2012, ജനുവരി 23, തിങ്കളാഴ്‌ച

പെണ്‍രാത്രികള്‍/മാധ്യമം വാരിക

 
                                 
 ചിരപരിചിതമായ  വഴികള്‍ക്കും പ്രകൃതിക്കു തന്നെയും രാത്രി നേരങ്ങളില്‍ നിഗൂഢമായ ഒരു വശ്യത കൈവരുന്നതായി തോന്നാറുണ്ട്.പക്ഷേ വൈകിയുള്ള യാത്രകളില്‍ ഒറ്റക്കാണെന്ന ബോധമുണ്ടാവുന്നതോടെ ഭയം ഒരു തിരമാല പോലെ വളര്‍ന്ന്  എല്ലാ പുറം കാഴ്ചകളേയും ഭാവനകളേയും ഒഴുക്കിക്കൊണ്ടുപോവുന്നു.ഒറ്റയ്ക്കാവുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അരക്ഷിതത്വത്തിന്റേതാണ് രാത്രിയാത്രകള്‍. പെണ്ണിനെ മാത്രം വിഹ്വലയാക്കുന്ന,അധീരയും നിസ്സഹായയുമാക്കുന്ന  ,സ്ത്രീജന്മത്തെ പഴിച്ചു പോകാനിടയാക്കുന്ന ചില പെണ്‍ രാത്രികള്‍..
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു തിരഞ്ഞെടുപ്പു കാലം.പോളിംഗ് ഡ്യൂട്ടിക്കു പുറമേ ഞാനുള്‍പ്പെടെ മിക്ക ഉദ്യോഗസ്ഥര്‍ക്കും പിറ്റേ ദിവസത്തെ കൗണ്ടിംഗ് ഡ്യൂട്ടിയുമുണ്ടായിരുന്നു.ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു പോളിംഗ് ഡ്യൂട്ടി.രണ്ടു ദിവസത്തെ ഡ്യൂട്ടിക്കു പുറമേ വീടിനടുത്തുള്ള സ്കൂളില്‍ കൗണ്ടിംഗ് ഡ്യൂട്ടിയുമുള്ളതിനാല്‍ രാത്രി തിരിച്ചുപോരുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ വളരെ ലാഘവത്വത്തോടെ ആസ്വദിച്ചു ചെയ്യുന്ന ഇലക്ഷന്‍ ഡ്യൂട്ടി സ്ത്രീകളെ സംബന്ധിച്ചിടത്തോളം പിരിമുറുക്കത്തിന്റേതാണ്.അപരിചിതമായ സ്ഥലത്ത് താമസിക്കാനും കുളിക്കാനും ടോയ് ലെറ്റില്‍ പോകാനും ക്യാമറക്കണ്ണുകളെ ഭയന്നും അസ്വസ്ഥമാണ് മിക്കവരുടെയും മനസ്സ്.എവിടെയും കിടന്നുറങ്ങാനും ഏതരുവിയിലും കുളിക്കാനും അപരിചിതര്‍ക്കൊത്തു കിടന്നുറങ്ങാനും സ്വാതന്ത്ര്യമുള്ളവനോട് അപ്പോള്‍ അസൂയ തോന്നും.
ബഹളങ്ങളില്ലാതെ തിരഞ്ഞെടുപ്പു കഴിഞ്ഞു.രാത്രി ഏറെ വൈകി ബസ്റ്റാന്‍ഡില്‍ എത്തുമ്പോള്‍  നിറയെ ആളുകളെയും കുത്തി നിറച്ച അവസാനത്തെ ബസ് ഞങ്ങള്‍ക്കും ഒരിടം തന്നു.
കൗണ്ടിംഗ് ഡ്യൂട്ടിക്ക് വീടിനടുത്തുള്ള സ്കൂളില്‍ രാവിലെത്തന്നെ എത്തിച്ചേരുമ്പോള്‍ ആശ്വാസമുണ്ടായിരുന്നു. പഠിച്ച സ്കൂള്‍.വീടിനടുത്തുതന്നെയായതുകൊണ്ട് ഇത്തിരി വൈകിയാലും കുഴപ്പമില്ല.പോരാത്തതിന് സഹോദരന്‍ കൊണ്ടുപോകാന്‍ വരികയും ചെയ്യും.
വളരെ ലാഘവത്വത്തോടെ കൗണ്ടിംഗ് ഡ്യൂട്ടി കഴിഞ്ഞു.ഹാളില്‍  നിന്നിറങ്ങുമ്പോള്‍  എനിക്കൊരു ഭയവും തോന്നിയില്ല.കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അപരിചിതമായ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ഡ്യൂട്ടിചെയ്തു വന്നതല്ലേ,ഇവിടെ എന്തു പേടിക്കാന്‍?
ഏഴര മണിയോടെ കൗണ്ടിംഗ് കഴിഞ്ഞ് ഫലപ്രഖ്യാപനം തുടങ്ങി.വന്‍ ജനാവലി ഗേറ്റിനു പുറത്തു കൂട്ടം കൂടി നില്‍പ്പുണ്ട്.നിറയെ പൊലീസുകാരും പോളിംഗ് ഉദ്യോഗസ്ഥരും.പകല്‍ പോലെ വെളിച്ചം.നൂറു മീറ്ററകലെ മെയിന്‍ റോഡില്‍ സഹോദരന്‍ കാത്തു നില്‍ക്കുന്നു.ഞങ്ങള്‍ ഒന്നു രണ്ടു പേര്‍ പോകാനായി ഇറങ്ങിയപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ വന്ന് ഗേറ്റു തുറന്നു തന്നു.ക്ഷീണവും ഉറക്കവും കാരണം പുറത്തു കൂട്ടം കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.
വീട്ടിലെത്തി ഒന്നു കുളിച്ച് എന്തെങ്കിലും കഴിച്ചു കിടന്നുറങ്ങണം.മൂന്നു രാത്രികളിലെ ഉറക്കം കണ്ണില്‍ തൂങ്ങിനില്‍പ്പുണ്ട്. ഏതാനും അടി നടന്നപ്പോഴാണ് ഞാന്‍ നടുങ്ങിയത്.അപ്രതീക്ഷിതമായി ഒരു ഇരയെ മുമ്പിലേക്കു കിട്ടിയ വന്യമൃഗത്തിന്റെ കണ്ണിലെ തിളക്കമാണ് ചുറ്റുമുള്ള മുഖങ്ങളിലെല്ലാം.ഉറപ്പായ വിജയമാഘോഷിക്കാന്‍ മുഖത്തു ചായം തേച്ച് മദ്യം മണക്കുന്ന വിജൃംഭിച്ച മുഖങ്ങള്‍.എന്റെ അവസ്ഥ കണ്ട പൊലീസുദ്യോഗസ്ഥന്‍ ലാത്തി ചുഴറ്റി ജനക്കൂട്ടത്തെ അകറ്റി  വീതിയുള്ള ഒരു റിബണ്‍ പോലെ  വഴി തെളിച്ചു കൊണ്ടു കൂടെ വന്നു.പകുതി ദൂരം കടന്നപ്പോള്‍ ഒരു വൃദ്ധന്‍ മെയിന്‍ റോഡിലേക്കു നടക്കുന്നതു കണ്ട് അയാളോടൊത്തു പോകാന്‍ നിര്‍ദ്ദേശിച്ച് പൊലീസുകാരന്‍ ഗേറ്റിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍  തിരിഞ്ഞതും ജനക്കൂട്ടം ‍ഞങ്ങള്‍ക്കു നേരെ ചാടി വീണു.കയ്യിലുള്ള ബാഗു കൊണ്ട് ശരീരം മറച്ചു പിടിക്കാന്‍ ശ്രമിച്ച് പുറത്തു കടക്കാന്‍ വെമ്പുമ്പോള്‍ ,പൊതുസ്ഥലത്ത് രാത്രിയില്‍ ഇറങ്ങി നടക്കുന്ന ഏതു പെണ്ണും ഞങ്ങളുടെ പൊതുസ്വത്താണെന്ന് പ്രഖ്യാപിക്കും പോലെ അവകാശത്തോടെ അമര്‍ത്തിത്തോണ്ടുകയും പിച്ചുകയും മാന്തുകയും ചെയ്യുന്ന അനവധി വിരലുകള്‍...
ഏതാനും അടി ദൂരത്തിനപ്പുറം പൊലീസുകാരും സഹോദരനുമുണ്ടെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത നിസ്സഹായത.ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിന്റെ ശബ്ദങ്ങള്‍ക്കിടയില്‍ ഉറക്കെ ശബ്ദം വച്ചാല്‍പ്പോലും ആരും കേള്‍ക്കില്ല.
ആ വഴി മെയിന്‍ റോഡിലേക്കല്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോളും ഭീതി കൊണ്ടു കിടുങ്ങിപ്പോകുന്നു.തിരഞ്ഞെടുപ്പു ഡ്യൂട്ടി കിട്ടിയതില്‍ പരിതപിച്ച് ,സ്ത്രീയുടെ ജന്മം  ലഭിച്ചതില്‍ സ്വയം ശപിച്ച് ,വഴിയെപ്പോകുന്ന ഏതു പെണ്ണിന്റെ മേലും കൈവയ്ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുരുഷവര്‍ഗ്ഗത്തെ(എല്ലാവരെയും ഉള്‍പ്പെടുത്തുന്നില്ല)മുഴുവന്‍ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള രോഷം ഉള്ളിലടക്കി, അസഹ്യമായ ഹൃദയവേദനയോടെ അതിലേറെ ആത്മനിന്ദയോടെ ഒരു വിധത്തില്‍ പുറത്തെത്തുമ്പോള്‍ ഉല്‍ക്കണ്ഠയോടെ സഹോദരന്‍ അടുത്തേക്കു വന്നു.
"പ്രശ്നമൊന്നും ഇല്ലല്ലോ?"
എന്റെ വിവര്‍ണ്ണമായ മുഖം കണ്ടിട്ടാവാം ,അവന്‍ അതു ചോദിച്ചത്.ഇല്ല എന്നു പറയുമ്പോള്‍ ഞാനോര്‍ത്തു,ഇതും ഒരു ആണ്‍വര്‍ഗ്ഗം തന്നെയാണല്ലോ.ഇതുപോലെ ഒരു സഹോദരി,ഭാര്യ,അമ്മ ഒക്കെ ആ ജനക്കൂട്ടത്തിലോരുത്തര്‍ക്കും കാണാതിരിക്കില്ല.അവരെയാരെങ്കിലും ഇതുപോലെ ഉപദ്രവിച്ചാല്‍ അവര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുമോ?സ്വന്തം വീട്ടിലെ സ്ത്രീകളെ സംരക്ഷിച്ച് മറ്റുള്ള സ്ത്രീകളെ കയ്യേറ്റം ചെയ്യുമ്പോള്‍ അവള്‍ക്കുമുണ്ടാവും ആത്മാഭിമാനമുള്ള  ഒരു സഹോദരന്‍,ഭര്‍ത്താവ്‍,അച്ഛന്‍ എന്നൊന്നും ആരും ഓര്‍ക്കാത്തതെന്തേ?
വീട്ടിലേക്കു മടങ്ങുമ്പോള്‍ നേരിയ തണുപ്പുള്ള വേനല്‍ക്കാലരാത്രിയും പ്രകാശിച്ചു നില്‍ക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളുമൊന്നും മനസ്സില്‍ സ്പര്‍ശിച്ചതേയില്ല.
ഒന്നു കുളിക്കണം.വൃത്തികെട്ട ആ വിരലടയാളങ്ങളെല്ലാം ശരീരത്തില്‍ നിന്നു കഴുകിക്കളയണം.ഹൃദയത്തില്‍ നിന്ന് അതൊന്നും അത്രവേഗം മായ്ചു കളയാന്‍ കഴിയുകയില്ല എന്ന് എരിയുന്ന മനസ്സ് ഓര്‍മ്മിപ്പിച്ചു.
അമ്മയായി,മകളായി,മുത്തശ്ശിയായി,ഭാര്യയും സഹോദരിയും സുഹൃത്തും കാമുകിയുമായി ചുമന്നു കൊണ്ടു നടക്കുന്ന,ചിലപ്പോളൊക്കെ ഒരു വെറും ശരീരമായിത്തോന്നുന്ന ഈ കുരിശ് എവിടെയെങ്കിലും ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു മാത്രമായിരുന്നു ഞാന്‍ ആലോചിച്ചതത്രയും.
ഭാരമില്ലാത്ത മനസ്സുമായി  ഒറ്റക്കൊരു പെണ്ണിന് നിശയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗഭാഗ്യം ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടാവുമോ എന്നു ചിന്തിക്കുന്നതു പോലും അഹങ്കാരമെന്ന് പറയാതിരിക്കുമോ?