ഖൈസ്വറാ ഷഹറാസ്-കൊടുങ്കാറ്റിന്റെ കഥാകാരി.
പാക്കിസ്ഥാനില്‍ ജനിച്ച് ബ്രിട്ടണിലെ മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഖൈസ്വറ ഷഹറാസിന്റെ(Qaisra shahraz)
നോവലുകള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.മാഞ്ചസ്റ്റര്‍ യൂണിവേര്സിറ്റിയില് നിന്ന്
ഇംഗ്ലീഷിലും ക്ലാസിക്കല്‍ സിവിലൈസേഷനിലും ബിരുദം നേടിയ ശേഷം യൂറോപ്യന്‍ സാഹിത്യത്തിലും സ്ക്രിപ്റ്റ്
എഴുത്തിലും സാല്‍ഫോര്‍ഡ് യൂണിവേര്സിറ്റിയില് നിന്നും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയ ഖൈസ്വറ കോളജ്
ഇന്‍സ്പെക്ടര്‍,ഇന്റര്‍ നാഷണല്‍ ടീച്ചര്‍ ട്രെയ്നര്‍,എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പുരസ്കാരങ്ങള്‍
നേടിയ നോവലിസ്റ്റ്,സ്ക്രിപ്റ്റ് റൈറ്റര്‍,ചെറുകഥാകൃത്ത് എന്നീ നിലകളില്‍
പേരെടുത്ത ഖൈസ്വറയുടെ ഒരു ചെറുകഥ-ജീന്‍സ്-മലയാളത്തില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ പ്രശസ്തമായ ഡ്രാമാ സീരിയല്‍
'ദ് ഹാര്‍ട്ട് ഈസിറ്റ് ' ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആദ്യനോവല്‍ ഹോളിവുമണില് പുണ്യവതിയാവാന് നിര്‍ബന്ധിതയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സംഘര്‍ഷാവസ്ഥകളാണ് ഖൈസ്വറ പറയുന്നത്.
പാക്കിസ്ഥാന്
ഗ്രാമജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ തന്റെ രചനകളില്‍ സമര്‍ത്ഥമായി
ആവിഷ്കരിക്കാന്‍ ഖൈസ്വറക്കു കഴിഞ്ഞിട്ടുണ്ട്.ഹോളിവുമണു ശേഷം ഖൈസ്വറ രചിച്ച
നോവല്‍ 'ടൈഫൂണ്‍ ' പാക്കിസ്ഥാന് സ്ത്രീകളുടെ ഗ്രാമജീവിതത്തിന്റെ ആവിഷ്കാരമാണ്.ഭൂതകാലം വേട്ടയാടുന്ന മുന്നു യുവതികളുടെ തീവ്രവേദനകളുടെ കഥയാണ് ടൈഫൂണ്‍.
സൗഹൃദം,പ്രണയം,ദാമ്പത്യം,വിരഹം,വൈധവ്യം,വിവാഹമോചനം,മാതൃത്വം
,അസൂയ .ത്യാഗം തുടങ്ങി സ്ത്രീ ജീവിതത്തിന്റെ സകലഭാവങ്ങളേയും സ്പര്‍ശിച്ചു
കൊണ്ടാണ് ടൈഫൂണ്‍ അവസാനിക്കുന്നത്.പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും
തീവ്രമായ സംഘര്‍ഷാവസ്ഥകള്‍ ഉള്ളുലയ്ക്കും വിധമാണ് ഖൈസ്വറ
ആവിഷ്കരിച്ചിരിക്കുന്നത്..
2012 ജനുവരിയില്‍ ടൈഫൂണിന്റെ
മലയാള പരിഭാഷയുടെ വിവര്‍ത്തന(ഷീബ ഇ കെ)ത്തിന്റെ പ്രകാശനത്തിനായി
ഇന്ത്യയിലെത്തിയ ഖ്വൈസ്റയുമായുള്ള അഭിമുഖത്തില്‍ നിന്ന്.
*എഴുത്തുകാരിയാകുമെന്നു കരുതിയിരുന്നോ?എഴുത്തിലേക്കെത്തപ്പെട്ടതെങ്ങിനെ?
പതിനാലാം വയസ്സു മുതല്‍ എഴുതുമായിരുന്നു.ഭാവനാസമ്പന്നമായ ഒരു
ലോകം എനിക്കുണ്ടെന്നു സ്കൂളില്‍ വച്ചേ കൂട്ടുകാര്‍
പറയുമായിരുന്നു.കഥകളുണ്ടാക്കി കൂട്ടുകാരോടു പങ്കിടുക എന്നത് അക്കാലങ്ങളില്‍
എന്റെ സ്ഥിരം പരിപാടിയായിരുന്നു.എന്നിരുന്നാലും യൂണിവേര്സിറ്റി
പഠനകാലത്താണ് ഗൗരവമായി എഴുത്തിനെക്കുറിച്ചു ചിന്തിക്കുന്നതും
പ്രസിദ്ധികരിക്കുന്നതും.ആദ്യമായി ഞാനെഴുതിയ ഒരു ലേഖനം 'ഷി 'എന്ന മാസികയില്‍ അച്ചടിച്ചു വന്നത് അക്കാലത്താണ്.ഗ്രീക്ക് പൂപ്പാത്രങ്ങളെക്കുറിച്ചായിരുന്നു അത്.
*.ബാല്യം പാക്കിസ്ഥാനിലായിരുന്നല്ലോ.എന്തെല്ലാം ഓര്‍മ്മകളുണ്ട് അക്കാലത്തെക്കുറിച്ച്?
എട്ടുവയസ്സുവരെ
മാത്രമാണ് ഞാന്‍ പാക്കിസ്ഥാനില്‍-ലാഹോറില്‍-ജീവിച്ചത്.ഒരുപാടു നല്ല
ഓര്‍മ്മകളുണ്ട് അക്കാലത്തെക്കുറിച്ച്.സമപ്രായക്കാര്‍ക്കൊപ്പം കളിച്ചു
നടന്നതും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നതും കോവര്‍ക്കഴുതകളെ
മേച്ചു നടന്നിരുന്നതും മാമ്പഴങ്ങള്‍ നിറയെ കഴിച്ചതും മട്ടുപ്പാവില്‍
ഉറങ്ങിയിരുന്നതും ഒക്കെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.വകയിലൊരു അമ്മായിയുടെ
അതിമനോഹരമായ വസതിയില്‍ ചെലവിട്ട വേനലവധിയാണ് അവയിലേറ്റവും ദീപ്തമായ
ഓര്‍മ്മ.വീടു നിറയെ അതിഥികളും ജോലിക്കാരും വിരുന്നുകളും നിറഞ്ഞു
നിന്നിരുന്നു.പകല്‍ സമയങ്ങളില്‍ നിറയെ ആപ്പിള്‍ നീരും രാത്രികളില്‍ ബദാം
ചേര്‍ത്ത പാലും കുടിക്കാന്‍ തന്നിരുന്നത് ഓര്‍മ്മയിലുണ്ട്.
ലാഹോറിലെ അനാര്‍ക്കലി ബസാറിലൂടെയുള്ള ഷോപ്പിംഗ് അന്നുമിന്നും എനിക്കു പ്രിയങ്കരമാണ്.
*ആദ്യനോവല്‍-ഹോളി വുമണ്‍- എഴുതാനുണ്ടായ പ്രേരണ?
ബി
ബി സി യില്‍ കണ്ട ഒരു ഡോക്യുമെന്ററി.പാക്കിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലെ
ചിലയിടങ്ങളില്‍ അതിസമ്പന്നരായ വന്‍ ഭൂവുടമകള്‍ തങ്ങളുടെ ഭൂമി വിഭജിച്ചു
പോകാതിരിക്കാനായി കുടുംബത്തിലെ യുവതികളെ വിശുദ്ധ ഖുര്‍ ആനു വിവാഹം കഴിച്ചു
കൊടുക്കുന്ന ഒരു ആചാരത്തെക്കുറിച്ചായിരുന്നു അത്.ഭൂമി കൈവിട്ടു
പോകാതിരിക്കാനായി പെണ്‍കുട്ടികളെ കന്യാസ്ത്രീകളെപ്പോലെ മതത്തിന്റെ
ചങ്ങലകളില്‍ കുരുക്കിയിടുന്ന ആ കാഴ്ച എന്നെ വല്ലാതെ
ഭയപ്പെടുത്തിക്കളഞ്ഞു.ഇസ്ലാമില്‍ കന്യാസ്ത്രീ എന്നോരേര്പ്പാടേ
ഇല്ല.ഭൂരിപക്ഷം പേരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവരാണ്.എന്നിട്ടും
എങ്ങനെയാണീ ക്രൂരമായ ഏര്‍പ്പാട് അനുഭവിക്കേണ്ടി വന്നത്..ഞാനതിനെക്കുറിച്ച്
എഴുതാന്‍ തീരുമാനിച്ചു.ഇപ്പോള്‍ ഈ ആചാരം ഗവണ്മെന്റ്
നിര്‍ത്തലാക്കിയിട്ടുണ്ട്.മുസ്ലിം രാജ്യങ്ങളിലെവിടെയും ഈ ദുരാചാരം
ഇപ്പോള്‍ സംഭവിക്കുന്നില്ല.
*.രണ്ടാമത്തെ
നോവല്‍, ടൈഫൂണ്‍ ,പാക്കിസ്ഥാന് സ്ത്രീകളുടെ
ജീവിതാവിഷ്കാരമാണല്ലോ.ഒന്‍പതാം വയസ്സില്‍ ലണ്ടനിലേക്കു കുടിയോറിയ താങ്കള്‍
ഗ്രാമജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ ഭംഗിയായി ആവിഷ്കരിച്ചതെങ്ങിനെ?
പിതാവിന്റെ നാടായ ലാഹോറിനു പുറമേ,മാതൃ വീടായ പാക്കിസ്ഥാനിലെ
ഗുജറാത്തിലും ഞാന്‍ ജീവിച്ചിട്ടുണ്ട്.സഞ്ചാരപ്രിയയായിരുന്നു
മുത്തശ്ശി.ബന്ധു വീടുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അവര്‍
സന്ദര്‍ശിച്ചിരുന്നു.പലപ്പോഴും അവര്‍ എന്നേയും കൂടെക്കൊണ്ടുപോയി.ആ
യാത്രാനുഭവങ്ങളാണ് പാക്കിസ്ഥാന് ഗ്രാമജീവിതത്തെ എന്റെ കഥകളില്‍
വരച്ചിട്ടത്.കുഞ്ഞുന്നാളിലെ ആ ഓര്‍മ്മകളെ ഞാനിപ്പോഴും
താലോലിക്കുന്നു.അതില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാനെക്കുറിച്ച്
എനിക്കെഴുതാനാവില്ലായിരുന്നു.
*.പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സ്ത്രീജീവിതം എങ്ങനെ?സുരക്ഷിതരാണോ അവര്‍?
ദീര്‍ഘകാലമായി ഇംഗ്ലണ്ടിലായതിനാല്‍ പാക്കിസ്ഥാന് സ്ത്രീകളുടെ
സമകാലിക ജീവിതാവസ്ഥകളെക്കുറിച്ച് എനിക്ക് ഒരുപാടു പറയാനാവില്ല.പട്ടാള
ഭരണകൂടം,പുരുഷാധിപത്യം എന്നിവയുള്ള വികസിച്ചു വരുന്ന ഒരു രാജ്യത്ത്
ഭൂരിഭാഗം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതും
പ്രയാസങ്ങളുള്ളതുമാവും എന്നു ഞാന്‍ കരുതുന്നു.മോശമായ സാമ്പത്തികാവസ്ഥയും
ദാരിദ്ര്യവും സ്ത്രീകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.കുടുംബം
നടത്തിക്കൊണ്ടുപോകാന്‍,മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ എങ്ങനെ പണം
കണ്ടെത്താമെന്ന ആശങ്ക സ്ത്രീകള്‍ക്കുണ്ട്.നിരക്ഷരത,തീരുമാനങ്ങള്‍
എടുക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍,സാംസ്കാരികമായ അതിര്‍വരമ്പുകള്‍
തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്ക് സ്വയം ജോലിചെയ്തു സമ്പാദിക്കാന്‍
പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു.എന്നാല്‍ മധ്യ വര്‍ഗ്ഗക്കാരോ ഉയര്‍ന്ന
വര്‍ഗ്ഗക്കാരോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഈ പറഞ്ഞതൊന്നും
ബാധകമല്ല.അവരെല്ലാം ഉന്നതവിദ്യാഭ്യാസം നേടി സ്വതന്ത്യമായ
തീരുമാനങ്ങളെടുത്ത് ജോലിചെയ്തു
ജീവിക്കുന്നവരാണ്.വിദ്യാഭ്യാസം,മീഡിയ,രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാം
അവര്‍ സജീവമായിത്തന്നെയുണ്ട്.സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായ
കാഴ്ചപ്പാടുകളോടെ ജീവിതം നിറഞ്ഞു ജീവിക്കുന്നവരാണവര്‍.
*എഴുത്തുകാര്‍ക്കു നേരെ പാക് ഭരണകൂടത്തിന്റേയും മതനേതാക്കളുടെയും മനോഭാവം എങ്ങിനെ?പാക് സാഹിത്യത്തിലെ പ്രധാന എഴുത്തുകാര്‍,രചനകള്‍ എന്തെല്ലാം?
എന്നെ സംബന്ധിച്ചിടത്തോളം നല്ല അനുഭവങ്ങള്‍ മാത്രമാണ്.എന്റെ രണ്ടു
നോവലുകളുടെയും പ്രചരണാര്‍ത്ഥം ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആതിഥ്യം സ്വീകരിച്ച
അവസരങ്ങളിലും വിവിധ യൂണിവേര്സിറ്റികളില് ഏര്‍പ്പെടുത്തിയ
സ്വീകരണങ്ങളിലും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.ടൈഫൂണും ഹോളിവുമണും
വളരെയധികം ആഘോഷിക്കപ്പെടുകയുമുണ്ടായി.ഇംഗ്ലീഷില്‍ എഴുതുന്ന ധാരാളം പാക്ക്
എഴുത്തുകാരുണ്ട്.അവരുടെ രചനകള്‍ അന്താരാഷ്ട്രതലത്തില്‍
ശ്രദ്ധിക്കപ്പെടുന്നുണ്ട്.പ്രാദേശികഭാഷയില്‍ എഴുതുന്ന പാക്ക്
എഴുത്തുകാര്‍ക്കും ആ പ്രശസ്തിയും അംഗീകാരവും ലഭിച്ചിരുന്നെങ്കില്‍
എന്നാഗ്രഹിക്കാറുണ്ട്.
*ഫെമിനിസം,ആക്ടിവിസം എന്നിവ പാക്കിസ്ഥാനില്‍ എത്രകണ്ട് വളര്ച്ച് പ്രാപിച്ചിരിക്കുന്നു?
മറ്റെവിടത്തെയും പോലെ സജീവവും പുരോഗമനത്തിന്റെ
പാതയിലുമാണ്.സ്ത്രീകള്‍ക്കുവേണ്ടിയുള്ള കൂട്ടായ്മകളും
ആക്ടിവിസ്റ്റുകളുമുണ്ട്.എങ്കിലും അവര്‍ എത്ര കണ്ട് വിജയം കൈവരിച്ചിട്ടുണ്ട്
എന്നെനിക്കു പറയാനാവില്ല.
*.ഇംഗ്ലിഷിലാണല്ലോ എഴുതുന്നത്.സ്വന്തം രാജ്യത്ത് എത്രമാത്രം വായിക്കപ്പെടുന്നുണ്ട്?
ഭാഷയുടെയും വിലക്കൂടുതലിന്റേയും പ്രശ്നങ്ങള്‍ കാരണം സാധാരണ
വായനക്കാര്‍ക്ക് എന്നേപോലെ ഇംഗ്ലിഷിലെഴുതുന്നവരുടെ പുസ്തകങ്ങള്‍
വായിക്കാന്‍ ബുദ്ധിമുട്ടാണ്.എങ്കിലും ഹോളിവുമണ്‍ ഉര്ദുപതിപ്പ്
ഉടനെയിറങ്ങും.കൂടുതല്‍ പാക്കിസ്ഥാന് വായനക്കാരുണ്ടാവുമെന്നത് എന്നെ
സന്തോഷിപ്പിക്കുന്നു.
*.ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് എന്തു പറയുന്നു?ഏഷ്യന്‍ സാഹിത്യത്തെക്കുറിച്ച് യൂറോപ്പിന്റെ കാഴ്ചപ്പാട് എന്താണ്?
സമ്പന്നവും മുല്യാധിഷ്ഠിതവുമായ ഇന്ത്യന്‍ സാഹിത്യത്തെ ആദരവോടെയാണ്
യൂറോപ്യന്‍ സമൂഹം വീക്ഷിക്കുന്നത്.ഇംഗ്ലിഷ്-ഇന്ത്യന്‍ എഴുത്തുകാര്‍ നിരവധി
പുരസ്കാരങ്ങളോടെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.മിര്‍സാ
ഗാലിബിനെപ്പോലെ പഴയതും പുതിയതുമായ ഇന്ത്യന്എഴുത്തുകാരുടെ സാഹിത്യ
കൃതികള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
*.കേരളത്തില്‍ മുമ്പു വന്നിട്ടുണ്ടോ?എന്താണ് കേരളത്തെക്കുറിച്ചുള്ള അഭിപ്രായം?
ആദ്യമായാണ് ഞാന്‍ കേരളത്തിലേക്കു വരുന്നത്.എന്റെ രണ്ടാമത്തെ
നോവല്‍ ടൈഫൂണിന്റെ മലയാളവിവര്‍ത്തനം ഡി സി ബുക്ക്സ് കൊച്ചി ഇന്റര്‍
നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ വച്ച് പ്രകാശനം ചെയ്യുന്നതുമായിട്ടാണ് ഈ
സന്ദര്‍ശനം.
കേരളത്തെക്കുറിച്ച് ഞാനൊരുപാടു നല്ല
കാര്യങ്ങള്‍ കേട്ടു.അതിമനോഹരം,സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍
നില്ക്കുന്നു എന്നിങ്ങനെ...രണ്ടും എന്നെ അതിരറ്റു
സന്തോഷിപ്പിക്കുന്നു.എന്റെ കണ്ണുകള്‍ക്ക് മതിയാവോളം പ്രകൃതി സൗന്ദര്യം
നുകരാമെന്നതിനു പുറമെ എന്റെ പുസ്തകത്തിന് ഒരുപാടു വായനക്കാരെ കിട്ടുമെന്നും
ഞാന്‍ പ്രത്യാശിക്കുന്നു.
കൊച്ചിക്കു പുറമെ ഇന്ത്യയില്‍
ജയ്പ്പൂര്‍ സാഹിത്യോത്സവം,ഡല്‍ഹി,അലിഗര്‍,ലക്നൗ,കാലിക്കറ്റ്
യൂണിവേര്സിറ്റികളിലെ പ്രഭാഷണങ്ങളിലും പങ്കെടുത്തു.
*മലയാള സാഹിത്യത്തെക്കുറിച്ച് എത്രമാത്രം അറിയാം?
മലയാളകൃതികളുടെ
വിവര്‍ത്തനങ്ങള്‍ ഒന്നും വായിക്കനാവാത്തത് എന്നെ
ഖേദിപ്പിക്കുന്നു.മലയാളത്തിലെഴുതപ്പെട്ട നല്ല പുസ്തകങ്ങളുടെ
വിവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരുമല്ലോ.ഗംഭീരമാവും അത്
എന്നെനിക്കുറപ്പാണ്.എങ്കിലും ഷീബയുടെ കഥ 'വൈ ടു കെ 'യുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഞാന്‍ വായിക്കുകയുണ്ടായി.വളരെ ഇഷ്ടമാവുകയും ചെയ്തു എനിക്കത്.ഞാനാദ്യം വായിക്കുന്ന മലയാളം എഴുത്തുകാരി!
*ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി.കാരണം?
ജോലി,വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചിടത്തോളം എന്റെ
പിതാവായിരുന്നു എന്റെ വഴികാട്ടി.എന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍
അദ്ദേഹം വളരെയധികം സഹായിച്ചു.മറ്റെല്ലാ കാര്യങ്ങളിലും മാതാവാണ് എന്നെ
സ്വാധീനിച്ചത്.രണ്ടുവര്‍ഷം മുമ്പ് അവര്‍ ഞങ്ങളെ വിട്ടു പോയി. ആ
സ്നേഹം,വിവേകം,സൗഹൃദം അതെല്ലാം എന്റെ നഷ്ടങ്ങളാണ്.അമ്മ,സ്ത്രീ,മനുഷ്യന്
എന്നീ നിലകളിലെല്ലാം പ്രദീപ്തമായ ഒരു മാതൃകയായിരുന്നു എനിക്കവര്.അവരുടെ
മകളായി ജനിച്ചതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു.ആ കാലടികള്‍
പിന്തുടരാന് ഞാനെപ്പോഴും ശ്രമിക്കുന്നു.
*..നോവലുകളില്‍
എപ്പോഴും ദീര്‍ഘമായ സംഭാഷണങ്ങള്‍ക്കു പ്രാധാന്യം
നല്കിക്കാണുന്നു.ഖൈസ്വറയുടെ കഥാപാത്രങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍
ഇഷ്ടപ്പെടുന്നവരാണോ?
ഞാനിക്കാര്യം
ശ്രദ്ധിച്ചിരുന്നില്ല!ശരിയാണ്.നീണ്ട സംഭാഷണങ്ങളാണ്
പലയിടത്തും.സംഭാഷണപ്രിയയാണു ഞാന്‍.എനിക്കു തോന്നുന്നു എന്റെ കഥാപാത്രങ്ങളും
എന്റെ പാത പിന് തുടരുകയാണെന്ന്!
*സ്വന്തം രചനകളില്‍ പ്രിയപ്പെട്ടതേത്?..പുതിയ പദ്ധതികള്‍?
എല്ലാം
ഇഷ്ടമാണ്.ഹോളിവുമണ്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വായിച്ചു.പ്രത്യേകിച്ച്
ഇന്തോനോഷ്യ,ടര്‍ക്കി എന്നിവിടങ്ങളില്‍.സരിബാനുവിന്റെയും സിക്കന്തറിന്റെയും
ശക്തമായ പ്രണയകഥയെപ്പോലെത്തന്നെ വളരെ ആസ്വദിച്ചാണ് ടൈഫൂണിലെ കനീസിന്റെയും
റയീസിന്റെയും തരളമായ പ്രണയം ഞാനെഴുതിയത്.ഒരുപാടു പ്രധാനസംഗതികളെ
ഉള്‍പ്പെടുത്തിയാണ് ടൈഫൂണ്‍ എഴുതിയത്.പുതിയ നോവലിന്റെ രചനയിലാണ്.ഒപ്പം
കുട്ടികള്‍ക്കായി ഒരു നോവലും എഴുതുന്നു.കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ
ആദ്യത്തെ പുസ്തകം.
*ഖൈസ്വറ എന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നാല്‍ എന്താണ്?
വളരെ
ആനന്ദകരമായ,ഗൗരവമായ ഒന്നാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്.കഥകളും
കഥാപാത്രങ്ങളുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്
എനിക്കോര്‍ക്കാനാവില്ല.കഠിനാദ്ധ്വാനം ചെയ്തിട്ടാണെങ്കിലും ആശയങ്ങളും
കഥാപാത്രങ്ങളും ഒരു കടലാസിലേക്കോ കംപ്യൂട്ടര്‍ സ്ക്രീനിലേക്കോ വാര്‍ന്നു
വീഴുമ്പോള്‍ മഹത്തായ ഒരനുഭവമായി എനിക്കനുഭവപ്പെടുന്നു.യഥാര്‍ത്ഥമെന്നു
തോന്നുന്ന ഒരു ഭാവനാലോകം സൃഷ്ടിച്ച് ഹൃദയത്തില്‍ നിറയെ കഥാപാത്രങ്ങളുമായി
ജീവിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം
സാധാരണമാണ്.പലകഥാപാത്രങ്ങളുമായും പ്രണയത്തിലാണു ഞാന്‍!അതു കൊണ്ടാണ്
ഹോളിവുമണ്ന്റെ തുടര്‍ച്ചയായി ടൈഫൂണ്‍ എഴുതിയത്.പലകഥാപാത്രങ്ങളെയും രണ്ടു
നോവലുകളിലും കാണാം.ചിരാഗ്പൂര്‍ ഗ്രാമമാണ് രണ്ടിന്റേയും
പശ്ചാത്തലം.ഡ്രാമാസീരിയലുകളില് ,പക്ഷേ ,സാമൂഹികവും ആരോഗ്യ സംബന്ധിയുമായ
കാര്യങ്ങളാണ് ഞാന്‍ പറയുന്നത്.കാന്‍സര്‍,ആഭ്യന്തര കലഹങ്ങള്‍
തുടങ്ങിയവയെക്കുറിച്ചെല്ലാം ലക്ഷക്കണക്കിനു പ്രേക്ഷകര്‍ക്ക് അവബോധം
നല്കുന്ന വിധത്തിലുള്ളവ.
*കുടുംബം എത്രകണ്ട് സ്വാധീനിച്ചു?
ഭര്‍ത്താവ്
എനിക്കൊരുപാട് ഊര്‍ജ്ജം തരുന്നു.ആദ്യനോവലിന്റെ രചനാവേളയില്‍
ഞായറാഴ്ച്ചപ്പുലരികളില് പ്രഭാതഭക്ഷണം കിടക്കയിലേക്കെത്തിച്ചു തന്നിരുന്ന
ദിവസങ്ങള്‍ പോലുമുണ്ടായിരുന്നു.കുഞ്ഞുങ്ങള്‍ കിടക്കയ്ക്കരുകിലിരുന്നു
കളിക്കുന്നുണ്ടാവും.ഒരുപാടു സ്നേഹത്തോടെ ഞാനാ ദിവസങ്ങളെ
ഓര്‍ക്കുന്നു.പിന്നെ എന്റെ പേര്‍സണല്‍ അസിസ്റ്റന്റ് ജോണ്‍
ഷോ.അതീവതാല്പര്യത്തോടെ എന്റെ കരിയര്‍ ശ്രദ്ധിക്കുന്ന അദ്ദേഹമാണ് എന്റെ
രചനകള്‍ എഡിറ്റ് ചെയ്യുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഞാനൊരുപാടു
വിലമതിക്കുന്നു.എന്റെ സഹോദര ഭാര്യ ഡോ.അഫ്ഷാന് ഖ്വാജാ എന്റെ വലിയ
ആരാധികയാണ്.എന്റെ ആദ്യനായികയുടെ പേരാണ് അവരുടെ മുത്തമകള്‍ക്ക്
ഇട്ടിരിക്കുന്നത്.അങ്ങനെ ഞങ്ങളുടെ കുടുംബത്തിലിപ്പോള്‍ ശരിക്കും ഒരു
സരിബാനുവുണ്ട്!
*ജിവിതത്തില്‍ സന്തോഷവതിയാണോ?
അതേ.ജീവിതത്തില്‍
ഒരാള്‍ ആഗ്രഹീക്കുന്ന ഒരുപാടുകാര്യങ്ങള്‍ നല്കി ദൈവം എന്നെ
അനുഗ്രഹിച്ചു.അതില്‍ ഞാനെപ്പോളും നന്ദിയുള്ളവളാണ്.എല്ലാത്തിനുമുപരിയായി
എന്റെ മുന്ന് ആണ്മക്കള്ക്കൊപ്പം സമയം ചെലവിടുന്നത് എനിക്ക്
സന്തോഷകരമാണ്.സഹോദരന്മാര്,അവരുടെ ഭാര്യമാര്‍,സഹോദരി എല്ലാവരുടെയും
സ്നേഹവും പിന്തുണയും ഞാന്‍ ആസ്വദിക്കുന്നു.സൗഹൃദങ്ങളെ ഒരുപാടു
വിലമതിക്കുന്നവളാണു ഞാന്‍.എഴുത്തുകാരിയെന്ന നിലയിലും വിദ്യാഭ്യാസ രംഗത്തും
അന്താരാഷ്ട്ര തലത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നതും
ആഹ്ലാദകരമാണ്.ലോകമെമ്പാടുമുള്ള യാത്രകളില്‍ ഒരുപാടു പേരെ കാണാനും
സുഹൃത്തുക്കളാക്കാനും കഴിയുന്നു.
*മലയാളികളോട് പറയാനുള്ളത്?
നിങ്ങള്‍
എന്റെ നോവല്‍ ആസ്വദിക്കുമെന്ന് പ്രത്യാശിക്കുന്നു.കോയമ്പത്തൂരിലുള്ള എന്റെ
ഇന്ത്യന്‍ സുഹൃത്തുക്കള്‍ സംസാരിക്കുന്ന മലയാളഭാഷയില്‍ എന്റെ ടൈഫൂണ്‍ ഡി
സി ബുക്സ് പുറത്തിറക്കുന്നതില്‍ ഞാന്‍ അതിരറ്റ് ആഹ്ലാദിക്കുന്നു.പുതിയ
വായനക്കാരെ ലഭിക്കുമെന്നും കഴിയുമെങ്കില്‍ കണ്ടുമുട്ടാനാവുമെന്നും ഞാന്‍
പ്രതീക്ഷിക്കുന്നു. .എന്റെ ആദ്യ നോവല്‍ ഹോളി വുമണും നിങ്ങളെല്ലാവരും
വായിക്കണം.അതും ഉടനെ മലയാളത്തില്‍ പുറത്തിറങ്ങുമെന്നു കരുതുന്നുണ്ട്.ഷീബ ഇ
കെ യോട് എനിക്കതിയായ നന്ദിയുണ്ട്.അതീവ താത്പര്യത്തോടെ, അതിവേഗത്തിലാണ്
ടൈഫൂണ്‍ അവര്‍ വിവര്‍ത്തനം ചെയ്തത്.കൃത്യമായിപ്പറഞ്ഞാല്‍
രണ്ടുമാസങ്ങള്‍ക്കുള്ളില്‍.
അതുപോലെത്തന്നെ കലിക്കറ്റ് യൂണിവേര്സിറ്റിയിലെ പ്രേം കുമാറിനോടും വലിയ കടപ്പാടുണ്ട് .'ജീന്‍സ്-പാക്കിസ്ഥാന് പുതുപെണ്‍കഥകള്‍' എന്ന പുസ്തകത്തിലുടെ എന്നെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.പ്രേകുമാറിന്റെ ആശയവും താത്പര്യവുമാണ് ടൈഫൂണിന്റെ മലയാള വിവര്‍ത്തനത്തിനു കാരണമായിത്തീര്‍ന്നത്.
കൊടുങ്കാറ്റ് അടിച്ചുതുടങ്ങി,, കഥാകാരിയെ പരിചയപ്പെടുത്തിയത് നന്നായി.
മറുപടിഇല്ലാതാക്കൂനല്ല അഭിമുഖം. ടൈഫൂണ്‍ വായിക്കട്ടെ.എന്നിട്ട് കൂടുതല്‍ പറയാം :)
മറുപടിഇല്ലാതാക്കൂപുസ്തകം വായിച്ചിരുന്നില്ല.വായിക്കാന്‍ ശക്തമായ പ്രേരണ തന്നതില്‍ നന്ദി.
മറുപടിഇല്ലാതാക്കൂനന്ദി മിനി,മനോരാജ്,സുസ്മേഷ് എല്ലാവര്ക്കും നന്ദി.
മറുപടിഇല്ലാതാക്കൂകഥാകാരിയെ പരിചയപ്പെടുത്തിയത് നന്നായി.
മറുപടിഇല്ലാതാക്കൂഅഭിമുഖം പുസ്തകം വായിക്കാനുള്ള പ്രേരണ ഉണർത്തുന്നു. ഈ പരിചയപ്പെടുത്തലിനു നന്ദി.
മറുപടിഇല്ലാതാക്കൂഈ പരിചയപ്പെടുത്തലിനു നന്ദി.
മറുപടിഇല്ലാതാക്കൂനന്ദി :)
മറുപടിഇല്ലാതാക്കൂa very good noval
മറുപടിഇല്ലാതാക്കൂ