍ നിറയുന്ന ഊര്‍ജ്ജം ആ വാക്കുകളിലുമുണ്ട്. ഇരുട്ടിന്റെ തുരങ്കങ്ങള്‍പ്പുറം തിളക്കമാര്‍ന്ന ഒരു പ്രകാശനാളം കാത്തിരിക്കുന്നു എന്നൊരോര്‍മ്മപ്പെടുത്തല്‍..
1.നിരവധി പുരസ്കാരങ്ങള്‍ക്കു ശേ‍ഷം ഇപ്പോള്‍ വള്ളത്തോള്‍ പുരസ്കാരം.എന്തു തോന്നുന്നു?
പെയ്ത മഴയൊക്കെ സുഖം.ഇടയിലെ വരള്‍ച്ച മഴയുടെ മാറ്റു കൂട്ടുന്നു.ഓര്‍ക്കാപ്പുറത്താവുമ്പോള്‍ കൂടുതല്‍ സുഖം.
2.പത്രപ്രവര്‍ത്തകന്‍.ശാസ്ത്രജ്ഞന്‍,പത്രാധിപര്‍,എഴുത്തുകാരന്‍...നിരവധി തലങ്ങളിലൂടെ കടന്നുപോയല്ലോ.ഇഷ്ടപ്പെട്ട തൊഴിലിടം,പ്രവൃത്തി ഏത്? കാരണം?
എല്ലാ ജോലികളും നല്ലത്.ഇഷ്ടപ്പെട്ട പണി -എഴുത്ത്.അത് ജന്മകര്‍മ്മമായതു തന്നെ കാരണം.അടുത്തത് പത്രപ്രവര്‍ത്തനം.എഴുത്താണ് അവിടെയും മുഖ്യം എന്നതുകൊണ്ടു തന്നെ.
3.നിളയുടെ തീരത്തെ കൌമാര-യൌവ്വനങ്ങള്‍ എഴുത്തിനെ എത്ര കണ്ടു സ്വാധീനിച്ചു?ഈയൊരു ബാക്ഗ്രൌണ്ട് ഇല്ലായിരുന്നെങ്കില്‍ എഴുത്ത് എങ്ങിനെയാകുമായിരുന്നു?
തനിക്കു മുന്പെ ഉരുവപ്പെട്ട ഉയരത്താഴ്ചകളുടെ ഭൂപ്രതലമാണ് പുഴയെ നിര്‍മ്മിച്ചത്.മനുഷ്യരുടെ കഥയും ഇതുതന്നെ.മറിച്ചായിരുന്നെങ്കില്‍ എന്ന പരിഗണന അപ്രസക്തം.
4കുറെയേറെ ഓര്‍മ്മകളും അനുഭവങ്ങളും ഉണ്ടാവുമല്ലോ.തീവ്രമായ ഓര്‍മ്മ?
എനിക്കു നാലഞ്ചു വയസ്സുള്ളപ്പോള്‍ നാട്ടിലുണ്ടായ വെള്ളപ്പൊക്കവും കോളറയുമാണ് തീവ്രമായ ഓര്‍മ്മ.എനിക്കു പ്രിയപ്പെട്ട പലരെയും കോളറ കൊണ്ടു പോയി.

5.ജീവിതം പ്രസാദാത്മകമല്ലാതെയായി വരുന്ന കാലത്തും എഴുത്തിലും ജീവിതത്തിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന്റെ രഹസ്യം?
പ്രകൃതി പ്രസാദാത്മകമാണ്.ജീവന്റെ തനതായ സ്വഭാവം അതിനാല്‍ ആനന്ദമാണ്.പ്രപഞ്ചത്തെ ആനന്ദമയമാക്കുകയാണ് മനുഷ്യജീവിത ലക്ഷ്യം.
6.എഴുത്തില്‍ തീവ്രമായി സ്വാധീനിച്ച വ്യക്തി/അനുഭവം?
എഴുത്തില്‍ ഗുരു ഉറൂബാണ്.അനുഭവം ആദ്യനോവല്‍ എഴുതിക്കഴിഞ്ഞപ്പോഴുണ്ടായ നിര്‍വൃതിയും.

7.ഇഷ്ടങ്ങള്‍-വായന,ഭക്ഷണം,ദിനചര്യ
സ്ഥിരമായ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്കു കൂടുതല്‍ തരിക സങ്കടങ്ങളാണ്.കണിശമായ ദിനചര്യയും ഇതുതന്നെ ഫലം തരും.'യഥാസുഖം' എന്നതാണ് എന്റെ നയം.വായന പോലും അങ്ങനെയാണ്.കിട്ടിയതെന്തും വായിക്കും,നേരമുണ്ടെങ്കില്‍.
8.എഴുത്തച്ഛന്റെ സ്വാധീനം?
എഴുത്തച്ഛനാണ് എന്റെ ജീവിതമാതൃക.വലിയ ഒരു അനുഗ്രഹവും ,ഒപ്പം,അത്രതന്നെ വലിയ ഒരു വെല്ലുവിളിയുമാണെനിക്ക് ആ ജീവിതം.
9.സമകാലിക എഴുത്തുകാരുമായുള്ള ബന്ധം?
എല്ലാവരേയും അറിയാം.കൂടുതലടുപ്പം വളരെക്കുറച്ചു പേരോടേ ഉള്ളൂ.ആളുകളെ വായിക്കുന്നതിന്റെ അടിസ്ഥാനം അവരുമായുള്ള അടുപ്പമല്ലതാനും.
10.രാഷ്ട്രീയം?മുന്‍പ് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ കാല്‍നടജാഥയില്‍ പങ്കെടുത്തതായി കേട്ടു.
ഒരു കക്ഷിയിലും അംഗമായിട്ടില്ല.എല്ലാ വിഭാഗീയതകളും ദുഃഖകാരണങ്ങളാണെന്നറിയുന്നു.പക്ഷേ,മാനുഷരെല്ലാരും ഒരുപോലെയായ ഒരു ലോകം കിനാവിലുണ്ട്.
11.സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമോ?സിനിമാനുഭവങ്ങള്‍?
എഴുത്ത് ഒറ്റയാള്‍ കൃഷിയാണ്,സിനിമ കൂട്ടുകൃഷിയും.കൂട്ടുകൃഷിയില്‍ വിളവിനെ നിയന്ത്രിക്കുക ഒരാളുടെ മാത്രം കഴിവല്ല.എങ്കിലും വിത്തും കാലവും ഒത്താല്‍ ഇനിയും കൂട്ടുകൃഷിക്കിറങ്ങിക്കൂടെന്നില്ല.
12.മനുഷ്യനില്‍ മൃഗീയത നിറയുകയാണ്.എന്താണ് ഇതേക്കുറിച്ചു പറയാനുള്ളത്?കാലം കൂടുതല്‍ ഇരുട്ടിലേക്കു പോവുകയാണോ?ഇതില്‍ നിന്ന് രക്ഷയില്ലേ?
കാല്‍ വഴുതുന്ന പോലെയാണ്.ഒരിക്കല്‍ വഴുതിയാല്‍ കുറെയങ്ങ് പോയേ നില്‍ക്കൂ.പക്ഷേ,എല്ലാ വീഴ്ചകള്‍ക്കും അവസാനമുണ്ട്.ഉണ്ടാവും.തിരുത്തലുകള്‍ വരും.
13.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
പ്രകൃതി തന്നെയാണ് മനുഷ്യന്‍,വേറെ അല്ല.വേറെ ആണെന്ന തോന്നലാണ് ഹിംസയുടെ വേര്.ആ തോന്നലിലൂന്നുമ്പോഴാണ് വഴുതുന്നത്.

14.ചമ്രവട്ടത്തെക്കുറിച്ച്...
മാറ്റമൊന്നും കൂടാതെ കിടപ്പായിരുന്നു ഇതുവരെ ചമ്രവട്ടം.(പാലം വന്നപ്പോള്‍ കോലം മാറി).ഈ ഗ്രാമം പുരാതനമായി ജൈന-ബൌദ്ധ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നിരിക്കണം.
15.ശാസ്ത്രകാരനായിരിക്കേ ഉറച്ച ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നു.ശാസ്ത്രത്തെ കൂടുതല്‍ അറിഞ്ഞ പലരും നിരീശ്വരവാദികളാണ്.
ശാസ്ത്രവും കലയും ദൈവവിശ്വാസത്തെ സ്ഥിരമായും തുടര്‍ച്ചയായും നവീകരിക്കുന്നു.കുറച്ചു കൂടിക്കഴിഞ്ഞാല്‍ ശാസ്ത്രബോദ്ധ്യം തന്നെ ആയിത്തീരും മതവിശ്വാസവും.കല ആരാധനയുമാകും.പ്രപഞ്ചത്തിന്റെ നിത്യമായ അടിസ്ഥാന ബലത്തെ ഈശ്വരനായിക്കാണാന്‍ ഇപ്പോഴേ ശാസ്ത്രസരണി ഉണ്ട്.
16.സാഹിത്യം പഠിക്കാതിരുന്നതെന്തു കൊണ്ട്?ശാസ്ത്രം പഠിച്ചത് കാല്‍പ്പനികതയില്‍ മുങ്ങിപ്പോവാതിരിക്കാന്‍ സഹായകമായോ?
ശാസ്ത്രപഠനം ചിന്തയില്‍ കണിശത വരുത്തുന്നു.ഇത് എല്ലാ തുറകളിലും പ്രയോജനപ്പെടും.ഗുരുവില്ലാതെ ചെയ്യാവുന്നതല്ല ശാസ്ത്രാഭ്യസനം.സാഹിത്യം സ്വയമേവ പഠിക്കാം.
17ഭാഷ (മലയാളം)വളരുമെന്ന് പ്രതീക്ഷയുണ്ടോ?പഠനമാധ്യമം എന്തായിരിക്കണം?മലയാളം മാധ്യമത്തില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും നല്ല ഭാഷാസ്വാധീനം ഉണ്ട്.പക്ഷേ കണക്ക് തുടങ്ങിയവ വളരെ പരിതാപകരമാണ്.
ഏതു ശബ്ദവും എഴുതാനും വായിക്കാനും കഴിയുന്ന ഏക ലോകഭാഷ മലയാളമാണ്.അതിനാല്‍ മലയാളം മരിക്കില്ല.പഠനഭാഷ മലയാളമാക്കണം,പക്ഷേ,സാങ്കേതികപദങ്ങള്‍ തര്‍ജ്ജമ ചെയ്യരുത്.നിലവാരം മോശമാകുന്നത് അദ്ധ്യാപകരുടെ അനാസ്ഥയും കഴിവുകേടും കാരണമാണ്.'മണ്ടൂസുകള്‍' എല്ലാ കാഴ്ചക്കാരിലും സുലഭം!
18.സ്നേഹത്തെക്കുറിച്ച്?
പ്രപഞ്ചനിര്‍മ്മിതിയുടെ സിമന്റാണ് സ്നേഹം.ആ തലത്തില്‍ അതിനെ അറിയാന്‍ പലപ്പോഴും കഴിയാറില്ല.ഏതാനും ലേബലുകള്‍ ഒട്ടിച്ച ഇനങ്ങളും തരങ്ങളുമേ നമുക്കു പരിചയമുള്ളൂ.അതുപോരാ.
19.ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്ന അനര്‍ത്ഥങ്ങള്‍ ഒക്കെയും എന്നു പലരും പറയുന്നു.യഥാര്‍ത്ഥത്തില്‍ ലോകം അവസാനിക്കാറായോ?ഭൂമിയെന്ന ഗ്രഹം നശിച്ചു പോകുമോ?അതോ മനുഷ്യന്‍ നിലനില്‍ക്കുമോ?
ഒരു കാര്യം തീര്‍ച്ചയാണ്.മനുഷ്യന്‍ എന്നല്ല,ഭൂമി എന്നല്ല,ഇക്കാണായ പ്രപഞ്ചം മുച്ചൂടും നശിക്കും.പക്ഷേ,അനന്തകോടി വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം.മാത്രമല്ല,അപ്പോഴും പ്രപഞ്ചത്തിനാസ്പദമായ മഹാശക്തി ശേഷിക്കുകയും സൃഷ്ടി വീണ്ടുമുണ്ടാവുകയും ചെയ്യും.ഇതു തന്നെ അത് എന്നറിഞ്ഞാല്‍ സുഖമായി!
20.ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍?സഫലമാകാത്ത സ്വപ്നങ്ങള്‍ ബാക്കി കിടപ്പുണ്ടോ?
ഏറ്റവും നന്നായി എഴുതാന്‍ ഏറ്റവും നന്നായി ശ്രമിക്കാന്‍ കഴിയണമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ.അതു നിറവേറിക്കൊണ്ടിരിക്കുന്നു.പിന്നെ,ഒരു മഹാസ്വപ്നം ബാക്കി:എല്ലാരും എല്ലാതും സന്തോഷമായി സഹവര്‍ത്തിക്കുന്ന ഒരു സുന്ദരലോകം.
21.ജീവിതം മൊത്തത്തില്‍ എങ്ങിനെ? സന്തോഷ-സന്താപങ്ങളുടെ ത്രാസില്‍ ഏതിനാണ് മുന്‍തൂക്കം?
സന്തോഷത്തിനു തന്നെ,സംശയമില്ല.'സങ്കടപ്പെടില്ല എന്നു നിശ്ചയിച്ചാല്‍ നമുക്കു സന്തോഷമായി!'എന്നു പഠിപ്പിച്ചത് മുത്തച്ഛനാണ്.അത്രയേ വേണ്ടൂ!
22.നാട്,പഴയ ബന്ധങ്ങള്‍,സൌഹൃദങ്ങള്‍..ചമ്രവട്ടം എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട്?
ഒന്നും ബാക്കിവെച്ചിട്ടില്ല.എന്റെ മനസ്സിലെ നാടും നാട്ടുകാരും ഇന്നില്ല.പക്ഷേ,അതിന്റെ രുചിയുള്ള ഒരു തുടര്‍ച്ച തീര്‍ച്ചയായുമുണ്ട്.ഉദാഹരണം:കടലിരമ്പത്തിന്റെ ശ്രുതിക്കു മാറ്റമില്ല.അരയാലിലകളുടെ നാമജപത്തിനും മാറ്റമില്ല.പാലയ്ക്കല്‍ പള്ളിയിലെ വാങ്കുവിളി പഴയപോലെ അലയടിക്കുന്നു.വയലിലെ ചേറിനും അതില്‍ വിളയുന്ന പുന്നെല്ലിനും പഴയ മണം തന്നെ!
23.എഴുതാനിഷ്ടപ്പെട്ട സ്ഥലം,സമയം
എവിടെയും ,എപ്പോഴും.അസ്വാരസ്യങ്ങള്‍ ഇല്ലെങ്കില്‍ സൌകര്യമായി.വിശപ്പും ദാഹവും വേദനയുമില്ലെങ്കില്‍ കൂടുതല്‍ നന്നായി.
24.യാത്രകള്‍
ദേഹം കൊണ്ട് ഒരുപാടു യാത്രകളൊന്നും ഒരു മനുഷ്യനും ചെയ്യാനാവില്ല.പക്ഷേ,മനസ്സു കൊണ്ട് എത്രയുമാവാം.എന്റെ യാത്ര കൂടുതലും മനസ്സു കൊണ്ടാണ്.വിസ വേണ്ട,പാസ്പോര്‍ട്ട് വേണ്ട,റിസര്‍വ്വേഷന്‍ വേണ്ട-വെറുതെ അങ്ങു പോയാല്‍ മതി!അല്ലെങ്കിലും,എവിടെപ്പോയാലും നമ്മുടെ മനസ്സു പോലെയേ നാം കാണൂ!
25.മുന്‍പേ പറക്കുന്ന പക്ഷികളിലെ അര്‍ജ്ജുന്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ?ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍ ആയിരിക്കെ കണ്ടുമുട്ടിയ ഒരു കുറ്റവാളി?
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചെഴുതാന്‍ ബംഗാളിലും യു.പി.യിലെ തെറായ് പ്രദേശത്തും പോയി.അന്നത്തെ അനുഭവങ്ങളാണ് ആ നോവലിനാസ്പദം.കഥാപാത്രങ്ങളും കുറെയേറെ 'റിയല്‍ 'തന്നെ.
26.എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകം?ഇഷ്ട കഥാപാത്രം?കഥാപാത്രം തേടി വന്ന അനുഭവങ്ങളുണ്ടോ?
ഏതച്ഛനമ്മമാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സന്തതി അവസാനത്തെ ആളാവുന്നത് സ്വാഭാവികം.എനിക്കത് 'തീക്കടല്‍'ആണ്.കഥാപാത്രം തന്നെ കഥ പറഞ്ഞു തന്ന അപൂര്‍വ്വാനുഭവം ഈ കൃതിയില്‍ ഉണ്ടായി.
27.പബ്ലിസിറ്റി മത്സരങ്ങളില്‍ നിന്നും വാക്പയറ്റുകളില്‍ നിന്നും അകന്നുമാറി ഒറ്റപ്പെട്ട ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു.സാഹിത്യജീവിതത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങള്‍?
'എന്നെ കാണരുത്,ഞാന്‍ പോയ വഴിയേ കാണാവൂ'എന്നാണ് വ്യാസവാല്മീകിമാര്‍ മുതല്‍ പൂര്‍വ്വസൂരികള്‍ കരുതിയത്.സ്വന്തം പേരുപോലും അവര്‍ രേഖപ്പെടുത്തിയില്ല.'ആത്മനിരാസം'എന്ന ഇന്ദ്രജാലം അത്രയൊന്നും ഈ കാലത്ത് സാധിക്കില്ല.പക്ഷേ,ശ്രമിച്ചു നോക്കാമല്ലോ.
28.പുതിയ തലമുറയുടെ എഴുത്ത്,അവരോടു പറയാനുള്ളത്.
മുന്‍പേ പോയവരെ വായിക്കുക,സ്വന്തമായി മാത്രം എഴുതുക.അകത്തു നിന്നുള്ള കല്പനകള്‍ മാത്രം അനുസരിക്കുക.കരുത്തുള്ള മുളകള്‍ കാണുന്നു.തഴച്ചു വളരുക.കളകളെ അതിജീവിക്കുക.
29.ആരാധകര്‍ ഒരുപാട്.എത്രപേരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു?
ഫോണും തപാലും ഇന്റര്‍നെറ്റും വഴി ഒരുപാടാളുകള്‍,പ്രത്യേകിച്ചും സയന്‍സ്-ടെക്നോളജി വേദികളിലെ ചെറുപ്പക്കാര്‍,ബന്ധപ്പെടാറുണ്ട്.മറുപടിയെഴുതാന്‍ ഞാന്‍ വിഷമിക്കരുതെന്നു കരുതി തങ്ങളുടെ മേല്‍വിലാസം മനഃപൂര്‍വ്വം തരാതെ എഴുതുന്നവര്‍ പോലും ധാരാളം.
30.പുതിയ രചനകള്‍?പദ്ധതികള്‍?
'ഗീതാദര്‍ശനം'ഇംഗ്ലീഷിലായിക്കിട്ടിയാല്‍ കൊള്ളാമെന്ന് പലരും പറയുന്നതിനാല്‍ അതിനായി ശ്രമം.
31.ലോകത്തോട് പറയാനുള്ളത്?
'നന്ദി'എന്നു മാത്രം ,അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് 'ക്ഷമ'യും.
32.എഴുത്ത് എന്നാല്‍ എന്താണ് സി.രാധാകൃഷ്ണന്‍ എന്ന മനുഷ്യന്?
പ്രാണവായു.

 
 

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അഭിമുഖം-ചന്ദ്രിക വാരിക ഓഗസ്റ്റ്‌ 27/ഷീബ ഇ കെ


         
എഴുതാനിരിക്കുമ്പോള്‍     സംഭവിക്കുന്നത്.

മികച്ച കഥയെക്കുറിച്ചുള്ള സങ്കല്പമെന്താണ്?
വായന കഴിയുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്നതാവണം കഥ.വേദനയോ ചിരിയോ കുറ്റബോധമോ സന്തോഷമോ നഷ്ടബോധമോ എന്തെങ്കിലും ഒന്ന് കഥ വായിച്ചു തീര്‍ന്നും പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കണം,കുറച്ചു നാളത്തേക്കെങ്കിലും.ഉണങ്ങിക്കഴിഞ്ഞാലും അമര്‍ത്തിത്തൊടുമ്പോള്‍ ചോര പൊടിയുന്ന ഒരു മുറിവു പോലെ.

സ്ത്രീജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍ മലയാളത്തില്‍ എത്ര കണ്ട് പ്രബലമായിട്ട് വന്നു എന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ആകാശം പോലെ വിസ്തൃതമാണ് പെണ്‍ജീവിതം.പക്ഷേ, ജാലകപ്പഴുതിലൂടെ കാണുന്ന ആകാശക്കീറു പോലെയേ അതിന്റെ വ്യാപ്തി നമ്മള്‍ അറിയുന്നുള്ളൂ.പകലിരവുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് എന്തെല്ലാം വര്‍ണ്ണപ്പകര്‍ച്ചകളാണ് ആകാശത്ത് വിരിയുന്നത്.അതുപോലെ സങ്കീര്‍ണ്ണമാണ് പെണ്‍മനസ്സും.പ്രവചനാതീതമാണത്.മാധവിക്കുട്ടിയുടെയും രാജലക്ഷ്മിയുടെയും കഥകളില്‍ ആ സങ്കീര്‍ണ്ണത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.തീരെ സാധാരണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള സ്ത്രീകള്‍..പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ മനസ്സാണ്. മലയാളത്തിന്റെ കഥകളില്‍ ആ സങ്കീര്‍ണ്ണത മുഴുവന്‍ പ്രബലമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.അസാധാരണമായ വിധത്തില്‍ സങ്കീര്‍ണ്ണതയുടെ നിറം ചേര്‍ത്ത സ്ത്രീകഥാപാത്രങ്ങളെ ചില കഥകളില്‍ വായിക്കുമ്പോള്‍ പക്ഷേ,മടുപ്പാണ് തോന്നുക.യഥാര്‍ത്ഥജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ ആവിഷ്കാരങ്ങള്‍ കുറവാണ്.

സ്ത്രീ എഴുതുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
(a)സ്ത്രീയുടെ എഴുത്തും സമൂഹവും.

സ്ത്രീയും പുരുഷനും രണ്ടു വിധത്തില്‍ പെരുമാറണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന പുരുഷന്‍ ധീരനാണെന്ന് പുകഴ്ത്തപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്ന സ്ത്രീ അഹങ്കാരിയാണ്.എഴുത്തിന്റെ കാര്യത്തിലും സ്വാഭാവികമായും സമൂഹം ഈ വേര്‍തിരിവു പ്രതീക്ഷിക്കുന്നുണ്ട്.സ്ത്രീ(എഴുതുകയാണെങ്കില്‍) അച്ചടക്കത്തോടെ,അടക്കമൊതുക്കത്തോടെ(തല താഴ്ത്തി മുഖം കുനിച്ച് ഗ്രാമപാതയിലൂടെ പാഠശാലയിലേക്ക് പോകുന്ന പെണ്‍കുട്ടിയെപ്പോലെ) എഴുതിയാല്‍ മതി.അതില്‍ പച്ചയായ വികാരാവിഷ്കാരങ്ങളോ പൊട്ടിത്തെറികളോ തുറന്നു പറച്ചിലുകളോ പാടില്ല.തീര്‍ച്ചയായും അത് സഭ്യമായിരിക്കണം.തുറന്നെഴുതാന്‍ ധൈര്യം കാണിച്ച എഴുത്തുകാരികളെ അഭിസാരികയെന്നു മുദ്ര കുത്തിയ സമൂഹം എഴുത്തുകാരിയുടെ പിന്നാലെ ഒരു അളവുകോലുമായി നടക്കുന്നുണ്ട്.തുറന്നെഴുതുന്ന എഴുത്തുകാരന്‍ ഒരിക്കലും വിടന്‍ ആവുന്നില്ല.അവനെത്തേടി അശ്ലീലസന്ദേശങ്ങള്‍ വരികയില്ല.അവന്‍ എഴുതുന്നതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണ്.എന്നാല്‍ എഴുത്തുകാരി തുറന്നെഴുതുമ്പോള്‍ അത് അവളുടെ അനുഭവങ്ങളായി എണ്ണപ്പെടുകയും അവള്‍ ശരിയല്ലാത്തവള്‍ ആയിത്തീരുകയും ചെയ്യുന്നു.ചില രചനകളില്‍ ഈ അടക്കിവെയ്കല്‍ പ്രകടമായിക്കാണാം.അതേസമയം,തുറന്നെഴുത്ത് എന്ന പേരില്‍ ഒരുപാട് അസഭ്യങ്ങള്‍ എഴുതിക്കാണുന്നത് അരോചകമാണ്.

(b) സ്ത്രീയും എഴുത്തും

സാമൂഹികമായും ജൈവികമായും സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം.എഴുത്തിന് ഇവയെല്ലാം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാന്‍ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്.ഭാര്യയും അമ്മയും മകളും മരുമകളും സഹോദരിയും കാമുകിയും ഉദ്യോഗസ്ഥയുമൊക്കെയായി പലവിധ റോളുകള്‍ ആടിത്തീര്‍ത്തതിനു ശേഷം വീണു കിട്ടുന്ന ഇടവേളകളിലാണ് അവള്‍ എഴുത്തുകാരിയുടെ കുപ്പായം എടുത്തണിയുന്നത്.ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ക്കതിനു കഴിയാതെയും വരുന്നു.കൂടിക്കിടക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്കിറങ്ങുന്നതിന് പരിമിതികള്‍ ഉണ്ട്.കടമകളാല്‍ തീപിടിച്ച മനസ്സില്‍ എന്തെങ്കിലും ആശയങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ത്തന്നെ അത് ഇറക്കിവെയ്ക്കാന്‍ കാലതാമസം വരാം.ചിലത് പാടെ വിസ്മൃതമായേക്കാം.ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ല.അതേസമയം മിക്ക പുരുഷന്‍മാരും ജോലിസമയം കഴിയുന്നതോടെ സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്.ക്ലബ്ബിലോ ബാറിലോ ടി വി ക്കു മുമ്പിലോ വായനാ മുറിയിലോ അവര്‍ സമയം ചെലവിടുമ്പോള്‍
ഉദ്യോഗസ്ഥ വനിത രാത്രി ഭക്ഷണത്തിന്റെയും മറ്റും തിരക്കുകളിലായിരിക്കും.വീട്ടുജോലികളില്‍ സഹായിക്കുന്ന പുരുഷന്‍മാര്‍ ഉണ്ട് എങ്കിലും 'എനിക്കിന്ന് എഴുതാനുണ്ട് 'എന്നു പ്രഖ്യാപിച്ച് എഴുത്തു മുറിയില്‍ കയറി വാതിലടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.കാരണം,അവള്‍ ഭക്ഷണം വിളമ്പുന്നതും കാത്ത് തീന്‍മേശയില്‍ വൃദ്ധരും കുട്ടികളും യുവാക്കളും കാത്തു നില്കുന്നുണ്ട്.ശാരീരീകാദ്ധ്വാനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല.ഈ രീതിയില്‍ തന്നെ ജീവിതം കറങ്ങുമ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നു,ചിലര്‍ ഒതുങ്ങിക്കൂടുന്നു.

(c)എന്റെ എഴുത്ത്
കൂട്ടുകാരും ബഹളങ്ങളും കുറഞ്ഞ,അന്തര്‍മുഖത്വം നിറഞ്ഞ ബാല്യ-കൌമാരങ്ങള്‍.പുസ്തകങ്ങളും ചായക്കൂട്ടുകളും പ്രകൃതിയും സ്വയം സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പ്രചോദനമായി.പരിമിതികള്‍ ഉണ്ടെങ്കിലും എഴുത്ത് എന്റെ സ്വകാര്യ സന്തോഷമാണ്.കൊടുങ്കാറ്റും പേമാരിയുമുള്ള ഇരുണ്ട രാത്രിയില്‍ വനത്തിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അതെന്നെ നിസ്സഹായയും ബന്ധിതയുമാക്കിയിട്ടുണ്ട് ചിലസമയത്ത്.എങ്കിലും തടാകത്തില്‍ വീണ് വീര്‍പ്പുമുട്ടി പൊങ്ങി ശ്വാസമെടുക്കുമ്പോള്‍ തോന്നുന്ന ആശ്വാസവും അതെനിക്കു തന്നിട്ടുണ്ട്.വേദനാനിര്‍ഭരമായ എഴുത്തുപേക്ഷിച്ച് സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ തന്നെ വിവരണാതീതമായ സമാശ്വാസം അതു പകര്‍ന്നു തന്നിട്ടുണ്ട്.എഴുത്തില്‍ നിന്ന് ഉണ്ടാവുന്ന വേദന മറ്റാരുമായും പങ്കുവെച്ച് തീര്‍ക്കാന്‍ വയ്യ.അതുപോലെ അതിന്റെ ആനന്ദവും പങ്കിട്ട് ഇരട്ടിപ്പിക്കാനാവില്ല.
മുറിവു പോലെയാണത്.ആത്മാവിന്റെ മുറിവുകള്‍.


ദുഃഖങ്ങളുടെ സമാന്തരത്വമാണു ജീവിതം എന്ന ആശയമല്ലേ 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.'എന്ന കഥയില്‍ ഉയര്‍ത്തുന്നത്?
ദുഃഖങ്ങള്‍ എപ്പോഴും ജീവിതത്തിനു സമാന്തരമായി ഉണ്ട്.ഒരുപക്ഷേ,സുഖങ്ങളേക്കാള്‍ സുനിശ്ചിതമായ ദുഃഖങ്ങള്‍ നമുക്കുണ്ട്.ആരിലും അസൂയ ജനിപ്പിക്കുമാറ് ഊര്‍ജ്ജസ്വലരായ ചിലരെ കണ്ടിട്ടുണ്ട്.പഠിക്കുന്ന കാലത്തൊക്കെ എല്ലാവരുടെയും ആരാധനാ പാത്രമായ കുട്ടികള്‍.വളരെ ഉയര്‍ന്ന നിലകളില്‍ അവരെത്തുമെന്ന് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുന്നവര്‍.പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അവസ്ഥയിലേ അല്ല.പഴയ ഊര്‍ജ്ജസ്വലന്റെ പ്രേതം കണക്കേ അവര്‍.
അതേ സമയം നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നിരുന്ന ചിലര്‍ ഒരുപാടുയരത്തില്‍ എത്തിയിട്ടുമുണ്ടാവും.
നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി, തൂപ്പുജോലിക്കുള്ള ഇന്റര്‍വ്യൂവിനു ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍,സുന്ദരിയായിരുന്നവള്‍ അംഗവൈകല്യമുള്ള ദരിദ്രനായ ഭര്‍ത്താവിന്റെ കൈ പിടിച്ചു വന്നപ്പോള്‍ ,ഉല്ലാസവതിയായ പെണ്‍കുട്ടി വിധവയായി കുഞ്ഞുങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു പുഞ്ചിരിച്ചപ്പോള്‍,ചുമട്ടുകാരന്റെ മകന്‍ ആഢംബരക്കാറില്‍ വന്നു പരിചയം പുതുക്കിയപ്പോള്‍ തോന്നിയ വിസ്മയങ്ങള്‍.അതില്‍ നിന്നുണ്ടായതാണ് 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.' ചിലപ്പോള്‍ സന്തോഷമാവാം,ചിലപ്പോള്‍ ദുഃഖങ്ങളാവാം.ജീവിതം ഓരോരുത്തര്‍ക്കും കരുതിവെയ്ക്കുന്നതെന്താവാം...ആ അനിശ്ചിതത്വം തന്നെയാണ് ജീവിതം.പ്രതീക്ഷ കൈവിടാത്തവര്‍ ആനന്ദത്തെ കണ്ടെത്തുന്നു.അല്ലാത്തവര്‍ മരീചിക തേടി മരണം വരെ അലയുന്നു.